
അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുവാനും പരസ്പരം
തുറന്നുപറയുവാനുമുള്ള ഒരു വേദികൂടിയാണ് ബാറുകൾ എന്ന്
വിളിക്കുന്ന മദ്യശാലകൾ. അരണ്ട വെളിച്ചത്തിൽ, എതിരിലിരിക്കുന്ന
അപരിചിതൻ ഒരു തുറന്ന പുസ്തകമായി തന്റെ ജീവിതം എന്റെ
മുന്നിൽ നിവർത്തിവെക്കുന്നു; വിസ്മയത്തോടെ ഞാനത് വായിക്കുന്നു.
അത്തരക്കാരിൽ ചിലരെ വീണ്ടും പതിവ് മദ്യശാലകളിൽ കണ്ടുമുട്ടുന്നു.
ഒരു തുടർക്കഥപോലെ വീണ്ടും അവരുടെ ജീവിതത്തിന്റെ പുതിയ
അദ്ധ്യായങ്ങൾ. കൊച്ചിയിലെയും ചെന്നൈയിലെയും മദ്യശാലകളിലെ
അനുഭവങ്ങളാണ് ഇവയിലേറെയും. ചെന്നൈയിലെ തിരക്കേറിയ
അനധികൃത ബാറുകളിൽപോലും (അവ മിക്കതും രാഷ്ട്രീയക്കാർ
നടത്തുന്നവയോ അവരുടെ ഒത്താശയോടെ നടത്തപ്പെടുന്നവയോ ആണ്)
ഇത്തരം ‘അഭിമുഖങ്ങൾ’ സാധ്യമായിട്ടുണ്ട്. അത്തരം മദ്യശാലകളുടെ
പുറത്ത് കുടിയന്മാരെ ഉദ്ദേശിച്ച് ചെറിയ കടകൾ നടത്തുന്നവരിൽ
ചിലരും ഈ കുറിപ്പുകളിലെ കഥാപാത്രങ്ങളാണ്. അവയിൽ ചിലതാണ്
ഇവിടെ പങ്കുവെയ്ക്കുന്നത്....

മധുശാലയിൽ രണ്ട്
ക്ളൈമാക്സ് തേടുന്ന ഒരു പ്രണയകഥ
രണ്ട് ദശകങ്ങൾക്കുമുമ്പുള്ള ഒരു വെള്ളിയാഴ്ച വൈകുന്നേരം.
അക്കാലത്ത് ഞാൻ കൊച്ചിയിൽ പത്രപ്രവർത്തകനായി ജോലി
ചെയ്യുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആ
ലക്കത്തിലേക്കുള്ള അവസാന റിപ്പോർട്ടും അയച്ചുകഴിഞ്ഞാൽ,
പിന്നെ തിങ്കളാഴ്ച വാരിക വിപണിയിലെത്തുന്നതുവരെ ഞാൻ
റിലാക്സ്ഡ് ആണ്. പതിവുപോലെ ആ വെള്ളിയാഴ്ചയും രാത്രി
എട്ടുമണിയോടെ ഞാൻ എറണാകുളത്തെ എം ജി റോഡിലുള്ള
ബാറിലെത്തി. അവിടെ നല്ല തിരക്കുണ്ട്. ചുറ്റും കണ്ണോടിച്ചപ്പോൾ
ഒരു മൂലയിലെ മേശയിൽ ഒരു ചെറുപ്പക്കാരൻ മാത്രമിരുന്ന്
മദ്യപിക്കുന്നത് കണ്ണിൽപ്പെട്ടു. ഞാൻ ആ മേശയിൽ അയാൾക്ക്
എതിർവശത്തുള്ള കസേരയിൽ ചെന്നിരുന്നു. മുന്നിൽ
കുതിച്ചെത്തിയ വെയ്റ്ററോട് "മൂന്ന് റം" ഓർഡർ ചെയ്തു.
അപ്പോൾ ചെറുപ്പക്കാരൻ എന്നെ നോക്കി ചിരിച്ചു. ഞാനും.
അതിനപ്പുറം ആ പരിചയം നീട്ടിക്കൊണ്ടുപോകാതെ ഞാൻ
എന്റെ ഓർഡർ കാത്തിരുന്നു. വെയ്റ്റർ ഗ്ളാസ്സുകളും
സോഡയുമായി വന്നു. അതോടെ ഞാൻ മദ്യത്തിൽ ശ്രദ്ധയൂന്നി.
അപ്രതീക്ഷിതമായിരുന്നു അത്. ആ യുവാവ് ഒന്നുമുന്നോട്ട്
ആഞ്ഞിരുന്നുകൊണ്ട് ചോദിച്ചു:";ചേട്ടൻ?" എന്നിലേക്ക് ഒരു
പരിചയത്തിന്റെ പാലമിടാനുള്ള ശ്രമമായിരുന്നു അത്. .
മറുപടി പറയാതെ ഞാൻ തിരിച്ചുചോദിച്ചു:";നിങ്ങൾ?";
"ഞാൻ ഒരു പ്രൈവറ്റ് ബസ്സിൽ കണ്ടക്ടറാണ്.ചേട്ടനോ?";
"; ഞാൻ ഒരു പത്ര റിപ്പോർട്ടർ ആണ്," എന്റെ മറുപടി.
വിസ്മയം വിടർന്ന കണ്ണുകളോടെ അവൻ അവന്റെ കസേര
മേശയുടെ വീതികുറഞ്ഞ ഭാഗത്ത് എന്റെ അടുത്തേക്ക് നീക്കിയിട്ടു.
";അപ്പോൾ ചേട്ടൻ ഇന്ത്യയിൽ പലഭാഗത്തും പോയിട്ടുണ്ടാകുമല്ലോ?
ദൂരെയുള്ള സംസ്ഥാനങ്ങളിലൊക്കെ…ഒറീസയിൽ പോയിട്ടുണ്ടോ?"
"; ഞാൻ കേരളത്തിലും ചെന്നൈയിലും മുംബൈയിലും ആണ്
പത്രപ്രവർത്തകനായി ജോലി ചെയ്തിട്ടുള്ളത്. ഒറീസയിൽ
പോയിട്ടില്ല. വായിച്ചും കേട്ടും ഉള്ള അറിവേ ഒറീസയെപ്പറ്റി
യുള്ളു."
വിഷാദം കലർന്ന ഒരു ചിരിയോടെ അവൻ എന്നെ നോക്കി.
"എനിക്ക് ഒറീസയിൽ..."; അവൻ അത് മുഴുമിക്കാതെ നിർത്തി.
"ഒറീസയിൽ എന്താ കാര്യം? ";ഞാൻ ചോദിച്ചു.
"എന്റെ പെണ്ണ് അവിടെയാണ്."
"ഭാര്യ?"
"അല്ല ഭാര്യയാകേണ്ട പെണ്ണ്."
"കാമുകി?"
അവൻ ഒരു ദീര്ഘനിശ്വത്തോടെ അതെ എന്ന് തലയാട്ടി.
കോളറിഡ്ജിന്റെ വൃദ്ധ നാവികനെപ്പോലെ, തന്റെ കഥ
കേൾക്കാൻ ഒരാളെ കാത്തുനിൽക്കുകയായിരുന്നു എന്നപോലെ
അവൻ പറഞ്ഞുതുടങ്ങി. ഞാൻ അവനെ ഉറ്റുനോക്കിക്കൊണ്ട്
എതിരിൽ ഇരുന്നു.

പൊടിമീശ കറുപ്പ് പിടിച്ചുതുടങ്ങിയിട്ടേയുള്ളു. അവൻ
എറണാകുളത്ത് ഒരു ബസ്സിൽ ജോലി ചെയ്യുന്നു. ഏതാനും
മാസങ്ങൾക്കുമുമ്പാണ്, ബസ്സിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു
പെൺകുട്ടിയെ അവൻ ശ്രദ്ധിച്ചുതുടങ്ങി. ദിവസങ്ങൾ പോയപ്പോൾ
അവളും അവനെ ശ്രദ്ധിക്കാൻ തുടങ്ങി. ഒരു ദിവസം
സൗകര്യമൊത്തപ്പോൾ ബസ്സിൽ കമ്പിയിൽ പിടിച്ച് തൂങ്ങിനിന്നിരുന്ന
അവളോട് അവൻ ചോദിച്ചു: പഠിക്കുകയാണോ? അവൾ ഒന്നും
പറയാതെ അമ്പരന്ന കണ്ണുകളോടെ അവനെ നോക്കി. പിറ്റേന്നും
അവൻ ചോദ്യം ആവർത്തിച്ചു. അപ്പോഴും അവളുടെ കണ്ണുകളിൽ
അമ്പരപ്പ്. പിന്നൊരു ദിവസം അവൻ ചോദ്യം ഒന്ന് മാറ്റി
ചോദിച്ചു:"എന്താ പേര്?"അവൾ ചിരിച്ചു.
ചിരിയും മറുചിരിയുമായി ദിവസങ്ങൾ പോയി. ഒരു നാൾ
ബസിൽനിന്ന് തന്റെ സ്റ്റോപ്പിൽ ഇറങ്ങുംപോൾ അവൾ
ചവിട്ടുപടിയിൽനിന്നിരുന്ന അവനോട് സ്വകാര്യമെന്നപോലെ
പറഞ്ഞു:"ദുര്ഗ."
അത് ഒരു പ്രണയത്തിന്റെ തുടക്കമായിരുന്നു. ദുര്ഗ
ഒറീസക്കാരിയായിരുന്നു. പാവപ്പെട്ട ഒരു കർഷക കുടുംബത്തിലെ
അഞ്ചുമക്കളിൽ മൂത്തവൾ. അവരുടെ ഒരു അമ്മാവനും ഭാര്യയും
കേരളത്തിൽ നിർമാണ തൊഴിലാളികളായി ജോലി ചെയ്യുന്നുണ്ട്.
പ്രാരാബ്ധം കാരണം അമ്മ അവളെ അവരോടൊപ്പം
കേരളത്തിലേക്കയച്ചു. ഇവിടെ വന്ന അവൾ
വീട്ടുജോലിക്കാരിയായി. രണ്ട് വീടുകളിൽ ജോലിചെയ്യുന്നു.
ഇടയിൽ കിട്ടുന്ന സമയം അമ്മാവൻ അവളെ തയ്യൽ ക്ലാസിൽ
ചേർത്തു. തയ്യൽ ക്ളാസിലേക്കുള്ള ബസ് യാത്രക്കിടയിലാണ്
നമ്മുടെ കാമുകൻ അവളെ കണ്ടുമുട്ടുന്നത്.
ആദ്യമൊക്കെ ഭാഷ ഒരു പ്രശ്നമായിരുന്നു. എന്നാൽ അവൾ
അതിവേഗം മലയാളം സംസാരിക്കാൻ പഠിച്ചു. അവൾക്ക് മലയാളം
അല്പമൊക്കെ സംസാരിക്കാം എന്നായതോടെ പ്രണയം
ശക്തമായി. ജോലിയില്ലാത്ത ദിവസങ്ങളിൽ അവൻ അവളെ ബസ്
സ്റ്റോപ്പിൽ കണ്ടുമുട്ടി. സംസാരിച്ചു. അങ്ങനെയാണ്
അവളെസംബന്ധിച്ച വിവരങ്ങളൊക്കെ മനസ്സിലാകുന്നത്.
“എന്നിട്ട്?” പിന്നീടെന്തുസംഭവിച്ചു എന്നറിയാനുള്ള
ആകാംക്ഷയോടെ ഞാൻ ചോദിച്ചു.

"ഒരു ദിവസം മുതൽ അവളെ കണ്ടില്ല. പിന്നീട് അവൾ
വന്നതേയില്ല. അവൾ നാട്ടിലേക്ക് പോയി എന്നാണ് അറിയാൻ
കഴിഞ്ഞത്. അവൾക്ക് മൊബൈൽ ഫോൺ ഇല്ലെങ്കിലും എന്റെ
മൊബൈൽ നമ്പർ അവൾക്ക് ഞാൻ നൽകിയിരുന്നു. അതുകൊണ്ട്
അവൾ വിളിക്കുമെന്ന് കരുതി ഞാൻ കാത്തിരുന്നു. ഒരു മാസം
കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി അവളുടെ വിളിവന്നു. ലാൻഡ്
ഫോണിൽ നിന്നാണ്. ഒരു പക്ഷെ, ഒരു ബൂത്ത് ആയിരിക്കാം.
ബസ് കണ്ടക്ടറുമായുള്ള അവളുടെ ചുറ്റിക്കളി മനസ്സിലാക്കിയ
അമ്മാവൻ അവളെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
ഒറീസയിലെ ഒരു വിദൂരഗ്രാമത്തിലാണ് അവളുടെ വീട്. വീട്ടുകാർ
അവളെ കല്യാണം കഴിച്ച് കൊടുക്കാൻ തീരുമാനിച്ചിരിക്കയാണ്.
ഈ വിവരങ്ങളൊക്കെ കരഞ്ഞുകൊണ്ടാണ് അവൾ
പറഞ്ഞത്.അവൾ തുറന്നുപറഞ്ഞില്ലെങ്കിലും അവളെ
രക്ഷിക്കണമെന്നാണ് അവൾ പറഞ്ഞതിന്റെ പൊരുൾ എന്ന്
കാമുകൻ. വീണ്ടും അവൾ വിളിക്കും, ഉറപ്പാണ്,കാമുകൻ
പറയുന്നു. "അഡ്രസ് അവൾ നൽകിയാൽ എളുപ്പമായി".; അവൻ
പറഞ്ഞു. "എന്നാൽ അതത്ര എളുപ്പമാണോ?" ഞാൻ സംശയം
പ്രകടിപ്പിച്ചു. ഒറീസയിലെ ആ വിദൂരഗ്രാമത്തിൽ
ചെന്നെത്തുന്നതുതന്നെ വിഷമം. പത്തോ അമ്പതോ വീടുകൾ
മാത്രമുള്ളതായിരിക്കും അവിടത്തെ ഓരോ ഗ്രാമവും. പുറമെനിന്ന്
ഒരാൾ അവിടെ എത്തിയാൽ അതിവേഗം തിരിച്ചറിയും
എന്നൊക്കെ ഞാൻ വിശദീകരിച്ചപ്പോൾ അവൻ വിവശനായി.
"പിന്നെ, എന്താണൊരു മാർഗം?"ഗൂഢാലോചനയുടെ ദൗത്യം
ഏൽപ്പിച്ചപോലെ അവൻ ആകാംക്ഷയോടെ എന്നെ നോക്കി.
രണ്ടാമത്തെ ഗ്ലാസ്സും കാലിയാക്കിയപ്പോൾ കിട്ടിയ ഉത്സാഹത്തോടെ
ഞാൻ പറഞ്ഞു: "; ഇനി അവൾ വിളിക്കുമ്പോൾ അവൾ നിന്റെ
കൂടെ വരാൻ തയാറാണെന്ന് ഉറപ്പാക്കണം. ഇത് ഒരു
തട്ടിക്കൊണ്ടുപോരലാണ്. സിനിമയിലും മറ്റും കാണുന്നതുപോലെ
ആണെന്ന് വിചാരിക്കരുത്. നിന്റെ അടുത്ത സുഹൃത്തുക്കളുടെ
സഹായം തേടണം. വീട്ടുകാരൊന്നുമറിയാതെ ഏറ്റവും അടുത്ത
റെയിൽവേസ്റ്റേഷനിൽ അവൾക്ക് എത്താനാകുമെങ്കിൽ കാര്യം
എളുപ്പമായി. പിന്നെ അവളുടെ അമ്മാവൻ ഇവിടെയുള്ളതുകൊണ്ട്
വളരെ സൂക്ഷിക്കണം. രണ്ടുപേരും
വിവാഹപ്രായമെത്തിയവരായതുകൊണ്ട് അവളെക്കൊണ്ടുവന്നാൽ
ഉടൻ വിവാഹം രജിസ്റ്റർ ചെയ്യണം.” ഇത്രയും ഉപദേശമായി
നൽകിയശേഷം ഞാൻ ചോദിച്ചു: "ആട്ടെ, നിന്റെ വീട്ടുകാർക്ക്
ഇതിന് സമ്മതമാകുമോ?"എന്റെ ചോദ്യം കേട്ട് അവൻ
വാപൊളിച്ചിരുന്നുപോയി. അങ്ങനെയൊരു കാര്യം അവൻ
അതുവരെ ആലോചിച്ചിട്ടില്ലെന്ന് തോന്നി.
കൂടുതൽ ഉപദേശം അപകടമാണെന്ന് തോന്നിയതുകൊണ്ട്
മൂന്നാമത്തെ ഗ്ലാസ്സും അകത്താക്കി ഞാൻ എഴുനേറ്റു.
അല്പസമയംകൂടി ഞാൻ അവിടെ ഉണ്ടാകണമെന്ന് അവൻ
ആഗ്രഹിക്കുന്നതുപോലെ തോന്നി. എഴുനേറ്റു യാത്രപറയുന്ന
ഭാവത്തിൽ ഞാൻ അവന്റെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു:
നിനക്കതിന് കഴിയും . ശ്രമിക്കൂ, പക്ഷെ, സൂക്ഷിക്കണം."
ആ ബാറിൽ പലതവണ പോയിട്ടുണ്ടെങ്കിലും പിന്നീടൊരിക്കലും
ഞാൻ അവനെ കണ്ടിട്ടില്ല. പക്ഷെ, ആ പ്രണയകഥയുടെ
ക്ളൈമാക്സിനെ പറ്റി ഞാൻ ഇപ്പോഴും ആലോചിക്കാറുണ്ട്.
ഇപ്പോഴും ഞാൻ അതിന്റെ ക്ളൈമാക്സ് തേടുകയാണ്. അവൻ
അവിടെ പോയിരിക്കുമോ? അവളെ തട്ടിക്കൊണ്ടുവന്നിരിക്കുമോ?
വിവാഹം കഴിച്ചിരിക്കുമോ? ഇപ്പോൾ കുട്ടികളും കുടുംബവുമായി
കഴിയുന്നുണ്ടാകുമോ? അതല്ല, വേണ്ട, മറുത്തതൊന്നും ഞാൻ
ആലോചിക്കുന്നില്ല. അതൊരു ദുരന്ത പ്രണയകഥ ആയിട്ടില്ലെന്ന്
വിശ്വസിക്കാനാണ് എനിക്ക് ആഗ്രഹം.
Read part-1: https://www.emalayalee.com/news/371055