
മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് കേരള നിയമസഭയുടെ മേശപ്പുറത്തുവച്ച കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള ധവളപത്രം ഭരണ-പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള രൂക്ഷമായ വാക്‌പോരിന് കാരണമായി. പിണറായി സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ 2,212 കോടി രൂപ മാത്രമാണ് ഖജനാവില്‍ ബാക്കിയുണ്ടായിരുന്നതെന്നും 6,000 കോടിയോളം രൂപ ബാക്കിയുണ്ടെന്ന ഇടതുപക്ഷ വാദം ആളുകളെ കബളിപ്പിക്കലാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇടതുപക്ഷത്തിന്റെ അവകാശവാദത്തെ കണക്കുകള്‍ നിരത്തിയാണ് വി.ഡി. സതീശന്‍ നിയമസഭയില്‍ പൊളിച്ചടുക്കിയത്. പട്ടിക ജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കടക്കം നല്‍കാനുള്ള കോടികള്‍ നല്‍കാതെ 6,000 കോടി രൂപ ബാക്കിവെച്ചെന്ന് ഒരു കഥയുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് സതീശന്‍ തുറന്നടിച്ചു.
''നിങ്ങളുടെ കൈയില്‍ 6,000 കോടി രൂപ ബാക്കി ഉണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് തദ്ദേശസ്ഥാപനങ്ങളുടെ മൂന്നാം ഗഡു കൊടുത്തില്ല. 1982 കോടി രൂപയാണ് മൂന്നാം ഗഡു കൊടുക്കാനുള്ളത്. പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 377 കോടി രൂപ കൊടുക്കാനുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 21,000 കോടി രൂപയുടെ ഡി.എ കുടിശ്ശിക ബാക്കിവെച്ചാണ് പിണറായി സര്‍ക്കാര്‍ പടിയിറങ്ങിയത്. പെന്‍ഷന്‍കാര്‍ക്ക് 14,387 കോടിരൂപ കുടിശ്ശികയുണ്ട്. സപ്ലൈകോയ്ക്ക് 2,893 കോടി രൂപ നല്‍കാനുണ്ട്. വിലകയറ്റം നിലനില്‍ക്കുന്ന സംസ്ഥാനത്ത് അത് തടഞ്ഞുനിര്‍ത്തേണ്ട ഒരു ഏജന്‍സിയല്ലേ സപ്ലൈകോ..? മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് കൊടുക്കാനുണ്ട് 476 കോടി രൂപ. ഇതുമൂലം മരുന്ന് വിതരണം മുടങ്ങി. 2,017 കോടിരൂപ കാരണ്യയില്‍ കൊടുക്കാനുണ്ട്. എന്നിട്ട് 6,000 കോടി രൂപ ബാക്കിവെച്ചെന്ന് ഒരു കഥയുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക. കടക്കാര്‍ വാതില്‍ക്കല്‍ വന്ന് നില്‍ക്കുകയാണ്. എന്നിട്ടാണ് പറയുന്നത് ഞങ്ങള്‍ പൈസ ബാക്കിവെച്ചിട്ടാണ് പോയിരിക്കുന്നതെന്ന് പറയുന്നത്...'' മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലും ഈ ആരോപണത്തെ ശക്തമായി പ്രതിരോധിച്ചിു. സംസ്ഥാനത്തിന്റെ സാമ്പത്തിക നില വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് ബാലഗോപാല്‍ വാദിച്ചു. സര്‍ക്കാരിന്റെ ആഭ്യന്തര കണക്കുകള്‍ പങ്കുവെക്കാന്‍ പാടില്ലാത്ത സ്വകാര്യ വ്യക്തികളാണ് ഈ രേഖ തയ്യാറാക്കിയതെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെയും ഭരണഘടനയുടെയും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുന്‍കാലങ്ങളിലെല്ലാമുള്ള ധവളപത്രങ്ങള്‍ ധനകാര്യ വകുപ്പാണ് തയ്യാറാക്കിയിരുന്നതെന്നും അതൊരു രാഷ്ട്രീയ രേഖയായിരുന്നുവെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ആശങ്കാജനകമായ ചിത്രം പങ്കുവയ്ക്കുന്നതാണ് ധവളപത്രം. മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ 'കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം: ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട്' എന്ന 195 പേജുള്ള രേഖ പ്രകാരം, കേരളം നിലവില്‍ 5.07 ലക്ഷം കോടി രൂപയുടെ ബാധ്യതയും ആകെ റവന്യൂ വരുമാനത്തിന്റെ 77.6 ശതമാനം വരുന്ന ഭാരിച്ച ചെലവുകളും റവന്യൂ വരുമാനത്തിന്റെ 20.9 ശതമാനം വരുന്ന പലിശ അടവും നേരിടേണ്ട അവസ്ഥയിലാണ്. ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി സതീശന്‍ ഈ സമിതിയുടെ കണ്ടെത്തലുകള്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞത്, ഇടതു സര്‍ക്കാര്‍ ബജറ്റ് കണക്കുകളില്‍ നടത്തിയ 'അനാവശ്യമായ' ഊഹാപോഹങ്ങള്‍ കാരണം 2026-27 വര്‍ഷത്തില്‍ കേന്ദ്ര വിഹിതത്തില്‍ കേരളത്തിന് ഏകദേശം 20,500 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ്.
സാമ്പത്തിക സ്ഥിതി വളരെ ദുര്‍ബലമാണെന്നും സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 35.5 ശതമാനം വരും നിലവിലുള്ള ബാധ്യതകളെന്നും മുഖ്യമന്ത്രി പറഞ്ഞു. ധവളപത്രം അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി 46.4 ശതമാനം ആയിരിക്കെ, കേരളത്തില്‍ ശമ്പളം, പെന്‍ഷന്‍, പലിശ അടവ് എന്നിവയുള്‍പ്പെടുന്ന ഒഴിവാക്കാനാവാത്ത ചെലവുകള്‍ക്കായി മാത്രം 2025-26 വര്‍ഷത്തെ റവന്യൂ വരുമാനത്തിന്റെ 77.6 ശതമാനം ഉപയോഗിച്ചു കഴിഞ്ഞു. കേരളത്തിന് ലഭിക്കുന്ന ഓരോ 100 രൂപ റവന്യൂ വരുമാനത്തിലും 77 രൂപയും ഇത്തരം ചെലവുകള്‍ക്കായി നീക്കിവെച്ചിരിക്കുകയാണ്. സ്‌കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍, മൂലധന നിക്ഷേപം, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സഹായം എന്നിവയ്ക്കായി വെറും 23 രൂപ മാത്രമാണ് ബാക്കിയുള്ളതെന്ന് ധവളപത്രത്തില്‍ പറയുന്നു.
ധവളപത്രത്തിലെ പല ശുപാര്‍ശകളും നിലവിലുള്ള സര്‍ക്കാര്‍ നയങ്ങളില്‍ നിന്നുള്ള വലിയ മാറ്റങ്ങളാണ് ആവശ്യപ്പെടുന്നത്. സംസ്ഥാന തലത്തില്‍ വിഭവങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍, വന്‍തോതിലുള്ള സ്വകാര്യ മേഖലയിലെ നിക്ഷേപത്തിന്' അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കാന്‍ ധവളപത്രം ശുപാര്‍ശ ചെയ്യുന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്, നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍, സംസ്ഥാനത്തെ ഊര്‍ജ്ജ മേഖല എന്നിവയുടെ കാര്യത്തിലാണ് ഈ നയപരമായ മാറ്റങ്ങള്‍ പ്രധാനമായും നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇവിടെയെല്ലാം സ്വകാര്യ നിക്ഷേപവും കേന്ദ്ര പൊതുമേഖലാ നിക്ഷേപവും കൊണ്ടുവരാന്‍ ധവളപത്രം നിര്‍ദേശിക്കുന്നു.
'സമാന്തര ഭരണ സംവിധാനം' എന്ന് വിശേഷിപ്പിക്കപ്പെട്ട കിഫ്ബി സമഗ്രമായ പുനഃസംഘടനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ധനസമാഹരണം നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ധനവകുപ്പിന് കീഴില്‍ രൂപീകരിച്ച ഒരു സ്വതന്ത്ര കോര്‍പ്പറേറ്റ് സ്ഥാപനമാണ് കിഫ്ബി. 2016-ലെ കിഫ്ബി ആക്ട് ഭേദഗതി ചെയ്യാനും കിഫ്ബി അക്കൗണ്ടുകളുടെ ഫോറന്‍സിക് ഓഡിറ്റ് നടത്താനും ധവളപത്രം ശുപാര്‍ശ ചെയ്യുന്നു. കിഫ്ബിയെ ബജറ്റ് നിയന്ത്രണത്തിന് കീഴിലും കംപിട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കീഴിലും കൊണ്ടുവരണമെന്നും ശുപാര്‍ശകളില്‍ പറയുന്നു.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍, കേരള വാട്ടര്‍ അതോറിറ്റി എന്നിവയില്‍ അടിയന്തര പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടുന്ന ധവളപത്രം, കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനും കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും ലയിപ്പിച്ച് ഒരൊറ്റ സ്ഥാപനമാക്കാനും ശുപാര്‍ശ ചെയ്യുന്നുണ്ട്. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി, വികസനത്തിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് വലിയ പങ്ക് നല്‍കാന്‍ ധവളപത്രം നിര്‍ദ്ദേശിക്കുന്നു. കേന്ദ്ര പൊതുമേഖലയുടെ വന്‍തോതിലുള്ള നിക്ഷേപത്തിന് സര്‍ക്കാര്‍ വഴിതുറക്കണമെന്നും ആവശ്യപ്പെടുന്നു.
2026-27-ലെ ബജറ്റ് കണക്കുകളില്‍, 16-ാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് അനുവദിച്ചതിനേക്കാള്‍ 20,500 കോടി രൂപ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട്, ഈ വിടവ് നികത്താന്‍ സംസ്ഥാനത്തിന് സ്വന്തം റവന്യൂ സമാഹരണം ശക്തമാക്കുകയും ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു. ശമ്പളം, പെന്‍ഷന്‍, വിരമിക്കല്‍ എന്നിവയുടെ കാര്യത്തില്‍ ''കഠിനമായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിത്...'' എന്ന് വ്യക്തമാക്കിയ രേഖ, വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനും 10 വര്‍ഷത്തിലൊരിക്കല്‍ മാത്രം ശമ്പള പരിഷ്‌കരണം നടത്തുന്നതിനുമുള്ള ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഏറ്റവും ഉയര്‍ന്ന ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങളിലൊന്നായിട്ടും കേരളത്തിന്റെ മൂലധനച്ചെലവ് ജി.എസ്.ഡി.പിയുടെ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം) 1.3 ശതമാനം മാത്രമാണ്, ഇത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണ്'. 'നിക്ഷേപിക്കാന്‍ കടം വാങ്ങുക, വളര്‍ച്ചയിലൂടെ അത് തിരിച്ചടയ്ക്കുക' എന്ന അടിസ്ഥാന തത്വത്തെ കേരളം വലിയ തോതില്‍ ലംഘിക്കുകയാണ്, ഇത് സംസ്ഥാനത്തിന്റെ വളര്‍ച്ചാ ശേഷിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ധവളപത്രം വ്യക്തമാക്കുന്നു.
വരുന്ന ജൂണ്‍ 19-ന് അവതരിപ്പിക്കാനിരിക്കുന്ന പുതുക്കിയ സംസ്ഥാന ബജറ്റിന് മുന്നോടിയായാണ് ധവളപത്രം പുറത്തുവിട്ടിരിക്കുന്നത്. പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ധവളപത്രം പ്രസിദ്ധീകരിക്കുമെന്നത്. മെയ് 19-ന്, മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍ അധ്യക്ഷനായി ധവളപത്രം തയ്യാറാക്കുന്നതിനായി ഒരു പ്രത്യേക സമിതി രൂപീകരിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ മുന്‍ ഡയറക്ടറുമായ ഡി നാരായണ, സെന്റര്‍ ഫോര്‍ ഡെവലലെപ്‌മെന്റ് സ്റ്റഡീസ് പ്രൊഫസറും ഡയറക്ടറുമായ സി വീരമണി എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഈ സമിതിയുടെ കണ്‍വീനറായിരുന്നു.