
കീറിപ്പറിഞ്ഞൊരെൻ പുസ്തകത്താളിലെ
നീലമലകളൊലിച്ചു പോയീ
പുഴയുംമരങ്ങളുമുണ്ടാ-
യിരുന്നൊരാ
കടലാസു കാറ്റിൽ പറന്നു പോയീ...
തെളിനീരിലരികത്തു ചൂണ്ടയിട്ടോർ തന്റെ
കളിചിരികളൊഴുകിയകന്നു പോയീ...
വീടും മനുഷ്യരും റോഡുമക്കാലികൾ
മേയുന്ന മേടും
അടർന്നു പോയീ...
കാർബൺ കുടിച്ചു
വെളിവറ്റ കാറ്റുടൻ
പോർവിളിച്ചാർത്തൂ ദുരന്തനൃത്തം...!
ചിന്നിച്ചിതറിക്കുഴഞ്ഞ
ചിത്രങ്ങളാ
ലൊന്നാമ്പാഠം അല-
ങ്കോലമായീ...!
അക്ഷരബോധ്യം
വരുംമുമ്പു വായിച്ച
പുസ്തകം കീറിയതേതു കൈകൾ...?
അത്രയ്ക്കഹങ്കാരം വേണ്ടധികാരിയോ-
ടിക്കാര്യമിന്നുരചെയ്തിടും ഞാൻ...!
ക്ലാസ്ടീച്ചറോടുഞാൻ
കാര്യം ധരിപ്പിക്കെ
വാസ്തവം കേട്ടു നടുങ്ങിയേവം...!
അധ്യാപകനു,മറിഞ്ഞിരു-
ന്നത്രെ!യീ-
പ്പുസ്തകം കുത്തഴി-
ഞ്ഞെന്ന കാര്യം...!
എന്നിട്ടുമെന്തേ തടഞ്ഞീല യെന്നുള്ള
ചിന്തകൾ വെന്തുട-
ഞ്ഞെന്നിൽ വീഴ്കെ...
കീറിപ്പറിഞ്ഞൊര-
ത്താളിലെച്ചിത്രങ്ങൾ
പാറിപ്പതിക്കുന്നു കാറ്റിലെങ്ങും...!
പിഞ്ഞിയതാളിൽ നി- ന്നോടിയിറങ്ങുന്നു
പിഞ്ചുപൈതങ്ങളും
നാട്ടുകാരും...
വഞ്ചികളാകാശ-
ക്കപ്പലുകൾ വന്നു
സഞ്ചരിപ്പിക്കുന്നവരെ ദൂരെ...! *1
പക്ഷികൾ ചേക്കാർന്ന ചില്ലയോടൊപ്പമായിക്ഷിതി ഗർഭത്തിലേക്കുതാണൂ...!
അക്ഷരക്കൂട്ടം മറഞ്ഞതാ മത്താളി-
ലപ്പൊഴേ കൺചിമ്മി-
മാഞ്ഞു വെട്ടം!
ദുസ്ഥിതിതൻ സ്തബ്ധ സാക്ഷിയായ് പുസ്തകം നഷ്ടമായുള്ള ഞാൻ
നോക്കി നിൽക്കെ...!
പേക്കാറ്റുരച്ചതോ! കേട്ടുഞാനീവിധം
വാർക്കേണ്ട കണ്ണീ-
രൊരാളു പോലും...!
കാലം കനിവിന്റെ
ചായങ്ങളാൽ തീർത്ത
ലോല ചിത്രങ്ങളെ
നീയഴിച്ചോ...?
കുന്നിനാൽ പാടത്തിനാൽ കുഞ്ഞുതുമ്പയാ-
ലമ്മ തീർത്തുള്ളോ-
രെലുക മായ്ച്ചോ...?
തുമ്പിയും തുമ്പി-
ക്കരം പൊക്കി ദന്തിയും
അൻപിനായ് കേണതവഗണിച്ചോ....?
വമ്പാർന്നു പായുന്ന
ഹുങ്കിനാൽ നീ ലോക സംഭവമെന്നു സ്വയംഗണിച്ചോ...?
വെട്ടിപ്പിടിച്ചതും കെട്ടിയെടുത്തതും
വിട്ടുകൊടുക്കൽ
പ്രകൃതി ന്യായം...
സ്വത്തുക്കൾ പങ്കിട്ടതുമുടിച്ചീടുവാ-
നിഷ്ടദാനം നിനക്കാരു തന്നൂ...?
ആദ്യത്തെയിപ്പാഠ-
ശാലയെനാളേക്കു
വേദ്യമാക്കീടാൻ
കടമയുള്ളോർ
ആദ്യത്തെയിപ്പുസ്ത-
കത്തിന്റെ താളിലാ-
സ്വാദ്യമാം വർണങ്ങൾ ചേർത്തിടേണ്ടോർ
ഭേദ്യം ചെയ്തായതൽ- പാൽപമായ് വിറ്റതിൻ ചോദ്യമാണിന്നു നീ നേരിടുന്നൂ...!
നിങ്ങൾക്കു തന്നൊരീ
ക്ലാസ്മുറി നാളെമ- റ്റുള്ളവർക്കായിട്ടൊ-ഴിഞ്ഞിടേണം...
അപ്പൊഴും കേടുവരാതെ കൈമാറണം
പുസ്തകം ചോക്കുമീ ബോർഡുമെല്ലാം!
വറ്റിക്കുതിർന്ന വർണങ്ങൾ ചിതറുമെൻ
പുസ്തകം നോക്കി വിതുമ്പി നിൽക്കെ...
മുറ്റിത്തഴയ്ക്കുമുരുൾ
പൊട്ടലൊച്ചപോ-
ലുച്ചത്തിലാജ്ഞാപി-ച്ചാരൊരാളോ...!
ദു:ഖം പരിഹാരമല്ല-
യിന്നൊന്നിനും
മൗഢ്യം കളഞ്ഞു
മിഴിതുടയ്ക്ക!
നിങ്ങൾ നടന്നവഴി
തിരുത്തീടുക
നിയമങ്ങൾ നിയതിക്കു ചേർന്നതാക്ക...!
ധൂർത്തു മറന്നുള്ള
സ്വാർഥത തീണ്ടാത്ത
വാർത്തകൾ നമ്മൾക്ക് ശീലമാക്കാം...!
പിഞ്ഞിയ താളുക-
ളൊട്ടിച്ചു ചേർക്കുക...
മങ്ങിയ ചിത്രം തെളിച്ചെടുക്ക...!
വന്നപിഴകൾ തിരുത്തി പ്പുതുക്കുക
നൻമപ്പതിപ്പിലീ
യൊന്നാമ്പാഠം...!
ഭദ്രമായ് നാളെതൻ കയ്യിലേൽപിക്കുവാൻ
ഹൃത്തിലായ് ചേർത്തു കരുതിവയ്ക്ക...!
ഏവർക്കുമിന്നിതൊ-
ന്നല്ലാതെയില്ലല്ലോ...
വേറിട്ടുനേടാനൊ-രൊന്നാമ്പാഠം...!
* 1 പ്രളയ ദൃശ്യങ്ങൾ -2018
ജയശ്രീ പള്ളിക്കൽ
പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ സ്വദേശം. ഹൈസ്ക്കൂൾ വിദ്യാർത്ഥിയായിരിക്കെ ആദ്യ കവിത പ്രകാശിതമായി. ബിരുദപഠനകാലത്ത് ശാസ്‌താംകോട്ട ഡി. ബി. കോളജ് കലാതിലകം. രാഷ്ട്രതന്ത്രശാസ്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദം നേടിയശേഷം ഉപരിപഠനം കാര്യവട്ടം കാമ്പസിൽ. തുടർന്ന് സിബിഎസ്ഇ, ഐ സി എസ് ഇ സ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അദ്ധ്യാപികയായും പ്രിൻസിപ്പലായും പ്രവർത്തനം. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിൻ്റെ മീഡിയസെൽ ചെയർപേഴ്‌സൺ, ക്രിയേറ്റീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
തിരുവനന്തപുരം ദൂരദർശനുവേണ്ടി പരമ്പരകൾ, ടെലിഫിലിമുകൾ, ഡോക്യു മെന്ററികൾ എന്നിവയ്ക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട്. നിരവധി ആൽബങ്ങൾക്കും മറ്റ് മാധ്യമങ്ങൾക്കുമായി വിവിധ വിഭാഗത്തിൽപ്പെട്ട ഗാനങ്ങൾ രചിച്ചു. ഷോർട്ട് ഫിലിമുകളിൽ തിരക്കഥാരചനയ്ക്ക് പുറമേ സഹസംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്. അമച്വർ ഗ്രൂപ്പുകൾക്കായി നാടകങ്ങളും കോമഡി സ്കിറ്റുകളും എഴു തിയിട്ടുണ്ട്.
സംസ്ഥാന നാളികേര വികസന ബോർഡ് 2011-ൽ അഖിലേന്ത്യാതലത്തിൽ സംഘടിപ്പിച്ച കവിതാരചനാമത്സരത്തിൽ അദ്ധ്യാപകവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ഡോ. അയ്യപ്പപ്പണിക്കർ കാവ്യോപഹാരം [2009] ചെറുകഥയ്ക്കുള്ള മാർത്തോമ്മാ യുവദീപം സാഹിത്യ പുരസ്‌കാരം [2015], സമന്വയം കാവ്യപ്രതിഭാ പുരസ്കാരം [2016], ദി ലിറ്റററി വുമൺ അവാർഡ് [2018], കനൽ കവിതാ അവാർഡ് [2019] സുഗതകുമാരി കവിതാ പുരസ്ക്‌കാരം, [2021] സുകുമാർ അഴീക്കോട് സാഹിത്യ അക്കാദമിയുടെ തത്വമസി കഥാ പുരസ്ക്‌കാരം [2023], വള്ളുവനാട് സംസ്കൃതിയുടെ കഥാപീഠം അവാർഡ്, [2023], സോൾ ആർട്ട് സാഹിത്യ പുരസ്‌കാരം [2024], സപര്യ കവിതാ അവാർഡ് [2024], പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ കവിതാ പുരസ്‌കാരം, [2025], എം.കെ. ഹരികുമാർ ടൈംസ് കവിതാ പുരസ്ക്കാരം [2025] എന്നിവ നേടിയിട്ടുണ്ട്.
നനവ്, ഭൂകമ്പമാപിനി, കടലിനെക്കാൾ നീലിച്ച് കനലിനെക്കാൾ ചുവന്ന് [കവിതാ സമാഹാര ങ്ങൾ] ജാര [കഥാസമാഹാരം] അഭിരാമിന്റെ അച്ഛൻ [ബാലസാഹിത്യ പരിസ്ഥിതിനാടകം] എന്നിവയാണ് കൃതികൾ. ലൂസിഫറിന്റെ നിഴൽ എന്ന കഥാസമാഹാരം പ്രഭാത് ബുക് ഹൗസും മഴവെയിൽ പൂക്കാലം എന്ന കവിത സമാഹാരം എസ് പി സി എസും ഉടൻ പുറത്തിറക്കുന്നു.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ താമസിക്കുന്നു