Image

നരസിംഹം സിനിമയും മലയാളകവിതയും : പ്രകാശൻ കരിവെള്ളൂർ

Published on 06 June, 2026
നരസിംഹം സിനിമയും മലയാളകവിതയും : പ്രകാശൻ കരിവെള്ളൂർ

എഴുത്ത് ഒരു തരം "വായനാവികൃതി "യാണെന്ന നിലപാടിലായിരുന്നു കവി ഏസി ശ്രീഹരി .അതു കൊണ്ട് തന്നെ അതൊരു പുസ്തകപ്പേര് മാത്രമല്ല , കാവ്യാദർശവുമാകുന്നു . സമൂഹം പുസ്തകങ്ങളിൽ നിന്ന് കാഴ്ച്ചകളിലേക്ക് പതിക്കുമ്പോൾ സിനിമാവായനയും സാംസ്കാരിക പ്രസക്തമാണ് .
അക്ഷരം കാഴ്ച്ചകൾക്ക് വഴി മാറിയ ദൃശ്യമാധ്യമപ്രളയത്തിന് നടുവിൽ പാരഡി കൊണ്ട് കവിതയുടെ തുരുത്തുണ്ടാക്കാനും അതു വഴി നമ്മുടെ മുഖ്യധാരാആസ്വാദന ബോധത്തെ തിരുത്താനും ശ്രമിച്ച കവിതയാണ് ഏ സീ ശ്രീഹരിയുടെ 
"പോടാ മോനേ ദിനേശാ .... "

ശീർഷകസൂചന പോലെ, നരസിംഹം എന്ന കാൽനൂറ്റാണ്ട്  മുമ്പിറങ്ങിയ സിനിമയിലെ നായകൻ താനൊഴികെ എല്ലാവരെയും തൃണമാക്കാൻ പ്രയോഗിച്ച ആ ആവർത്തിതസംഭാഷണശകലം തന്നെ , ഇത്തരം സിനിമകൾ സൃഷ്ടിച്ചെടുക്കുന്ന തട്ടു പൊളിപ്പനും ഹിംസാത്‌മകവുമായ ആൾക്കൂട്ടാസ്വാദനാ ഘോഷത്തിനെതിരെ ബൂമറാങ്ങായി പ്രയോഗിക്കുകയാണ് കവി ചെയ്തത്.

ധീരോദാത്തനും അതി പ്രതാപഗുണവാനും
വിഖ്യാതവംശജനുമായ 
മോഹൻലാൽ 
സ്‌ക്രീൻ പിളർന്നെത്തി
എന്ന് തുടങ്ങി

അനന്തരം 
നരസിംഹം 
അപ്രത്യക്ഷമായി

എന്നവസാനിക്കുന്ന കവിത നമ്മുടെ സിനിമാപ്രേക്ഷണസംസ്‌കാരത്തിൻ്റെ നിലവാരത്തകർച്ചയ്‌ക്കൊപ്പം  അരാഷ്ട്രീയവൽക്കരിക്കപ്പെട്ട വർത്തമാന യുവത്വത്തിൻ്റെ ദയനീയാവസ്ഥയ്ക്കു യ്ക്കും അടി വരയിടുന്നു .

ചുള്ളിക്കാടിൻ്റെ എവിടെ ജോൺ ?എന്ന കവിതയ്ക്ക് എവിടെ ലോൺ ?എന്ന് പാരഡി തീർത്ത ശ്രീഹരി മംഗലശ്ശേരി നീലകണ്ഠൻ ഓട്ടോ വാങ്ങിയ കവിതയിലൂടെ ആറ്റൂരിൻ്റെ ഓട്ടോവിൻ പാട്ടിലേക്ക് സഞ്ചരിച്ചതു പോലെ മുഖ്യസാഹിത്യ ചർച്ചകളും സിനിമാബന്ധിതമായി പരിണമിക്കുന്നതിൻ്റെ പ്രവചനമായിരുന്നു ശ്രീഹരി കവിതയിൽ നിന്നും സിനിമയിലേക്കും തിരിച്ചും നിർമ്മിച്ച ഇത്തരം ഇടപെടൽപ്പാലങ്ങൾ.

കെ .ആർ .ടോണിയെപ്പോലെ പുതുകവിതകളിൽ പാരഡിയുടെ സാധ്യത ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയ കവിയാണ് ശ്രീഹരി .കവിതയും സാഹിത്യവുമൊക്കെ ആധുനികതയിലേക്ക് പരിണമിച്ച് ജനകീയമായിത്തീരും മുമ്പേ ഉണ്ടായിരുന്ന ദൈവസ്തുതിയും രാജസ്തുതിയും കൊണ്ട് മുഖരിതമായ ഫ്യൂഡൽ ഭാവുകത്വത്തിലേക്ക് സിനിമ മുഖ്യധാരാ കേരളീയതയെ പിൻ നടത്താൻ ശ്രമിക്കുമ്പോൾ അതേ നാണയത്തിൽ തീർത്ത പ്രതിരോധമാണ് 
"പോടാ മോനേ ദിനേശാ " .

പഴയ മഹാകാവ്യ നിർവചനപ്രകാരമുള്ള പുതിയ സിനിമാനായകന്മാർ മോഹൻലാലും  മമ്മൂട്ടിയുമായി എഴുന്നള്ളുമ്പോൾ ജനം പ്രജകളാവുകയാണ് . നായകൻ്റെ കത്തിച്ചു കളയും ഞാൻ പച്ചയ്ക്ക് എന്ന അലർച്ചയ്ക്ക് മുന്നിൽ കോരിത്തരിച്ച് നിൽക്കുന്നു നാടും നഗരവും .

ജ്യുഡീഷറിയെ ഞെട്ടിച്ച് അരക്കിട്ടുറപ്പിക്കുന്ന പിതാ"പുത്ര"ബന്ധമാണ് നരസിംഹത്തിലെങ്കിൽ അതിൻ്റെ പുത്രീരൂപാന്തരണമാണ് ഇന്നത്തെ "ദൃശ്യ" ത്തുടർച്ചകളുടെ വൻ പ്രേക്ഷണവിജയത്തിലൂടെ സിനിമാക്കാരും പ്രേക്ഷകരും ആഘോഷിച്ചു കൊണ്ടിരിക്കുന്നത് .

വോട്ടു ചെയ്യാനെത്തിയ ജനം 
ബോക്സാഫീസടിച്ച് ഫിറ്റായി

എന്ന പരിഹാസകവനത്തിൻ്റെ അമ്പിന് ഒന്ന് നൂറായി കൊള്ളുന്ന മൂർച്ചയുണ്ട് . സിനിമക്ക് ടിക്കറ്റെടുക്കുന്നതിനെ വോട്ട് ചെയ്യുന്നതിനോട് ചേർത്ത് വച്ച് ഈ അരാഷ്ട്രീയ കാലത്തിൻ്റെ മുഖത്ത് നോക്കി കൊഞ്ഞനം കാട്ടുകയാണ് കവി .

സിനിമയുടെ ബോക്സാഫീസ് ഹിറ്റ് പ്രേക്ഷകരുടെ ലഹരിയടിച്ചുള്ള ഫിറ്റിന് തുല്യമാവുമ്പോൾ സിനിമാക്കാരുടെ കച്ചവടത്തിലാണ് നമ്മുടെ ആവേശം എന്ന ദുരവസ്ഥ വന്നു ചേരുന്നു . എള്ളുണയ്ക്കുന്നത് എണ്ണയ്ക്ക് , പുല്ലുണങ്ങുന്നത് ആലയ്ക്ക് !
നമ്മൾ ഉണങ്ങുന്നത് 
ആർക്ക് വേണ്ടി ?

റിലീസിങ്ങ് തീയറ്ററുകളിലെ ആഹ്ളാദാരവങ്ങൾക്ക് ഫാൻസ് നേതൃത്വം രൂപപ്പെട്ടതോടെ എതിർ താരത്തോടുള്ള വെല്ലുവിളിയും അവിടെ അന്തർഗതമായി മുഴങ്ങാൻ തുടങ്ങി എന്നത് നമ്മുടെ സമീപകാല അനുഭവങ്ങളിൽ പെടും .

സിനിമ അതിൻ്റെ കലയും വിനോദവും പോലുള്ള ആഭിമുഖ്യങ്ങൾ വെടിഞ്ഞ് വെറുമൊരു വിപണിച്ചരക്ക് മാത്രമായി അധ:പതിക്കുമ്പോൾ താരാരാധന രോഗമായി മാറുന്ന യുവത്വത്തിൻ്റെ അരാഷ്ട്രീയമായ ഉന്മാദങ്ങൾ ചോദ്യം ചെയ്തേ പറ്റൂ .

റിലീസിങ്ങ് പുലർച്ചകളിലെ ടിക്കറ്റ് തിരക്കിനെ മലയാളിയുടെ പോയ കാല സമരവീര്യങ്ങളുടെ പശ്ചാത്തലത്തിൽ ഓർക്കുമ്പോഴാണ് അതിൻ്റെ മൂർച്ചയും രൂക്ഷതയും നമ്മെ ചിന്തിപ്പിക്കുന്നത് .

റേഷൻ സബ്സിഡി വെട്ടിയ മുറിവോടെ ,
കലക്ട്രേറ്റ് വളയുന്ന വീറോടെ 
ശാന്തിയടഞ്ഞു ,
വിയർത്തു !

സിനിമാ നായകൻ മുണ്ട് മടക്കിക്കുത്തി ട്രൗസറും കാണിച്ച്   കോടികൾ കൊയ്യുമ്പോൾ , കാണാത്തെത്തിയ ആരാധകനും മുണ്ടു മുറുക്കിയുടുത്ത് നായകന് ഓശാന പാടുന്നു -
"പോടാ മോനേ ദിനേശാ  .....

പാരഡി തീർക്കുന്ന  സറ്റയറിക്ക് ട്രീറ്റ്മെൻ്റ് നമ്മുടെ സാഹിത്യത്തിൽ അപൂർവമായി കൊണ്ടിരിക്കുന്നു എന്നിടത്താണ് ഇത്തരം കവിതകൾ പ്രസക്തമാവുന്നത് .

( ഏസി ശ്രീഹരി നവകവികളിൽ ശ്രദ്ധേയനാണ് .പയ്യന്നൂർ കോളേജിൽ ലക്ചററായിരുന്നു . മെയ് 31 നാണ് റിട്ടയർ ചെയ്തത് . ഹൃദയാഘാതത്താൽ ഇന്ന് മരണപ്പെട്ടു. ആദരാഞ്ജലികൾ ...! )

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക