
അവാർഡ് പ്രഖ്യാപിക്കലും തിരസ്കരിക്കലും ജനിധിപത്യ കാലത്തു മാത്രമാണെന്ന് ധരിക്കേണ്ട - അതു രാജഭരണക്കാലത്തും, ഈ കേരളത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്! അതും കൊച്ചി രാജ്യത്ത്.
അക്കാലത്തെ പ്രമുഖ സാഹിത്യകാരിയാണ് തരവത്ത് അമ്മാളുഅമ്മക്ക് കൊച്ചി തമ്പുരാൻ 'സാഹിത്യ സഖി' ബിരുദം നൽകി: അവർ അത് നിരസിച്ചു! കൊച്ചി രാജാവ് മാന്യനായിരുന്നതിനാൽ, ഈ നിരാസത്തിൽ കുപിതനാകയോ മറ്റുള്ള പല ഏകാധിപതികളെപ്പോലെ പ്രതികാരത്തിന് ശ്രമിക്കുകയോ ചെയ്തതുമില്ല.
ഇതു മാത്രമല്ല ഈ മഹതിയുടെ ജീവിതം ചരിത്രം അടയാളപ്പെടുന്നുവാൻ കാരണമയത്:
നൂറ്റിപ്പത്ത് വർഷം മുമ്പ് (1914-ൽ) 'കമലാഭായി അഥവാ ലക്ഷ്മീ വിലാസത്തിലെ കൊലപാതകം', എന്ന 'അപസർപ്പക നോവൽ' (അനുബന്ധം-1 കാണുക) രചിച്ച, മലയാളത്തിലെ പ്രഥമ വനിതാ ഡി. നോവലിസ്റ്റ്; ( ഇതിനു പുറമെ ഈ മഹതി മറ്റ് നിരവധി കൃതികളും എഴുതി.) തിരുവിതാംകൂരില്‍ നിന്നും രാജകോപത്താല്‍ (ദിവാന്റെ കോപത്താല്‍ എന്നും പറയാം) പുറത്താക്കപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളക്കും കുടുംബത്തിനും മൂന്നു വർഷം അഭയം കൊടുത്ത ധീരവനിത; സാഹിത്യ പരിഷത്തിൻ്റെ അദ്ധ്യക്ഷ പദവിയിൽ രണ്ടു വർഷം അവരോധിതയായ എഴുത്തുകാരി.... ഇന്ത്യയിലെ തന്നെ ആദ്യ 'വനിതാ വാരിക'യായ 'ശ്രീമതി'യുടെ പത്രാധിപസമിതി അംഗം. ഇതിനെല്ലാം പുറമെയാണ്, കൊച്ചി രാജാവ് നല്ലിയ പുരസ്കാരം നിരസിച്ച സ്വാതന്ത്ര്യശീല!
ഇതെല്ലാമാണ് തരവത്ത് അമ്മാളു അമ്മ. ഈ ചരിത്രവനിതയുടെ 90-ാം ഓർമ്മ ദിനം ഇന്ന്.
ഒരു സ്ത്രീ ആദ്യമായി (1914-ല്‍) ക്രൈം തില്ലര്‍ ഡിറ്റക്ടീവ് നോവല്‍ എഴുതുന്നു. പുറമെ, നോവലുകള്‍ എഴുതുന്നു; യാത്രാവിവരണം രചിക്കുന്നു, വിവർത്തനകൃതികൾ തയ്യാറാക്കുന്നു; ഇതൊന്നും പോരാത്തതിനാൽ, മകളെക്കൊണ്ട് തൻ്റെ ജീവചരിത്രം എഴുതിക്കുന്നു. എങ്കിലും, നമ്മുടെ ഗതകാല പുരുഷാധിപത്യലോകത്ത് ആരാലും ഓര്‍ക്കപ്പെടാതെ വിസ്മൃതയാകുന്നു.
..... ഈ പറഞ്ഞുവരുന്നത് തരവത്ത് അമ്മാളു അമ്മയെക്കുറിച്ചു തന്നെയാണ്.

എഴുതുന്ന സ്ത്രീകളെ മോശക്കാരായി കണ്ട ഒരു കാലത്ത് ഇവര്‍ എഴുതിയത് സാഹിത്യത്തിലെ ഏറ്റവും കൂടുതല്‍ നിസ്സാരവല്‍ക്കരിക്കപ്പെട്ട, ഇപ്പോഴും അങ്ങനെ അവഗണിക്കപ്പെടുന്ന ഡിറ്റക്ടീവ് നോവലാണ്. ക്രൈം ഫിക്ഷന്‍ എഴുതുന്നവരെ സാഹിത്യകാരന്‍ എന്ന് വിശേഷിപ്പിക്കാന്‍ ഇന്നും മടിയുള്ളവരിരിക്കേയാണ് ആ കാലത്ത് അമ്മാളുവമ്മ ക്രൈം ഫിക്ഷന്‍ രചിച്ചത്.
സ്ത്രീയാവുക, ഡിറ്റക്ടീവ് നോവലിസ്‌റ്റാവുക, രാജാധികാരത്തെ ധിക്കരിക്കുക, 'രാജ്യദ്രോഹി'യായി ചാപ്പകുത്തപ്പെട്ടവര്‍ക്ക് അഭയം കൊടുക്കുക. ഇങ്ങനെ അപായകരമായ പല സാധ്യതകളുമുള്ള കുപ്പായങ്ങൾ ഏറ്റവും കൂടുതല്‍ എടുത്തണിയപ്പെടുക.
അതുകൊണ്ട് വിസ്മരിച്ചു കളയാനുള്ളതല്ല ഈ മഹതിയുടെ ജീവിതം.
പാലക്കാട് വടക്കുന്തുറയിൽ തരവത്ത് കുമ്മിണി അമ്മയുടെയും പാലക്കാടിന് അടുത്ത കൊടുവായൂരിലെ ചിങ്ങച്ചറ വീട്ടിൽ ശങ്കരൻനായരുടെയും പുത്രിയായി, 1873 ഏപ്രിൽ 26-ന് ജനനം. തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രസ്ഥാന സഹകാരിയും ജസ്റ്റിസ് പാർട്ടി നേതാവുമായിരുന്ന ഡോ. ടി.എം. ടി. നായർ ഇളയ സഹോദരനാണ്.
അമ്മാളുഅമ്മയുടെ അച്ഛൻ മലബാറില്‍ പലയിടത്തും മുന്‍സിഫ് ആയിരുന്നു. അവര്‍ തിരൂരിലെ ഒരു നാട്ടെഴുത്തച്ചനില്‍ നിന്ന ബാലപാഠങ്ങള്‍ പഠിച്ചു, തമിഴും പഠിച്ചു. ഒരു ബ്രാഹ്മണൻ സംഗീതവും പഠിപ്പിച്ചു. വിദ്യാഭ്യാസം മുഴുവന്‍ വീട്ടില്‍ വച്ചായിരുന്നു.
1887-ല്‍ അവരെ ഗുരുവായുരടുത്തുള്ള പുന്നത്തൂര്‍ കോവിലകത്തെ ഒരു തമ്പുരാന്‍ വിവാഹം ചെയ്തു. രണ്ടു കുട്ടികള്‍ ജനിച്ച ശേഷം ആ ബന്ധം അവസാനിച്ചു. തുടർന്ന്, അവര്‍ പാലക്കാട്ടേയ്ക്കു താമസം മാറ്റി. കുറച്ചുനാള്‍ കഴിഞ്ഞ് ധനികനും, വൈദ്യനും, അയല്‍ക്കാരനും ആയ 'രാമപുരം' വാരൃത്തെ കൃഷ്ണവാര്യര്‍ അമ്മാളു അമ്മയെ വിവാഹം ചെയ്തു. മൂന്നു പെൺമക്കൾ ഈ ബന്ധത്തിലുണ്ടായി; പിന്നാലെ, ഭർത്താവ് കൃഷ്ണവാര്യർ അന്തരിച്ചു. മൂന്നാമതൊരു വിവാഹം കൂടിയുണ്ടായി: 'വടക്കുംതറ' വാര്യത്ത് ഉണ്ണികൃഷ്ണവാര്യരുമായി ആണത്.
അമ്മാളു അമ്മയുടെ ജീവിതം, ബന്ധുക്കളുടെ തുടർരെയുള്ള മരണങ്ങൾ മൂലം ബാല്യകാലം ശോകാകുലമായിരുന്നു. 1882 മുതല്‍ മരണം അവരുടെ ബന്ധുക്കളെ ഒന്നൊന്നായി അപഹരിച്ചു. അച്ഛൻ, അനുജത്തി, മകന്‍, അനുജത്തിയുടെ മകള്‍, രണ്ടാമത്തെ മകള്‍, ജ്യേഷ്ഠന്‍, അമ്മ, അനുജന്‍, മകളുടെ കുട്ടി, മുന്നാമത്തെ മകളുടെ മകള്‍, ഇവരുടെ ഏല്ലാം മരണത്തിന് അമ്മാളു അമ്മ സാക്ഷിയായി.
സ്വാഭാവികമായും ഇതിൻ്റെ പശ്ചാതലത്തിൽ അവര്‍ ആദ്ധ്യാത്മികതയിലേയ്ക്ക് തിരിഞ്ഞു. ഇംഗ്ലണ്ടില്‍ വച്ച് അന്തരിച്ച ഒരു ജേഷ്ഠന്റെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കാന്‍ കാശിയാത്ര നടത്തിയപ്പോള്‍ അവര്‍ ഗംഗ, പ്രയാഗ, അയോധ്യ തുടങ്ങിയ പുണസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അമ്മട്ടിലൊരു തീര്‍ത്ഥയാത്ര, ശുചീന്ദ്രം - കന്യാകുമാരി ഭാഗത്തും നടത്തി. ഒരു യാത്രയില്‍ രമണ മഹര്‍ഷിയെ ചെന്നു കണ്ടു. ഇത് അമ്മാളു അമ്മയുടെ ആദ്ധ്യാത്മിക അടിത്തറ പ്രബലമാക്കി.
സഹോദരന്റെ സ്മരണക്കായി വടക്കും തറയില്‍ അമ്മാളുഅമ്മ ഒരു സ്‌ക്കൂള്‍ സ്ഥാപിച്ചു.
നാടുകടത്തപ്പെട്ട സ്വദേശാഭിമാനിയേയും പത്നിയേയും വളരെക്കാലം അമ്മാളു അമ്മ പാലക്കാട്ടെ സ്വഗൃഹത്തില്‍ അഭയം നൽകി താമസിപ്പിച്ച് സംരക്ഷിച്ചു. 1910-സെപ്റ്റംബർ 26-ന് നാടുകടത്തപ്പെട്ട സ്വദേശാഭിമാനിയും കുടുംബവും 1913-ൽ ആണ് പാലക്കാട്ട് അമ്മാളു അമ്മയുടെ ആതിഥേയത്വം സ്വീകരിക്കുന്നത്. അദ്ദേഹ 'എൻ്റെ നാടുകടത്തൽ' എന്ന കൃതി മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നത് അവിടെ വച്ചാണ്. 1915-ൽ സ്വദേശാഭിമാനിയുടെ ഭാര്യ ബി. കല്യാണിയമ്മക്ക് കണ്ണൂർ ബാലികാ പാഠശാലയിൽ ജോലി കിട്ടി പോകുംവരെ ആ മാസം തുടർന്നു. ബി. കല്യാണിയമ്മയുടെ 'വ്യാഴവട്ടസ്മരണകൾ' എന്ന കൃതിയിൽ അമ്മാളു അമ്മയുടെ സ്നേഹവാത്സ്ല്യങ്ങൾ എടുത്തു പറയുന്നുണ്ട്.
അമ്മാളുഅമ്മ 1914-ൽ രചിച്ച 'കമലാഭായി അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതകം', മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസർപ്പകനോവൽ ആയിരുന്നു.
ചില നോവലുകളുടെ വിവര്‍ത്തനങ്ങളും, ഭക്തിഗ്രന്ഥങ്ങളും ആണ് അമ്മാളുഅമ്മയുടെ സംഭാവന. 'ഭക്തിമാല' എന്ന കൃതി അതേ പേരില്‍ ഉള്ള സംസ്കൃത ഗന്ഥത്തിന്റെ പരിഭാഷയാണ്.
1912-ല്‍ പസിദ്ധപ്പെടുത്തിയ 'കൃഷണഭക്തി ചന്ദ്രിക' സംസ്കൃതനാടക വിവര്‍ത്തനമാണ്. എഡ്വിന്‍ ആര്‍നോള്‍ഡിന്റെ 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന പ്രസിദ്ധക്യതിയെ അവലംബമാക്കി അവര്‍ തയ്യാറാക്കിയ ഗദ്യ ഗ്രന്ഥമാണ് 'ബുദ്ധചരിതം'. എഡ്വിന്‍ ആര്‍നോള്‍ഡിന്റെ കൃതിയില്‍ ബുദ്ധന്റെ നിര്‍വ്വാണം ഇല്ല. 'ബുദ്ധചരിത'ത്തില്‍ ആ ഭാഗവും ഉണ്ട്. അതിന് അവലംബം സ്വാമിനാഥ അയ്യര്‍ തമിഴില്‍ എഴുതിയ ഒരു കൃതി ആണ്. സിഗാലന്‍ ഏന്ന ബ്രാഹ്മണന്‍ നലകുന്ന തത്ത്വോപദേശം ആണ് ബുദ്ധഗാഥയുടെ പ്രമേയം. ശങ്കരാചാര്യരുടെ സര്‍വ്വവേദാന്ത സിദ്ധാന്ത സംഗ്രഹവും അവര്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തു. 'ലീല' എന്ന കൃതി ഒരു തമിഴ് നോവലിന്റെ വിവര്‍ത്തനം ആണ്. കുംഭകോണം ടി. എസ്. ഡി. സ്വാമി ഒരു ഇംഗ്ലീഷ് നോവലിനെ ആധാരമാക്കി രചിച്ചു തമിഴ് നോവലിന്റെ വിവര്‍ത്തനം ആണ് 1914-ല്‍ പ്രസിദ്ധീകൃതമായ 'കോമളവല്ലി'. ശ്രീശങ്കരവിജയവും തമിഴില്‍ നിന്നുള്ള വിവര്‍ത്തനം ആണ്.
കാശി ഉള്‍പ്പെടെ ഉള്ള ഉത്തരേന്ത്യന്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവല്ലോ അവര്‍. ആ യാത്രയുടെ വിവരണം ആണ് ഒരു 'തീര്‍ത്ഥയാത്ര.'
ഇങ്ങനെ പല നോവലുകളും നോവലുകളുടെ വിവർത്തനങ്ങളും ഭക്തി/ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
1929, 30 വർഷങ്ങളിലെ സമസ്ത കേരള സാഹിത്യ പരിഷത്തിൻ്റെ അദ്ധ്യക്ഷ പദവി അമ്മാളു അമ്മക്കായിരുന്നു എന്ന മനസ്സിലാക്കുമ്പോൾ അന്നത്തെ ഭാഷാ സാഹിത്യ ലോകം അവർക്ക് നല്കിയിരുന്ന ആദരം മനസ്സിലാക്കാം.
അമ്മാളുഅമ്മയുടെ മകൾ തരവത്ത് അമ്മിണിയമ്മയും ആദ്യകാല സാഹിത്യത്തിലെ പ്രധാന വ്യക്തിയായിരുന്നു. അമ്മാളുഅമ്മ തന്റെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടത് മകളോടായിരുന്നു. അമ്മാളുഅമ്മയുടെ മരണശേഷം പ്രസിദ്ധീകരിച്ച 'ശ്രീമതി തരവത്ത് അമ്മാളുഅമ്മ' എന്ന ജീവചരിത്രമാണ് ഇവരുടേതായി നിലവിലുള്ള സത്യസന്ധമായ ഒരേയൊരു സമ്പൂർണ്ണ ജീവചരിത്രം.
തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ കൊച്ചി തമ്പുരാന്‍ നലകിയ 'സാഹിത്യസഖി' ബിരുദം അവര്‍ സവിനയം നിരസിക്കുകയാണ് ഉണ്ടായത്. അക്കാലത്തെ ഈ മഹോന്നത പദവി നിരസിച്ച ഏക വ്യക്തി അമ്മാളു അമ്മ മാത്രമാണ്.
1936 ജൂൺ 6-ന്, 63-ാം വയസിൽ, തരവത്ത് അമ്മാളു അമ്മ അന്തരിച്ചു.

(ഇതിനോടൊപ്പമുള്ള ഇവരുടെ ഛായാചിത്രം കേരള സാഹിത്യ അക്കാദമി 'ഛായാചിത്ര മേട'യിൽ പ്രദർശിപ്പിച്ചിട്ടതാണ്.)
അനുബന്ധം: 1
മലയാളത്തിലെ ആദ്യകാല അപസർപ്പക സാഹിത്യം:
രാമവർമ്മ അപ്പൻതമ്പുരാൻ 1904-ൽ രചിച്ച 'ഒരു ദുർമ്മരണം അഥവാ ഭാസ്കരമേനോൻ' എന്ന നോവൽ രസികരഞ്ജിനി മാസികയിൽ ഖണ്ഡശ്ശഃ അച്ചടിച്ചു തുടങ്ങിയതു മുതലാണ് മലയാളത്തിലെ അപസർപ്പക രചനാ ചരിത്രം ആരംഭിക്കുന്നത്.
1913-ൽ ചമ്പത്തിൽ ചിന്നമ്മു അമ്മ എഴുതിയ 'ഒരു കൊലക്കേസ്' എന്ന കഥയാണ് ഒരു സ്ത്രീയുടേതായി ആദ്യം പുറത്തുവരുന്ന ഒരു അപസർപ്പക രചന.
തൊട്ടടുത്ത വർഷം തന്നെ, ഒരു സ്ത്രീയുടേതായ ആദ്യ അപസർപ്പക നോവൽ പുറത്തിറങ്ങി. 'കമലഭായ് അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതകം' എന്ന ആ നോവൽ രചിച്ചത് തരവത്ത് അമ്മാളുഅമ്മയായിരുന്നു.
ഇങ്ങനെ മികച്ച തുടക്കമുണ്ടായിട്ടും ഇന്നും, ഒരു ഈ മേഖലയിൽ സ്ത്രീയുടെ സാന്നിദ്ധ്യം അപൂർവ്വമായിട്ടല്ലാതെ ഉണ്ടായിട്ടില്ല. 'സിൽവർ ജെയിംസ്' എന്ന പേരിൽ 2004-ൽ ഭദ്ര എൻ. മേനോൻ എഴുതിയ നോവലും 2020-ൽ ശ്രീപാർവതി എഴുതിയ നായിക അഗതാക്രിസ്റ്റി എന്ന നോവലുമല്ലാതെ ശ്രദ്ധേയമായ മറ്റൊരു പേരും രേഖപ്പെടുത്തിയിട്ടില്ല.
അനുബന്ധം: 2
തരവത്ത് അമ്മാളുഅമ്മയുടെ കൃതികൾ:
കമലാഭായി അഥവാ ലക്ഷ്മീ വിലാസത്തിലെ കൊലപാതകം, ലീല (അവലംബിത നോവൽ), ഭക്തമാല-3 ഭാഗങ്ങൾ, ബുദ്ധചരിതം, ബാലബോധിനി, കോമളവല്ലി-2 ഭാഗങ്ങൾ (നോവൽ), സർവ്വവേദാന്ത സിദ്ധാന്തസാര സംഗ്രഹം, കൃഷ്ണഭക്തി ചന്ദ്രിക, ബുദ്ധഗാഥാ ചന്ദ്രിക, ഒരു തീർത്ഥയാത്ര (യാത്രാവിവരണം), ശ്രീശങ്കരവിജയം, ശിവഭക്തിവിലാസം തുടങ്ങിയവ.