
സിയാറ്റിൽ: അമേരിക്കയുടെ പസഫിക് നോർത്ത് വെസ്റ്റ് മേഖലയിലേക്ക് ഇന്ത്യൻ മാമ്പഴങ്ങളുടെ കൂടുതൽ ഇനങ്ങൾ പരിചയപ്പെടുത്തുന്നതിനായി സിയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മാംഗോ മാജിക്’ പ്രമോഷൻ-ടേസ്റ്റിംഗ് പരിപാടി ശ്രദ്ധേയമായി. രണ്ടാം വർഷമായി സംഘടിപ്പിച്ച പരിപാടിയിൽ അമേരിക്കയിലെ പ്രമുഖ പഴവർഗ്ഗ ഇറക്കുമതിക്കാരും റീട്ടെയിൽ കമ്പനികളുടെ പ്രതിനിധികളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു.
അൽഫോൻസോ, കേസർ, ബംഗനപ്പള്ളി, ഹിമായത്, ലംഗ്ര, ദസേരി, രാജാപുരി തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏഴ് പ്രമുഖ മാമ്പഴ ഇനങ്ങളാണ് പരിപാടിയിൽ അവതരിപ്പിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള അൽഫോൻസോയും കേസറും, ആന്ധ്രാപ്രദേശിൽ നിന്നുള്ള ബംഗനപ്പള്ളിയും ഹിമായത്തും, ഉത്തർപ്രദേശിൽ നിന്നുള്ള ലംഗ്രയും ദസേരിയും, ഗുജറാത്തിൽ നിന്നുള്ള രാജാപുരിയും പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി.
വാഷിംഗ്ടൺ സംസ്ഥാന ലെഫ്റ്റനന്റ് ഗവർണർ ഡെന്നി ഹെക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മാമ്പഴങ്ങളുടെ വൈവിധ്യം അമേരിക്കൻ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. സംസ്ഥാന സെനറ്റർമാരായ ടിന ഓർവാൾ, മങ്ക ധിംഗ്ര, വന്ദന സ്ലാറ്റർ എന്നിവരും ജപ്പാൻ, ഉസ്ബെക്കിസ്ഥാൻ രാജ്യങ്ങളിലെ കോൺസൽ ജനറൽമാരും ചടങ്ങിൽ പങ്കെടുത്തു.
2025 ജൂലൈയിൽ സിയാറ്റിലിൽ ഇന്ത്യൻ മാമ്പഴങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ട ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ പങ്കാളികളുമായി സഹകരിച്ചാണ് ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നത്. 2026 ഏപ്രിലിൽ കോസ്റ്റ്കോയുടെ സിഇഒയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മഹാരാഷ്ട്രയിൽ നിന്നുള്ള ‘ഭഗ്വ’ മാതളനാരങ്ങയും തുടർന്ന് കേസർ മാമ്പഴവും കോസ്റ്റ്കോ സ്റ്റോറുകളിലെത്തിയിരുന്നു. മേയ് മാസത്തിൽ കോസ്റ്റ്കോ ഇറക്കുമതി ചെയ്ത ആദ്യഘട്ട ഇന്ത്യൻ കേസർ മാമ്പഴങ്ങൾ സിയാറ്റിൽ, ലാസ് വെഗാസ്, ന്യൂജഴ്സി, ലോസ് ആഞ്ചലസ് മേഖലകളിലെ സ്റ്റോറുകളിൽ എത്തിയതിനു പിന്നാലെ രണ്ട് മണിക്കൂറിനുള്ളിൽ വിറ്റുതീർന്നതായും അധികൃതർ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദക രാജ്യമായ ഇന്ത്യയിൽ പ്രതിവർഷം 2.6 കോടി മെട്രിക് ടണ്ണിലധികം മാമ്പഴം ഉത്പാദിപ്പിക്കപ്പെടുന്നു. ആയിരത്തിലധികം ഇനങ്ങളും രാജ്യത്തുണ്ട്. 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2007-ൽ പുനരാരംഭിച്ച അമേരിക്കയിലേക്കുള്ള ഇന്ത്യൻ മാമ്പഴ കയറ്റുമതി കഴിഞ്ഞ ഏതാനും വർഷങ്ങളായി വൻ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ കയറ്റുമതി മൂല്യം 10 മില്യൺ ഡോളറിലെത്തി. 2025-ൽ അമേരിക്കൻ മാമ്പഴ ഇറക്കുമതി വിപണി ഒരു ബില്യൺ ഡോളർ കടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
കൃഷി-സംസ്കരിച്ച ഭക്ഷ്യ ഉത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (APEDA) സഹകരണത്തോടെ സംഘടിപ്പിച്ച ‘മാംഗോ മാജിക്’ പരിപാടിയിൽ വിവിധ ഇന്ത്യൻ മാമ്പഴങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങളും ഡെസേർട്ടുകളും ഉൾപ്പെടുത്തിയ പ്രത്യേക ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ഇന്ത്യൻ മാമ്പഴങ്ങളുടെ ആഗോള വിപണി സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും അമേരിക്കൻ ഉപഭോക്താക്കളിൽ അവയുടെ പ്രചാരം വർധിപ്പിക്കുന്നതിനും പരിപാടി സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.