
മലയാള സിനിമയിൽ ഒരു അഭിനേതാവ് ഉണ്ടാക്കുന്ന ഇംപാക്റ്റ് അവർ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ മാത്രമല്ല, മറിച്ച് ആ കഥാപാത്രങ്ങൾ പറഞ്ഞുപോയ സംഭാഷണങ്ങളിലുമാണ് . എത്രത്തോളം ആ ഡയലോഗുകൾ നമ്മള്‍ വീണ്ടും വീണ്ടും ഓര്‍ത്തു എന്നതാണ് ആ കലാകാരന്റെ വിജയം. തന്റെ തലമുറയിലെ മറ്റ് കോമഡി താരങ്ങളേക്കാൾ കൂടുതൽ ഹിറ്റ് ഡയലോഗുകൾ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു . ഇന്നത്തെ സോഷ്യൽ മീഡിയ ട്രോളുകളിലും മീമുകളിലും അദ്ദേഹത്തിന്റെ ഹിറ്റ് ഡയലോഗുകൾ ആവർത്തിച്ചു വരുന്നത് ആ കലാകാരനോടുള്ള പുതുതലമുറയുടെ പ്രീതി വ്യക്തമാക്കുന്നു.
സലിം കുമാർ എന്ന് കേട്ടാൽ മനസിലെത്തുന്ന ചില ഐക്കോണിക് ഡയലോഗുകൾ നോക്കാം.
“കണ്ടാൽ ഒരു ലുക്കില്ലെന്നേയുള്ളൂ, ഒടുക്കത്തെ ബുദ്ധിയാ…”
ദിലീപിന് വമ്പൻ കരിയർ ബ്രേക്ക് നൽകിയ ‘മീശമാധവൻ’ സിനിമയിലെ അഡ്വ. മുകുന്ദനുണ്ണിയുടെ ഈ ഡയലോഗ് തിയേറ്ററുകളിൽ ചിരിപ്പൂരം തന്നെ തീർത്തു. ആ കഥാപാത്രത്തിന്റെ ഇൻസെക്യൂരിറ്റിയും ദൈന്യതയുമൊക്കെ ഒറ്റ ഡയലോഗിൽ സലിം കുമാർ ആവാഹിച്ചു. ഈ ചിത്രത്തിലെ തന്നെ “നന്ദി മാത്രേ ഉള്ളൂ അല്ലേ…” എന്ന ഡയലോഗും ഹിറ്റാണ്.
‘’എല്ലാം ശഡപഡേ… ശഡപഡേന്നായിരുന്നു!”
‘കല്യാണരാമൻ’ ചിത്രത്തിലെ പ്യാരിലാൽ എന്ന കഥാപാത്രത്തിന്റെ ഈ ഡയലോഗ് ഇന്നും മലയാളികൾ കൂട്ടുകാരെ കളിയാക്കാൻ ഉപയോഗിക്കുന്നു. ‘സവാള ഗിരിഗിരി ഗിരി’ ജ്യേഷ്‌ഠനൊപ്പം സദ്യവട്ടം ഒരുക്കി കല്യാണവീടുകൾ തോറും കയറിയിറങ്ങുന്ന രാമൻകുട്ടിയുടെ സംഘത്തിലെ പ്യാരി. പെണ്ണിനെ കണ്ടാൽ 'ട്യൂൺ ചെയ്യാനിറങ്ങുന്ന', അറിയാവുന്ന ഇംഗ്ലീഷ് മണ്ടത്തരമെങ്കിൽ പോലും മടിയില്ലാതെ വിളിച്ചു പറയുന്ന 'വെൽകം' 'മെൽകൗ' ആക്കിയ പ്യാരിയെ മറക്കാൻ പറ്റുമോ? ദിലീപിന്റെ കഥാപാത്രത്തെ ആശ്വസിപ്പിച്ചുകൊണ്ടുള്ള “തളരരുത് രാമൻകുട്ടീ തളരരുത്…” എന്ന ഡയലോഗും ഹിറ്റാണ്.
'ശത്രുഘ്നന്റെ ഘ്നം പറയാൻ മറക്കണ്ട, അല്ലെങ്കിൽ വിഘ്നം സംഭവിക്കും'
തെങ്കാശിപ്പട്ടണത്തിൽ കെഡി കമ്പനി മുതലാളിമാരുടെ പെങ്ങൾ ദേവൂട്ടിയെ പ്രണയിച്ചു വിവാഹം ചെയ്യുകയെന്ന ജീവിത ലക്ഷ്യവുമായി അവരുടെ സ്ഥാപനത്തിൽ ജോലിയെടുക്കാൻ എത്തുന്ന ശത്രുഘ്നൻ എന്ന ദിലീപ് കഥാപാത്രം. അവിടെ പരിചയപ്പെടുന്ന മറ്റൊരു തൊഴിലാളി- മുത്തുരാമൻ എന്ന സലിം കുമാർ. വന്നുകയറുമ്പോഴേ കണ്ണപ്പൻ-ദാസപ്പൻ മുതലാളിമാരുടെ കയ്യിൽ നിന്നും അടിയും തൊഴിയും പിടിച്ചുവാങ്ങുന്ന നിമിഷം മുതൽ അയാളുടെ ഒപ്പം യാത്ര ചെയ്യുന്ന കഥാപാത്രം. നീളമുള്ള പേര് ചെറുതാക്കി 'ശത്രു' എന്ന് പറയാറുള്ള ദിലീപിനോട്, 'ശത്രുഘ്നന്റെ ഘ്നം പറയാൻ മറക്കണ്ട, അല്ലെങ്കിൽ വിഘ്നം സംഭവിക്കും' എന്ന സലിം കുമാറിന്റെ പ്രശസ്ത ഡയലോഗും ഹിറ്റാണ്.
“ഇതൊക്കെ എന്ത്!”
‘മായാവി’യിലെ സ്രാങ്ക് എന്ന കഥാപാത്രത്തിന്റെ സ്വയം ഞെളിയലായിരുന്നു ഇത്. “ആശാൻ മുൻപേ നടക്കും, ശിഷ്യൻ പിറകേ നടന്നാൽ മതി” എന്നതും കട്ട കോൺഫിഡൻസുള്ള മീം മെറ്റീരിയലാണ്.
“കഴുത്ത് വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയിൽ ആന ചവുട്ടിയതുപോലെ…”‘പച്ചക്കുതിര’ എന്ന ചിത്രത്തിലെ ചന്ദ്രൻ എന്ന കഥാപാത്രം തന്റെ കഷ്ടപ്പാട് വിവരിക്കുന്നത് ഇങ്ങനെയാണ്.
മായാവിയിലെ സ്രാങ്കിന്റെ ഭാഷയിൽ പറഞ്ഞാൽ ഭീകരനാണവൻ, കൊടും ഭീകരൻ എന്ന് തോന്നിപ്പിക്കുന്ന എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ.. ഹാസ്യ സന്ദർഭങ്ങളിലൂടെ.. സലിം കുമാർ എന്ന അത്ഭുത പ്രതിഭ ജന ഹൃദയങ്ങളിൽ എന്നും ജീവിക്കും.
മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു സലിം കുമാറെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു
"പ്രമുഖ നടൻ ശ്രീ സലിം കുമാർ ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശിഷ്ടമായ അഭിനയ ജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടും ഒപ്പമാണ്. ഓം ശാന്തി," പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
സലിം കുമാറിന്റെ വിയോഗത്തിൽ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് മലയാള സിനിമയ്ക്കും വിനോദ വ്യവസായത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. മുഖ്യമന്ത്രി വി.ഡി സതീശൻ അടക്കം രാഷ്ട്രീയ- സിനിമാ-സാംസ്കാരിക മേഖലയില നിരവധി പേർ പറവൂർ ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ അന്ത്യോപചാരമർപ്പിച്ചു.
പ്രിയ നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും ആദരാഞ്ജലിയും രേഖപ്പെടുത്തി നടൻ മോഹൻലാൽ. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ അനശ്വര കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിം കുമാർ വിട വാങ്ങിയതെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ഓർമ്മിച്ചു. സിനിമയ്ക്ക് അകത്തും പുറത്തും തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു നല്ല സുഹൃത്തായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ വികാരാധീനനായി കുറിച്ചു.
ദേശീയ പുരസ്കാരം വരെ നേടി മലയാള സിനിമയുടെ അഭിമാനമായി മാറിയ അനുഗ്രഹീതനായ കലാകാരനാണ് സലിം കുമാറെന്ന് മോഹൻലാൽ അനുസ്മരിച്ചു. മറ്റുള്ളവരെ സഹായിക്കാനും അവരെ സഹോദരതുല്യം ചേർത്തുപിടിക്കാനും കാണിച്ച നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളിൽ അദ്ദേഹത്തോടൊപ്പം ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞത് ഓർത്തെടുത്ത മോഹൻലാൽ, സാമൂഹിക വിഷയങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും അവയിൽ ഭയമില്ലാതെ തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന ശക്തമായ പൗരബോധം എല്ലാക്കാലത്തും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ദീർഘനാളായി കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് സലിം കുമാറിന്റെ അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. മലയാള ചലച്ചിത്ര രംഗത്ത് നികത്താനാകാത്ത വലിയൊരു ശൂന്യത ബാക്കിയാക്കിയാണ് തന്റെ പ്രിയ സുഹൃത്തിന്റെ മടക്കമെന്നും മോഹൻലാൽ വേദനയോടെ അനുസ്മരിച്ചു.
സലിം കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അഗാധമായ ദുഃഖവും ആദരാഞ്ജലിയും രേഖപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് മമ്മൂട്ടി തന്റെ പ്രിയ സഹപ്രവർത്തകനെ അനുസ്മരിച്ചത്. "തീരാത്ത സങ്കടമായി സഹോദരാ നിന്റെ വിയോഗം" എന്ന് കുറിച്ച മമ്മൂട്ടി, മലയാള സിനിമയ്ക്ക് സലിം കുമാർ നൽകിയ സംഭാവനകളെയും അവരുടെ വ്യക്തിപരമായ സൗഹൃദത്തെയും ഓർത്തെടുത്തു.
"ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്" എന്ന് മമ്മൂട്ടി തന്റെ അനുസ്മരണ കുറിപ്പിൽ കുറിച്ചു. വെള്ളിത്തിരയിൽ ഒട്ടനവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ച ഇരുവരും തമ്മിൽ അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത്. സലിം കുമാറിന്റെ വിയോഗം തനിക്ക് വ്യക്തിപരമായി വലിയൊരു നഷ്ടമാണെന്നും മമ്മൂട്ടിയുടെ വാക്കുകൾ അടിവരയിടുന്നു.
ശനിയാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സലിം കുമാറിന്റെ അന്ത്യം സംഭവിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഹാസ്യ വേഷങ്ങളിലൂടെ വന്ന് പിന്നീട് വൈകാരിക രംഗങ്ങളും ക്യാരക്ടർ റോളുകളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത് ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ അതുല്യ പ്രതിഭയുടെ വിടവാങ്ങൽ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
അന്തരിച്ച പ്രശസ്ത സിനിമാ താരം സലിം കുമാറിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആദരാഞ്ജലി അർപ്പിച്ചു. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയായ കലാകാരനെ മാത്രമല്ല, വ്യക്തിപരമായി തനിക്ക് ഒരു കൂടപ്പിറപ്പിനെ കൂടിയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി തന്റെ അനുശോചന സന്ദേശത്തിൽ വികാരാധീനനായി പറഞ്ഞു. സ്വന്തം വ്യക്തിപരമായ നഷ്ടങ്ങളെക്കുറിച്ച് അൽപ്പം പോലും ചിന്തിക്കാതെ, രാഷ്ട്രീയ നിലപാടുകളുടെ ദൃഢത എപ്പോഴും ആവർത്തിച്ചു വ്യക്തമാക്കാൻ മടി കാണിക്കാത്ത അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു സലിം കുമാറെന്നും അദ്ദേഹം അനുസ്മരിച്ചു.
ഹാസ്യം മാത്രമല്ല, അഭിനയത്തിന്റെ ഏത് തലവും തനിക്ക് വഴങ്ങുമെന്ന് പലവട്ടം തെളിയിച്ച നടനാണ് അദ്ദേഹം. ഒരു മുഖം കൊണ്ട് മലയാളികളെ ചിരിപ്പിക്കുമ്പോൾ തന്നെ, മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പടർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അഭിനയത്തിന്റെ പല വഴികളിലും ലോകോത്തര നിലവാരമാണ് സലിം കുമാർ കാഴ്ചവെച്ചതെന്നും മലയാള ചലച്ചിത്ര രംഗത്തിന് അദ്ദേഹത്തിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
'ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്‍. അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാള്‍. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്‍. എന്റെ തിരഞ്ഞൈടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്.
ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട.'