
കൊച്ചി:സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനന്‍ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
വിവാഹിതനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്. ശ്രീജക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ച വാക്കുകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിക്കഴിഞ്ഞു.
'നമ്മള്‍ ഒരിക്കലും അപരിചിതരാകേണ്ടവരല്ലായിരുന്നു. ഇന്ന്, നമ്മള്‍ ഒന്നിച്ച് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. അതേ... എന്റെ ജീവിതത്തിന് ഏറ്റവും അനുയോജ്യയായ ആളോടൊപ്പം സന്തോഷകരമായ ദാമ്പത്യജീവിതത്തിലേക്ക്... അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തികച്ചും ലളിതവും സ്വകാര്യവുമായ ചടങ്ങായിരുന്നു . ഞങ്ങളുടെ വിവാഹ വാര്‍ത്തയായി ഇതിനെ കണക്കാക്കണമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും
അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു' - ആനന്ദ് മധുസൂദനന്‍ കുറിച്ചു.
പി. ജയചന്ദ്രന്റെ ശബ്ദത്തില്‍ വന്‍ഹിറ്റായി മാറിയ പൊടിമീശ മുളയ്ക്കണ കാലം...(പ..വ.) എന്ന ഗാനമാണ് ആനന്ദിനെ ഏറെ പ്രശസ്തനാക്കിയത്. പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടിതുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ആനന്ദ് മധുസൂദനനാണ്. സൂരജ് ടോം സംവിധാനം ചെയ്ത വിശേഷംഎന്ന ചിത്രത്തിലൂടെ അദ്ദേഹം അടുത്തിടെ നായകനായും അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിന്റെ കഥ,
തിരക്കഥ, ഗാനരചന, സംഗീതം എന്നിവ നിര്‍വഹിച്ചതും ആനന്ദ് തന്നെയായിരുന്നു.