
തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച മലയാളത്തിന്റെ മെഗാ മൾട്ടിസ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ ഒടുവിൽ ഒടിടി ലോകത്തേക്ക് എത്തുന്നു. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം വീണ്ടും സ്ക്രീനിൽ ഒന്നിച്ചെത്തിയ ഈ ബ്രഹ്മാണ്ഡ ചിത്രം ഇന്ന് അർദ്ധരാത്രി മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ‘സീ 5’ വഴി സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററുകളിൽ വൻ വിജയം കൊയ്ത ചിത്രത്തിന്റെ ഒടിടി റിലീസിനായി ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമാ പ്രേമികൾക്ക് വലിയൊരു ദൃശ്യവിരുന്നാണ് ഇതിലൂടെ വീട്ടിലിരുന്ന് ആസ്വദിക്കാൻ സാധിക്കുക.
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കിയ ഈ ചിത്രത്തിൽ മമ്മൂക്കയ്ക്കും ലാലേട്ടനും പുറമെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. ഒപ്പം ജിനു ജോസഫ്, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സുഷിൻ ശ്യാമിന്റെ കിടിലൻ സംഗീതം കൂടിയായപ്പോൾ തിയേറ്ററുകളിൽ ആവേശം തീർത്ത ഈ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിലും പുതിയ റെക്കോർഡുകൾ കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.