Image

ഡോ. തോമസ് പി. മാത്യു അന്തരിച്ചു; ക്ലീവ്ലൻഡിലെ സാമൂഹിക-ആത്മീയ രംഗത്തെ സജീവ സാന്നിധ്യം

ഉമ്മൻ കാപ്പിൽ Published on 05 June, 2026
ഡോ. തോമസ് പി. മാത്യു അന്തരിച്ചു;  ക്ലീവ്ലൻഡിലെ സാമൂഹിക-ആത്മീയ രംഗത്തെ സജീവ സാന്നിധ്യം

ക്ലീവ്ലൻഡ്, ഒഹായോ: ക്ലീവ്ലൻഡിലെ ഇന്ത്യൻ-മലയാളി സമൂഹത്തിലും ഓർത്തഡോക്സ് സഭാ പ്രവർത്തനങ്ങളിലുമുള്ള സജീവ സാന്നിധ്യമായിരുന്ന ഡോ. തോമസ് പി. മാത്യു (80) ജൂൺ 3 ബുധനാഴ്ച ക്ലീവ്ലൻഡിൽ  അന്തരിച്ചു.

1946-ൽ തിരുവല്ലാ മേൽപ്പാടം ആകേരിൽ പുത്തൻപറമ്പിൽ കുടുംബത്തിൽ ജനിച്ച തോമസ് പി. മാത്യു, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ നിന്ന് 1966-ൽ ഫിലോസഫി, സൈക്കോളജി വിഷയങ്ങളിൽ ബി.എ.യും, ആഗ്രയിലെ സെന്റ് ജോൺസ് കോളജിൽ നിന്ന് 1968-ൽ സൈക്കോളജിയിൽ എം.എ. യും നേടി. തുടർന്ന് ഉപരിപഠനത്തിനായി അമേരിക്കയിലെത്തി .

ഒഹായോയിലെ സർകിൾവിൽ ബൈബിൾ കോളജിൽ നിന്ന് 1972-ൽ സേക്രഡ് ലിറ്ററേച്ചറിൽ ബിരുദവും, ഒഹായോ യൂണിവേഴ്സിറ്റിയിൽ നിന്ന് 1974-ൽ കമ്മ്യൂണിറ്റി കൗൺസലിംഗിൽ മാസ്റ്റർ ബിരുദവും നേടി. 2005-ൽ, അൻപത്തിഒമ്പതാം  വയസ്സിൽ, ആഷ്‌ലാൻഡ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഡോക്ടറേറ്റ് ഇൻ മിനിസ്ട്രി ബിരുദവും കരസ്ഥമാക്കി. ജുവനൈൽ കോടതി പ്രൊബേഷൻ വകുപ്പും പ്രാദേശിക സഭകളും തമ്മിലുള്ള സഹകരണത്തിലൂടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കുട്ടികളുടെ പുനരധിവാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.

അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലീവ്ലൻഡിൽ താമസിച്ചിരുന്ന അദ്ദേഹം 1979-ൽ കയഹോഗ കൗണ്ടി ജുവനൈൽ കോടതിയിൽ സേവനം ആരംഭിച്ചു. പ്രൊബേഷൻ ഓഫീസർ, സോഷ്യൽ വർക്കർ, ഡിറ്റൻഷൻ ഓഫീസർ, പ്രൊബേഷൻ കൗൺസലർ, അസസ്മെന്റ് മാനേജർ, പ്രൊബേഷൻ മാനേജർ എന്നീ നിലകളിൽ മൂന്ന് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച ശേഷം 2010-ൽ വിരമിച്ചു.

ക്ലീവ്ലൻഡിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം, വർഷങ്ങളായി വിവിധ നേതൃത്വ സ്ഥാനങ്ങളിൽ സഭയെ സേവിച്ചു.

ഭാര്യ ഡോ. റെയ്ചൽ മാത്യു.  മകൻ റോഷൻ മാത്യു, മരുമകൾ സ്നേഹ; മകൾ ആഷ്‌ലി മാത്യു, മരുമകൻ നോഹ സെപേല .

ശുശ്രൂഷാ ക്രമീകരണങ്ങൾ
പൊതുദർശനം ജൂൺ 6 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ 7.30 വരെ നടക്കും. കുടുംബാംഗങ്ങൾക്കായുള്ള സ്വകാര്യ ദർശനം വൈകിട്ട് 4.30 മുതൽ 5 മണിവരെ .

ജൂൺ 7 ഞായറാഴ്ച രാവിലെ 8 മണി മുതൽ 10.45 വരെ വിശുദ്ധ കുർബാനയും തുടർന്ന് 11.15 മുതൽ 12.45 വരെ പൊതുദർശനവും സംസ്കാര ശുശ്രൂഷയും നടക്കും. കുടുംബാംഗങ്ങൾക്കായുള്ള സ്വകാര്യ ദർശനം രാവിലെ 11 മുതൽ 11.15 വരെ.

ശുശ്രൂഷകൾ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ (1252 E. Aurora Road, Macedonia, Ohio) .

സംസ്കാരം ജൂൺ 7 ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് ക്ലീവ്ലൻഡിലെ ലേക്ക് വ്യൂ സെമിത്തേരിയിൽ . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക