
" തനിച്ചൊരുയാത്ര പോവണം.കണ്ണടച്ചു തുറക്കുമ്പോൾ, എന്നും സ്വപ്നം കാണുന്ന ആ ലോകത്തായിരിക്കണം. കിളികളുടെ ആരവം കേട്ടുണരണം. ഓരോ പൂവിൻ്റെയും സുഗന്ധം ആസ്വദിക്കണം.അരുവിയുടെ ആഴപ്പരപ്പിലെ ഓളങ്ങളെ തൊട്ടറിയണം. ശലഭങ്ങൾക്കൊപ്പം പറക്കാൻ ശ്രമിക്കണം. ആർത്തുപ്പെയ്യുന്ന മഴയിൽ നനഞ്ഞ് എൻ്റെ മുഖം മൂടി അഴിയണം. എനിക്ക് ഞാനാവണം, എനിക്ക് മാത്രം അറിയാവുന്ന ഞാൻ...!"
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്തതുകൊണ്ടാണ് ഫോൺ എടുത്ത് ഫെയ്സ്ബുക്കിൽ നോക്കിയത്. പെട്ടെന്ന് മനസ്സിൽ തോന്നിയ ഈ വരികൾ എൻ്റെ പേജിൽ കുറിച്ചിട്ടു. മനസിൽ തോന്നുന്നത് അപ്പപ്പോൾ തന്നെ എവിടെയെങ്കിലും നോട്ട് ചെയ്തില്ലെങ്കിൽ, പിന്നീടെത്ര ശ്രമിച്ചാലും അതൊന്നും ഓർത്തെടുക്കാൻ സാധിച്ചെന്നു വരില്ല.
ഫോൺ നോക്കി രാത്രി എപ്പോഴോ ആണ് ഉറങ്ങിയത്. പക്ഷെ, രാവിലെ ഫോൺ എടുത്തു നോക്കിയ ഞാൻ അത്ഭുതപ്പെട്ടുപ്പോയി. ഇന്നലെ എഴുതിയ പോസ്റ്റിന് ഒരുപാട് ലൈക്കുകളും കമൻ്റുകളും ഷെയറുകളും!. സത്യം പറഞ്ഞാൽ, എനിക്കിത് കണ്ടിട്ട് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം.
എൻ്റെ ഞെട്ടൽ കണ്ടിട്ടാവണം, റൂമിലേക്ക് കയറി വന്ന സന്തോഷ് ചോദിച്ചത്,
"നീയെന്താ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഇരിക്കുന്നത്?."
ഫോൺ കാണിക്കണോ , വേണ്ടയോ? എനിക്കാകെ സംശയമായി. ഹാ, എന്തും വരട്ടെ എന്നു കരുതി ഞാൻ സന്തോഷിനെ ഫോൺ കാണിച്ചുകൊടുത്തു. ഇതൊക്കെ ആണോ വല്യകാര്യം എന്നുള്ള മട്ടിൽ സന്തോഷ് മുഖം തിരിച്ചു. പിന്നെ ഞാനിത് പ്രതീക്ഷിരുന്നതുകൊണ്ടാവാം, എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
എൻ്റെ ജീവിതത്തിൽ, ഒരു പക്ഷേ ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത നിമിഷങ്ങളിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ പോയ എത്രയോ വർഷങ്ങളിൽ പല തവണ ഞാൻ സന്തോഷിനോട് പറഞ്ഞിട്ടുണ്ടെന്നോ ഈ കാര്യം? പക്ഷേ, സന്തോഷിനെന്നു മാത്രമല്ല കേൾക്കുന്ന പലർക്കും പുച്ഛമായിരുന്നു. ഭർത്താവ്, വീട്, മക്കൾ... മിക്കവാറും സ്ത്രീകളുടെ ലോകം ഇതൊക്കെ തന്നെയാണ്. ഞാനും അങ്ങനെയുള്ളൊരു യന്ത്രമാണ്. എൻ്റെ ദിനചര്യകൾക്ക് യാതൊരു വ്യത്യാസവുമില്ല. ഓരോ ദിവസത്തിൻ്റെയും പുനരാവർത്തി തന്നെയാണ് അടുത്ത ദിവസവും. സന്തോഷിന് ഓഫീസും ടൂറും; മക്കൾക്ക് സ്‌ക്കൂളും പഠനവും. അവരൊക്കെ അവരുടെതായ ഒരു ലോകത്താണെന്നും.
കൈയ്യിലൊരു സ്മാർട്ട് ഫോൺ ഉണ്ടായിരുന്നതാണ് എനിക്കാകെയുള്ള ഒരു നേരം പോക്ക്. എല്ലാവരും രാവിലെ പോയി കഴിഞ്ഞാൽ ആദ്യമൊക്കെ എനിക്കെന്തോ ഒരു വിമ്മിഷ്ടമായിരുന്നു. കാരണം, പണികളെല്ലാം തന്നെ രാവിലെ തീർക്കും. പിന്നെ എന്താണ് ചെയ്യേണ്ടതെന്ന് ഒരു നിശ്ചയവുമില്ല. അങ്ങനെയാണ് ഫോണിനെ ആശ്രയിച്ചു തുടങ്ങിയത്. ഒരു ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി.വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകളിലൊക്കെ ആക്ടീവായി. പണ്ട് തൊട്ടെ എഴുത്തിനോട് കുറച്ച് താത്പര്യമുള്ളതുകൊണ്ട്, പല എഴുത്തു ഗ്രൂപ്പുകളിലെയും നിത്യ സന്ദർശകയായി. വായിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു. ഓരോരുത്തരുടെയും സൃഷ്ടികൾ വായിച്ച്, പതിയെ ഞാനും അക്ഷരങ്ങളുടെ ലോകത്തേക്ക് തിരികെയെത്തി.സത്യം പറയണമല്ലോ, എന്തിനും ഏതിനും കൂടെ നിൽക്കാൻ തയ്യാറായ ഒരു പറ്റം പെൺകൂട്ടത്തെയാണ് എനിക്കവിടെ കാണാൻ സാധിച്ചത്.
ദിവസങ്ങൾ കഴിയുന്തോറും, എനിക്കെൻ്റ ഫോണിനോട് പ്രണയം കൂടിക്കൂടി വന്നു. എൻ്റെ എഴുത്തിലും പുരോഗതികൾ കണ്ടു. എന്നെ അംഗീകരിക്കാനും ആരൊക്കെയോ ഉണ്ടെന്നുള്ള തിരിച്ചറിവ്, ജീവിതത്തിന് പുതിയൊരു ഊർജ്ജം നൽകി.
ഇന്നലെ പോസ്‌റ്റ് ചെയ്ത കവിതയ്ക് പലരും "എനിക്കും, എനിക്കും" എന്ന് കമെൻ്റ് ചെയ്തിരുന്നു. സത്യത്തിൽ ഇത് വെറും ഒരു പോസ്റ്റ് മാത്രമായിരുന്നില്ല, എൻ്റെ ഏറ്റവും വലിയ ആഗ്രഹവും കൂടിയായിരുന്നു. ഒരു ദിവസമെങ്കിൽ ഒരു ദിവസം എല്ലാം മാറ്റി വച്ച്, എല്ലാം മറന്ന്, എനിക്കൊന്നൊറ്റയ്ക്ക് ജീവിക്കണം. സത്യത്തിൽ കൂട്ടത്തിലുള്ള പലരുടെയും ആഗ്രഹം ഇങ്ങനൊക്കെ തന്നെയാണെന്ന് മനസിലായി. അങ്ങനെയാണ്, ഞങ്ങളുടെ കൂട്ടത്തിലെ താത്പര്യമുള്ള എല്ലാവരെയും കൂട്ടി ഒരു വൺ ഡേ ട്രിപ്പ് പോയാലോ എന്ന് ചിന്തിച്ചത്. ഞാൻ തന്നെ ഈ വിഷയം അവതരിപ്പിച്ചു. കുറെ പേർ സമ്മതം മൂളി. ദീർഘമായ ചർച്ചക്കൊടുവിൽ പാഞ്ചാലിമേട്, വാഗമൺ ഡെസ്റ്റിനേഷനായി ഉറപ്പിച്ചു. ഹോം മേക്കറായ പെണ്ണുങ്ങൾക്കും ഒരു ട്രിപ്പൊക്കെ ആവാം എന്ന് പറഞ്ഞ്, വരുന്ന ഞായറാഴ്ച തന്നെ പോവാൻ തീരുമാനിച്ചു. വണ്ടിയുടെ കാര്യം കൂട്ടത്തിലുള്ള മീന റെഡിയാക്കാമെന്ന് പറഞ്ഞു. എല്ലാവരും നല്ല ഉത്സാഹത്തിലാണ് അന്ന് പിരിഞ്ഞത്.
കാര്യങ്ങളൊക്കെ ശരിയായെങ്കിലും എന്നെ സംബന്ധിച്ച് ഇതൊരു ബാലികേറാമല തന്നെയാണ്. സന്തോഷിനോട് ഇതെങ്ങനെ അവതരിപ്പിക്കുമെന്നതാണ് പ്രശ്നം. അപേക്ഷിക്കാൻ പോവുമ്പോഴാണ് കുഴപ്പം, തനിക്കും ഈ വീട്ടിൽ തുല്യ അവകാശമാണ്. എന്തായാലും പോണം, പോയേ പറ്റു, ഞാൻ ഉറപ്പിച്ചു.
വൈകിട്ട് ഫുഡ് കഴിച്ച ശേഷം, സന്തോഷിനോടും മക്കളോടുമായി ഞാൻ ട്രിപ്പിൻ്റെ കാര്യം പറഞ്ഞു. സന്തോഷിന് അതൊട്ടും ഇഷ്ടപെട്ടില്ല,
"ഇതൊന്നും ശരിയാവില്ല "
എന്നായിരുന്ന സന്തോഷിൻ്റെ വാദം. പക്ഷേ, എന്നെ അതിശയിപ്പിച്ചുകൊണ്ടാണ് മക്കൾ രണ്ടു പേരും സംസാരിച്ചത്.
" അമ്മ ഒരാവശ്യവും പറഞ്ഞ് അച്ഛനെ ബുദ്ധിമുട്ടിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല. ഇത് തികച്ചും ന്യായമായ ഒരു കാര്യം മാത്രമാണച്ഛാ, അച്ഛൻ അമ്മയെ വിടാതിരിക്കരുത്. അമ്മ സൺഡേ പോവാൻ റെഡിയായിക്കോളു. "
കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. എൻ്റെ മക്കൾ ഇത്രയ്ക്കൊക്കെ വളർന്നുവോ?എന്നെ ഇത്രത്തോളം മനസിലാക്കിയിരുന്നുവോ? ജീവിതത്തിലെ ഓരോ നിമിഷങ്ങളും നമ്മളെ പലതും പഠിപ്പിക്കുകയാണ്.
പിറ്റേന്ന് തന്നെ ട്രിപ്പിൻ്റെ കാര്യങ്ങളെല്ലാം ഗ്രൂപ്പിൽ തീരുമാനമായി. രാവിലെ 6 മണിക്ക് റെഡിയാവാനും, നിൽക്കേണ്ട സ്ഥലവും ഒക്കെ തീരുമാനിച്ചു. പോവാനായി എല്ലാവർക്കും നല്ല ഉത്സാഹം.
ആകെ ബഹളമയമായിരുന്നു.നേരം പോവുന്നില്ലെന്ന് പലർക്കും പരാതി. എങ്ങനെയെങ്കിലും നാളെ ആയാൽ മതി.
അങ്ങനെ , ഞായറാഴ്ച രാവിലെ ഞാൻ റെഡിയായി. മാറ്റം അത് കാലത്തിനനിവാര്യമാണല്ലോ? ഇവിടെയും അത് സംഭവിക്കുന്നു. അത്രമാത്രം. പുറത്തേക്കിറങ്ങിയപ്പോൾ ഒരു ചെറു ചിരിയോടെ സന്തോഷ് കാറിലുണ്ട്.
"വാടോ, ഞാൻ കൊണ്ടാക്കാം."
ഞാൻ വണ്ടിയിൽ കയറി.
"തനിക്കെന്നോട് ദേഷ്യമാണോ?"
"എന്തിന്? ഇല്ലന്നേ."
സന്തോഷ് ഇതെന്തിൻ്റെ പുറപ്പാടാണെന്ന് ഞാൻ മനസ്സിൽ കരുതി
അപ്പോഴേക്കും ജംഗ്ഷൻ എത്തിയിരുന്നു.
"എന്നാ, എൻ്റെ മോള് ഫ്രണ്ട്സിൻ്റെ കൂടെ പോയി അടിച്ചു പൊളിച്ചിട്ട് വാ "
"ദൈവമേ, കല്യാണം കഴിഞ്ഞപ്പോഴെങ്ങാണ്ടല്ലെ മനുഷ്യാ നിങ്ങളെന്നെ മോളേന്ന് വിളിച്ചേക്കുന്നേ?"
"അപ്പോ, നിനക്കതൊക്കെ ഓർമ്മയുണ്ട്, അല്ലേ?"
"എനിക്കെല്ലാം ഓർമ്മയുണ്ട്, പലതും മറന്നത് ഞാനല്ലല്ലോ?"
"ആഹ്, ബസ് വന്നു. പോയിട്ട് വാ."
അപ്പോൾ ബസിൽ നിന്നും മീന ഇറങ്ങി വന്നു.
"ഹായ്, സുജ ആൻഡ് സന്തോഷ് ഗുഡ് മോണിംഗ്. സന്തോഷ് ഇത് നമ്മുടെ ബസിലെ ഡ്രൈവർടെയും, കൂടെ ഉള്ള പയ്യൻ്റെയും നമ്പരാണ്. ഇൻ കേസ്,എന്തെങ്കിലും എമർജൻസി വന്നാൽ ഇതിൽ വിളിച്ചാൽ മതി കേട്ടോ. ഇന്നത്തെ ട്രിപ്പിൽ ഞങ്ങളാരും, ഞങ്ങളുടെ സന്തത സഹചാരിയെ കൂടെ കൂട്ടുന്നില്ല. അപ്പോ Ok, bye"
"എൻജോയ് യുവർ ട്രിപ്പ്. "
സന്തോഷ് വളരെ ആത്മാർത്ഥമായി തന്നെയാണ് അത് പറഞ്ഞതെന്ന് മുഖം കണ്ടാൽ അറിയാം. ഞാൻ ഫോൺ സന്തോഷിനെ ഏൽപ്പിച്ച്, യാത്ര പറഞ്ഞ് ബസിൽ കയറി. എല്ലാവരും നല്ല ത്രില്ലിലാണ്.
"ഈ ദിവസം നമ്മുടേത് മാത്രമാണ്, നമ്മൾ ഓരോരുത്തരുടെയും. അതുകൊണ്ട് തന്നെ നമ്മളിൽ ആരും ഇന്ന് ഫോൺ ഉപയോഗിക്കുന്നില്ല. എന്തേ, എല്ലാവർക്കും സമ്മതമല്ലേ? എല്ലാരുടെയും ഫാമിലിയിൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ കോൺടാക്റ്റ് ചെയ്യാൻ ഞാൻ ദേ ഇവരുടെ രണ്ടാൾടെം നമ്പർ കൊടുത്തിട്ടുണ്ട്. സോ, ഇന്ന് നമ്മുടെ മുന്നിൽ വേറെ ടെൻഷൻ ഒന്നും തന്നെയില്ല. ഈ ദിവസം നമ്മൾ ആസ്വദിക്കാൻ പോവുന്നു. അല്ലേ ഗയ്സ്...?"
മീനയാണ് സംസാരിച്ചത്.
" പിന്നല്ലാതെ, നമ്മൾ അടിച്ചു പൊളിക്കാൻ പോവല്ലേ? "
എല്ലാവർക്കും ഒരേ സ്വരം, ആ സ്വരത്തിന് ഒരേ ആവേശം. കൂട്ടത്തിൽ അഫ്രിനും ലക്ഷ്മിക്കും മാത്രം ചെറിയ ഒരു സങ്കടം പോലെ. വേറൊന്നുമല്ല കാര്യം, രണ്ടു പേർക്കും ഫോട്ടോമാനിയ ആണ്. കെട്ടു കണക്കിന് സെൽഫികളാണേ മിസ്സാവാൻ പോവുന്നത്. എങ്കിലും സെൽഫികളെക്കാളൊക്കെ എത്രയോ മധുരമാണിന്നീ ദിനത്തിനെന്ന് അവർക്കും നല്ല ബോധ്യമുണ്ട്.
എട്ടര ആയപ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി ഒരു റസ്റ്റോറൻ്റിൽ കയറി. അതിനു ശേഷം അവിടെ നിന്ന് യാത്ര തിരിച്ച ഞങ്ങൾ, ഏകദേശം 10 ആയപ്പോൾ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിൻ്റെ അവിടെ എത്തി. എന്ത് രസമായിരുന്നെന്നോ അവിടം.ഞങ്ങളെല്ലാവരും ഇറങ്ങി കുറെ നേരം അവിടെ നിന്നാ കാഴ്ച ആസ്വദിച്ചു. എത്ര കണ്ടാലും മതിവരാത്ത ഒരു സൗന്ദര്യം അതിനുണ്ടായിരുന്നു. കുറെ സമയത്തിനു ശേഷം നേരേ വാഗമൺ. പോവുന്ന വഴികളിലൊക്കെയും അവിടിവടെയായി കോട മഞ്ഞുണ്ടായിരുന്നു. എല്ലാവരും പാട്ടൊക്കെ കേട്ട് ബസ്സിൽ ഡാൻസ് കളിക്കാനൊക്കെ തുടങ്ങി. പ്രകൃതിയോടെന്നും പ്രണയമായിരുന്ന ഞാൻ, ഈ പ്രകൃതി സൗന്ദര്യമെല്ലാം ആസ്വദിച്ചങ്ങനെ ഇരിക്കുകയായിരുന്നു. ഞങ്ങളിതാ കിഴക്കിൻ്റെ സ്കോട്ട്ലൻ്റ് കവാടത്തിലേക്കെത്തുകയാണ്. എത്ര നുകർന്നാലും മതിവരാത്ത സൗന്ദര്യത്തിനുടമയായ വാഗമണ്ണിനെ ഞങ്ങൾ മതിയാവോളം ആസ്വദിച്ചു കൊണ്ടേയിരുന്നു. മൊട്ടക്കുന്നുകളുടെ അപാര സൗന്ദര്യമുള്ള വാഗമണ്ണിനോട് ഞങ്ങളിൽ പലർക്കും പ്രണയം തോന്നിത്തുടങ്ങിയിരുന്നു.
ഞങ്ങൾ എല്ലാവരും ഓരോ ചിത്രശലഭമാവുന്നത് പോലെ തോന്നി. ചിറകുകൾ വിരിച്ച് മാനത്താകെ പറന്നു നടക്കുന്ന ഒരു കൂട്ടം ചിത്രശലഭങ്ങൾ. ഞങ്ങളെല്ലാവരും, ഞങ്ങൾ സ്വപ്നം കണ്ടിരുന്ന ആ ലോകത്തായിരുന്നു.
ഏകദേശം മൂന്നു മണിയോട് കൂടി അവിടെ നിന്നും പാഞ്ചാലിമേട്ടിലേക്ക് യാത്ര തിരിച്ചു. എല്ലാവരും അത്യാവശ്യം സ്‌നാക്ക്സ് എല്ലാം കരുതിയിരുന്നത്, ഞങ്ങൾ ഇടയ്ക്കിടയ്ക്ക് കഴിച്ചുകൊണ്ടാണ് ഈ നടപ്പ്. അതുകൊണ്ട് ആർക്കും ഉച്ചഭക്ഷണം വേണ്ടിയിരുന്നില്ല. എന്നാലും ഇടയ്ക്ക് കണ്ട ചായകടയിൽ ഇറങ്ങി, എല്ലാവരും ഓരോ ചായയും കടിയും കഴിച്ചു, ശേഷം പാഞ്ചാലിമേട്ടിലേക്ക്.
പണ്ട് പാണ്ഡവരും, പാഞ്ചാലിയും ഇവിടെ താമസിച്ചിട്ടുണ്ടത്രേ. അതാണ് "പാഞ്ചാലിമേട് " എന്ന പേരിൻ്റെ പൊരുൾ.
ചെറിയ തോതിൽ കോട ഇറങ്ങുന്നുണ്ട്. ശരീരത്തിലൂടെ കടന്നു പോവുന്ന കോടയുടെ തണുപ്പിൽ ഞങ്ങൾക്ക് ഉന്മേഷം ഇരട്ടിച്ചിരിക്കുന്നു. അങ്ങു നിന്നും മലനിരകളെ തഴുകിയെത്തുന്ന മന്ദമാരുതനു എന്തെന്നില്ലാത്ത കുളിർമയുണ്ടായിരുന്നു.
പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരവിളക്ക് ഇവിടെ നിന്നും വ്യക്തമായി കാണാമെന്നും, അത് കാണാനായി ഇവിടെ ആയിരക്കണക്കിനാളുകൾ വന്നു ചേരാറുണ്ടെന്നും കൂട്ടത്തിൽ ആരോ പറയുന്നത് കേട്ടു. മുകളിലെ മൊട്ടക്കുന്നു വരെയും റോഡുണ്ടായിരുന്നു. ബാക്കി ഏകദേശം അര കിലോമീറ്ററോളം ഒറ്റയടിപ്പാതയാണ്. ഇവിടെയുള്ള രണ്ടു കുന്നുകളിൽ ഒന്ന് ഒരു കുരിശുമലയും മറ്റേതിൽ ശ്രീ ഭുവനേശ്വരിയുടെ ക്ഷേത്രവും, തകർന്ന ഒരു ശിവലിംഗവുമുണ്ടായിരുന്നു.
ഞങ്ങളൊരു പുണ്യ പുരാതന ഭൂമിയിലൂടെയാണ് നടക്കുന്നതെന്ന വാസ്തവം തിരിച്ചറിഞ്ഞു. അവിടെ ചെലവഴിച്ച ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു.
ആ മൊട്ടക്കുന്നിറങ്ങുമ്പോൾ ഞങ്ങൾ ഓരോരുത്തരുടെയും ആവേശം ക്ഷയിക്കാൻ തുടങ്ങിയിരുന്നു. ഇനി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഈ നല്ല നിമിഷങ്ങൾ അവസാനിക്കുകയാണ്. ഇതുവരെ ഞങ്ങൾ ഏവരും ഏതോ മായാലോകത്തിൽ ആയിരുന്നു. അപ്പൂപ്പൻ താടി പോലെ പാറിപ്പറക്കുകയായിരുന്നു.
"എന്താണ് മൊത്തത്തിൽ ഒരു മൂകത. ഇത്രേം നേരം എല്ലാവർക്കും എന്താവേശമായിരുന്നു.ഇത് നമ്മുടെ ആദ്യത്തെ ട്രിപ്പല്ലേ? നമുക്കിനിയും പോവാംന്നേ. ഇതിപ്പോ ഒരു ട്രയൽ പോലെ നമ്മൾ പോയതല്ലെ? എല്ലാവരും ഒന്നുഷാറായിക്കേ."
മീന ഭയങ്കര പോസിറ്റീവ് ആയി ചിന്തിക്കുന്ന ആളായിരുന്നു. അതുകൊണ്ട് തന്നെ മീനയുടെ വാക്കുകൾക്കും ഭയങ്കര എനർജി ആയിരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് വീട്ടിലെത്തും, ആ സമയം മാക്സിമം സന്തോഷത്തിലായിരിക്കാൻ ശ്രമിച്ചെങ്കിലും, ഓരോരുത്തരും വണ്ടിയിൽ നിന്നിറങ്ങുമ്പോൾ എന്തോ മനസിന് ആകെ ഒരു വിഷമം. എനിക്കിറങ്ങാനുള്ള സ്ഥലമായി. ബസ് നിർത്തിയപ്പോൾ എല്ലാവരും എണീറ്റു, ഒരേ സ്വരത്തിൽ
" താങ്ക് യൂ, സുജാ " എന്ന് പറഞ്ഞു.
സത്യത്തിൽ എന്താണ് കാര്യം എന്നെനിക്ക് മനസിലായില്ല. അപ്പോൾ മീന എൻ്റടുത്തേക്ക് വന്നു.
" സുജാ, നീയാണ് ഇങ്ങനൊരു ദിവസത്തേക്കുറിച്ച് ആദ്യം പറഞ്ഞത്. നിൻ്റെ ചിന്തയാണ് ഇന്നീ നിമിഷത്തിൽ എത്തി നിൽക്കുന്നത്. താങ്ക് യൂ സോ മച്ച് സുജാ. നമ്മളിൽ പലരും ഫോൺ എന്നുള്ള ഒറ്റ വസ്തുവിൽ ചുരുങ്ങിപ്പോവുന്നവരാടോ. പക്ഷേ ഇന്നത്തെ ഈ ദിവസം ജീവിതത്തിൽ ആരും മറക്കില്ല. "
ഞാൻ മീനയെ കെട്ടിപ്പിടിച്ച് വിതുമ്പി. ഇനിയും കാണാം എന്ന പ്രതീക്ഷയോടെ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി.
അവിടെ സന്തോഷ് എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
"എങ്ങനെയുണ്ടായിരുന്ന ട്രിപ്പ്?"
"അടിപൊളി "
"ആഹാ! എന്നാ ഒരു കാര്യം കേട്ടോ. ഞാൻ 4 നാലു ദിവസം ലീവാണ്. നമ്മളും പോവുന്നു ഒരു ഫാമിലി ട്രിപ്പ് !"
സുജയോട് ഇതു പറയുമ്പോൾ കഴിഞ്ഞു പോയ കുറച്ച് നിമിഷങ്ങളായിരുന്നു അയാളുടെ മനസ്സിൽ. രാവിലെ സുജയെ വിട്ട ശേഷം വീട്ടിലെത്തിയ ഉടനെ ഞാൻ അവളുടെ ഫോൺ എടുത്ത് റൂമിൽ കൊണ്ടുപോയി വച്ചിരുന്നു. രാവിലെ കഴിക്കാൻ ഞാൻ ചപ്പാത്തി ഉണ്ടാക്കാമെന്നു കരുതി, ഫ്രിഡ്ജിൽ ചിക്കൻ കറി ഉണ്ടായിരുന്നു. ഞാനും മക്കളും കൂടി ചപ്പാത്തി ഉണ്ടാക്കി. കഴിച്ചതിനു ശേഷം, ഞങ്ങൾ ഒരുമിച്ചു തന്നെ അടുക്കള വൃത്തിയാക്കലും , പാത്രം കഴുകലുമൊക്കെ ചെയ്തു. ഉച്ചയ്ക്ക് പുറത്തു നിന്നും കഴിക്കാം എന്നു നേരത്തേ പറഞ്ഞിരുന്നതുകൊണ്ട് വേറെ പ്രേത്യേകിച്ച് പണികൾ ഒന്നും തന്നെയില്ലാരുന്നു. കുട്ടികൾക്ക് ആ സമയത്ത് ഓൺലൈൻ ട്യൂഷൻ ഉണ്ടായിരുന്നത് കൊണ്ട് , അവർ അതിനു കയറി
ചുമ്മാ കിടക്കാമല്ലോ എന്നു കരുതിയാണ് റൂമിലേക്ക് പോയത്. അന്നേരമാണ് സുജയുടെ ഫോണിൽ തുടരെ തുടരെ മെസേജ് വരുന്നത് കണ്ടത്. ഫോൺ തികച്ചും ഒരാളുടെ വ്യക്തിഗതമായ ഒരു വസ്‌തുവാണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടെങ്കിലും ഞാൻ ആ ഫോൺ കൈയ്യിലെടുത്തു. അമ്മ ഇല്ലാത്ത സമയത്ത്, അമ്മയുടെ ഫോൺ നോക്കുന്നത് മോശമാണെന്ന് മക്കൾ എങ്ങാനും വിചാരിച്ചാലോ എന്നൊരു പേടി ഉള്ളിൽ തോന്നിയതുകൊണ്ട് എണീറ്റു പോയി കതകടച്ചു.
എനിക്ക് സുജയുടെ ഫോണിൻ്റെ ലോക്കറിയില്ലല്ലോ എന്ന് അപ്പോഴാണ് ഓർത്തത്. പക്ഷേ, ഫോണിലേക്ക് നോക്കിയ എനിക്ക് തന്നെ അതിശയം തോന്നി. കാരണം, അവളുടെ ഫോണിന് ലോക്കില്ലായിരുന്നു. ഇവിടെ കുട്ടികളുടെ ഫോണിനു വരെ ലോക്കുണ്ട്
"തൻ്റെ മൊബൈൽ ഫോണിന് ലോക്കില്ലാത്ത ഒരു വ്യക്തിയെ ശ്രദ്ധിക്കണം, കാരണം അങ്ങനെ ഉള്ളവർക്ക് നഷ്‌ടപ്പെടാൻ ഒന്നും തന്നെ ഉണ്ടാവില്ല"
അവളുടെ ഫോണിൻ്റെ വോൾപേപ്പർ ഇമേജാണ്. വായിച്ചപ്പോൾ മനസ്സിൽ എവിടെയോ ഉളുപ്പ് തോന്നിയോ ? അറിയില്ല.
ഫോൺ തുറക്കുമ്പോഴേ നോട്ട്സ് ആണ് ഓപ്പൺ ആയി കിടന്നിരുന്നത്.
"ഉറക്കം വരാത്ത ചില രാത്രികളുണ്ടെനിക്ക് . ദിശകളറിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നാലും, പുതപ്പിൻ്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങിയാലും, തലയിണയോട് വഴക്കിട്ടിരുന്നാലും, ഒരുപക്ഷേ, നിദ്രാ ദേവി എന്നെ കടാക്ഷിച്ചെന്നു വരില്ല.
ആ സമയത്തൊക്കെയും ഞാനൊരു നിശാശലഭമായി മാറി, ആകാശത്തിൻ്റെ ഓരോ കോണിലേക്കും പറന്നുയരുമായിരുന്നു. എല്ലാ രാത്രികളിലും എന്നെ നോക്കി പുഞ്ചിരിക്കുന്ന ഒരു നക്ഷത്രത്തിൻ്റെ അടുക്കലേക്കാണ് ഞാൻ എത്തുന്നത്. ആ നക്ഷത്രത്തിനെന്നോട് പ്രണയമാണെന്ന് എനിക്കറിയാം. ഞാൻ അടുത്തെത്തുമ്പോഴേക്കും ആ നക്ഷത്രം നീയായ് മാറാറുണ്ട്."
ഞാൻ വായിച്ചു, ഓരോന്നോരോന്നായി.
"എനിക്ക് നിന്നോടിന്നും പ്രണയമാണെൻ്റെ മഴയെ. എഴുതിയാലൊടുങ്ങാത്ത നിൻ ഭാവങ്ങളോട്, നനഞ്ഞാലും തീരാത്ത നിൻ കുളിരിനോട്, പ്രണയമാണെനിക്ക്, ഭ്രാന്തമായ പ്രണയം"
"അങ്ങകലെ ആകാശ ചെരുവിലൂടെയാണവർ നടന്നു നീങ്ങുന്നത്.സന്തോഷം മാത്രമേ ഇന്നവരുടെ മനസ്സിലുള്ളു.അത് മുഖത്തും വ്യക്തമാണ്. പണ്ട് ഗോസായിക്കുന്നിലൂടൊരു യാത്ര പോവണമെന്നും, അന്നത്തെ ചാറ്റൽ മഴയിൽ നിൻ്റെ കൈ കോർത്ത് നടക്കണമെന്നും, ആ മഴ നനഞ്ഞുകൊണ്ട് തന്നെ നിൻ്റെ നെറുകയിലൊരുമ്മ തരണമെന്നും, രാത്രി നിൻ്റെ മടിയിൽ കിടന്നുകൊണ്ടാകാശത്തെ നക്ഷത്രങ്ങളെ നോക്കി കിന്നാരം പറയണമെന്നും, നീയാണെൻ്റെ ലോകമെന്ന് നീയെൻ ചെവിയിൽ പറഞ്ഞില്ലെങ്കിലും, നീയില്ലാതെൻ ലോകം പൂർണ്ണമാവില്ലെന്നതു കേൾക്കാൻ കൊതിച്ചതും, അങ്ങനെയങ്ങനെ.... എല്ലാം സാധിച്ചിരിക്കുന്നു. അതെ ഞാൻ നീ തന്നെയാണ്. രണ്ടുടലും ഒരാത്മാവും. സഫലമായിരിക്കുന്നു ഈ യാത്ര. അതെ സഫലമായിരിക്കുന്നു....... നമ്മുടെ ജീവിതവും!"
അപ്പോഴാണ് ഞാൻ അവളിലൂടെ അവളെ കണ്ടത്, അറിഞ്ഞത്.
ഒരുപക്ഷേ, പണ്ടേ ഞാനിതൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിൽ അവൾക്ക് എഴുത്തിൽ നല്ലൊരു ഫ്യൂച്ചർ ഉണ്ടായിരുന്നേനേ എന്നു തോന്നി. അവളുടെ കൂടെ ഇനിയെങ്കിലും നിൽക്കണമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.
സന്തോഷ് പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കാൻ സുജയ്ക്ക് കുറച്ച് നേരം വേണ്ടി വന്നു.
" ശരിക്കും?"
"അതേന്നേ. സത്യമായിട്ടും നമ്മൾ നാലു ദിവസത്തെ ട്രിപ്പാണ് പോവുന്നത്.പിന്നെ, തൻ്റെ ഫോൺ ആ ഡാഷ് ബോർഡിലുണ്ട്"
ഞാൻ ഡാഷ് ബോർഡ് തുറക്കാനായി കൈ നീട്ടിയെങ്കിലും, ആ കൈ തിരിച്ചെടുത്തു.
" ഇത്രേം നേരം ഇതില്ലാതെ ജീവിച്ചില്ലേ? ഇനി കുറച്ചു ദിവസം ഇങ്ങനങ്ങ് പോട്ടെ"
"ഓഹോ, അങ്ങനാണോ? എന്നാ നാളെ തൊട്ട് 4 ദിവസത്തേക്ക് ഞാനും ഈ സാധനത്തിനെ ഒഴിവാക്കിയേക്കാം "
" ഉറപ്പാണോ?"
"ഉറപ്പാന്നേ, ഇനിയുള്ള ദിവസം നമ്മൾക്ക് നമ്മൾ മാത്രം മതി. നമ്മുടെ ഇടയിൽ ഈ ഫോണിൻ്റെ ശല്യം പോലും വേണ്ട, പോരേ?"
"മതിയല്ലോ?"
എൻ്റെ യാത്ര അവസാനിക്കുന്നിടത്ത് നിന്നും ഞങ്ങളുടെ പുതിയ 'യാത്ര' തുടങ്ങുകയാണ്