
അവൻ , ന്യൂജെന്സ് ഏതു രൂപത്തിലും ഏത് സമയത്തും എവിടെയും പ്രത്യക്ഷപ്പെട്ടേക്കാം. ഭരണകൂടങ്ങളേ, രാഷ്ട്രീയകക്ഷികളേജാഗ്രത!!!!!
ആക്രമണകാരിയല്ലാത്തതും എന്നാൽ കേവലമായ സാന്നിധ്യംകൊണ്ടുതന്നെ
നമ്മെ അലോസരപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ഒരു
ക്ഷുദ്രജീവിയാണ് പാറ്റ. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിൽ
അപാരമായ അതിജീവനശേഷി അത് പ്രകടമാക്കുന്നു. കോക്രോച്ച് ജനതാ
പാർട്ടി എന്ന ഇന്ത്യയിലെ "അലസരും തൊഴിൽരഹിതരും";ആയ
യുവാക്കളുടെ ഓൺലൈൻ കൂട്ടായ്മ അടിച്ചമർത്താനാവാത്ത
അതിജീവനശേഷിയും പോരാട്ടവീര്യവും പ്രകടമാക്കുന്നത്
ഭരണകൂടത്തെ അമ്പരപ്പിക്കുകയും പൊതുസമൂഹത്തെ
വിസ്മയിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത, ഭരണകൂടത്തിന്റെ
കഴിവില്ലായ്‍മ , വ്യാപകമായ അഴിമതി എന്നിവയ്ക്കെതിരെ
ഉയർന്നുവന്ന യുവജനരോഷത്തിന്റെ പ്രതീകമായി
ദിവസങ്ങൾകൊണ്ടുതന്നെ അത് മാറിയിരിക്കുന്നു. സർക്കാരിന്റെ
കഴിവുകേടും ജാഗ്രതക്കുറവും യുവാക്കളെ എത്രത്തോളം മാരകമായി
ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്ന രണ്ട് സമീപകാല
സംഭവങ്ങളാണ് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും സി ബി
എസ് സി പരീക്ഷ മൂല്യനിര്ണയത്തിലെ പിഴവുകളും.
ഈ സംഭവങ്ങൾക്കെതിരെ ന്യൂജെൻസിന്റെ ഭാഗത്തുനിന്നുണ്ടായ
ശക്തമായ രോഷപ്രകടനത്തിന് വേദിയായത് കോക്രോച്ച് ജനതാ
പാർട്ടിയുടെ (സി ജെ പി ) സൈബറിടമാണ്. ജാതി- മത- കക്ഷി
ഭേദമില്ലാത്ത പ്രതിഷേധസ്വരമായിരുന്നു അത്. വ്യാവസ്ഥാപിത
രാഷ്ട്രീയ കക്ഷികൾക്ക് നിയന്ത്രിക്കാനോ പ്രതിരോധിക്കാനോ
കഴിയാത്തവിധം ആ പ്രതിഷേധം ശക്തി പ്രാപിച്ചു. ചോദ്യപ്പേപ്പർ
ചോർച്ച, മൂല്യനിര്ണയവിവാദം എന്നിവ മുൻനിർത്തി കേന്ദ്ര
വിദ്യാഭ്യാഅസമന്ത്രി രാജിവെക്കണമെന്ന ആവശ്യം സി ജെ പി
ഉയർത്തിയപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം സർക്കാരിന്
ബോധ്യമായത്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ പ്രതിപക്ഷം
മന്ത്രിയുടെ രാജി ആവശ്യം ഉന്നയിക്കുകയും സർക്കാർ അത് പതിവ്
ലാഘവത്തോടെ തള്ളിക്കളയുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ
ന്യൂജെൻസിന്റെ പ്രതിഷേധത്തെ അങ്ങനെ തള്ളിക്കളയാനാവില്ലെന്ന്
കേന്ദ്രം കരുതുന്നു. വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾക്കുപുറമെ
ദിവസേന എന്നോണം ഉള്ള പെട്രോൾ വിലവർദ്ധനവും അതിന്റെ
ഫലമായുണ്ടായ പൊതുവായ വിലക്കയറ്റവും യുവാക്കളെ
ബാധിക്കുന്നതാണ്. യുവാക്കളെ തണുപ്പിക്കാൻ എന്തുചെയ്യണം എന്ന
ആലോചനയിലാണ് ഇപ്പോൾ സർക്കാർ.

എന്തുകൊണ്ട് സർക്കാർ സി ജെ പിയെ ഭയക്കുന്നു? സൈബറിടങ്ങളിലെ
പ്രതിഷേധം തെരുവിലെത്തിയാൽ വലിയ പ്രശ്നമാകും.
സമീപരാജ്യങ്ങളിൽ പലതിലും ഇത്തരം ന്യൂജെൻസ് പ്രതിഷേധങ്ങൾ
ഭരണകൂടങ്ങളെ അട്ടിമറിക്കുന്ന നിലയിലേക്കുപോലും എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സ ജെ പി നേടിയ വളർച്ച (പിന്തുണ/പങ്കാളിത്തം)
അമ്പരപ്പുളവാക്കുന്നതാണ്. . 2026 മെയ് 16-ന് ആം ആദ്മി പാർട്ടിയുടെ മുൻ
സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ് ആയിരുന്ന അഭിജീത് ദിപ്കെയാണ് ഈ
പ്രസ്ഥാനം സ്ഥാപിച്ചത് 2026 മെയ് 15-ന് സുപ്രീം കോടതിയിൽ ഒരു
വാദത്തിനിടെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത
യുവാക്കളെ "പാറ്റകളോട്"(cockroaches) ഉപമിച്ചുകൊണ്ട് നടത്തിയ
പരാമർശം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ
പരാമർശത്തിനുള്ള മറുപടിയായാണ് അഭിജീത് ദിപ്കെ "കോക്രോച്ച്
ജനതാ പാർട്ടി"എന്ന ആശയവുമായി രംഗത്തെത്തിയത്. ;അലസരുടെയും
തൊഴിലില്ലാത്തവരുടെയും ശബ്ദം(Voice of the Lazy & Unemployed) എന്നതാണ്
ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. അംഗത്വം: തുടക്കത്തിൽ 48
മണിക്കൂറിനുള്ളിൽ 40,000-ത്തിലധികം രജിസ്റ്റർ ചെയ്ത അംഗങ്ങളെ ലഭിച്ചു.
സോഷ്യൽ മീഡിയ: ഇൻസ്റ്റാഗ്രാമിൽ രണ്ട് കോടി ഇരുപത്തിഏഴ് ലക്ഷം
ഫോളോവേഴ്‌സും എക്‌സിൽ (ട്വിറ്റർ) 1,50,000-ലധികം ഫോളോവേഴ്‌സുമുള്ള
ഈ പ്രസ്ഥാനം വലിയൊരു ഓൺലൈൻ സ്വാധീനമായി മാറിയിരിക്കുന്നു.
സി ജെ പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടിക്കാൻ സർക്കാർ
ശ്രമിച്ചതാണ്. എന്നാൽ അത് പ്രയോഗികമല്ലെന്നു താമസിയാതെ
വ്യക്തമായി. ദക്ഷിണേഷ്യയിലെ ചില രാജ്യങ്ങളിൽ ഇത്തരത്തിൽ
യുവാക്കളിൽ പ്രകടമായിരുന്നു അസ്വസ്ഥത തെരുവിൽ പ്രതിക്ഷേധമായും
തുടർന്ന് കലാപമാണ് മാറുകയുണ്ടായി. ഇത് നമുക്കും നമ്മുടെ
സർക്കാറിനും ഒരു പാഠമായിരിക്കേണ്ടതാണ്.

ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽനിന്ന് യുവജനരോഷം തെരുവുകളിലേക്ക്
തുളുമ്പിവീഴാൻ അധികസമയം വേണ്ട.എന്താണ് സമീപവർഷങ്ങളിൽ നമ്മുടെ അയല്രാജ്യങ്ങളായ ശ്രീലങ്കയിലും
ബംഗ്ളാദേശിലും നേപ്പാളിലും സംഭവിച്ചത്? ഈ രാജ്യങ്ങളിലെ
പൊതുവായ അവസ്ഥ എന്തായിരുന്നു? വ്യാപകമായ അഴിമതി,
വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം, ഭരണകൂടത്തിന്‍റെ
പാലിക്കപ്പെടാത്ത മോഹനവാഗ്ദാനങ്ങൾ എന്നിവയൊക്കെ ന്യൂജെന്സ്
രോഷത്തിന് കാരണമായി. ഉന്നതഭരണാധികാരികൾക്ക് ഒളിവിൽ
പോകുകയോ രാജ്യത്തുനിന്നുതന്നെ ഒളിച്ചോടുകയോ ചെയ്യേണ്ടിവന്നു. 2022
-ൽ ശ്രീലങ്കയിലായിരുന്നു ആദ്യ ഊഴം. പിന്നീട് 2024 -ൽ ബംഗ്ളാദേശിലും
2025 -ൽ നേപ്പാളിലും യുവറോഷം തെരുവിൽ പടർന്നു. തീർച്ചയായും
നമുക്ക് പഠിക്കാൻ ചില പാഠങ്ങൾ ഈ സംഭവങ്ങളിലുണ്ട്.
ഉദാഹരണത്തിന് ശ്രീലങ്കയിൽ പ്രസിഡന്റ് രാജപക്സെ 2021 -ൽ രാസവളം
നിരോധിക്കുകയും ജൈവകൃഷി ചെയ്യാൻ കർഷകരോട്
ആവശ്യപ്പെടുകയും ചെയ്തു. ആശയം നല്ലതെന്ന് തോന്നാം. എന്നാൽ
അധികം താമസിയാതെതന്നെ കാർഷികരംഗത്ത് ഉത്പാദനം
ഗണ്യമായികുറയുകയും അത് ജനങ്ങളെ വല്ലാത്ത പട്ടിണിയിലേക്ക്
തള്ളിവിടുകയുമായിരുന്നു. ഇവിടെ, ഇന്ത്യയിൽ ഇത്തരം നിയമൊന്നും
കൊണ്ടുവന്നിട്ടില്ലെങ്കിലും രാസവളം ഉപേക്ഷിച്ച് ജൈവകൃഷിയിലേക്ക്
നീങ്ങാൻ പ്രധാനമന്ത്രി കർഷകരെ ഉപദേശിച്ചത് കഴിഞ്ഞ ദിവസമാണ്.
സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തെ കളിയാക്കുന്നതരത്തിലും എന്നാൽ
വിമർശനത്തിന്റെ കൂർത്തമുനകളോടെയും ആണ് സി ജെ പി ചില
ഡിമാന്റുകൾ ഉന്നയിച്ചിരിക്കുന്നത്. വിരമിച്ച ശേഷം ഒരു ചീഫ് ജസ്റ്റിസിനും
രാജ്യസഭ സീറ്റ് നൽകാൻ പാടില്ല; വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന്
നീക്കം ചെയ്യുന്നത് തീവ്രവാദമായി കണക്കാക്കി, ഉത്തരവാദികളായ
തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യണം;
പാർലമെന്റിലും ക്യാബിനറ്റിലും സ്ത്രീകൾക്ക് 50% സംവരണം നൽകണം.
കൂറുമാറുന്ന എംപിമാർക്കും എംഎൽഎമാർക്കും 20 വർഷത്തേക്ക്
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തണം തുടങ്ങിയ സി
ജെ പിയുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുക.

ആദ്യം ഒന്ന് അമ്പരന്നുപോയ, കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി ജെപി
ക്ഷണവേഗത്തിൽ സി ജെ പിയെ തള്ളിപ്പറഞ്ഞു. അരാഷ്ട്രീയവാദമായാണ്
അതിനെ അവർ കണ്ടത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ
കലങ്ങിയവെള്ളത്തിലിറങ്ങി മീൻ പിടിക്കുകയല്ലാതെ മറ്റെന്തുചെയ്യാൻ?
വൻ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം നിശബ്ദനായ
പിണറായി വിജയൻ പോലും വലിയവായിൽ സി ജെ പി യെ പിന്തുണച്ച്
പ്രസ്താവന ഇറക്കി.
ശശി തരൂർ, മഹുവ മൊയ്ത്ര, കീർത്തി ആസാദ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ
നേതാക്കൾ ഈ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ
രാഷ്ട്രീയ നിരീക്ഷകർ സി ജെ പിയുടെ രംഗപ്രവേശത്തെ പല വിധങ്ങളിൽ
വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ട്. ശശി തരൂർ യുക്തിഭദ്രവും
അർത്ഥവത്തുമായ വിശദീകരണം ഈ പുതിയ പ്രതിഭാസത്തിന് നൽകിയത്
ശ്രദ്ധേയമാണ്. സി ജെ പിയുടെ X ഹാൻഡിലെ തടയപ്പെട്ടപ്പോൾ തരൂർ
പറഞ്ഞത് ഒരു ശരിയായ ജനാധിപത്യവ്യവസ്ഥയിൽ
ആക്ഷേപഹാസ്യത്തിനും പ്രതിഷേധത്തിനും യുവതയുടെ അസ്വസ്ഥതക്കും
സ്ഥാനമുണ്ട് എന്നാണ്.
എന്നാൽ ഭരണ-പ്രതിപക്ഷ കക്ഷികൾ അടങ്ങുന്ന നമ്മുടെ രാഷ്ട്രീയക്കാർ
ശ്രദ്ധിക്കാതെപോയ ഒരു കാര്യമുണ്ട്. ഇന്ത്യയിൽ ന്യൂജെന്സ് രോഷം
പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു. സമീപകാലത്ത് തമിഴ്‌നാട്ടിലും
കേരളത്തിലും അത് പ്രകടമായിരുന്നു. ഒരാൾക്കൂട്ടത്തെ മുൻനിർത്തി
എങ്ങനെയാണ് സുസജ്ജമായ പാർട്ടി ഘടനാസംവിധാനമുള്ള ഡി എം കെ
പോലുള്ള കക്ഷികളെ തറപറ്റിച്ച് നടൻ ജോസഫ് വിജയ് അധികാരം
പിടിച്ചെടുത്തത്? ന്യൂജെൻസിന്റെ പിന്തുണതന്നെ കാര്യം.
വോട്ടവകാശമില്ലാത്ത കുട്ടികൾ തങ്ങളുടെ രക്ഷിതാക്കളെ നിർബന്ധിച്ച്
സൂപ്പർതാരത്തിന് (കുട്ടികളുടെ വിജയ് മാമ) വോട്ടുചെയ്യിച്ചുവത്രെ.
കേരളത്തിൽ യു ഡി എഫിന്റെ വിജയശില്പിയായ വി ഡി സതീശനെ
മുഖ്യമന്ത്രിയാക്കാൻ ന്യൂജെന്സ് അതിന്റെ നിർണായക പങ്ക്
വഹിച്ചിട്ടുണ്ട്. തെരഞ്ഞ്ഞെടുക്കപ്പെട്ട എം എൽ എ മാരിൽ വലിയ
ഭൂരിപക്ഷമുണ്ടായിട്ടും ഹൈക്കമാന്റിന്റെ ശക്തമായ
പിന്തുണയുണ്ടായിട്ടും കെ സി വേണുഗോപാലിന്റെ ചുണ്ടിൽനിന്നും ആ
കപ്പ് തെറിപ്പിച്ചത്. അവരാണ്. സതീശനുവേണ്ടി സംസ്ഥാനത്തുടനീളം നടന്ന
പ്രതിഷേധ വിലാപങ്ങൾ കണ്ട് എപ്പോഴും ന്യൂജെൻസിന്റെ പൾസ്
പിടിച്ചുനോക്കുന്ന രാഹുൽ ഗാന്ധി അന്തംവിട്ടുപോയി.
അതുകൊണ്ട് അവൻ , ന്യൂജെന്സ് ഏതു രൂപത്തിലും ഏത് സമയത്തും
എവിടെയും പ്രത്യക്ഷപ്പെട്ടേക്കാം. ഭരണകൂടങ്ങളേ, രാഷ്ട്രീയകക്ഷികളേ
ജാഗ്രത!!!!!