Image

ഹൂസ്റ്റൺ പൂരം പൊടി പൂരം 2026

ശങ്കരൻകുട്ടി, ഹൂസ്‌റ്റൻ Published on 04 June, 2026
ഹൂസ്റ്റൺ പൂരം പൊടി പൂരം 2026

ഹൂസ്റ്റൺ: തൃശ്ശൂർ പൂരത്തിന്റെ മഹിമയും ആചാര വൈഭവവും കലാ സമ്പന്നതയും അമേരിക്കൻ മണ്ണിൽ അതേ പ്രൗഢിയോടെ പുനരാവിഷ്കരിച്ച "പൂരപ്പറമ്പിലെ ഹൂസ്റ്റൺ പൂരം 2026" മലയാളി സമൂഹത്തിന് മറക്കാനാവാത്ത അനുഭവമായി മാറി. ഏകദേശം 1500-ഓളം ആളുകളുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷം ഹൂസ്റ്റണിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായി ശ്രദ്ധേയമായി. എല്ലാ കലാകാരന്മാരും സംഘടനാ ഭാരവാഹികളും പൂരം പ്രേമികളും അണിനിരന്ന വർണാഭമായ ഘോഷയാത്ര ആഘോഷത്തിന് ആവേശം പകർന്നു.

 താളക്രമത്തിലും മേള ക്രമത്തിലും വളരെ പ്രശസ്തരായ പല്ലാവൂർ സഹോദന്മാരുടെ നേതൃത്ത്വത്തിൽ  ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ചെണ്ടമേളം കാണികളിൽ തൃശ്ശൂർ പൂരം നേരിട്ട് അനുഭവിക്കുന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. മുപ്പത് അടി ഉയരത്തിൽ പ്രത്യേകമായി നിർമ്മിച്ച ശ്രീ വടക്കുംനാഥ ക്ഷേത്രത്തിന്റെ മാതൃകയും, കുടയും ആലവട്ടവും വെൺചാമരവുമായി അണിഞ്ഞൊരുക്കിയ 15 ആനകളുടെ ദൃശ്യാവിഷ്കാരവും ആഘോഷത്തിന്റെ മുഖ്യ ആകർഷണങ്ങളായി. തൃശ്ശൂരിൽ നിന്ന് പ്രത്യേകമായി എത്തിച്ച കുടകളും വെൺചാമരങ്ങളും, ഹൂസ്റ്റണിലെ പൂരം പ്രേമികൾ സ്വന്തം കൈകളാൽ നിർമ്മിച്ച കാവടിയും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

 മെഗാ തിരുവാതിര, വീരനാട്യം, കാവടിയാട്ടം, ഫയർ ഡാൻസ് എന്നിവ ഉൾപ്പെടെയുള്ള തുടർച്ചയായ കലാപരിപാടികളിൽ നൂറിലധികം കലാകാരന്മാർ പങ്കെടുത്തത് ആഘോഷത്തിന് മാറ്റുകൂട്ടി. അമേരിക്ക മുഴുവനും പൂരം ആസ്പദമാക്കി സംഘടിപ്പിച്ച ദേശീയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.തൃശ്ശൂർ പൂരത്തിന്റെ ഓർമ്മകൾ പുതുക്കുന്ന തരത്തിൽ ഒരുക്കിയ 25-ഓളം സ്റ്റാളുകളുള്ള പൂരം എക്സിബിഷൻ വലിയ ജനശ്രദ്ധ നേടി. പൂരം ചരിത്രം അവതരിപ്പിച്ച പ്രത്യേക പ്രദർശനവും സന്ദർശകരുടെ പ്രശംസ പിടിച്ചുപറ്റി. 

തൃശ്ശൂരിന്റെ അഭിമാനങ്ങളായ വ്യവസായ പ്രമുഖൻ ജോയ് ആലുക്കാസ്, മിത്ര ഗ്രൂപ്പ്, മാലിയേക്കൽ ഫൗണ്ടേഷൻ, പ്രശസ്ത ഗായകൻ ഫ്രാങ്കോ എന്നിവരുള്‍പ്പെടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പത്തോളം പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.ആകാശം വർണാഭമാക്കിയ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ആഘോഷത്തിന്റെ ഉച്ചകോടിയായി മാറി. തുടർന്ന് ഗായകൻ ഫ്രാങ്കോ ഒരുക്കിയ സംഗീത വിരുന്നും വള്ളാടൻ നെവിൻ തകർത്താടിയ  ലൈവ് ഡിജെയും കാണികൾക്ക് ആവേശത്തിന്റെ പുതിയ അനുഭവം സമ്മാനിച്ചു. കലയും കലാകാരനും ജീവിക്കുന്നത് നല്ല ആസ്വാദകരിലൂടെയാണ് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഹൂസ്റ്റൺ പൂരം 2026

ധനിഷ, സാം സുരേന്ദ്രൻ, ജോൺ ആന്റണി കാട്ടൂകാരൻ, ജിനോ ജോൺസ് പള്ളത്ത്, ഡോ. സതീഷ് ചിയ്യാരത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളുടെ അശ്രാന്ത പരിശ്രമവും സംഘാടന മികവും ആഘോഷത്തിന്റെ വിജയത്തിന് കരുത്തായി.കേരളത്തിന്റെ സാംസ്കാരിക പൈതൃകവും തൃശ്ശൂർ പൂരത്തിന്റെ ആത്മാവും അമേരിക്കൻ മലയാളികളുടെ ഹൃദയങ്ങളിലേക്ക് എത്തിച്ച "പൂരപ്പറമ്പിലെ ഹൂസ്റ്റൺ പൂരം 2026" പ്രവാസ ലോകത്ത് മലയാളി സംസ്കാരത്തിന്റെ ശക്തമായ അടയാളപ്പെടുത്തലായി മാറിയതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ട. തോടെ സദിര് കഴിഞ്ഞു യവനിക താണു പൂരപ്പറമ്പിൽ ആളൊഴിഞ്ഞു.

വാർത്ത അയച്ചത്: ശങ്കരൻകുട്ടി, ഹൂസ്‌റ്റൻ

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക