
മാതംഗലീല എന്ന എൻ്റെ ആദ്യനോവൽ എഴുതുന്നതിനു മുൻപ് ഞാൻ നിർബന്ധമായും വായിക്കേണ്ടിയിരുന്ന ഒരു പുസ്തകമായിരുന്നു
" എൻ്റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു" .
2025 ഫെബ്രുവരിയിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഈ ബുക്കിൻ്റെ രചയിതാവ് ഡോക്ടർ കുഞ്ഞമ്മ ജോർജ്ജ് , വീട്ടിലെ അരുമയായിരുന്ന രവി എന്ന ആനയെ
പ്പറ്റിയുള്ള ഓർമ്മകളിലേക്കാണ് ഇതിൻ്റെ താളുകളിൽ തുറന്നു വെക്കുന്നത്.
സുൽത്താൻ ബത്തേരിയിലെ ഫോറസ്റ്റ് ഡിപ്പാർട്ടു മെൻ്റിൽ നിന്ന് 1967 ഫെബ്രുവരി ഒന്നാം തീയ്യതി ഒന്നരവയസ്സുകാരനായ രവി
ഡോക്ടർ കുഞ്ഞമ്മ ജോർജ്ജിൻ്റെ വീട്ടിലെത്തുന്നു . രചയിതാവിൻ്റെ ചാച്ചൻ്റെ അരുമയായി വളരുന്നു.
ചാച്ചൻ്റെ അമ്മ അദ്ദേഹത്തിന് ഒന്നരവയസ്സുള്ളപ്പോൾ മരിച്ചുപോയി.
രവിയുടെ അമ്മ അമ്മു എന്ന പിടിയാനയും ചരിഞ്ഞു പോയത് രവിയുടെ അതേ പ്രായത്തിലാണ്. അമ്മയില്ലാത്ത ഈ രണ്ടു പേരും ഇണപിരിയാത്ത ചങ്ങാതിമാരായി മാറുന്നു. രവി പതുക്കെ രവിക്കുട്ടനായി.
കുടുംബത്തിലെ അംഗത്തെപ്പോലെയായി.

ആനയുടെ ലക്ഷണങ്ങളും സ്വഭാവങ്ങളും സ്നേഹവും ബുദ്ധിയും ആർദ്രതയുമെല്ലാം
അതിമനോഹരമായി ചിലപ്പോൾ കണ്ണു നനയിപ്പിക്കും വിധം വരച്ചു കാട്ടുന്ന പുസ്തകമാണിത്.
വീട്ടിൽ ഒരു കുട്ടി മരിച്ചു പോകുമ്പോൾ രവി അത് വളരെ മുമ്പേ തിരിച്ചറിയുന്നതും മരണശേഷം ഭക്ഷണം ഉപേക്ഷിക്കുന്നതും ഒടുവിൽ ചങ്ങലയഴിച്ചു മാറ്റിയപ്പോൾ നിശ്ചലമായ ആ കുരുന്നു ദേഹത്തിനുമുന്നിൽ മുട്ടുകുത്തി തുമ്പികൈ കൊണ്ട് അന്ത്യ പ്രണാമം അർപ്പിച്ച് കണ്ണീരൊഴുക്കിയതുമൊക്കെ വായിക്കുമ്പോൾ ശരിക്കും ഞാൻ അറിയാതെ വിതുമ്പിപ്പോയി.
30 വയസ്സിനുശേഷം രവിയെ വിൽക്കേണ്ട
സാഹചര്യമുണ്ടാകുന്നു. പിന്നെ അവനെപ്പറ്റി ഒരു വിവരവും കിട്ടുന്നില്ല. പിന്നീടെപ്പോഴോ അന്വേഷിച്ച് കണ്ടുപിടിച്ച് അവനെ വാങ്ങി കൊണ്ടുപോയവരുടെ വീട്ടിൽ എത്തുന്നതും 'രവിക്കുട്ടാ' എന്ന ആദ്യ വിളിയിൽ തന്നെ അവൻ ഡോക്ടർ കുഞ്ഞമ്മയെ തിരിച്ചറിയുന്നതും അവരോട് ചേർന്നു നിന്ന് ഓർമ്മകളെ തിരിച്ചു പിടിക്കുന്നതും കണ്ണീർ ത്തൂവുന്നതുമൊക്കെ അൽഭുതത്തോടെയല്ലാതെ വായിച്ചവസാനിപ്പിക്കാൻ പറ്റില്ല.മാതംഗലീല
വായിച്ച് അഭിപ്രായം പറയാനാണ് ഡോക്ടർ എന്നെ വിളിക്കുന്നത്..
നോവലിനെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞതിനോടൊപ്പം ആനയെ സംബന്ധിച്ച് നോവലിൽ ഞാൻ വരുത്തിയ
ഒരു തെറ്റ് തിരുത്തിത്തന്നതും ഡോക്ടറാണ്.

ഇത് ഉടൻ വരാൻ പോകുന്ന പതിനൊന്നാമത്തെ പതിപ്പിൽ ഞാൻ ചേർത്തിട്ടുമുണ്ട്.
കടപ്പല്ലുകൾ കൊമ്പുകളാകുന്നതായിട്ടാണ് ഞാൻ നോവലിൽ എഴുതി വെച്ചിരിക്കുന്നത്. പക്ഷേ ആനയുടെ മുൻവശത്തുള്ള ഉളിപ്പല്ലുകളാണ് പ്രായപൂർത്തിയാകുമ്പോൾ തേറ്റകളായി പരിണമിക്കാറുള്ളത്.
നോവലിൽ ആദ്യഭാഗത്ത് നീലകണ്ഠൻ എന്ന
ആന മദപ്പാടു വന്ന് രതിയുടെ മൂർദ്ധന്യാവസ്ഥയിൽ മനുഷ്യ സഹജമായ ഒരു സവിശേഷ സ്വഭാവം കാണിക്കുന്നതും അതിൻ്റെ പൂർത്തീകരണത്തിനായി ശ്രമിക്കുന്നതും പാപ്പാനായ
ബാലകൃഷ്ണൻ അത് സാധിച്ചു കൊടുക്കുന്നതുമായ ഒരു രംഗമുണ്ട്. മദം പൊട്ടുമ്പോൾ ആനകൾ
കാമനയുടെ സംപൂർണ്ണതയ്ക്കായി ഇങ്ങനെ
ചിന്തിക്കുമെന്ന് ഭാവനയിൽ കണ്ടാണ്
ഞാൻ ഇക്കാര്യംഎഴുതിയത്. പക്ഷേ ഗ്രന്ഥകാരി ഈ പുസ്തകത്തിൽ ഞാൻ ഭാവനയിൽ കണ്ടത് യാഥാർത്ഥ്യണെന്ന്
രവിയെ നിരീക്ഷിച്ചതിൻ്റെ അടിസ്ഥാനത്തിൽ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ ശരിക്കും ഞെട്ടിപ്പോയി.
എഴുത്തിന് പ്രവചന സ്വഭാവം ഉണ്ടെന്ന് ഈ സംഭവം എന്നെ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി.
മൃഗസ്നേഹികളും, പാരിസ്ഥിതികമായ ബോധവും അതിൻ്റെ നിലനിൽപ്പിനെപ്പറ്റി
ആകുലതകൾ ഉള്ളവരുമായ എല്ലാ നല്ല വായനക്കാരും വളരെ സരസവും
സരളവുമായ ഭാഷയിൽ എഴുതപ്പെട്ട ഈ
'ഗജ സ്മരണിക' വായിക്കുക തന്നെ വേണം.
നന്ദി പ്രിയപ്പെട്ട കുഞ്ഞമ്മ ജോർജ്ജ് ഇത്രയും നല്ലൊരു പുസ്തകം തന്നതിന്.