
ഭഗവാനില്ലെന്നുള്ളിലുറക്കുന്നു ദുഷ്ടബുദ്ധി
മ്ലേച്ഛമാം വഷളത്തരങ്ങളേറെയായി ചെയ്തിടുന്നു!
കാണുന്നില്ലെവിടെയും നന്മതിങ്ങും പൊൻകണികകൾ!
നോക്കുന്നു ഭുവനേശ്വരൻ വാനലോകത്തേരിലേറി
ധരയിലെങ്ങുമെ കാണുമോ ബുദ്ധിയുള്ളൊരു ദൈവാന്വേഷിയെ!
ദുഷ്ടതയാർന്ന മനുജലോകം പാതതെറ്റി പാതകികളായിടുന്നു!
ഊതിക്കെടുത്തുന്നു പുണ്ണ്യത്തിൻ തിരിനാളം തിന്മ പൂണ്ടിരുളും വീഥിയെ പുണരുവാൻ!
നീതികേടിൽ ചരിക്കുവോരജ്ഞരായിത്തീരുന്നു തിട്ടമായ്!
ഭുജിക്കുന്നവരെൻജനത്തെ അപ്പത്തിനൊത്തപോൽ
അർത്ഥിക്കുന്നുമില്ല വിശ്വനാഥനോടാവർ ആദരവപൂർവമായ്!
നീതിചെയ്‌വോർ ഗോത്രത്തിലെന്നും ഈശനുള്ളതാകയാൽ
ഭയമാകവേ പൂണ്ടിടുന്നു നീതികേടിൽ നിപതിക്കുവോർ !
അഗതിയാം മർത്ത്യന്റെ ചിന്തക്ക് ഭംഗം വരുത്തുന്നു ദുഷ്ടർ
എന്നാലവനൊരു സങ്കേതമായ് സർവ്വേശ്വകരങ്ങളെത്തുന്നു!
സീയോനിൽനിന്നെത്തുന്നു രക്ഷാദാനത്തിൻ സംക്രമം!
വീണ്ടെടുപ്പിൻ മുക്തിതൻ കാഹളം മുഴക്കുന്നു തമ്പുരാൻ!
ആനന്ദാമൃതസാഗരത്തിലാറാടും പിന്നേ യാക്കോബുമിസ്രായേലും!