
സഖാവ് ദത്തൻ പാർട്ടി അഖിലേന്ത്യ സമ്മേളനത്തിന് മധുരയിലേക്ക് യാത്ര പോയ
ഞായറാഴ്ചയാണ് ഭാര്യ സാറാ കുര്യന്റെ ഉള്ളിൽ ഏറെ നാളായി ചുര മാന്തിയിരുന്ന
പഴയ നസ്രാണിച്ചി സടകുടഞ്ഞ് എണീറ്റത്.
രാവിലെ ഉണർന്നപ്പോൾ ഏഴര മണിയായി. ഒരു ചൂടൻ കട്ടൻ കാപ്പീടെ അകമ്പടിയോടെ
പതിവില്ലാതെ ഓൺലൈൻ മനോരമ പത്രത്തിലെ ഇന്നത്തെ ചിന്താ വിഷയം വായിച്ചു
നൊസ്റ്റാൾജിക്കായി. അപ്പോൾ അടുത്തുള്ള പളളിയിൽ രണ്ടാമത്തെ കുർബാനയ്ക്ക്
നട മണി അടിക്കുന്നത് സാറ കേട്ടു. അയ്ക്കര കുന്നിലെ തന്റെ പഴയ കാലത്തെന്ന
പോലെ സാരി വൺ ലെയർ ഇട്ടുടുത്തു ആ മുന്താണി ഒക്കെ പ്രദർശിപ്പിച്ചു അയലത്തെ
ചേടത്തിമാരോടൊക്കെ കുശലം പറഞ്ഞു പള്ളിലോട്ടു ഒന്നു നടക്കാനും കുർബാന
കഴിഞ്ഞു സെമിത്തേരിയിൽ മരിച്ചവരെ കണ്ട് ഒന്നും രണ്ടും മിണ്ടി,
പരിചയക്കാരോട് ചിരിച്ചും പറഞ്ഞും തിരികെ വന്ന് നല്ല പാലപ്പവും
സ്റ്റ്യൂവും ചേർന്ന പ്രാതല് കഴിക്കാനും വല്ലാത്തൊരു വ്യാക്കൂണ്‍.
ഞായറാഴ്ചയിലെ പള്ളീൽ പോക്കും ഒരു എലൈറ്റ് സോഷ്യലൈസേഷൻ മോഡ് ആണെന്ന്
ഒരിക്കൽആരോ എഴുതിയിരുന്നത് ഓർത്തു. എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും
കൂട്ടിൽ നിന്ന് പുറത്തേക്ക് തലയിടുന്ന കിളി കുഞ്ഞിനേപ്പോലെ ഒന്നു
പള്ളിയോളം പോയിട്ട് വന്നാലോ എന്ന ചിന്ത ഉള്ളിൽ തള്ളലുണ്ടാക്കി.
“മരിച്ചവർക്കുള്ളതും ഉയിരവർക്കുള്ളതും വേണ്ടുന്നത് അപ്പപ്പോ കൊടുക്കണം
അതിപ്പോ പ്രാക്ക് ആയാലും നേർച്ച ആയാലും ഒട്ടും താമസം വരുത്തരുത്”
വല്യമ്മച്ചി സാക്ഷാൽ മാമൂട്ടിൽ കുഞ്ഞന്നാമ്മ പറയാറുള്ളത് അവൾ ഓർത്തു. താൻ
ജനിക്കുന്നതിനും അര നൂറ്റാണ്ട് മുമ്പ് നാട്ടിലെ പ്രമാണിയുമായി വീട്ടുകാർ
ഉറപ്പിച്ച ഒത്തു കല്യാണത്തിന്റന്ന് ' ഇയാടെ കൂടെ പൊറുക്കാൻ എനിക്കു
മനസല്ലെന്ന്' പള്ളിയകത്ത് നാട്ടുകാരേം പട്ടക്കാരേം സാക്ഷി നിറുത്തി
ഒറച്ചു പറഞ്ഞ് വിപ്ളവമുണ്ടാക്കിയ വല്യമ്മച്ചിയുടെ ഉശിരും ചേലും
സാറാക്കുമുണ്ടായിരുന്നു.
“ഒള്ള കാര്യം ഒള്ളത് പോലെ മുഖത്ത് നോക്കി പറയാൻ പറ്റണം.. ശരിയെന്ന്
തോന്നണത് വെച്ചു താമസിപ്പിക്കാതെ ചെയ്യണം. ആണായാലും പെണ്ണായാലും”
അതായിരുന്നു വല്ല്യമ്മച്ചിയുടെ വേദവാക്യം.
അത് കൊണ്ടു തന്നെ ദത്തനോട് പ്രേമം തോന്നിയപ്പോൾ അവളത് ആദ്യം ഓതിയത്
വല്യമ്മച്ചിയുടെ കാതിലായിരുന്നു.
“ഇരുപതുകളിൽ വിപ്ലവകാരിയാവാത്തവർ മനുഷ്യരല്ലെന്നായിരുന്നു” ഒരു
പൊട്ടിച്ചിരിയോടെ വല്യമ്മച്ചിയുടെ മറുപടി.
പ്രണയവും ഒരു വിപ്ലവമാണല്ലോ! പ്രിയമുള്ളവരുടെ സാമീപ്യത്താൽ മനുഷ്യർ
പരിവർത്തനം ചെയ്യപ്പെടുമെന്ന് വൃഥാ തോന്നിക്കുന്ന പ്രക്രിയ.
പല കുന്നുകളുടെ നെറുകയിൽ നിന്നുൽഭവിച്ച് പല കൈവഴിയായൊഴുകിയ പുഴ
പോലായിരുന്നു അവരുടെ ജീവിതം. പാറക്കെട്ടുകളിൽ തല്ലിയലച്ചും ചുഴികളിൽ
നിറഞ്ഞും പരന്നുമങ്ങനെ കാലം കടന്നു പോയി.
ദത്തനും സാറയും മകൻ ആനന്ദും താമസിച്ചിരുന്ന കൈരളി ഹൗസിങ് കോളനിയിൽ നിന്ന്
കഷ്ടിച്ച് ഒരു ഫർലോങ് അപ്പുറമായിരുന്നു ടൗണിലെ സെന്റ് ആന്റണീസ് ഫൊറോന
പള്ളി.
യാത്രകളിലൊക്കെ ആ കെട്ടിടത്തിൻ്റെ ഉയർന്നു നിൽക്കുന്ന മുഖപ്പുകളിലേക്ക്
ഒട്ടൊരു കൗതുകത്തോടെ
നോക്കുമായിരുന്നെങ്കിലും ഉള്ളിൽ കയറണമെന്ന് അവൾക്ക് തോന്നിയിട്ടേയില്ല.
വർഷങ്ങൾക്കു മുമ്പ് പ്രണയം മൂർഛിച്ച് ദത്തനുമായുള്ള വിവാഹം രജിസ്റ്റർ
ആക്കാൻ സാറ വീട്ടിൽ പടവെട്ടിയ കാലം.
“അമ്മച്ചിയാ ഈ പെണ്ണിനെ വളർത്തി വഷളാക്കിയത് “ എന്നായിരുന്നു അപ്പൻ്റെ
പരാതി. മാമൂട്ടിൽ കുഞ്ഞന്നാമ്മയുടെ വീറും വാശിയും അതേപടി പകർന്നു കിട്ടിയ
അവളുടെ കടും പിടുത്തത്തിനു മുന്നിൽ വീട്ടാരും ബന്ധുക്കാരും തോറ്റു.
അവളുടെ എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പം നിന്ന വല്യമ്മച്ചി കണ്ണു നിറഞ്ഞ് ഒന്നു
മാത്രം ചോദിച്ചു
“ ന്റെ സാറ കൊച്ചു മതം മാറുവോ”
“അത് ശരി എമ്പിടി തത്വങ്ങൾ വിളമ്പുമെങ്കിലും കുഞ്ഞന്നാമ്മ
അറുപഴഞ്ചനാണല്ലേ?” സാറ അവരുടെ കവിളിൽ ഒരു മുത്തം കൊടുത്ത് കാതിൽ
മന്ത്രിച്ചു.
“കൊച്ചിന് അത് പറഞ്ഞാൽ ഇപ്പോ മനസ്സിലാവുകേല... മരത്തിനു വേരു പോലെയാണ്
പലപ്പഴും മനുഷ്യൻമാർക്ക് മതം.. അതൊരു ബലാണ്.. കൂടെ ആരൊക്കെയോ ണ്ടെന്ന
തോന്നൽ നിൻന്റെ സഖാവിൻറെ പാർട്ടി പോലെ തന്നെ.. കണ്ണും മനസ്സും
തെളിയുന്നത് വരെ നീ പിൻ ചെന്നു പോന്ന ആചാരോം രീതികളുമാ നിന്റെ രുചികളെ
ശീലങ്ങളെ മൂല്യങ്ങളെ ഒക്കെ രൂപപ്പെടുത്തിയേ.. ചൊട്ടേലെ ശീലം ചൊടല
വരേണ്ടാവും.. അതിപ്പോ എത്ര കാലം കഴിഞ്ഞാലും.. പാർട്ടിക്ക് ആശയം പോലെയാ
മതങ്ങൾക്ക് ദൈവങ്ങൾ.. ഇതിന്റൊക്കെ താങ്ങില്ലാണ്ടാവുമ്പോ മനുഷര് വല്ലാണ്ട്
തനിച്ചാവും സാറ കൊച്ചേ അപ്പൊ പഴയതെല്ലാം കുറച്ചു നേരത്തേക്കെങ്കിലും
തിരിച്ചു പിടിക്കണം ന്ന് തോന്നും.. അങ്ങനെ തോന്നിയാൽ എൻ്റെ കൊച്ച്
അമാന്തിച്ചേക്കരുത് കേട്ടോ...”
പള്ളിയോട് വലിയ മമത യൊന്നും ഇല്ലാതിരുന്ന സാറക്ക് അന്ന് വല്യമ്മച്ചി
പറഞ്ഞതിൻ്റെ പൊരുൾ പിടികിട്ടിയില്ല. എന്നാൽ വർഷങ്ങൾക്കുശേഷം ദത്തനും
ആനന്ദും സ്ഥലത്തില്ലാതിരുന്ന ആ ഞായറാഴ്ച സാറ അവളറിയാതെ അയ്ക്കരുന്നിലെ
മാമൂട്ടിൽ കുഞ്ഞന്നാമ്മയുടെ കൊച്ചുമോളായി രൂപാന്തരം പ്രാപിച്ചു.
വിവാഹശേഷം ഒരിക്കൽപോലും പള്ളിയിലേക്ക് തിരിഞ്ഞു നോക്കാത്ത സാറ, സെൻ്റ്
ആന്റണീസ് ഫൊറോന പള്ളിയിലേക്ക് വണ്ടിയോടിച്ചു. പള്ളിയങ്കണത്തിൽ
അരങ്ങൊട്ടിച്ചിരിക്കുന്നു. പുണ്യാളൻ്റെ പേരിൽ നടത്തുന്ന ഊട്ടു
പെരുനാളിന്റെ ഫ്ലക്സ് പള്ളിയുടെ മുമ്പിൽ ഉയർന്നു നിന്നു. അവൾ
എത്തുമ്പോഴേക്കും കുർബാന തുടങ്ങിയിരുന്നു. പെട്ടെന്ന് ഉച്ചഭാഷിണിയിലൂടെ
ഒഴുകിവന്ന സുറിയാനി കീർത്തനം അവളുടെ കാതുകളിൽ പതിച്ചു.

വര:മറിയം ജാസ്മിന്‍
"ഖന്തീശ ആലാഹ ഖന്തീശ ഹൈൽസാന ഖന്തീശ യാ മായോസാ എസ്രാഹം അലെയ്ൻ"
“സാറ കുഞ്ഞേ ഇന്ത കന്ദീസ എന്നാക്കും?”
ഇന്നോളം ഉത്തരം തേടാൻ ശ്രമിച്ചിട്ടില്ലാത്ത ആ ചോദ്യം കാലങ്ങൾക്കു മുമ്പ്
ഒരു പള്ളി പെരുന്നാൾ ദിവസം, അയ്ക്കരകുന്ന് പള്ളിയുടെ മുറ്റത്ത് വച്ച്,
എണ്ണയില്ലാത്ത ചെമ്പൻ മുടി രണ്ടായി പകുത്ത് പിന്നിയിട്ട്, തവിട്ട്
നിറമുള്ള കണ്ണുകൾ വിടർത്തി വെളുക്കെ ചിരിച്ചുകൊണ്ട് സെൽവി തന്നോട്
ചോദിച്ചിരുന്നു എന്ന് അവൾ ഓർത്തു.
കാടും മലയും കയറി നൂറുമേനി വിളയിച്ച ഒരു കൂട്ടം മനുഷ്യരും അവരോട്
പറ്റിചേർന്ന കുറെ പക്ഷി മൃഗാദികളുമായിരുന്നു
അയ്ക്കരക്കുന്നിലുണ്ടായിരുന്നത്. കണ്ണെത്താ ദൂരത്തോളം പരന്ന പച്ചപ്പ്.
അതിനെ ചുറ്റിയൊഴുക്കുന്ന അരുവി.
മനുഷ്യന്റെ ചരിത്രം എടുത്തുനോക്കിയാൽ ആദ്യം അവൻ കണ്ടതെല്ലാം
വെട്ടിപ്പിടിക്കും പിന്നെ കയ്യടക്കിയതൊന്നും കൈവിട്ടു പോകാതിരിക്കാൻ
പൂണ്ടടക്കം കെട്ടിപ്പിടിക്കും. അപ്പോഴാണവൻ ദൈവങ്ങളുടെ കൂട്ടു തേടുക.
ആദ്യം അയ്ക്കരകുന്നു കയറിയ പഴമക്കാർക്ക് കാട്ടുമൃഗങ്ങളുടെ പല്ലും നഖവും
പേമാരിയും നടപ്പു ദീനങ്ങളും താണ്ടാൻ തമ്പുരാന്റെ കൂട്ട് വേണമായിരുന്നു.
അങ്ങനെ അവർ തടിയും പനമ്പും വച്ച് കെട്ടി ഉണ്ടാക്കിയ പള്ളി പലവട്ടം
തകർന്നു വീണു. അരമനയിൽ പോയി മെത്രാനച്ചനോട് സങ്കടം ബോധിപ്പിച്ചപ്പോൾ
വെഞ്ചിരിച്ച അന്തോണീസ് പുണ്യാളന്റെ തിരുസ്വരൂപം നൽകി തിരിച്ചയച്ചുവത്രെ.
പുണ്യാളൻ കരയിൽ വന്നേപ്പിന്നെ അയ്ക്കര കുന്നുകാർക്ക് തിരിഞ്ഞു നോക്കേണ്ടി
വന്നിട്ടില്ല. സർവ്വത്ര ഐശ്വര്യം. അതുകൊണ്ടുതന്നെ പുണ്യാളൻ്റെ പെരുന്നാൾ
കഴിഞ്ഞേ കരക്കാർക്ക് ഏതാഘോഷവും ഉണ്ടായിരുന്നുള്ളൂ.
അതു മോടി പിടിപ്പിക്കാൻ എല്ലാ ദേശങ്ങളിൽ നിന്നും പുത്തൻ ഉപാധികൾ അവർ
തേടിപ്പിടിക്കുമായിരുന്നു. ദേശത്ത് നിന്ന് ഒരു കാരണവർ മലബാറിലേക്ക് യാത്ര
പോയപ്പോഴാണ് കരിമരുന്ന് പ്രയോഗം എന്ന വിസ്മയം കണ്ടത്. പിറ്റേ ആണ്ടത്തെ
പെരുന്നാളിന് ആ അത്ഭുതവും അയ്ക്കര കുന്നിലെത്തി.
പെരുന്നാളിന് പടക്കം ഉണ്ടാക്കാനും വെടിക്കെട്ട് നടത്താനും വന്ന വറീത്
പിന്നെ അയ്ക്കര കുന്നു വിട്ടു പോയില്ല. ഒരു അയ്ക്കര കുന്നുകാരിക്ക്
മിന്നു ചാർത്തി കരക്കാരുടെ സ്വന്തം പടക്കം വറീതായി അവിടെ കൂടി.
അതാണ് ഈ കരേടെ വർക്കത്ത്. ഇവടെ വന്നോർക്കൊന്നും ഈ കരവിട്ടു പോകാൻ
തോന്നൂല.. പുണ്യാളൻ കൈ നെറച്ച് കൊടുക്കുവല്ലേ”
ദേശക്കാർ വറീതിനോട് പറയുമായിരുന്നു.
അപ്പനപ്പൂപ്പൻമാരായിട്ട് ചെയ്ത് പോരണ കൈ തൊഴിലാണ്.. ഈ പടക്കം എന്തിനാ..
മോളിലുള്ളോരെ സന്തോഷിപ്പിക്കാൻ.. അപ്പോ പിന്നെ പുണ്യാളൻമാര് കൈ വിടോ”
വറീതിന്റെ വിശ്വാസപ്രമാണം അതായിരുന്നു
പിന്നെയും പെരുനാളുകൾ പലതു കഴിഞ്ഞു. വറീത് അയ്ക്കര കുന്നുകാരനായി. മകൻ
പാവുണ്ണിക്ക് പ്രായം പതിനേഴ് തികഞ്ഞതിന്റെ പിറ്റേ ആണ്ടത്തെ പുണ്യാളന്റെ
പെരുന്നാളിന് കതനകുറ്റി നിറക്കുമ്പോ ഉണ്ടായ അപകടത്തിലാണ് വറീത് പരലോകം
പൂകിയത്. മൂത്ത മകൾ ഏലികുട്ടിയെ നേരത്തെ കെട്ടിച്ചിരുന്നു. പേരിനൊന്ന്
ശവമടക്ക് നടത്താൻ പോലും ബാക്കിയില്ലാത്തവണ്ണം അപ്പൻ ചിന്നി ചിതറിയപ്പോൾ
പാവുണ്ണിയുടെ ഉള്ള് തകർന്നു. അമ്മ മേരിക്കുട്ടിയുടെ കരച്ചിൽ ചീളിനാൽ
അവൻ്റെ ചങ്കിൽ ചോര പൊടിഞ്ഞു. അപ്പനായിട്ട് പഠിപ്പിച്ച തൊഴിൽ, അതും
പുണ്യാളന് വേണ്ടി . ഉപേക്ഷിക്കാനും മനസ് വരണില്ല. ഈ പണി കൊണ്ട് ഇനിയൊരു
പെണ്ണിൻറെ കണ്ണീര് വീഴ്ത്താൻ താനില്ല എന്ന് തോന്നലിലാണ് കല്യാണം
കഴിക്കേണ്ട എന്ന് പാവുണ്ണി തീരുമാനിച്ചത്. കണ്ണടയുവോളം അമ്മയും
പിന്നങ്ങോട്ട് പെങ്ങളും ആവർത്തിച്ചു പറഞ്ഞെങ്കിലും പാവുണ്ണിയുടെ
തീരുമാനത്തിന് മാറ്റം ഉണ്ടായില്ല. പെരുന്നാളിന്റെയും ക്രിസ്മസിൻറെയും
പടക്ക പണി കഴിഞ്ഞാൽ പാവുണ്ണി ദേശാടനത്തിനു പോകും. പല കരകളിലെ പുകൾ പെറ്റ
വെടിക്കെട്ട് പ്രയോഗങ്ങൾ കണ്ടു പഠിക്കും. പിറ്റേ കൊല്ലത്തെ പെരുന്നാളിന്
ആ വിദ്യകളൊക്കെ അയ്ക്കര കുന്നിലെത്തും. മുകളിൽ പോയി പൂവായി വിടരുന്ന
മായാജാലവും, പടക്കം പൊട്ടുമ്പോൾ കുടയും പ്രാവും ഒക്കെ പറക്കുന്ന വിദ്യയും
എല്ലാം കാണിച്ച് അയാൾ ഐക്കര കുന്നുകാരുടെ കണ്ണും കാതും നിറച്ചു. ഓരോ
ആണ്ടിലും പാവുണ്ണിയുടെ പുത്തൻ കരവിരുതുകൾക്കായി കരക്കാർ കാത്തിരുന്നു
പാവുണ്ണി നാൽപത് പിന്നിട്ട കാലം. ഒരു പെരുന്നാളിന് മുന്നേ ഊരു ചുറ്റാൻ
പോയ അയാൾ തിരിച്ചു വന്നപ്പോൾ കൂടെ കൈക്കുഞ്ഞുമായൊരു തമിഴത്തി
ഉണ്ടായിരുന്നു. കണ്ടോരും കേട്ടോരും മുക്കത്ത് വിരൽ വച്ചു.
എന്നാലും പാവുണ്ണി നെനക്കിതിൻ്റെ വല്ല കാര്യണ്ടോ ഇന്നാട്ടിൽ പിറന്ന നല്ല
നസ്രാണി പെണ്ണിനെ കൂടെ പൊറുക്കാൻ കിട്ടൂല്ലേ”
“ഇതാ ഇപ്പ നന്നായേ..നിങ്ങളെ ഇത് എന്തൂട്ട് അറിഞ്ഞിട്ടാ.. അവളെ നല്ല
ഒന്നാന്തരം നസ്രാണിയാ.. പേര് അൻപ് മേരി.. മ്മടെ മാതാവിൻറെ പേര്.
എന്റമ്മേടെ പേര്...മോടെ പേര് സെൽവിന്നാ..ആരുല്ലാ പാവങ്ങൾക്ക്..അപ്പ
ഞാനങ്ങ് ട് കൂടെ കൂട്ടി..”

ഏഷണിക്കാർ കളി പറഞ്ഞു ചിരിച്ചു”പടക്കക്കാരന് കൂട്ടിന് പറ്റിയ ആളു തന്നെ
അവളേതോ വെടിയാ” വിവരമറിഞ്ഞ് പിറ്റേന്നാൾ ഒട പെറന്നോൾ ഏലിക്കുട്ടി
നെഞ്ചത്തടിയും നെലവിളിയുമായി വന്നു.
“എന്നാലും എന്റെ കുഞ്ഞാങ്ങളെ കണ്ണുകാട്ടിയെടുത്തല്ലോടി മഹാപാപി ഈ
കൊച്ചിനി ആരുടേതാണെന്ന് ആർക്കറിയാം”
ആ നിലവിളിക്ക് മുൻപിലും പാവുണ്ണിയേട്ടൻ കുലുങ്ങിയില്ല. അയാളുടെ പടക്കം
പണിയിൽ കയ്യാളായും വീട്ടുജോലികൾ ചെയ്തും അൻപ് മേരി
അയ്ക്കരക്കുന്ന്കാരിയായി.. കാലം ചെന്നപ്പോൾ അവരുടെ പേര് ലോപിച്ച്
അമ്പേരിയെന്നായി. വെടിമരുന്ന് നിറയ്ക്കാനും ഗുണ്ട് ഉണ്ടാക്കാനും അസാമാന്യ
കൈവഴക്കമായിരുന്നു അമ്പേരിക്ക്. അയ്ക്കരകുന്ന് പുണ്യാളൻ്റെ പെരുന്നാൾ
വെടിക്കെട്ടിന് പാവുണ്ണിയേട്ടൻ്റെ മുഖ്യ സഹായി അമ്പേരിയായിരുന്നു.
“ജീവൻ വെച്ചുള്ള കളിയാണ് ...നിനക്കെന്തേലും പറ്റിയ സെൽവി കൊച്ച്
തനിച്ചായി പോകും” ആദ്യത്തെ തവണ വെടിക്കെട്ട് നടത്താൻ പള്ളിയിലോട്ട്
ഇറങ്ങാൻ നേരം അമ്പേരിയെ പാവുണ്ണിയേട്ടൻ വിലക്കി. “കടവുൾ കാര്യം മുഖ്യം
അയ്യാ.. അവങ്കളെല്ലാം പാർത്തിരിക്കേ" എന്നായിരുന്നു അമ്പേരിയുടെ മറുപടി.
ആ നാട്ടിൽ വന്നതു മുതൽ ഭയഭക്തി ബഹുമാനങ്ങളോടെ ഒരു നേർച്ച നിറവേറ്റുന്നതു
പോലെയായിരുന്നു അമ്പേരി ഇടവക പെരുന്നാളിൻ്റെ വെടിക്കെട്ട് പണിക്ക്
പാവുണ്ണിടെ കയ്യാളായി നിന്നിരുന്നത്.
“അതിന്റെ പുണ്യം അയ്യാവുക്കും സെൽവിക്കും കെടക്കുമേ’ സാറയുടെ
വല്യമ്മച്ചിയോട് അവർ പറയുമായിരുന്നു.
ഒഴുക്കോടെ മലയാളം പറയുമെങ്കിലും അമ്പേരിയുടെയും സെൽവിയുടെയും സംസാരത്തിൽ
വഴി തെറ്റി ചില തമിഴ് വാക്കുകൾ കയറിപ്പറ്റുമായിരുന്നു. പാവുണ്ണിയേട്ടൻ്റെ
പടക്കം ഉണ്ടാക്കലും കച്ചോടവും പെരുന്നാളിന് മാത്രമായിരുന്നു.
പണിയില്ലാത്ത സമയത്ത് മാമൂട്ടിൽ തറവാട്ടിൽ അമ്പേരി സഹായത്തിന്
വരുമായിരുന്നു. കൂടെ സെൽവിയും. സെൽവിയും സാറയും
സമപ്രായക്കാരായിരുന്നതിനാൽ പതിയെ അവർക്കിടയിൽ സൗഹൃദം ദൃഢമായി. അവർ
ഒന്നിച്ച് ഇടപഴകാൻ തുടങ്ങുമ്പോൾ മുറുമുറുക്കുന്ന സാറയുടെ അപ്പന്റേയും
അമ്മയുടേയം വായടപ്പിച്ച് വലിയമ്മച്ചി കയർക്കുമായിരുന്നു
“എടാ കുരിയാച്ചാ മനുഷ്യർക്കിടയിൽ രണ്ടു ജാതിയെ ഒള്ളൂ ആണും പെണ്ണും
അവളുടെയൊക്കെ കൈ കൊണ്ട് കഴുകിയ പാത്രത്തിൽ വക്കുന്നത് നിനക്കൊക്കെ
തിന്നാം..അവള് കഴുകുന്ന തുണിയുടുക്കാം .. പക്ഷങ്കി അവരോട് മിണ്ടാനും
പറയാനും ആ കൊച്ചിന്റെ കൂടെ കളിക്കാനും അയിത്തം.. എന്നാ നിൻ്റെയൊക്കെ
ബുദ്ധി തെളിയാ ഓരോ കന്നം തിരിവുകളേ.. നീയൊക്കെ എൻ്റെ വയറ്റിൽ കുരുത്തത്
തന്നാണോ”
ആണ്ടെത്ര കഴിഞ്ഞിട്ടും ഐക്കര കുന്നുകാർ അമ്പേരിയെയും സെൽവിയെയും ഒരു
കൈയകലത്തിൽ തന്നെ നിർത്തി.
“പാവുണ്ണി നല്ല കുടുംബത്തി പെറന്നോനാ. തോമാശ്ലീഹാ വെള്ളം തളിച്ച
ക്രിസ്ത്യാനി കുടുമത്തി ഉണ്ടായോൻ .എന്നുവച്ച് ആ പെമ്പ്രന്നോരെയും മോളേം ആ
കൂട്ടത്തി പെടുത്താൻ പറ്റോ”
തല നരച്ച കാരണവന്മാർ അടക്കം പറഞ്ഞു.
“ അത് ശരിയാ, ആളായാലും ആദർശായാലും പുറത്തുന്ന് എടുക്കുമ്പോ ഒന്ന്
സൂക്ഷിക്കണം..എത്ര നാൾ ഒത്ത് പോകൂന്ന് അറില്ലലോ”
വയസിന് മൂത്ത ചേടത്തിമാർ
അതുകൊണ്ടുതന്നെ പള്ളിയിൽ അവരുടെ സ്ഥാനം പുറത്തെ വരാന്തയിലേക്ക് ചുരുങ്ങി.
ഏറ്റവും പുറകിലായി നിന്ന് തീഷ്ണമായ ഭക്തിയോടെ തമിഴ്സുവയുള്ള മലയാളത്തിൽ
പാട്ടുകളും പ്രാർത്ഥനകളും അമ്പേരിയും സെൽവിയും ഉറക്കെ ഏറ്റു
ചൊല്ലുമായിരുന്നു. പള്ളിക്ക് അകത്തു നിൽക്കുന്ന സാറയാവട്ടെ
ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു സെൽവിയെ നോക്കി പുഞ്ചിരി തൂകുമായിരുന്നു.
“നീയെന്താ പള്ളിയകത്ത് കേറാതെ പുറത്ത് മണ്ഡപത്തില് നിക്കണേ?' ഒരിക്കൽ സാറ ചോദിച്ചു.
“എങ്കേന്ന് കൂപ്പിട്ടാലും കടവുൾ കേൾക്കുമേ” തവിട്ട് നിറമുള്ള കണ്ണുകൾ
ചിമ്മി സെൽവി മറുമൊഴി ചൊല്ലി.
സെൽവി പള്ളിക്കൂടത്തിൽ പോകാൻ പ്രായമായപ്പോൾ പാവുണ്ണി അവളെ ഐക്കര കുന്നിലെ
സർക്കാർ പള്ളിക്കൂടത്തിൽ ചേർത്തു. മറ്റു കുട്ടികൾ മാറ്റി
നിറുത്തിയതിനാലാവാം അവിടെയും അവസാനത്തെ ബെഞ്ചിൽ ആയിരുന്നു അവളുടെ സ്ഥാനം.
പരാതിയേതുമില്ലാതെ സെൽവി അവിടെയും കഴിഞ്ഞു പോന്നു. കന്യാസ്ത്രീകൾ
നടത്തുന്ന മഠം വക സ്കൂളിലാണ് സാറ പഠിച്ചിരുന്നത്. ഞായറാഴ്ചകളിലും അവധി
ദിവസങ്ങളിലും അവർ കണ്ടുമുട്ടുമായിരുന്നു. അമ്പേരി കഴിഞ്ഞാൽ, സാറയും
അവളുടെ വല്യമ്മച്ചിയും ആയിരുന്നു സെൽവിയുടെ ലോകം.
സെൽവിയും സാറയും ഒമ്പതാം തരത്തിൽ പഠിക്കുന്ന കാലം. വർഷങ്ങൾക്കു മുമ്പ്
ബോംബെയ്ക്ക് നാടുവിട്ടു പോയി മുന്തിയ പണക്കാരനായി തിരിച്ചുവന്ന
ഇടവകക്കാരനായ കുന്നേൽ ദേവസ്യ പ്രസുദേന്തിയായി ഏറ്റെടുത്ത് നടത്തിയ ആ
കൊല്ലത്തെ പുണ്യാളൻ്റെ പെരുന്നാൾ കെങ്കേമമായിരുന്നു. പതിവില്ലാത്ത വിധം
മുന്തിയ വെടിക്കെട്ടിന് കോപ്പൊരുക്കി. ബാൻഡ്സെറ്റും ചെണ്ടമേളവും
പെരുന്നാള് കൊഴുപ്പിച്ചു .നാടൊട്ടുക്ക് അരങ്ങൊട്ടിച്ചു. ദീപാലങ്കാരം
വേറെ. പാവുണ്ണിയേട്ടനും അമ്പേരിക്കും പിടിപ്പത് പണിയുണ്ടായിരുന്നു
സഹായികളായി ഒന്നു രണ്ടു പേരെ കൂടെ കൂട്ടി. സെൽവി പറഞ്ഞ് സാറ വിശേഷങ്ങൾ
അപ്പപ്പോൾ അറിയുന്നുണ്ടായിരുന്നു. തിരുനാളിന് കൊഴുപ്പു കൂട്ടാൻ അക്കൊല്ലം
പള്ളിയിൽ സുറിയാനി കുർബാന നടത്താനും പള്ളിയോഗം തീരുമാനിച്ചു. ആ കുർബാന
കഴിഞ്ഞപ്പോഴാണ് സെൽവി ആ ചോദ്യം സാറയോട് ചോദിച്ചത് .
സാറ കുഞ്ഞേ ഇന്ത കന്തീസ എന്നാക്കും?”
അങ്ങനെയൊരു പാട്ട് പള്ളിയിൽ പാടിയത് പോലും സാറ ശ്രദ്ധിച്ചിട്ടില്ലായിരുന്നു.
“അത് നമുക്ക് വല്യമ്മച്ചിയോട് ചോദിക്കാം നീ ബാ നമുക്ക് പെട്ടിക്കടയിൽ
നല്ല വളയും ചാന്തും വന്നിട്ടുണ്ടോ എന്ന് നോക്കാം ” എന്ന് പറഞ്ഞ് അവൾ തടി
തപ്പി. അന്ന് വൈകിട്ട് വാദ്യമേളങ്ങളുടയും വർണ്ണ കുടകളുടെയും അകമ്പടിയോടെ
പെരുനാൾ പ്രദക്ഷിണം പള്ളിയിൽ കയറി. വെടിക്കെട്ട് തുടങ്ങാനായി
പാവുണ്ണിയേട്ടനും അമ്പേരിയും സഹായികളും ഓടിനടന്ന് കതനക്കുറ്റി നിറക്കാൻ
ഉത്സാഹിച്ചു. ഓലപ്പടക്കത്തിൻ്റെ നീണ്ടനിര തൂക്കി കഴിഞ്ഞു നൂറ് ഓലപ്പടക്കം
കഴിഞ്ഞാൽ ഒരു ഗുണ്ട് അതാണ് കണക്ക്. തിരുസ്വരൂപങ്ങൾ പള്ളിയകത്തെത്തി.
ഇനിയാണ് വെടിക്കെട്ട്. വെടിക്കെട്ടിൽ എന്ത് മാന്ത്രിക വിദ്യയാണ്
ഇക്കൊല്ലം പാവുണ്ണി കാണിക്കുക എന്ന് അടക്കം പറഞ്ഞ് പുരുഷാരം കാത്തു
നിന്നു. പെട്ടെന്ന് പടക്കപ്പുരയിൽ നിന്ന് ഒരു പൊട്ടിത്തെറി ശബ്ദം കേട്ടു
ആളുകൾ ചിതറി ഓടി. തീ ആളിപ്പടർന്നു അലമുറകൾ കരച്ചിലുകൾ മാംസം വേവുന്ന
ഗന്ധം. ഭീതി നിറഞ്ഞ നിമിഷങ്ങൾ. പള്ളി വരാന്തയിൽ എന്ത് ചെയ്യണമെന്നറിയാത
സെൽവി വിറങ്ങലിച്ചു നിന്നു.
തീ ഒതുങ്ങി പുകയടങ്ങിയപ്പോൾ തിരിച്ചറിയാനാവാത്ത വിധം വെന്ത് ചിതറിയ കുറേ
മാംസ തുണ്ടുകൾ മാത്രം ബാക്കിയായി. പോലീസ് വന്നു. ആരുടേതെന്നറിയാതെ
പെറുക്കി കൂട്ടിയ അവശിഷ്ടങ്ങൾ തെമ്മാടിക്കുഴിയിൽ അടക്കാമെന്ന് പള്ളിയോഗം
തീരുമാനിച്ചു.
“ഹും അവരുടെ അധ്വാനം കൊണ്ട് ഒണ്ടാക്കുന്ന പടക്കം വേണം അവനൊക്കെ പെരുന്നാൾ
നടത്താനും ആഘോഷിക്കാനും.എന്നിട്ടിപ്പോ സ്ഥാനം തെമ്മാടിക്കുഴിയിലും. പാവം
പാവുണ്ണി” വല്യമ്മച്ചിയുടെ അമർഷവും സങ്കടവും പതഞ്ഞ് സാറയുടെ
മനസ്സിലേക്കുമെത്തി.
അമ്പേരിയും സെൽവിയും പാവുണ്ണിയേട്ടന്റെ വീട്ടിലേക്ക് കയറിയപ്പോൾ
കെറുവിച്ച് ഇറങ്ങിപ്പോയ ഏലിക്കുട്ടി കൂടപിറപ്പിന്റെ മരണവാർത്ത അറിഞ്ഞു
ഓടിയെത്തി. കരഞ്ഞു മൂക്ക് പിഴിഞ്ഞും പതം പറഞ്ഞും പ്രാകിയും മരിച്ചടക്കം
കൂടി. വല്യമ്മച്ചിയുടെ കൈപിടിച്ച് നിന്നു കൊണ്ട് സാറ കരഞ്ഞു തളർന്ന
സെൽവിയെ നോക്കി നിന്നു. അടക്ക് കഴിഞ്ഞു തിരിച്ചു പോയ ഏലിക്കുട്ടി
സെൽവിയെയും കൊണ്ടുപോയി.
“അവക്ക് കാശു ചെലവില്ലാതെ വീട്ടുജോലിക്ക് ഒരു പണിക്കാരിയെ കിട്ടി. അതിനു
മര്യാദയ്ക്ക് തീറ്റ കൊടുത്താ മതിയായിരുന്നു. അല്ലെങ്കിൽ ചിലപ്പോ വല്ല
അനാഥശാലേലും ആക്കി കാണും.. ചെലപ്പോ ഏതെങ്കിലും വല്യ വീട്ടിൽ പണിക്ക്
നിർത്തിക്കാണും”
“തമിഴത്തി കൊച്ചല്ലേ.. വല്ല പിച്ചക്കാർക്കും വിറ്റു കാണും. ഏലികുട്ടി ആരാ
മോള്..ആ തമിഴത്തിയും കൊച്ചും വന്നേപ്പിന്നെ ഇങ്ങോട്ട് തിരിഞ്ഞു
നോക്കാത്തോള് ഇപ്പൊ വെറുതെ കേറി വന്നതാവില്ല”
നാട്ടിലെ പെണ്ണുങ്ങൾ സെൽവിയെ പറ്റി പലതും പറയുന്നത് കേൾക്കേ സാറയുടെ ഉള്ളു വിങ്ങി.
കൈ നിറയെ നെല്ലിക്ക പുളിയും ലൂബിക്കയും മാങ്ങയും ചാമ്പക്കയും തൻ്റെ നേരെ
നീട്ടാറുണ്ടായിരുന്ന ചെമ്പൻ മുടിക്കാരിയെ ഓർത്ത് പിന്നീടുള്ള അവധി
ദിവസങ്ങളിൽ സാറ സങ്കടപ്പെട്ടു. പള്ളിയകത്ത് നിൽക്കുമ്പോൾ അറിയാതെ അവൾ
പിന്തിരിഞ്ഞു നോക്കുമായിരുന്നു. അപ്പോഴൊക്കെ തവിട്ടു നിറമുള്ള വലിയ രണ്ടു
കണ്ണുകൾ മനസിൽ തെളിഞ്ഞു.
“നമ്മൾ ഇനി സെൽവിയെ കാണുമോ വല്യമ്മച്ചി?” അവൾ ഒരു ദിവസം ചോദിച്ചു
“മനുഷൻ തീഷ്ണതയോടെ അന്വേഷിപ്പതെന്തും ലഭിക്കും. സെൽവിയെ കാണന്നോന്ന്
നിനക്ക് അത്രേം ആശേണ്ടെങ്കിൽ തീർച്ചയായും നിയവളെ കാണും എന്നെങ്കിലും”
വല്യമ്മച്ചി സാറയോട് പറയുമായിരുന്നു.
പിന്നീടൊരിക്കലും പുണ്യാളൻ്റെ പെരുനാൾ ദിവസം സാറ പള്ളിയിൽ പോയില്ല. ഒരു
വെടിക്കെട്ടും കാണാനുള്ള ത്രാണിയും അവൾക്കുണ്ടായിരുന്നില്ല.
വല്യമ്മച്ചി മരിച്ചപ്പോഴാണ് സാറ ഒടുക്കം അയ്ക്കരക്കുന്ന് പള്ളി കണ്ടത്.
അവൾ തീഷ്ണമായി ആഗ്രഹിച്ച വഴികളിലൂടെ ജീവിതം അവളെ കൈപിടിച്ച് നടത്തിയപ്പോൾ
മറവിയിലേക്ക് പോയവരുടെ കൂട്ടത്തിൽ സെൽവിയും ഉണ്ടായിരുന്നു. ഇന്ന്
പതിവില്ലാതെ കാലങ്ങൾക്കു ശേഷം സെൽവിയുടെ ചോദ്യം അവൾക്കു മുൻപിൽ എഴുന്നു
നിന്നു. അതിന്റെ ഉത്തരം അവൾ എന്നെങ്കിലും കണ്ടെത്തിയിരിക്കുമോ എന്ന
ചിന്തയിൽ, ഒരു വീട്ടാകടത്തിന്റെ ഓർമയിൽ സാറയുടെ കണ്ണ് നിറഞ്ഞു. അവൾ
സാവധാനം പള്ളിയുടെ ആനവാതിലിനടുത്തേക്ക് നടന്നു. കുർബാന മുക്കാൽ
ഭാഗമായിരുന്നു. അകത്തേക്ക് കയറാൻ തോന്നിയില്ല പണ്ട് അമ്പേരിയും സെൽവിയും
നിൽക്കാറുള്ളതുപോലെ പുറത്തെ വരാന്തയിൽ നിന്നു. കുർബാന സ്വീകരണത്തിനുള്ള
സമയമാണ്. പള്ളിച്ചട്ടങ്ങളിൽ ചില മാറ്റങ്ങൾ വന്നതൊക്കെ സാറ അറിഞ്ഞിരുന്നു.
ഇപ്പോൾ കന്യാസ്ത്രീകളും കുർബാന നൽകുമത്രേ.
പെട്ടെന്ന് സെമിത്തേരിക്കടുത്തുള്ള പള്ളിയുടെ വെളിമ്പറമ്പിലേക്ക് സാറയുടെ
കണ്ണേറ് വീണു. കൃത്യമായ അകലത്തിൽ നിറച്ച കതനകുറ്റികൾ. കണ്ണെത്താ
ദൂരത്തോളം മാല പടക്കത്തിന്റെ നിര! സാറ നടുങ്ങി. അവൾ അകത്തേക്കു നോക്കി.
അൾത്താരയിൽ പുരോഹിതനൊപ്പം വെളുത്ത വസ്ത്രം ധരിച്ച ഒരു കന്യാസ്ത്രീ കാസ
നെഞ്ചോട് അടുക്കി, തൃപ്പാഥേയവും കൊണ്ട് നിൽക്കുന്നത് സാറ കണ്ടു. മുഖാമുഖം
നിൽക്കുന്ന വിശ്വാസികൾക്ക് കുർബാന നൽകുവാനായി ആ സന്യാസിനി പടികൾ ഇറങ്ങി
വന്നു. ഒരു ദിവ്യ സ്മിതത്തോടെ അവർ അടുത്തേക്ക് അണയവേ പണ്ടേ പരിചിതമായ
തവിട്ടു നിറമുള്ള കണ്ണുകൾ കണ്ട് സാറ ഞെട്ടി . പെട്ടെന്ന് കാതടപ്പിക്കുന്ന
ശബ്ദത്തിൽ പടക്കം പൊട്ടാൻ തുടങ്ങി.