
ജൂണ്‍ നാലിന് തിയേറ്ററുകളിലെത്തിയ രാം ചരണ്‍ ചിത്രം പെഡ്ഡി ബോക്‌സ് ഓഫീസില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ആഗോള തലത്തില്‍ 100 കോടി രൂപയിലധികം കളക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗുകളില്‍ ഒന്നായി ചിത്രം മാറി. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യദിനം 69 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ആഗോള തലത്തില്‍ ഏകദേശം 112.49 കോടി രൂപ നേടിയിട്ടുണ്ട്.
അതിനിടെ, ചിത്രത്തിന്റെ ഈ വമ്പന്‍ വിജയം രാം ചരണിന്റെ ഭാര്യയും സംരംഭകയുമായ ഉപാസന കൊനിഡേല ആരാധകര്‍ക്കൊപ്പം ആഘോഷിക്കുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍
വൈറലായിക്കൊണ്ടിരിക്കുകയാണ്. 'പെഡ്ഡി ബ്ലോക്ക്ബസ്റ്റര്‍' എന്നും മികച്ച റേറ്റിങ്ങിനെ സൂചിപ്പിക്കുന്ന അഞ്ച് നക്ഷത്ര ചിഹ്നങ്ങളും പതിപ്പിച്ച കേക്ക് മുറിച്ചായിരുന്നു ഉപാസനയുടെ ആഘോഷം. ആരാധകര്‍ പടക്കം പൊട്ടിച്ചും ആഹ്ലാദപ്രകടനങ്ങള്‍ നടത്തിയും വിജയം ആഘോഷിച്ചു.