
നസ്‌ലെൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മോളിവുഡ് ടൈംസ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. ആദ്യ ദിനം തന്നെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം രണ്ട് കോടി രൂപ ഓപ്പണിംഗ് കളക്ഷൻ നേടിയതായി പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. തിയേറ്റർ റണ്ണിന് ശേഷം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിക്കുക.
‘വിനീത് മാധവൻ’ എന്ന യുവാവിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയും, ചലച്ചിത്ര ലോകത്തെ ആഭ്യന്തര രാഷ്ട്രീയവും അധികാരശ്രേണികളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. മുൻപെങ്ങും കാണാത്ത തികച്ചും വ്യത്യസ്തമായ ലുക്കിലും സ്റ്റൈലിലുമാണ് നസ്‌ലെൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നസ്‌ലെന്റെ തകർപ്പൻ പ്രകടനവും അഭിനവ് സുന്ദർ നായകിന്റെ വേറിട്ട ആഖ്യാന ശൈലിയുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ്. ചിത്രത്തിന്റെ തിരക്കഥ രാമു സുനിലിന്റേതാണ്.