Image

സലിംകുമാര്‍ :മായാത്ത ചിരി (പി എസ്)

Published on 07 June, 2026
സലിംകുമാര്‍ :മായാത്ത ചിരി (പി എസ്)

ആദാമിന്റെ അബു കണ്ടതിനു ശേഷം ഇന്നും എന്നും മനസ്സില്‍ സലിം കുമാര്‍ ഒരു മുസ്ലിമാണ് .അല്ല എന്ന് അറിഞ്ഞിട്ടും ആ ധാരണ മാറുന്നില്ല .അത്ര തന്മയത്വത്തോടെയാണ് ഹജ്ജിനു പോകാന്‍ മോഹിക്കുന്ന ഒരു സാധു മനുഷ്യന്‍റെ കഥ /റോള്‍ അദ്ദേഹം ചെയ്യുന്നത് .ഉജ്ജലമായിരുന്നു ആ അഭിനയം .അതെ പോലെയായിരുന്നു കടുത്ത കോണ്‍ഗ്രസ് അനുഭാവി ആയിട്ടും അദ്ദേഹം ഇടതുപക്ഷക്കാരന്‍ ആണെന്ന തോന്നല്‍.നല്ല മൂല്യങ്ങളോടുള്ള ആ പ്രതിബദ്ധത ആകാം അങ്ങനെയൊരു ധാരണ രൂപപെട്ടതിന് മുന്നില്‍ . ആ ചിത്രത്തിലൂടെ മികച്ച നടന് ദേശീയ അവാര്‍ഡ്‌ നേടിയ അദ്ദേഹം മാമൂല്‍ നായക സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതി .അതിനു മുന്‍പേ അച്ഛനുറങ്ങാത്ത വീട്ടില്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും നേടിയിരുന്നു.എങ്കിലും അദ്ദേഹം കുടുതല്‍ അറിയപ്പെട്ടത് ഹാസ്യ നടനായിട്ടാണ് .ഹാസ്യം നന്നായി വഴങ്ങുന്ന അസാധാരണ നടന്‍ ആണ് അദ്ദേഹം എന്നതാണ് യാഥാര്‍ത്ഥ്യം .ഒരു പക്ഷെ ഹാസ്യത്തില്‍ തളക്കപ്പെട്ടത്‌  മൂലം നല്ല നടന്‍ എന്ന സ്ഥാനം നഷ്ടപ്പെട്ട അടൂര്‍ ഭാസിയോടാണ് സലിം കുമാറിനെ താരതമ്യപ്പെടുത്താന്‍ കഴിയുക.അദ്ദേഹത്തിന്‍റെ ചെറിയാച്ചന്റെ ക്രൂര ക്രുത്യങ്ങള്‍ ഒരു ഉദാഹരണം.സിനിമയില്‍ ഹാസ്യ നടന്‍ ഇല്ല, നടനെ ഉള്ളൂ   എന്ന് വാദിച്ചവരായിരുന്നു ഇരുവരും.പക്ഷെ സിനിമക്ക് അവശ്യം അവരുടെ ഹാസ്യ വേഷമായിരുന്നു അവരുടെ  മൂര്‍ച്ചയേറിയ ഫലിതങ്ങളായിരുന്നു.മാത്രമല്ല വളരെ സങ്കീര്‍ണ്ണമായ ഈ ലോകത്തില്‍ റീലുകളും കോമഡി ക്ലിപ്പുകളും നിറയുന്ന ഈ സമൂഹ മാധ്യമകാലത്ത് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ അതുല്യ നടനു  മാത്രമേ കഴിയൂ .തൊട്ടതെല്ലാം പൊന്നാക്കിയ ,പ്രേക്ഷകരെ കുടു കുടെ  ചിരിപ്പിച്ച നടനായിരുന്നു സലിംകുമാര്‍.തെരഞ്ഞെടുപ്പു പ്രചാരണത്തില്‍  പോലും, തുടര്‍ഭരണം എന്ന് പറയുന്നവരെ ചികിത്സിക്കാന്‍ കുടം കുളത്ത് നിന്ന് വൈദ്യുതി വാങ്ങേണ്ടി  വരും എന്ന്  പറഞ്ഞു ചിരിപ്പിച്ച പ്രാസംഗികന്‍ കൂടിയാണ് അദ്ദേഹം.

സലിംകുമാറിന്റെ കഥാപാത്രങ്ങള്‍ എല്ലാവര്‍ക്കും ഹൃദിസ്ഥമാണ് .മിമിക്രിയില്‍  നിന്ന് വന്ന പല ന്ടന്മാരെയുംപോലെ പ്രേക്ഷകരെ അദ്ദേഹത്തിന് കയ്യിലെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായില്ല .ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയിലെ കൃശഗാത്രനായ  യുവാവ് തന്‍റെ പ്രകടനം കൊണ്ടു ശാരീരിക പരിമിതികളെ പിന്നിലാക്കി .ആ പരിമിതി തന്നെ അദ്ദേഹത്തിന്‍റെ തുറപ്പ് ശീട്ടായി .നായകന്റെയോ സഹ നടന്റെയോ എത്രയോ താഴെയാകും ഒരു ഹാസ്യ  നടന്‍റെ സ്ഥാനം.അദ്ദേഹം നായകന് തൊട്ടു നേരെ നിന്നു .ചിലപ്പോള്‍ നായകനെ അമ്പരപ്പിക്കുന്ന അഭിനയ ശേഷിയോടെ .ചതിക്കാത്ത ചന്തുവിലെ മൈക്കല്‍ ജാക്സനെ ഓര്‍ക്കുക .പൂണ്ടു വിളയാടുകയായിരുന്നു സലിംകുമാര്‍.

തെങ്കാശി പട്ടണത്തില്‍ അദ്ദേഹം ഒരു കോമിക് ത്രില്ലറിന് ശക്തി പകര്‍ന്നു .   ഗ്രാമ ഫോണില്‍ തബല ഭാസ്കരന്‍റെ അപൂര്‍വ്വ മികവുള്ള വേഷം നമുക്ക് മറക്കാനാകില്ല .മുരളിക്ക് ഒപ്പം നില്‍ക്കുന്നു സലിംകുമാര്‍ ചിത്രത്തില്‍ .

വടക്കന്‍ പറവൂരില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു ഭരതന്‍ മാഷ്‌ മൂലം മഹാരാജാസില്‍ അഡ്മിഷന്‍ നേടിയ ഒരു ബാലന്‍ 56 ആം വയസ്സില്‍ അന്തരിക്കുമ്പോള്‍ ഒരു നാട് മുഴുവന്‍ തല കുനിക്കുന്നു .പൊതുവേ സാംസ്കാരികരംഗം കയ്യടക്കിയിരിക്കുന്ന ഇടതു പക്ഷക്കാരന്‍ അല്ലെങ്കിലും ,ആജീവനാന്ത കോണ്‍ഗ്രസ് എന്ന് ഉറച്ചു പ്രഖ്യാപിച്ചിട്ടും സലിംകുമാര്‍ സംസ്കാരിക ഭൂമികയില്‍നിന്നു അപ്രത്യക്ഷന്‍ ആയില്ല .രാഷ്ട്രീയവും തന്‍റെ ലൂക്കും എതിരായിട്ടും അതിനെതിരെ പൊരുതി നിന്നു  എന്നതാണ് സലിം കുമാറിന്‍റെപ്രത്യേകത.യഥാര്‍ത്ഥത്തില്‍ സൗന്ദര്യ സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ച ഒരു കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചതെങ്കിലും ആകാരം  ഒരു പ്രശ്നമായി തുടര്‍ന്നു എന്ന് വേണം കരുതാന്‍.മീശ മാധവനില്‍  തനിക്കു ലുക്ക്‌ ഇല്ലന്നെ ഉള്ളൂ എന്ന്  തികഞ്ഞ ആല്മവിശ്വാസത്തോടെ നടന്‍ പറയുന്നുണ്ട് .ചോക്കലേറ്റ് നായകന്മാരില്‍ അഭിരമിച്ചിരുന്ന കാലഘട്ടത്തില്‍നിന്നു മാറിയെങ്കിലും സലിം കുമാറിനെ പോലെയുള്ളവര്‍ക്ക് അരികു വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാനായിരുന്നു യോഗം .

പക്ഷെ തല്ലു മാല എടുക്കുക .ജോക്കര്‍ വേഷത്തില്‍ ചെറിയ ഒരു ഗാന രംഗത്ത് വരുന്ന നടന്‍ നമ്മെ അതിശയിപ്പിക്കുന്നു.അതെ പോലെ മൈക്കല്‍ ജക്ക്സനായി ഉയരങ്ങളില്‍ എത്തുന്നു .ഇതേ നടനു  മായാവിയില്‍ മമ്മൂട്ടിയോടൊപ്പം  തിളങ്ങുന്നത് .അല്‍  കമലാസനനായി മമ്മൂട്ടിയോടൊപ്പം പിടിച്ചു നില്‍ക്കുന്നത് .സ്വയം ഇകഴ്ത്തുന്ന ഹാസ്യ കഥാപാത്രങ്ങള്‍ക്ക് പകരം നായകനൊപ്പം നില്‍ക്കുന്ന താരമായി സലിംകുമാര്‍ ഉയരുന്നു.

മികച്ച അഭിനേതാക്കളുടെ വലിയ ഒരു ശ്രേണി തന്നെ മലയാളത്തില്‍ ഉണ്ട് .പക്ഷെ നര്‍മ്മരസം തുളുമ്പുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്ന നടന്മാര്‍ വളരെ കുറവാണ് നമുക്ക് .ജീവിതം തന്നെ കറുത്ത ഹാസ്യമാകുന്ന ഈ കാലത്ത് സലിംകുമാറിന്റെ വിയോഗം നമുക്ക് വലിയ നഷ്ടമാണ് .ആ ചിരിയും അദ്ദേഹം ജീവന്‍ നല്‍കിയ വാക്കുകളും സന്ദര്‍ഭങ്ങളും മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക