
കേരള രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും സി.എം.ആര്‍.എല്ലിനും വലിയ തിരിച്ചടി. അന്വേഷണം തടയണമെന്ന സി.എം.ആര്‍.എല്ലിന്റെ ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്, ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയതിന് പിന്നാലെ, ഇ.ഡി ഡയറക്ടര്‍ രാഹുല്‍ നവീന്‍ കൊച്ചിയിലെത്തുകയും കേസിന്റെ നിലവിലെ പുരോഗതി വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇ.ഡി അന്വേഷണം തടയണമെന്ന ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് നിരസിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തായിരുന്നു കമ്പനി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഇ.ഡി അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് ഷെഡ്യൂള്‍ഡ് കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന സി.എം.ആര്‍.എല്ലിന്റെ വാദം കോടതി തള്ളി. ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ക്ക് ഇത് ആവശ്യമായി വന്നേക്കാം, എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (ജങഘഅ ജൃല്‌ലിശേീി ീള ങീില്യ ഘമൗിറലൃശിഴ അര)േ സ്വത്ത് കണ്ടുകെട്ടല്‍ അല്ലെങ്കില്‍ മറ്റ് അന്വേഷണ അധികാരങ്ങള്‍ വിനിയോഗിക്കുന്നതിന് ഇത് ആവശ്യമില്ലെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. ഇ.ഡി ഫയല്‍ ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്‍) റദ്ദാക്കാനും കോടതി വിസമ്മതിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം അന്വേഷണം ആരംഭിക്കുന്നതിനായി ഇ.ഡി രജിസ്റ്റര്‍ ചെയ്യുന്ന ഔദ്യോഗിക വിവര റിപ്പോര്‍ട്ടാണ് ഇ.സി.ഐ.ആര്‍. സാധാരണ പോലീസിലെ എഫ്.ഐ.ആറിന് തുല്യമായ രേഖയാണിത്.
സാമ്പത്തിക ക്രമക്കേടുകള്‍, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളിലാണ് സി.എം.ആര്‍.എല്‍ അന്വേഷണം നേരിടുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലിന്റെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് സി.എം.ആര്‍.എല്‍ നിയമവിരുദ്ധമായി പണം നല്‍കിയെന്ന ആരോപണമാണ് ഈ കേസിനെ രാഷ്ട്രീയമായി ഏറെ സങ്കീര്‍ണ്ണമാക്കിയത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും ഈ കേസ് അന്വേഷിക്കുന്നുണ്ട്.
നേരത്തെ, സി.എം.ആര്‍.എല്ലും അതിന്റെ നാല് ഉദ്യോഗസ്ഥരും ഇ.ഡി നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അന്വേഷണ ഏജന്‍സി സമന്‍സ് അയച്ചയുടന്‍ തന്നെ സമര്‍പ്പിച്ച ഈ ഹര്‍ജി അകാലത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് അത് തള്ളുകയായിരുന്നു. കമ്പനീസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ ഉന്നയിക്കുന്ന എസ്.എഫ്.ഐ.ഒയുടെ പരാതിയെക്കുറിച്ചും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. ഈ കുറ്റകൃത്യങ്ങള്‍ പി.എം.എല്‍.എ നിയമപ്രകാരം ഷെഡ്യൂള്‍ഡ് കുറ്റങ്ങളുടെ പരിധിയില്‍ വരുന്നവയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ദേശീയ അന്വേഷണ ഏജന്‍സി, സി.ബി.ഐ പോലെയുള്ള പ്രത്യേക അന്വേഷണ ഏജന്‍സികള്‍ക്ക് അന്വേഷിക്കാന്‍ അധികാരമുള്ളതും, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പോലെയുള്ള പ്രത്യേക നിയമങ്ങളുടെ പരിധിയില്‍ വരുന്നതുമായ കുറ്റകൃത്യങ്ങളെയാണ് പ്രധാനമായും ഷെഡ്യൂള്‍ഡ് കുറ്റങ്ങള്‍ എന്ന് അര്‍ത്ഥമാക്കുന്നത്.
ഹൈക്കോടതി വിധിയെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വസതികളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. വീണ വിജയന്‍ താമസിക്കുന്നതും ഇവിടെയാണ്. കേസിന്റെ പ്രാധാന്യം വര്‍ധിപ്പിച്ച ഈ റെയ്ഡിന് പിന്നാലെയാണ് സി.എം.ആര്‍.എല്‍ അടിയന്തര ആശ്വാസം തേടി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം തുടരാമെന്ന കോടതി ഉത്തരവ് വന്നതിനാല്‍ തന്നെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനാകും ഇ.ഡിയുടെ നീക്കം ഉണ്ടാവുക. കേസില്‍ വീണ ടി.യെ ചോദ്യം ചെയ്യാനായി സമന്‍സ് അയക്കല്‍ അടക്കമുള്ള നടപടികളിലേക്ക് ഏജന്‍സി കടന്നേക്കും. കോടതി ഉത്തരവ് പരിശോധിച്ചാകും തുടര്‍നടപടിയെന്ന് നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. കേസില്‍ സി.എം.ആര്‍.എല്‍ ഒഴികെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് തടസങ്ങളില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നതാണ്.
ഹൈക്കോടതിയുടെ പുതിയ തീരുമാനത്തിനും ഇ.ഡി ഡയറക്ടര്‍ രാഹുല്‍ നവീന്റെ കൊച്ചി സന്ദര്‍ശനത്തിനും പിന്നാലെ, കേസില്‍ അന്വേഷണം ശക്തമാകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. വരും ദിവസങ്ങളില്‍ കേസിന്റെ തുടര്‍നടപടികളില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇ.ഡിയുടെ ഭാഗത്തുനിന്നും ഉണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇ.ഡി ഡയറക്ടര്‍ രാഹുല്‍ നവീന്‍ ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കേസിന്റെ പുരോഗതി വിലയിരുത്തി. വിവിധ കേസുകളില്‍ ഇ.ഡിയുടെ നിയമോപദേശക സംഘം നല്‍കിയ നിര്‍ദേശങ്ങളും നിലവിലെ അന്വേഷണ പുരോഗതിയും മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ അവതരിപ്പിച്ചു.
സി.എം.ആര്‍.എല്‍ - എക്‌സാലോജിക് അന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി തൃപ്തികരമാണെന്ന് ഇ.ഡി നേതൃത്വം വിലയിരുത്തിയതായാണ് സൂചന. തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ച രാഹുല്‍ നവീന്‍, കേസില്‍ കുറ്റമറ്റ രീതിയിലുള്ള അന്വേഷണം ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ഇ.ഡി അന്വേഷിക്കുന്ന മറ്റ് പല നിര്‍ണായക കേസുകളുടെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. മാസപ്പടി കേസില്‍ സി.എം.ആര്‍.എല്‍-ഉും എക്‌സാലോജിക് സൊല്യൂഷന്‍സും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം പദ്ധതിയിടുന്നതായാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഈ കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം അടുത്തിടെയാണ് ഇ.ഡി ഊര്‍ജിതമാക്കിയത്. കേസുമായി ബന്ധപ്പെട്ട് വീണ ടി ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ 2025 ഏപ്രില്‍ 3-ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍ പരാതി ഫയല്‍ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.