Image

ഇരുന്നൂറ് കോടി ക്ലബില്‍നിന്ന് കോടതി കയറിയ മഞ്ഞുമ്മല്‍ ബോയ്സ്; ആയിരം പേജുള്ള കുറ്റപത്രം, സൗബീനും പിതാവും നിര്‍മ്മാതാവും പ്രതികള്‍

Published on 05 June, 2026
 ഇരുന്നൂറ് കോടി ക്ലബില്‍നിന്ന് കോടതി കയറിയ മഞ്ഞുമ്മല്‍ ബോയ്സ്; ആയിരം പേജുള്ള കുറ്റപത്രം, സൗബീനും പിതാവും നിര്‍മ്മാതാവും പ്രതികള്‍


കൊച്ചി: മലയാള സിനിമ ചരിത്രത്തില്‍ 200 കോടിക്കിലുക്കവുമായി ഇടംപിടിച്ച സിനിമയാണ് ചിദംബംരം സംവിധാനംചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്. ഇരുനൂറ് കോടി ക്ലബില്‍ കയറുന്ന ആദ്യ മലയാള ചിത്രമെന്ന് ഖ്യാതിനേടി അന്യഭാഷകളിലും തരംഗമായി മാറിയ മഞ്ഞുമ്മല്‍ ബോയ്സിന്റെ വിധി പക്ഷേ, കോടി ക്ലബില്‍നിന്ന് നേരെ കോടതി കയറാനായിരുന്നു.

സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരേ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ച് അരൂര്‍ സ്വദേശിയായ സിറാജ് വലിയവീട്ടില്‍ ഹമീദ് പരാതിയുമായിരംഗത്തുവന്നതോടെയാണ്  ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. സിനിമയുടെ ലാഭത്തിന്റെ 40% നല്‍കാമെന്ന് കാണിച്ച് പ്രതികള്‍ ഏഴുകോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് സിറാജിന്റെ പരാതി. ചിത്രത്തിന്റെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് കേസിലെ പ്രതികള്‍.

2024 ഫെബ്രുവരിയിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രം പുറത്തിറങ്ങിയ ശേഷം വിചാരിച്ചതിനേക്കാള്‍ വലിയ വിജയം ഉണ്ടാവുകയും  സാമ്പത്തികലാഭം ലഭിക്കുകയും ചെയ്തു. എന്നാല്‍, സിനിമയുടെ നിര്‍മാണത്തിനായി പ്രതികള്‍ സ്വന്തമായി പണം മുടക്കിയിട്ടില്ല, പകരം ഏഴുകോടി രൂപ സിറാജിന്റെ കൈയില്‍നിന്ന് വാങ്ങിയാണ് ഉപയോഗിച്ചതെന്നാണ് ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ആയിരം പേജുള്ള കുറ്റപത്രമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചത്. സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് കുറ്റപത്രത്തിലുള്ളത്. ചിത്രം വന്‍ വിജയമായതിന് ശേഷം സൗബിനും പിതാവും നിര്‍മാതാവുമായ ബാബു ഷാഹിറും മുടക്കുമുതലോ മറ്റേതെങ്കിലും തരത്തിലുള്ള ലാഭവിഹിതമോ ഒന്നുതന്നെ നല്‍കിയില്ലെന്ന് സിറാജിന്റെ പരാതിയില്‍ പറയുന്നുണ്ട്.

വിശ്വാസവഞ്ചന നടത്തിയിട്ടില്ലെന്നും വാങ്ങിയ പണം തിരികെ നല്‍കിയിട്ടുണ്ടെന്നും ആയിരുന്നു പ്രതികളുടെ വാദം. പിന്നീട്, ഇത്തരത്തില്‍ ഒരു പണമിടപാട് നടത്തിയിട്ടേയില്ല എന്ന നിലപാടാണ് പ്രതികള്‍ സ്വീകരിച്ചത്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബാബു ഷാഹിര്‍ സുപ്രീംകോടതിയെ അടക്കം സമീപിച്ചിരുന്നെങ്കിലും കോടതി ഈ കേസ് തള്ളിക്കളയുകയായിരുന്നു. വിശ്വാസവഞ്ചന, ചതി, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്. വഞ്ചിക്കണം എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ചിദംബരം സംവിധാനംചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് 'ഗുണാ കേവ്സും'അതിനോടനുബന്ധിച്ച് നടന്ന യഥാര്‍ഥ സംഭവത്തെയും ആസ്പദമാക്കി ഒരുക്കിയ ഒരു സര്‍വൈവല്‍ ത്രില്ലറാണ്. കൊച്ചി മഞ്ഞുമ്മലില്‍നിന്ന് കൊടൈക്കനാലിലെ ഗുണ കേവിലേക്ക്ടൂര്‍ പോകുന്ന കൂട്ടുകാരുടെ കഥയാണ് മഞ്ഞുമ്മല്‍ ബോയ്സ്. 4.5 കോടി മുടക്കുമുതലിലാണ് ചിത്രത്തിനായി പെരുമ്പാവൂരില്‍ ഗുണ കേവ് സെറ്റ് ഒരുക്കിയത്. കമല്‍ ഹാസന്‍ ചിത്രം ഗുണയ്ക്കുള്ള ട്രിബ്യൂട്ടും സിനിമയില്‍ കണ്‍മണി അന്‍പോട് എന്ന ഗാനം ഉപയോഗിച്ചതുമെല്ലാം തമിഴ്നാട്ടിലും വലിയ തരംഗം തീര്‍ത്തിരുന്നു.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍,  വിഷ്ണു രഘു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മഞ്ഞുമ്മല്‍ ബോയ്സ്' കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രീകരിച്ചത്.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക