
കോട്ടയം : ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കേരള സമൂഹത്തെ രക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. ദൗത്യം പ്രഖ്യാപിച്ച ശേഷം കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി റെയ്ഡുകള്‍ സംബന്ധിച്ച നിരവധി വാര്‍ത്തകളാണ് പുറത്തു വരുന്നത്. വിദേശപൗരന്‍മാരടക്കം പിടിയിലാകുന്നു. അന്തര്‍ സംസ്ഥാന പോലീസ് സേനയുമായി സഹകരിച്ചും ലഹരിക്കടത്തുകാരെ അറസ്റ്റ് ചെയ്യുന്നു. നമ്മുടെ നാട്ടിലേക്ക് ഒഴുകുന്ന ലഹരിവസ്തുക്കളുടെ അളവ് ഭയപ്പെടുത്തുന്നതാണ്. ഉറവിടത്തെ കണ്ടെത്തി ഉന്‍മൂലനം ചെയ്യുമെന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്.
മന്ത്രിയാകുന്നതിന് മുന്‍പ് അദ്ദേഹം ലഹരിക്കെതിരായ കേരളയാത്ര നടത്തിയിരുന്നു. നാടിന്റെ അപകടരമായ സ്ഥിതി നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് ചരിത്രപരമായ ദൗത്യത്തിനായി അദ്ദേഹവും സര്‍ക്കാരും മുന്നിട്ടിറങ്ങിയിരിക്കുന്നത്. ലഹരിമാഫിയക്കെതിരെ വിവരം നല്‍കുവാന്‍ തൂഫാന്‍ ഇന്റലിജന്‍സ് ടീം രൂപീകരിച്ചത് പൊതുജനങ്ങള്‍ക്ക് സഹായകമാകും.
സമൂഹത്തെ കാര്‍ന്നുതിന്നുന്ന മഹാവ്യാധിക്കെതിരെയുള്ള പോരാട്ടത്തില്‍ മലങ്കരസഭയും അണിചേരുന്നു. സഭയുടെ പള്ളികളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടി ഓപ്പറേഷന്‍ തൂഫാനൊപ്പം കേരളസമൂഹം ഒന്നടങ്കം അണിനിരക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സഭയുടെ മാധ്യമവിഭാഗം തലവന്‍ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ പ്രതികരിച്ചു.