
തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി'യും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായ 'അതിമനോഹരം'ത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സിനിമയുടെ പേരും ഫസ്റ്റ് ലുക്കും നേരത്തെ പുറത്തുവന്നിരുന്നു. തിരക്കഥയിലെ ആശയകുഴപ്പം മൂലം സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു എന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെല്ലാം തെറ്റാണെന്ന് പ്രതികരിക്കുകയാണ് സിനിമയുടെ നിര്‍മാതാവായ ആഷിഖ് ഉസ്മാന്‍. മോഹന്‍ലാലിന് അമേരിക്കയില്‍ ഷോ ഉള്ളതു കൊണ്ടാണ് ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് ആഷിഖ് ഉസ്മാന്‍.
'അതിമനോഹരം ഷൂട്ട് നടക്കുന്നു, 80 ദിവസത്തെ ഷൂട്ട് കഴിഞ്ഞു, 40 ദിവസം കൂടെ ഷൂട്ട് ഉണ്ടാകും. ലാലേട്ടന് അമേരിക്കയില്‍ ഒരു ഷോ ഉണ്ടായിരുന്നതു കൊണ്ട് കുറച്ചു ദിവസം ഷൂട്ട് നിര്‍ത്തി വച്ചിരുന്നു. അല്ലാതെ സിനിമയുടെ ചിത്രീകരണ നിര്‍ത്തി വച്ചു എന്ന വാര്‍ത്തകളൊക്കെ തെറ്റാണ്. ചിത്രം ജൂലൈ അവസാനത്തോടെ ഷൂട്ട് തീരും. ഡിസംബറിനുള്ളില്‍ ചിത്രം തിയേറ്ററുകളിലെത്തും. ഡിസംബറിലോ നവംബറിലോ സിനിമ റിലീസ് ചെയ്യും'- ആഷിഖ് ഉസ്മാന്‍ പറഞ്ഞു.
ചിത്രീകരണം നിര്‍ത്തിവച്ചുവെന്ന റിപ്പോര്‍ട്ടിനെതിരെ കഴിഞ്ഞ ദിവസം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും രംഗത്തെത്തിയിരുന്നു. ഷൂട്ടിംഗ് നിര്‍ത്തിവച്ചെന്നുള്ള വാര്‍ത്ത തെറ്റാണെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.