
മുംബൈ: മുതിര്‍ന്ന ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) മുന്‍ ചെയര്‍മാനുമായ പഹ്ലജ് നിഹലാനി (76) അന്തരിച്ചു. മുംബൈയിലെ സ്വവസതിയില്‍രാവിലെ 9.30-നായിരുന്നു അന്ത്യം.ഇന്ന്(വ്യാഴാഴ്ച്ച) വൈകുന്നേരം 3 മണിക്ക് മുംബൈയിലെ സാന്താക്രൂസിലാണ് സംസ്‌കാര ചടങ്ങുകള്‍.
1980-കളുടെ തുടക്കത്തിലാണ് നിഹലാനി ചലച്ചിത്ര നിര്‍മാണരംഗത്തേക്ക് കടന്നുവരുന്നത്. 1982-ല്‍ പുറത്തിറങ്ങിയ 'ഹാത്കാഡി' ആണ് അദ്ദേഹം നിര്‍മിച്ച ആദ്യ ചിത്രം. പ്രമുഖ നടന്‍ ഗോവിന്ദയുടെ ആദ്യ ചിത്രമായ 'ഇല്‍സാം' (1986), ചുങ്കി പാണ്ഡെയെ ബോളിവുഡിന് പരിചയപ്പെടുത്തിയ 'ആഗ് ഹി ആഗ്' (1987) എന്നിവ നിര്‍മിച്ചത് അദ്ദേഹമാണ്. ഗുനാഹോം കാ ഫൈസല, പാപ് കി ദുനിയ, മിട്ടി ഔര്‍ സോനാ, ഷോല ഔര്‍ ഷബ്‌നം, ആംഖേന്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. ഇതില്‍ 1990-കളിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ 'ആംഖേന്‍' അദ്ദേഹത്തെ ബോളിവുഡിലെ മുന്‍നിര നിര്‍മാതാവാക്കി മാറ്റി. 2012-ല്‍ ഗോവിന്ദയെ നായകനാക്കി 'അവതാര്‍' എന്ന ചിത്രം അദ്ദേഹം സംവിധാനവും ചെയ്തിരുന്നു.
2015 ജനുവരിയിലാണ് പഹ്ലജ് നിഹലാനിയെ സിബിഎഫ്സി ചെയര്‍മാനായി നിയമിച്ചത്. വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ജെയിംസ് ബോണ്ട് ചിത്രമായ 'സ്‌പെക്ടര്‍', ബോളിവുഡ് ചിത്രങ്ങളായ 'ഉഡ്താ പഞ്ചാബ്', 'ജബ് ഹാരി മെറ്റ് സേജല്‍' തുടങ്ങിയവയിലെ ചില രംഗങ്ങള്‍ക്കും വാക്കുകള്‍ക്കും അദ്ദേഹം ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളും സെന്‍സര്‍ഷിപ്പും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നീട് 2017 ഓഗസ്റ്റില്‍ അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുകയും പ്രസൂണ്‍ ജോഷിയെ നിയമിക്കുകയും ചെയ്തു. സിബിഎഫ്സിയില്‍ നിന്നിറങ്ങിയ ശേഷം 'ജൂലി 2' എന്ന ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് അദ്ദേഹം വീണ്ടും സിനിമാരംഗത്ത് സജീവമായിരുന്നു.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിയെ പിന്തുണച്ചുകൊണ്ട് 'ഹര്‍ ഹര്‍ മോദി, ഘര്‍ ഘര്‍ മോദി' എന്ന പ്രൊമോഷണല്‍ ഗാനവും അദ്ദേഹം നിര്‍മിച്ചു. കൂടാതെ 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ആദരവായി 'മേരാ ദേശ് മഹാന്‍' എന്ന മ്യൂസിക് വീഡിയോയും അദ്ദേഹം പുറത്തിറക്കിയിരുന്നു. ഇതും ചര്‍ച്ചയായിരുന്നു.