Image

രവീന്ദ്ര സംഗീതം (എന്‍റെ സംഗീത വഴികള്‍ - 5: എസ് രാജേന്ദ്ര ബാബു)

Published on 06 June, 2026
രവീന്ദ്ര സംഗീതം (എന്‍റെ സംഗീത വഴികള്‍ - 5: എസ് രാജേന്ദ്ര ബാബു)

രവീന്ദ്രന്‍റെ അരങ്ങേറ്റം .ഡബ്ബിങ്ങില്‍ ഒരു കൈ .യേശുദാസ് രവീന്ദ്രന്‍ എന്ന പേര്  ഉറപ്പിക്കുന്നു .തരംഗിണി  സ്റ്റുഡിയോവിലെ ആദ്യ  ഗാനം . മലയാളത്തിന് ഒരു പുതിയ ചലച്ചിത്ര സംഗീത ഭാഷ്യം."പ്രമദ വനം "ഞെട്ടിക്കുന്നു

 

കോടമ്പാക്കത്ത് പവര്‍ ജംഗ്‌ഷനു സമീപമായി വളരെ പഴക്കമുള്ള ഒരു ലോഡ്‌ജ്
ഉണ്ടായിരുന്നു. ചലച്ചിത്ര രംഗത്തു മിന്നിത്തിളങ്ങാന്‍ നാട്ടില്‍ നിന്ന് സ്വപ്നങ്ങള്‍
നെയ്തെത്തുന്ന യുവാക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാനൊരിടം. ഇടുങ്ങിയ
ധാരാളം മുറികളുള്ള ലോഡ്‌ജില്‍ എല്ലാ അന്തേവാസികള്‍ക്കും പൊതുവായി മൂന്നോ
നാലോ ശുചിമുറികള്‍ മാത്രമാണള്ളത്. പൈപ്പ് സൗകര്യം ഒന്നുമില്ല. കുടിക്കാനും
കുളിക്കാനും ഏക ആശ്രയം ആഴമേറിയ ഒരു കിണറാണ്. ലോഡ്ജിന് പ്രത്യേകിച്ച്
പേരില്ല. മുന്‍വശത്ത് എപ്പോഴും";ടു ലെറ്റ്" (വാടകയ്ക്ക്) എന്നൊരു പഴയ ബോഡ്
ചരിഞ്ഞ് തൂങ്ങിക്കിടപ്പുണ്ടാകും. ധാരാളം മുറികള്‍ ഉള്ളതുകൊണ്ട് ഏതെങ്കിലും
മുറികളൊക്കെ ഒഴിവുണ്ടായിരിക്കുമെന്നതിനാല്‍ ബോഡ് ഒരിക്കലും മാറ്റേണ്ടി വരില്ല.

രവീന്ദ്രന്‍ 

അതിനാല്‍ നാട്ടുകാര്‍ തന്നെ ലോഡ്ജിനു പേരിട്ടു - "ടു ലെറ്റ് ലോഡ്‌ജ്". കൊല്ലത്ത്
യൂണിവേഴ്സല്‍ തിയേറ്റേഴ്സ് എന്ന നാടക സമിതിയില്‍ "നീതിപീഠം"; എന്ന
നാടകത്തിന്‍റെ സംഗീത സംവിധാനത്തിന് കണ്ണൂര്‍ രാജന്‍റെ സഹായിയായി ഞാന്‍
പ്രവര്‍ത്തിച്ചപ്പോള്‍ നിലമ്പൂര്‍ കാര്‍ത്തികേയനായിരുന്നു ഗായകന്‍. തിരുവനന്തപുരം
സ്വാതിതിരുനാള്‍ അക്കാദമിയിലെ സംഗീത വിദ്യാഭ്യാസം (ഗാനപ്രവീണ) പൂര്‍ത്തിയാക്കി
പിന്നണിഗാന രംഗത്ത് ഭാഗ്യം പരീക്ഷിക്കാനായി അദ്ദേഹം ടു ലെറ്റ് ലോഡ്ജില്‍
താമസമാക്കിയിട്ടുണ്ട്. ദേവരാജന്‍ മാസ്റ്ററുടെ പിന്തുണ കാര്‍ത്തികേയന്
ലഭിച്ചിരുന്നതിനാല്‍ മാസ്റ്ററുടെ ഈണത്തില്‍ ചില ഗാനങ്ങളൊക്കെ കാര്‍ത്തികേയന്‍
ഇതിനകം പാടിക്കഴിഞ്ഞിരുന്നു. "തിനിര്‍വേദം"എന്ന ചിത്രത്തിനു വേണ്ടി
ജയചന്ദ്രനുമൊത്തു പാടിയതായിരുന്നു കാര്‍ത്തികേയന്‍റെ അപ്പോഴത്തെ ഏറ്റവും
പുതിയ പാട്ട് -"കാലം കുഞ്ഞുമനസ്സില്‍ ചായം കൂട്ടി..."

രവീന്ദ്രന്‍ 
 

ഒഴിവു സമയങ്ങളിലൊക്കെ കാര്‍ത്തികേയന്‍റെ മുറി സന്ദര്‍ശിക്കുക എന്‍റെ
പതിവായിരുന്നു. രതിനിര്‍വേദത്തിന്‍റെ ചിത്രീകരണത്തിനിടെ ഒരിടവേളയില്‍
കൃഷ്ണചന്ദ്രനെ കാര്‍ത്തികേയന്‍റെ മുറിയില്‍ കാണാനിടയായി. പതിനാറ്, പതിനേഴ്
വയസ്സ് പ്രായമുണ്ടാകും. കാര്‍ത്തികേയനും കൃഷ്ണചന്ദ്രനും ഒരേനാട്ടുകാരാണ് -
നിലമ്പൂര്‍. കൃഷ്ണചന്ദ്രന്‍റെ സംഗീതഗുരു കൂടിയാണ് കാര്‍ത്തികേയന്‍. മറ്റു ചില
ഗായകരെയും കാര്‍ത്തികേയന്‍റെ മുറിയില്‍ കണ്ടിട്ടുണ്ട്. ഗായകന്‍ കെപി
ഉദയഭാനുവിന്‍റെ സഹോദരന്‍ ചന്ദ്രഭാനു ആയിരുന്നു ഒരാള്‍. മറ്റൊരാള്‍ കൊല്ലത്തെ
കുളത്തൂപ്പുഴയില്‍ നിന്നുള്ള രവി. കാര്‍ത്തികേയന്‍റെ മുറി അതിനാല്‍ തന്നെ എപ്പോഴും
സംഗീതമുഖരിതമായിരിക്കും. വേദികളിലെ മികച്ച ഗായകനെന്ന നിലയില്‍ രവി നാട്ടില്‍
പ്രശസ്തനായിരുന്നു. സാധാരണ ഗായകര്‍ക്കൊന്നും പാടാനാകാത്ത ";ഒരുനാള്‍
പോതുമാ..." തുടങ്ങിയ അതിസങ്കീര്‍ണമായ തമിഴ് ഗാനങ്ങള്‍ ഇടിവെട്ടുപോലുള്ള
ശബ്ദത്തില്‍ അനായാസം പാടാനുള്ള കഴിവായിരുന്നു രവിയുടെ പ്രത്യേകത.
പിന്നണിഗാന രംഗത്ത് സജീവമാകാന്‍ കോടമ്പാക്കത്ത് എത്തിയെങ്കിലും അര്‍ഹമായ
അവസരങ്ങളൊന്നും അദ്ദേഹത്തെ തേടിയെത്തിയിരുന്നില്ല. "വെള്ളിയാഴ്ച"; എന്ന
ചിത്രത്തില്‍ ബാബുരാജിന്‍റെ സംഗീതത്തില്‍ ജാനകിയമ്മയോടൊപ്പം "പാര്‍വണ
രജനി"എന്നു തുടങ്ങുന്നൊരു യുഗ്മഗാനം പാടിയതൊഴികെ കോറസ് പാടാനുള്ള
അവസരങ്ങള്‍ മാത്രമാണ് അപൂര്‍വമായി അദ്ദേഹത്തിന് ലഭിച്ചിരുന്നത്.

സമ്പത്ത് 

ഭാര്യയും കുഞ്ഞുങ്ങളുമായി ജീവിക്കുന്ന അദ്ദേഹം നിത്യവൃത്തിക്ക് നന്നേ
ബുദ്ധിമുട്ടിയിരുന്നു. എന്നെക്കാള്‍ പ്രായമുണ്ടായിരുന്ന രവിയെ ഞാന്‍ രവിയേട്ടനെന്നു
വിളിച്ചു. ഒരേനാട്ടുകാര്‍ ആയിരുന്നതു കൊണ്ട് ആ പരിചയവും ബന്ധവും
സഹോദരസ്നേഹം പോലെ വളര്‍ന്നു. കണ്ണൂര്‍ രാജനും ഞാനും ഒരിക്കല്‍ ആര്‍ക്കാട്ട്
റോഡിലെ ഒരു ചായക്കടയിലേക്കു കടക്കുമ്പോള്‍ അകലെ നിന്ന് രവിയേട്ടന്‍ വരുന്നതു
കണ്ടു."വേഗം അകത്തുപോകാം. അവന്‍ കാണണ്ട,"; രാജന്‍ സാര്‍ പറഞ്ഞു. രണ്ട്
ചായക്കുള്ള പൈസയേ കൈയില്‍ ഉണ്ടായിരുന്നുള്ളു. "പല്ലവി"എന്ന ചിത്രത്തിനു
ശേഷം രണ്ടാമതൊരു ചിത്രം ലഭിക്കാന്‍ രാജന്‍ സാറിന് വളരെക്കാലം
കാത്തിരിക്കേണ്ടി വന്നു. ജീവിതച്ചെലവ് കണ്ടെത്താന്‍ പാടുപെടുന്ന കാലം. രാജന്‍
സാറിനോടൊപ്പമാണ് എന്‍റെ താമസം. കൊല്ലത്തു നിന്ന് വരുമ്പോഴൊക്കെ കുറച്ചു രൂപ
ഞാന്‍ കൈയില്‍ കരുതുക പതിവാണ്. പക്ഷെ പലചരക്ക് കടയിലും മറ്റുമുള്ള കടവും
വീട്ടുവാടകയും കൊടുക്കുന്നതോടെ അതൊക്കെ തീരും. സിനിമാ മോഹവുമായി
കോടമ്പാക്കത്തെത്തുന്ന ഒട്ടുമിക്ക മലയാളികളുടെയും അവസ്ഥ ഇതൊക്കെത്തന്നെ.
വൈകുന്നേരങ്ങളില്‍ തെരുവുകളില്‍ അലയുമ്പോള്‍ കണ്ടുമുട്ടുന്നവരിലാരെങ്കിലും
ഒരു ചായ വാങ്ങിത്തന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടില്ലാത്ത ഒരു ഭാഗ്യാന്വേഷിയും
കോടമ്പാക്കത്ത് ഉണ്ടായിരുന്നില്ല. വിജയിച്ചവരുടെ മാത്രമല്ല, പരാജയപ്പെട്ടവരുടെയും
കൂടി ചരിത്രമാണ് സിനിമ. രാജന്‍ സാറും ഞാനും ചായക്കടയ്ക്കുള്ളില്‍ കടന്ന്
പതുങ്ങിയിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ അതാ കടന്നുവരുന്നു രവിയേട്ടന്‍. ";നിങ്ങളെ
ഞാന്‍ കണ്ടു"; രവിയേട്ടന്‍റെ മുഖത്ത് ചിരി. രാജന്‍ സാറിന്‍റെ മുഖത്ത് മ്ലാനത. ഒരു ചായ
കൂടി പറയാന്‍ പൈസയില്ല. ഒടുവില്‍ രണ്ട് ചായ മൂന്നുപേര്‍ പങ്കിട്ടു കുടിച്ചു.

കൃഷ്ണചന്ദ്രന്‍ 

കോടമ്പാക്കത്തെ വണ്ണിയര്‍‌ സ്ട്രീറ്റിലും ഡയറക്ടേഴ്സ് കോളനിയിലും മസൂദി
തെരുവിലും സെയ്ദാപേട്ട് റോഡിലുമൊക്കെ വൈകുന്നേരങ്ങളില്‍ പാടിയും പറഞ്ഞും
രവിയേട്ടനുമൊത്ത് ഞാന്‍ അലഞ്ഞു നടന്നിട്ടുണ്ട്. ഈ യാത്രകളില്‍ മുമ്പ് കേട്ടിട്ടില്ലാത്ത
പല പാട്ടുകളും അദ്ദേഹം എന്നെ പാടിക്കേള്‍പ്പിക്കുക പതിവായിരുന്നു. എല്ലാം പുതിയ
പാട്ടുകള്‍. രചനയും സംഗീതവും അദ്ദേഹം തന്നെ. തന്‍റെ പാട്ടുകള്‍ക്ക് മറ്റ്
പാട്ടുകളുമായി എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ എന്ന് എപ്പോഴും
ആരാഞ്ഞുകൊണ്ടിരുന്നു. സലില്‍ ചൗധരിയുടെ ഈണങ്ങളുമായി സാമ്യമുണ്ടോ
എന്നാണ് പ്രധാനമായും അന്വേഷിച്ചിരുന്നത്. നാട്ടില്‍ വര്‍ഷങ്ങളായി ഗാനമേളകളില്‍
മുഴുകിക്കഴിഞ്ഞ എനിക്ക് ഏതു പാട്ടിലും എന്തെങ്കിലും സാമ്യം ഉണ്ടെങ്കില്‍ അതു
നിഷ്പ്രയാസം കണ്ടെത്താന്‍ കഴിയുമായിരുന്നു. രവിയേട്ടന്‍റെ ഗാനങ്ങളിലൊന്നും
യാതൊരുവിധ സാമ്യവും കണ്ടെത്താനായില്ല. തികച്ചും മൗലികമായ ഈണങ്ങള്‍.
പിന്നണിഗാനരംഗത്ത് പ്രതീക്ഷ അസ്തമിച്ചു തുടങ്ങിയതോടെ അദ്ദേഹം ഡബ്ബിംഗ്
രംഗത്ത് ഒരു ശ്രമം നടത്തി. ചവറ വിപി നായര്‍ (ഉര്‍വശിയുടെ പിതാവ്), പ്രതാപചന്ദ്രന്‍,
ഹരി, ചന്ദ്രമോഹന്‍ തുടങ്ങിയ ഡബ്ബിംഗ് കലാകാരന്മാരുടെ പിന്തുണയോടെ രവിയേട്ടന്‍
ആ മേഖലയില്‍ ചുവടുറപ്പിച്ചു. രവികുമാര്‍ എന്ന നായക നടന് തന്‍റെ ശബ്ദം
അനുയോജ്യമായതോടെ അദ്ദേഹം തിരക്കിലായി. അതുവരെയുള്ള ഉറപ്പില്ലാത്ത
ജീവിതത്തിന് ഒരടുക്കും ചിട്ടയും താളവുമൊക്കെ വന്നുതുടങ്ങി. അപ്പോഴും തന്‍റെ
സംഗീതസ്വപ്നങ്ങള്‍ അദ്ദേഹം മനസ്സില്‍ താലോലിച്ചിരുന്നു.

ലതികയും ജെന്‍സിയും 

വണ്ണിയര്‍ സ്ട്രീറ്റില്‍ നിന്ന് ആര്‍ക്കാട്ട് റോഡിലേക്കുള്ള വെള്ളാളര്‍ തെരുവിലൂടെ
ഒരിക്കല്‍ രാജന്‍ സാറും ഞാനും നടക്കുമ്പോള്‍ പെട്ടെന്ന് ദാസേട്ടന്‍റെ കാര്‍ അരികില്‍
വന്നു നിന്നു. "എങ്ങോട്ടാ രണ്ടുപേരും കൂടി?"; അദ്ദേഹം ഡോര്‍ തുറന്നു. ഞാന്‍ മുന്നിലും
രാജന്‍ സാര്‍ ദാസേട്ടനൊപ്പം പിറകിലും കയറി. "നിനക്ക് നമ്മുടെ രവിയുടെ
വീടറിയാമോ," ദാസേട്ടന്‍റെ ചോദ്യം എന്നോടാണ്. അറിയാമെന്ന് ഞാന്‍. കാര്‍ മുന്നോട്ട്
കുതിച്ചു. വണ്ണിയര്‍ സ്ട്രീറ്റില്‍ ഒരു വീടിന്‍റെ രണ്ടാം നിലയിലാണ് രവിയേട്ടന്‍റെ താമസം.
"നീ പോയി രവിയെ ഞാന്‍ വിളിക്കുന്നെന്നു പറ" ദാസേട്ടന്‍ പറഞ്ഞു. ഞാന്‍ രണ്ടാം
നിലയിലേക്കു പോയി രവിയേട്ടനെയും കൂട്ടി തിരികെ വന്നു. കാറിനുള്ളിലിരുന്ന്
ദാസേട്ടനും രവിയേട്ടനും സംസാരിച്ചു. രാജന്‍ സാറും ഞാനും പുറത്തു കാത്തുനിന്നു.
അല്‍പനേരം കഴിഞ്ഞ് ഞങ്ങള്‍ മടങ്ങി. ദാസേട്ടന്‍ പറഞ്ഞു തുടങ്ങി -"പാടാന്‍
വന്നവനാണ്. എന്തു ചെയ്യാം. രക്ഷപ്പെട്ടില്ല. ഞാന്‍ അവനെ സംഗീത
സംവിധായകനാക്കാന്‍ ശ്രമിക്കുകയാണ്. അവന് അതില്‍ നല്ല കഴിവുണ്ടെന്നു
തോന്നുന്നു. ശശികുമാര്‍ സാറിനോടു പറഞ്ഞ് ഒരു പടം ശരിയാക്കിയിട്ടുണ്ട്.

രക്ഷപ്പെടുമോയെന്നു നോക്കാം. അവന്‍റെ കുളത്തൂപ്പുഴ രവി എന്ന പേരു മാറ്റണമെന്നു
ഞാന്‍ പറഞ്ഞു. രവി എന്നാല്‍ സൂര്യന്‍. കുളത്തിലും പുഴയിലുമൊന്നും കിടന്നാല്‍
സൂര്യന്‍ ജ്വലിക്കില്ല. അച്ഛനമ്മമാര്‍ ഇട്ട പേരു പോരേയെന്ന് ഞാന്‍ ചോദിച്ചു. അവന്‍
സമ്മതിച്ചു."അങ്ങനെ ഗായകന്‍ കുളത്തൂപ്പുഴ രവി സംഗീത സംവിധായകന്‍
രവീന്ദ്രനായി.

രവീന്ദ്രന്‍ ദേശീയ പുരസ്ക്കാരം സ്വീകരിക്കുന്നു 

സിനിമാരംഗത്തെ പിന്നണി പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ നവരത്ന മൂവി മേക്കേഴ്സ്
എന്ന ബാനറില്‍ ഒരു ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ചിത്രത്തിന്‍റെ സംവിധായകന്‍
ശശികുമാര്‍. ചിത്രത്തിന്‍റെ പേര് "ചൂള". ഈ ചിത്രമാണ് യേശുദാസ് രവീന്ദ്രനു വേണ്ടി
ശുപാര്‍ശ ചെയ്തത്. യേശുദാസിന്‍റെ ശുപാര്‍ശ സംവിധായകനും നിര്‍മ്മാതാക്കളും
നിരുപാധികം പരിഗണിച്ചു. പിജെ ആന്‍റണി ഏറ്റവും ഒടുവില്‍ രംഗത്തുവന്ന ചിത്രം
കൂടിയായിരുന്നു ചൂള. ചൂളയുടെ റെക്കോഡിംഗ് മദിരാശിയിലെ തരംഗിണി
സ്റ്റുഡിയോയില്‍ നടന്നു. യേശുദാസിന്‍റെ ഉടമസ്ഥതയില്‍ ആരംഭിച്ച തരംഗിണിയിലെ
ആദ്യത്തെ റെക്കോഡിംഗ്. പൂജയോടനുബന്ധിച്ച് നടന്ന "ഉപ്പിനു പോകണ വഴിയേത്"
എന്ന ആദ്യഗാനം ജെന്‍സിയും ലതികയും ചേര്‍ന്ന് പാടി. സത്യന്‍ അന്തിക്കാടിന്‍റെ
രചന. രവിയേട്ടന്‍റെ അഭ്യുദയകാംക്ഷികളായ നിരവധി പേര്‍ പൂജാ റെക്കോഡിംഗിനു
പങ്കെടുത്തിരുന്നു. തക്കസമയത്തു തന്നെ അവിടെയെത്തിയ ദേവരാജന്‍ മാസ്റ്ററുടെ
സാന്നിധ്യം അക്ഷരാര്‍ത്ഥത്തില്‍ രവിയേട്ടനെ ഞെട്ടിച്ചു. മാസ്റ്ററെ രവിയേട്ടന്‍ പൂജാ
റെക്കോഡിംഗിനു ക്ഷണിച്ചിരുന്നില്ല. എന്നാല്‍ നേരിട്ട് ക്ഷണിച്ചിരുന്ന മറ്റ് സംഗീത
സംവിധായകരാകട്ടെ പങ്കെടുത്തതുമില്ല. അന്നു വൈകുന്നേരം ചൂളയിലെ മറ്റൊരു
ഗാനം റെക്കോഡ് ചെയ്തു "താരകേ, മിഴിയിതളില്‍ കണ്ണീരുമായി..."

കോടമ്പാക്കത്തെ സെയ്ദാപ്പേട്ട റോഡിലൂടെ നടക്കുമ്പോള്‍ രവിയേട്ടന്‍ എന്നെ
പാടിക്കേള്‍പ്പിച്ച ഈണം! അടുത്ത ദിവസം രാവിലെ റെക്കോഡ് ചെയ്ത പാട്ടിന്‍റെ
ഈണവും എനിക്ക് സുപരിചിതം -";സിന്ദൂരസന്ധ്യക്കു മൗനം മന്ദാരക്കാടിനു മൗനം..."
ആ പാട്ടിന്‍റെ രചയിതാവ് പൂവച്ചല്‍ ഖാദര്‍ ആയിരുന്നു. ചൂള എന്ന ചിത്രവും രവീന്ദ്രന്‍റെ
സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷെ രണ്ടാമതൊരു ചിത്രം ലഭിക്കാന്‍ രവീന്ദ്രന്
ഏറെ കാത്തിരിക്കേണ്ടി വന്നു.

രവീന്ദ്രന്‍ യേശുദാസ് ,ഗിരീഷ്‌ പുത്തഞ്ചേരി 

രവീന്ദ്രന്‍റെ രംഗപ്രവേശത്തോടെ മലയാളത്തിന് ഒരു പുതിയ ചലച്ചിത്ര സംഗീത ഭാഷ്യം
ലഭിച്ചു. കേള്‍ക്കാന്‍ അതീവ ഹൃദ്യവും പാടാന്‍ അതിസങ്കീര്‍ണവും, അതായിരുന്നു
അദ്ദേഹത്തിന്‍റെ ഈണങ്ങളുടെ പ്രത്യേകത. കര്‍ണാടക സംഗീതത്തിന്‍റെ
മേമ്പൊടിയില്‍ ചാലിച്ച ആവിഷ്കാര ശൈലി അതുവരെ മക്ഷിണാമൂര്‍ത്തി
സ്വാമിയില്‍ മാത്രമാണ് നാം കേട്ടത്. അതേശൈലിക്ക് രവീന്ദ്രന്‍ വ്യത്യസ്തമായ ഭാവം
നല്‍കിയതോടെ മലയാള ഗാനങ്ങളുടെ രുചിക്കൂട്ട് മാറി. ആ ഗാനങ്ങളെ "രവീന്ദ്ര
സംഗീതം"എന്ന് ആസ്വാദകര്‍ ഓമനപ്പേരിട്ടു വിളിച്ചു. ഒരു വൈകുന്നേരം
കോടമ്പാക്കത്തെ ഹോട്ടല്‍ ഹോളിവുഡിനു മുന്നില്‍ നിന്ന എന്നെ അദ്ദേഹം ഒരു പാട്ട്
കേള്‍ക്കാന്‍ ക്ഷണിച്ചു. അന്നു റെക്കോഡിംഗ് കഴിഞ്ഞ ഗാനമാണ്. പെട്ടെന്ന് ഞങ്ങള്‍ എവിഎം ആര്‍ആര്‍ തിയേറ്ററിനു മുന്നിലെത്തി.
റെക്കോഡിസ്റ്റ് സമ്പത്ത് തിയേറ്റര്‍ പൂട്ടി പുറപ്പെടാനൊരുങ്ങുന്നു."അണ്ണാ, കൊഞ്ചം
നില്ലുങ്ക. നമ്മ ബാബുവുക്ക് അന്ത പാട്ട് കേള്‍ക്കണുമാം. അണ്ണാ പ്ലീസ്,"; രവിയേട്ടന്‍റെ
അഭ്യര്‍ത്ഥന. "ബാബുവെ നാളയ്ക്ക് വര ചൊല്ല്," സമ്പത്ത് അണ്ണന്‍ തറപ്പിച്ചു പറഞ്ഞു.
ഏതു കൊലക്കൊമ്പനെയും മെരുക്കാനുള്ള രവീന്ദ്രന്‍റെ മികവ് ഒന്നു വേറെതന്നെ.

സമ്പത്തണ്ണന്‍ വഴങ്ങി. കണ്‍സോള്‍ റൂമിലെ വലിയ സ്പീക്കറില്‍ ദാസേട്ടന്‍റെ
ഘനഗംഭീര നാദപ്രവാഹം -"പ്രമദവനം വീണ്ടും.." ഞാന്‍ ആദ്യമായാണ് ഒരു പാട്ട് കേട്ട്
സ്തംഭിക്കുന്നത്. അഭൗമ സംഗീതത്തിന്‍റെ മായാലോകം! ഞാന്‍ പരിസരം മറന്ന്
ഇരുന്നുപോയി. പാട്ട് കേട്ടു കഴിഞ്ഞ് കാറില്‍ കയറിയപ്പോള്‍ രവിയേട്ടന്‍ ഡ്രൈവിംഗ്
സീറ്റിലിരുന്ന് എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്‍റെ ഞെട്ടല്‍ മാറിയിരുന്നില്ല. "നീ
ഒന്നും പറഞ്ഞില്ലല്ലോ."; പ്രമദവനത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയാതെ
കുഴങ്ങുകയായിരുന്നു ഞാന്‍. "രവിയേട്ടാ, ഇരുപത്തഞ്ച് വര്‍ഷം മുമ്പാണ് ഇത്ര
സമ്പന്നവും ആഴമേറിയതുമായ ഒരു ഗാനം കേട്ടത്. ദേവരാജന്‍ മാസ്റ്ററുടെ
"നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും..." അതിനു ശേഷം ദാ, ഇപ്പോഴാണ്
അത്തരമൊരു ഗാനം കേള്‍ക്കുന്നത്. ഒരമ്പതു വര്‍ഷം കഴിഞ്ഞാലും പ്രമദവനത്തിന്‍റെ
പ്രൗഢി ഇങ്ങനെ തന്നെ നിലനില്‍ക്കും.".മലയാളികളെ ആ ഗാനം എത്രത്തോളം
സ്വാധീനിച്ചിരുന്നെന്ന് കാലം തെളിയിച്ചതാണല്ലോ. രവീന്ദ്രന്‍റെ സുന്ദരഗാനങ്ങള്‍
ഓരോന്നും കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ തിരോധാനം വളരെ പെട്ടെന്നായിപ്പോയി
എന്നു വേദനിക്കാത്ത മലയാളി ഹൃദയങ്ങളില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക