
ഒരു വർഷത്തിനുള്ളിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിക്ക് താഴെ ഇറങ്ങേണ്ടി വരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മോദിക്ക് അധികാരം നഷ്ടപ്പടുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കൽ മോദിയുടെ കൈയ്യിലായിരുന്ന ഭരണം ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തേക്ക് വലിയ സാമ്പത്തിക സുനാമി വരുന്നുണ്ടെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വിലക്കയറ്റം കാരണം ശക്തമായ പൊതുജന സമ്മര്‍ദമാണ് മോദി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്റെ സിസ്റ്റത്തിനുള്ളില്‍ വന്‍ കലാപമാണ് നടക്കുന്നത്. ഒരുകാലത്ത് സിസ്റ്റത്തെ നിയന്ത്രിച്ചിരുന്ന നരേന്ദ്ര മോദി നിലവില്‍ കടുത്ത ആഭ്യന്തര കുഴപ്പങ്ങളെ നേരിടുകയാണ്. ഇത് മോദി സര്‍ക്കാറിനെ തകര്‍ച്ചയിലെത്തിക്കും.
നീറ്റ്-യു ജി 2026 പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച, സി ബി എസ് ഇ സ്‌ക്രീന്‍ മാര്‍ക്കിങ് (ഒ എസ് എം) വിവാദം തുടങ്ങിയ വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ കടുത്ത വിമര്‍ശനങ്ങളെ നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രസ്താവന. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണമായും സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണെന്നും രാഹുല്‍ ആരോപിച്ചു.