
അമേരിക്കൻ മലയാളി സമൂഹത്തിന് വലിയ ആവേശം പകർന്നുകൊണ്ടാണ് റോക്ക്ലാൻഡ് കൗണ്ടിയിലെ ജനപ്രിയ നേതാവായ പി.റ്റി. തോമസ് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലെ 96-ാം ഡിസ്ട്രിക്റ്റിലേക്ക് ഡെമോക്രാറ്റിക് പ്രൈമറിയിൽ ജനവിധി തേടുന്നത്. 2026 ജൂൺ 23-നാണ് നിർണ്ണായകമായ ഈ തിരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ കടുത്ത രാഷ്ട്രീയ വെല്ലുവിളികളും നിയമപോരാട്ടങ്ങളും നേരിട്ട്, ഒടുവിൽ കോടതിയിൽ സ്വയം വാദിച്ച് വിജയം നേടിയാണ് അദ്ദേഹം ബാലറ്റിൽ തന്റെ പേര് ഉറപ്പിച്ചത്. കൗണ്ടിയിലെ 44 വർഷത്തെ ദീർഘകാല പ്രവാസ ജീവിത പരിചയവും, വേദനകളെ അതിജീവിച്ച തന്റെ കനൽവഴികളും, കമ്മ്യൂണിറ്റിയുടെ വികസന സ്വപ്നങ്ങളും അദ്ദേഹം ഈ അഭിമുഖത്തിലൂടെ പങ്കുവയ്ക്കുന്നു...

ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ താങ്കൾക്ക് പ്രചോദനമായത് എന്താണ്?
റോക്ക്ലാൻഡ് കൗണ്ടിയിലെ 44 വർഷത്തെ ദീർഘകാല പ്രവാസ ജീവിത പരിചയമാണ് എന്റെ കരുത്ത്.അമേരിക്കയിലെത്തിയ കാലം മുതൽ ഈ പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ച നേരിട്ട് കണ്ടും അനുഭവിച്ചുമുള്ള ഒരാളാണ് ഞാൻ. 2014-ൽ ഇതേ സീറ്റിൽ മത്സരിച്ചിരുന്നെങ്കിലും അന്ന് വിജയിക്കാൻ കഴിഞ്ഞില്ല. വീണ്ടും മത്സരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ഭാര്യ ലീലാമ്മയുടെ ക്യാൻസർ ചികിത്സയും പരിചരണവും പ്രധാന ഉത്തരവാദിത്തമായി. 2020-ൽ ലീലാമ്മയും തൊട്ടുപിന്നാലെ ഇളയ അനിയനും, 2022-ൽ മരുമകനും അകാലത്തിൽ വിടപറഞ്ഞു. ഈ മൂന്ന് മരണങ്ങളുടെ ആഘാതത്തിൽ നിന്നും വേദനാജനകമായ സാഹചര്യങ്ങളിൽ നിന്നും പതുക്കെ മോചിതനായ ശേഷമാണ് ജനങ്ങളെ കൂടുതൽ ശക്തമായി സേവിക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയത്. ഇത്തവണ അമേരിക്കൻ രാഷ്ട്രീയത്തിലെ കുത്തകകൾക്കെതിരെ കോടതിയിൽ ഞാൻ സ്വയം വാദിച്ച് വിജയം നേടിയാണ് ജനങ്ങളിലേക്ക് ഇറങ്ങുന്നത്.

'പുട്ടിങ് പീപ്പിൾ ഓവർ പ്രോഫിറ്റ് ആൻഡ് പൊളിറ്റിക്സ്'(ലാഭത്തിനും രാഷ്ട്രീയത്തിനും ഉപരിയായി ജനങ്ങൾക്ക് മുൻഗണന) എന്ന താങ്കളുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം അർത്ഥമാക്കുന്നത് എന്താണ്?
ഞാൻ ഒരു ലൈസൻസ്ഡ് സർട്ടിഫൈഡ് സോഷ്യൽ വർക്കറുമാണ്. കൂടാതെ ഐ.ആർ.എസ് (IRS) അംഗീകൃത ടാക്സ് പ്രിപ്പെയററുമാണ്. എന്റെ ഈ പ്രൊഫഷണൽ പശ്ചാത്തലമാണ് ഈ മുദ്രാവാക്യത്തിന് പിന്നിൽ. രാഷ്ട്രീയം എന്നത് കോർപ്പറേറ്റ് ലാഭത്തിന് വേണ്ടിയാകരുത്, മറിച്ച് സാധാരണക്കാരായ കുടുംബങ്ങളെ ശക്തമാക്കാൻ വേണ്ടിയാകണം എന്ന് ഞാൻ വിശ്വസിക്കുന്നു. റോക്ക്ലാൻഡ് കൗണ്ടിയിലെ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസിൽ (CPS) സൂപ്പർവൈസറായിരുന്ന കാലത്തെ അനുഭവം എന്നെ പഠിപ്പിച്ചത് കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഏറ്റവും പ്രധാനമെന്നതാണ്. ലാഭവും രാഷ്ട്രീയവും മനുഷ്യജീവിതത്തെക്കാൾ വലിയതല്ല. കുടുംബങ്ങൾക്കും കുട്ടികൾക്കും സമൂഹത്തിനും പ്രാധാന്യം നൽകുന്ന നയങ്ങളാണ് ഞാൻ മുന്നോട്ടുവയ്ക്കുന്നത്.
മുൻകാലങ്ങളിൽ പ്രശ്നബാധിത കുടുംബങ്ങളിലെ കുട്ടികളെ ഫോസ്റ്റെർ കെയറിലേക്ക് മാറ്റുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ അത് കുട്ടികൾക്ക് മാനസികമായി വലിയ ആഘാതമായിരുന്നു. അതിനാൽ കുടുംബങ്ങളെ പിന്തുണച്ച് കുട്ടികളെ സ്വന്തം വീടുകളിൽ തന്നെ സുരക്ഷിതമായി വളരാൻ സഹായിക്കുന്ന 'ഫാമിലി അസസ്മെന്റ് റെസ്പോൺസ്' പദ്ധതി രൂപപ്പെടുത്തുന്നതിൽ ഞാൻ പങ്കാളിയായി. അതിലൂടെ ഫോസ്റ്റെർ കെയറിലേക്കുള്ള കേസുകൾ ഗണ്യമായി കുറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായി ഞാൻ അതിനെ കാണുന്നു.

സോഷ്യൽ വർക്കർ എന്ന പശ്ചാത്തലം രാഷ്ട്രീയത്തിൽ എത്രത്തോളം സഹായകരമാണെന്ന് കരുതുന്നു?
ഫോർഡം യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (MSW) ബിരുദം ജനങ്ങളുടെ പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും അവരെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റാനും എന്നെ സഹായിച്ചു. ഒരു രാഷ്ട്രീയപ്രവർത്തകനു അത്യാവശ്യമായ മനുഷ്യത്വപരമായ സമീപനം സാമൂഹ്യപ്രവർത്തന പഠനത്തിലൂടെ ലഭിക്കുന്നു.
ന്യൂയോർക്കിലെ നിലവിലെ വിലക്കയറ്റത്തെയും ഭവനപ്രതിസന്ധിയെയും താങ്കൾ എങ്ങനെ നേരിടും?
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും എനർജി കോസ്റ്റും സാധാരണക്കാരായ കുടുംബങ്ങളെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്യാസ്, ഇലക്ട്രിസിറ്റി ചാർജ്ജുകൾ ഇരട്ടിയായി. സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ വഴി ഇത്തരം അനിയന്ത്രിതമായ ഊർജ്ജവില വർദ്ധനവിന് തടയിടാൻ ആവശ്യമായ റെസല്യൂഷനുകൾ അസംബ്ലിയിൽ കൊണ്ടുവരും.സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള സാമ്പത്തിക അന്തരം വർധിച്ചുകൊണ്ടിരിക്കുകയാണ്. നികുതി നയങ്ങളിലൂടെയും സഹായപദ്ധതികളിലൂടെയും ആ അന്തരം കുറയ്ക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. മധ്യവർഗത്തിനും താഴ്ന്ന വരുമാനക്കാർക്കും കൂടുതൽ പിന്തുണ നൽകണം.

വാൾസ്ട്രീറ്റിലെ കോടീശ്വരന്മാർക്ക് കൃത്യമായ ടാക്സേഷൻ ഏർപ്പെടുത്തി, പാവപ്പെട്ടവർക്കുള്ള ഗവൺമെന്റ് അസിസ്റ്റൻസ് വർദ്ധിപ്പിക്കാൻ ശ്രമിക്കും. കൗണ്ടിയിലെ ഭവനപ്രതിസന്ധി പരിഹരിക്കാൻ 'അഫോർഡബിൾ ഹൗസിങ്' പദ്ധതികൾക്ക് ഗവൺമെന്റ് സബ്സിഡി ഉറപ്പാക്കും. മുൻപ് വ്യക്തിപരമായി അഞ്ഞൂറിലധികം പേർക്ക് മോർട്ട്ഗേജ് ഗൈഡൻസ് നൽകി സ്വന്തമായി വീട് വാങ്ങാൻ സഹായിച്ചിട്ടുണ്ട്. ചെറുകിട ബിസിനസ്സുകൾക്ക് സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ (SBA) വഴി ഗവൺമെന്റ് ഫണ്ടിംഗും ലഭ്യമാക്കും.ചെറിയ ബിസിനസുകളാണ് പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്.
വിജയിച്ചാൽ എന്തൊക്കെ ചെയ്യണമെന്ന ആസൂത്രണത്തോടെയാണ് അങ്കത്തട്ടിൽ നിൽക്കുന്നത്.
കുടിയേറ്റ സമൂഹത്തിന്റെ പ്രശ്നങ്ങളിൽ സ്റ്റേറ്റ് അസംബ്ലിക്ക് എന്ത് ചെയ്യാൻ കഴിയും?
കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ഫെഡറൽ സർക്കാരിന്റെ പരിധിയിലാണ്. എന്നിരുന്നാലും കുടിയേറ്റ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിൽ സ്റ്റേറ്റ് തലത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.
റോക്ക്ലാൻഡിലെ വൈവിധ്യമാർന്ന കമ്മ്യൂണിറ്റികളെ ഒന്നിച്ച് കൊണ്ടുപോകാനും മലയാള ഭാഷ സംരക്ഷിക്കാനും എന്തൊക്കെ പദ്ധതികളാണുള്ളത്?
സ്പാനിഷ്, ഹേഷ്യൻ, ജൂത, മുസ്ലിം വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു മൾട്ടിഫേസ്ഡ് കമ്മ്യൂണിറ്റിയാണ് ഇവിടെയുള്ളത്. ഈ വിവിധ ജനവിഭാഗങ്ങളുമായി എനിക്കുള്ള വ്യക്തിപരമായ സൗഹൃദം ഉപയോഗിച്ച്, എല്ലാവരെയും ഒന്നിച്ച് നിർത്തി കൗണ്ടിയിൽ സൗഹൃദാന്തരീക്ഷം നിലനിർത്താൻ പ്രത്യേക മീറ്റിംഗുകൾ സംഘടിപ്പിക്കും. പുതിയ തലമുറയിലെ മലയാളി കുട്ടികൾക്കായി മുൻപ് ഞാൻ ചില മലയാളം സ്കൂളുകൾ ആരംഭിച്ചിരുന്നു. അടുത്ത ഘട്ടമായി, മലയാളികൾ കൂടുതലുള്ള പ്രദേശങ്ങളിലെ സ്കൂളുകളിൽ മലയാളം ഒരു 'സെക്കൻഡ് ലാംഗ്വേജ്' ആയി പഠിക്കാൻ സാധിക്കുന്ന ഒരു 5-ഇയർ പ്ലാൻ നടപ്പിലാക്കാൻ ശ്രമിക്കും. അതോടൊപ്പം, അസംബ്ലി മീറ്റിംഗുകളും പ്രസംഗങ്ങളും റിയൽ ടൈം എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മലയാളത്തിലേക്ക് ഓട്ടോമാറ്റിക് ആയി തർജ്ജമ ചെയ്യാനുള്ള സൗകര്യവും ഒരുക്കും.

അമേരിക്കൻ മലയാളി സംഘടനകളുടെ പിന്തുണ എത്രത്തോളമുണ്ട്? വോട്ടർമാരോട് താങ്കൾക്ക് എന്താണ് അഭ്യർത്ഥിക്കാനുള്ളത്?
3000-ൽ പരം ജീവനക്കാരുള്ള സിവിൽ സർവീസ് അസോസിയേഷന്റെ (CSEA) ഏഴ് വർഷം ട്രഷററായും എട്ട് വർഷം പ്രസിഡന്റായും വിജയകരമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളി സമൂഹം എപ്പോഴും എന്റെ കൂടെയുണ്ട്. വർഷങ്ങളായി വിവിധ സംഘടനകൾക്കായി നികുതി സംബന്ധമായ ക്ലാസുകളും ബോധവത്കരണ പരിപാടികളും നടത്തിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമായി വലിയ പിന്തുണയാണ് ലഭിക്കുന്നത്.ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫൊക്കാന പോൾ കറുകപ്പിള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, നോഹ ജോർജ് എന്നിവർ ഉൾപ്പെടെ ഫൊക്കാന നേതൃത്വം പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അടക്കമുള്ള നേതാക്കളും ഗോപിയോയുടെ തോമസ് എബ്രഹാമും പിന്തുണ അറിയിച്ചിട്ടുണ്ടെന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഡബ്ലിയുഎംസി അടക്കം വിവിധ മലയാളി സംഘടനകളുടെ നേതാക്കളും സാമൂഹിക പ്രവർത്തകരും പ്രചാരണത്തിന് ശക്തമായ പിന്തുണ നൽകുന്നുണ്ട്.
അമേരിക്കൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ വംശജരുടെ വർധിച്ചുവരുന്ന സാന്നിധ്യത്തെ എങ്ങനെ കാണുന്നു?
ഇന്ത്യൻ വംശജർ കോർപ്പറേറ്റ് ലോകത്ത് വലിയ സ്ഥാനങ്ങളിൽ എത്തുന്നുണ്ടെങ്കിലും രാഷ്ട്രീയ രംഗത്ത് അത്രത്തോളം പ്രാതിനിധ്യം ലഭിച്ചിട്ടില്ല. നമ്മുടെ ജനസംഖ്യയ്ക്ക് അനുസൃതമായ രാഷ്ട്രീയ സാന്നിധ്യം ഉറപ്പാക്കാൻ കൂടുതൽ ഇന്ത്യൻ-അമേരിക്കക്കാർ പൊതുരംഗത്തേക്ക് വരണം.
വോട്ടർമാരോട് എന്താണ് പറയാനുള്ളത്?
അമേരിക്കയിലെ മലയാളികൾ കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ കാണിക്കുന്ന ആവേശം ഇവിടുത്തെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ കാണിക്കാറില്ല എന്നൊരു പരാതിയുണ്ട്. വോട്ട് ചെയ്യാനുള്ള ഈ വിമുഖത നാം മാറ്റണം. നമ്മുടെ വരുംതലമുറയുടെ സുരക്ഷയ്ക്കായി സ്റ്റേറ്റ് അസംബ്ലിയിൽ നമ്മുടേതായ ഒരു ശബ്ദം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ജൂൺ 23-ലെ പ്രധാന തിരഞ്ഞെടുപ്പ് തീയതി വരെ കാത്തുനിൽക്കാതെ, ജൂൺ 13 മുതൽ ആരംഭിക്കുന്ന ഏർളി വോട്ടിങ് സമ്പ്രദായം പ്രയോജനപ്പെടുത്തി എല്ലാവരും വോട്ട് രേഖപ്പെടുത്തണം. ഓരോ വോട്ടും വിലപ്പെട്ടതാണ്. ജൂൺ 13 മുതൽ ഏർലി വോട്ടിംഗ് ആരംഭിക്കും. ജനാധിപത്യത്തിൽ പങ്കാളികളാകുന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. റോക്ക്ലാൻഡിന് കൂടുതൽ മികച്ച ഭാവി ഒരുക്കാൻ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നു.
എന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കൂടെ നിൽക്കുന്നവർക്കും വോട്ടർമാർക്കും നന്ദി അറിയിക്കുന്നതിനായി വരാനിരിക്കുന്ന ഞായറാഴ്ച (ജൂൺ 7-ാം തീയതി) വൈകിട്ട് 6 മണിക്ക് പ്രത്യേക 'താങ്ക്യൂ ഡിന്നർ' സംഘടിപ്പിച്ചിട്ടുണ്ട്. ഏവരെയും അതിലേക്ക് സ്വാഗതം ചെയ്യുന്നു.
വ്യക്തിജീവിതത്തിലെ കടുത്ത വിയോഗങ്ങളെയും രാഷ്ട്രീയത്തിലെ പ്രതിസന്ധികളെയും തന്റെ അചഞ്ചലമായ പോരാട്ടവീര്യം കൊണ്ട് അതിജീവിച്ച പി.റ്റി. തോമസിന്റെ സ്ഥാനാർത്ഥിത്വം അമേരിക്കൻ മലയാളി സമൂഹത്തിന് കേവലം ഒരു രാഷ്ട്രീയ പോരാട്ടമല്ല, മറിച്ച് പ്രവാസി പെരുമയുടെ അടയാളപ്പെടുത്തൽ കൂടിയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളെ പ്രൊഫഷണൽ മികവോടെ സമീപിക്കുന്ന അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടുകളും, വരുംതലമുറയ്ക്ക് വേണ്ടിയുള്ള സാംസ്കാരിക പദ്ധതികളും 96-ാം ഡിസ്ട്രിക്റ്റിലെ വോട്ടർമാർ നെഞ്ചേറ്റുമെന്ന പ്രതീക്ഷയിലാണ് ക്യാമ്പയിൻ മുന്നേറുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിന്റെ അണിയറയിൽ മലയാളി കരുത്ത് തെളിയിക്കാൻ ജനവിധി തേടുന്ന പി.റ്റി. തോമസിന് ഈ വരുന്ന ജൂൺ 23-ലെ തിരഞ്ഞെടുപ്പിൽ വൻ വിജയം കൈവരിക്കാൻ സാധിക്കട്ടെ എന്ന് പ്രവാസി മലയാളി സമൂഹവും മാധ്യമങ്ങളും ഒരേമനസ്സോടെ ആശംസിക്കുന്നു.