
2024 ജൂൺ 3 നു അന്തരിച്ച സാംസ്കാരിക നേതാവ് ചെലവൂര്‍ വേണുവിനെ പറ്റി ഒരു പഠനം
ചിത്രം: ജോജി
അവധൂത സമാനമാണ് അന്തരിച്ച ചെലവൂർ വേണുവിന്റെ കോഴിക്കോട്ടു നഗരത്തിലെ ഫിലിം സൊസൈറ്റി-ചലച്ചിത്ര സംഘാടനങ്ങളുടെയും പ്രസാധന, മാധ്യമ പ്രവർത്തനങ്ങളുടെയും ആറു പതിറ്റാണ്ടിലേറെ നീണ്ട ജീവിതം. പഠനങ്ങളിലും മറ്റുള്ളവരുടെ ഓർമ്മകളിലും സ്വന്തം കുത്തിക്കുറിക്കലുകളിലും തെളിയുന്ന സവിശേഷ വ്യക്തിത്വം.
ചെലവൂർ വേണു. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാൾ, പ്രസാധകൻ, ഗ്രന്ഥകാരൻ, മാധ്യമപ്രവർത്തനത്തിൽ പുതുമകൾ അവതരിപ്പിച്ച വ്യക്തി, ഇടതുപക്ഷ വിദ്യാർത്ഥി, യുവജന പ്രസ്ഥാനത്തിന്റെ ആദ്യകാല മുൻനിര നേതാവ്. കേരളത്തിലെ സാംസ്കാരിക ചരിത്രത്തിലെ അനന്യ സാന്നിധ്യം. "അദ്യശ്യരുടെ ചരിത്രമെഴുതുമ്പോൾ മാത്രം തെളിഞ്ഞുവരുന്ന മുഖം”, കെ സി നാരായണൻ ഭാഷാപോഷിണിയിൽ (2024 മാർച്ച്) എഴുതി.
ജീവിതരേഖ
ഇലഞ്ഞിപ്പൊയിലിൽ 1944 മാർച്ച് ഒന്നിനാണ് വേണുവിന്റെ ജനനം. 1962 ൽ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ‘ഉമ്മ’ സിനിമയുടെ ആസ്വാദനം എഴുതിക്കൊണ്ട് എഴുത്തുകാരനായ തുടക്കം. പിന്നീട് ചന്ദ്രികയുടെ സ്ഥിരം ചലച്ചിത്ര നിരൂപകനായി. കൗമാരകാലത്ത് ഇടതുപക്ഷ ചിന്തകൾക്കൊപ്പം വളർന്ന സിനിമാക്കമ്പം വിദ്യാർത്ഥിയായിരിക്കെത്തന്നെ വേണുവിനെ സംഘടനാ നേതാവും ചലച്ചിത്ര നിരൂപകനുമാക്കി.

കോഴിക്കോട് ആകാശവാണി ജീവനക്കാരനായി കഴിഞ്ഞ ഇത്തിരിക്കാലം. പിന്നീട് മദിരാശിയിൽ ‘ന്റെപ്പുപ്പക്കോരാനേണ്ടാർന്നു' സിനിമയാക്കാനുള്ള തയ്യാറെടുപ്പുകളുമായി കഴിയുന്ന രാമുകാര്യാട്ടിന്റെ സഹായിയും തിരക്കഥയുടെ പകർപ്പെഴുത്തുകാരനുമായി. മദിരാശിയിൽ ടി നഗറിലെ രാജകുമാരി തീയറ്ററിൽ കണ്ട ലോക, ബംഗാളി ചലച്ചിത്രങ്ങൾ നൽകിയ പുതിയ കാഴ്ചകളും അറിവും സ്വപ്നങ്ങളുമായി വേണു കോഴിക്കോട് നഗരത്തിൽ തിരികെയെത്തി.
പുതുവഴി തുറന്ന ധീരപരീക്ഷണങ്ങളുടെ മാധ്യമ കാലങ്ങൾ. 1965 ൽ യുവഭാവന സാഹിത്യ സാംസ്കാരിക യുവജന വാരിക. 1967ൽ സ്റ്റേഡിയം സ്പോർട്ട് മാസിക. ഫെമിന മാതൃകയിൽ മലയാളത്തിലെ ആദ്യത്തെ വനിതാ മാസിക രൂപകല. 1969 ൽ സൈക്കോ മനശാസ്ത്ര മാസിക. മുൻമാതൃകകൾ ഇല്ലാതിരുന്ന മേഖലയിൽ വേണുവിന്റെ വിജയകരമായ സംരഭം. 1972 ഡിസംബർ 15 നു പ്രസിദ്ധീകരണം ആരംഭിച്ച സെർച്ച് ലൈറ്റ് രാഷ്ട്രീയ വാരിക. 1990 ൽ വർത്തമാനം സായാഹ്ന പത്രം. 1994 ൽ സിറ്റി മാഗസിൻ. ഇടയ്ക്കെന്നോ മോട്ടോർ വേൾഡ് എന്ന വാഹനസംബന്ധിയായ പ്രസിദ്ധീകരണം. 2017 മുതൽ മരണംവരെ ദൃശ്യതാളം ത്രൈമാസികയുടെ മുഖ്യ പത്രാധിപർ.
സജീവമായിരുന്നു ചെലവൂർ വേണുവിന്റെ ചലച്ചിത്ര, ഫിലിം സൊസൈറ്റി കാലങ്ങൾ. ചെറുതും വലുതുമായ ഒട്ടനവധി ചലച്ചിത്ര മേളകളുടെ മുഖ്യ സംഘാടകനും പുതിയ ചലച്ചിത്ര ഭാവുകത്വ വളർച്ചയിൽ പങ്കാളിയുമായി.

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിയൻ വൈസ് പ്രസിഡണ്ട്, ചലച്ചിത്രഗ്രന്ഥ അവാർഡ് നിർണ്ണയ സമിതി (പുസ്‌തകം) അംഗം, സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി അംഗം, തിയറ്റർ ക്ളാസിഫിക്കേഷൻ നിർണ്ണയസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2021 ൽ തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടി.
തലമുറകളിലേക്കും മേഖലകളിലേക്കും പടർന്നതായിരുന്നു ചെലവൂർ വേണുവിന്റെ കോഴിക്കോടൻ സൗഹൃദകാലങ്ങൾ. കോഴിക്കോട്ടുകാരുടെയോ കോഴിക്കോട്ട് ചിത്രീകരണം നടന്നതോ ആയ നവചലച്ചിത്ര സംരംഭങ്ങളുടെയെല്ലാം ഭാഗമായി. ചലച്ചിത്രകാരൻ ജോൺ എബ്രഹാമിന്റെ ജീവിതം പ്രമേയമാക്കി പ്രേംചന്ദ് തയ്യാറാക്കിയ 'ജോൺ' എന്ന ഡോക്യുമെന്ററിയിൽ ചെലവൂർ വേണുവായി അദ്ദേഹംതന്നെ അഭിനയിച്ചു.
മിഠായിത്തെരുവിനെ കുറിച്ച് എഴുതിയ കുറിപ്പ് (2017 ഒക്ടോബർ 27), കാർട്ടുണിസ്റ്റ് ജി അരവിന്ദൻ സിനിമാ സംവിധായകനായി മാറിയ കോഴിക്കോട്ടുകാലം വിഷയമായ "പാരഗണിൽ തുടങ്ങിയ അരവിന്ദായനം" എന്ന ലേഖനം (2024 മെയ് 05) പോലെ ഒട്ടനവധി രചനകൾ. 2014 ജൂൺ 16 ലക്കം മാതൃഭൂമി വാരികയിൽ എഴുതിയ ആത്മകഥപോലെ അവസാന രചന.
പുസ്തക പ്രസാധന രംഗത്തു അദ്ദേഹത്തിന്റെ പ്രപഞ്ചം ബുക്സ് രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ‘കടമ്മനിട്ടയുടെ കവിതകൾ’ മലയാള അച്ചടി ചരിത്രത്തിലെ മികച്ച മാതൃകകളിൽ ഒന്നാണ്. ‘കഥ തേടുന്ന സഞ്ചാരി’ (ചിന്ത) ‘ഒരേയൊരു ജോൺ’ (സ്പെൽ ബുക്ക്സ്, കോഴിക്കോട്) ‘സുജന്മം: എ സുജനപാൽ പ്രിയപ്പെട്ടവരുടെ ഓർമ്മയിൽ’ (മാതൃഭൂമി) ഇവ എഡിറ്റ് ചെയ്ത ഓർമ്മകുറിപ്പുകളുടെ സമാഹാരങ്ങൾ. ഒരു ഡസനിലേറെ മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെ എഡിറ്റർ.
2015 ൽ എഴുപത്തിഒന്നാം വയസ്സിൽ വിവാഹം. ഭാര്യ കേരള സർക്കാർ റിട്ടയാർഡ് ഗസറ്റഡ് ഓഫീസർ അറുപത്തിയഞ്ചുകാരി എസ് സുകന്യ.
2024 ജൂൺ 3 നു എൺപത്തിഒന്നാം വയസ്സിൽ അന്തരിച്ചു.

ചെലവൂർ വേണു പഠനങ്ങൾ
ചെലവൂർ വേണു എന്ന സവിശേഷ വ്യക്തിത്വത്തിന്റെ വൈവിധ്യങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ് നാളിതുവരെ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വന്തം രചനകളും പഠനങ്ങളും ഓർമ്മകുറിപ്പുകളും. അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെൻററികളുടെയും സ്വന്തം രചനകളുടെയും ദീർഘസംഭാഷണങ്ങൾ / അഭിമുഖങ്ങളുടെയും എഡിറ്റ് ചെയ്ത പുസ്തങ്ങളുടെയും വിവരങ്ങളാണ് രണ്ടുഭാഗങ്ങളുള്ള പഠന സഞ്ചികയുടെ ആദ്യഭാഗം. ആനുകാലികങ്ങളിലും പത്ര, ദൃശ്യ, ഓൺലൈൻ, സാമൂഹ്യ മാദ്ധ്യമങ്ങളിലും വന്ന ലേഖനങ്ങൾ, പഠനങ്ങൾ, ഓർമ്മകുറിപ്പുകൾ ഇവ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
2013 ൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത യാത്ര എന്ന ടെലി ട്രാവലോഗിന്റെ തൊണ്ണൂറ്റിഒൻപതാം എപ്പിസോഡിലൂടെ കോഴിക്കോടു നഗരത്തിലെ 'നഷ്ടപ്രസ്ഥാനങ്ങളുടെ കാവൽക്കാരനായ’ ചെലവൂർ വേണുവിന് ഒപ്പംനടന്നു എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മാങ്ങാട് രത്നാകരൻ ലോകത്തിനു കാട്ടിക്കൊടുത്തു. സ്വന്തം ജീവിതത്തെകുറിച്ചു 2017ൽ മാതൃഭൂമിയുടെ നഗരം സപ്ലിമെന്റിലും 2019 ഡിസംബറിൽ സമകാലിക മലയാളം വാരികയിലെ ദീർഘ സംഭാഷണത്തിലും ചെലവൂർ വേണു മനസ്സുതുറന്നു. ഒടുവിൽ 2021ൽ ജയൻ മാങ്ങാടിന്റെ ‘ചെലവൂർ വേണു: ജീവിതം കാലം’ എന്ന ടെലി ബയോപിക്.
ചെലവൂർ വേണുവിന്റെ 'ഓർമ്മയിൽ ശേഷിക്കുന്നത്' ആയിരുന്നു, "പാരഗണിൽ തുടങ്ങിയ അരവിന്ദായനം." പിന്നെ ഒടുവിൽ ‘ഓർമകളിലേക്കുണർന്നു വരികയായിരുന്ന’ ചെലവൂർ വേണുവിനെ മാതൃഭൂമി ബുക്സിലെ നൗഷാദും കാട്ടിത്തന്നു. മരണാനന്തരം, ആത്മകഥപോലെ...'

ഡോക്യുമെന്ററി/സ്ക്രിപ്റ്റ്
ചെലവൂർ വേണു (2019), പതിമൂന്നാം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, (SiGNS), 26- 2019 സെപ്റ്റംബർ 30. https://www.youtube.com/watch?v=KcVH-LYcm_k&t=12s
ജയൻ മാങ്ങാട് (2022), ‘ചെലവൂർ വേണു: ജീവിതം കാലം’, ഡോക്യുമെന്ററി. 2022 ൽ ജയൻ മാങ്ങാട്, സംവിധാനം ചെയ്തു ചലച്ചിത്ര അക്കാദമിയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളവും കൂടി നിർമ്മിച്ചത്. ആ വ്യക്തിത്വത്തിന്റെ വൈവിധ്യമാർന്ന പരിസരങ്ങളെ അടയാളപ്പെടുത്തുന്നു. സക്കറിയ, ശശികുമാർ, ഒ കെ ജോണി, മാങ്ങാട് രത്നാകരൻ, സി എസ് വെങ്കിടേശ്വരൻ തുടങ്ങി അടുത്ത വ്യക്തിബന്ധമുള്ളവരുമായ അഭിമുഖങ്ങൾ.
മാങ്ങാട് രത്‌നാകരൻ (2013), ചെലവൂർ വേണു (ഡോക്യുമെന്ററി). ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത യാത്ര എന്ന ടെലി ട്രാവലോഗിന്റെ തൊണ്ണൂറ്റിഒൻപതാം ഉപാഖ്യാനം. ചെലവൂർ വേണുവിന്റെ കോഴിക്കോട് നഗര ജീവിതത്തിന്റെ ദൃശ്യാനുഭവം. ഒന്നാം ഭാഗം, 2013 ഡിസംബർ 13. https://www.youtube.com/watch?v=wWcSseoonn4 , രണ്ടാം ഭാഗം, 2013 ഡിസംബർ 15. https://www.youtube.com/results?search_query=chelavoor+venu+mangadu+ratnakaran+yathra
മാങ്ങാട് രത്‌നാകരൻ (2021), ഉപ്പുപോലെ അലിഞ്ഞ്, പ്രഭാതരശ്മി (2021 സെപ്തംബർ 15), പുറം 38-43. ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത യാത്ര എന്ന തുടർപരിപാടിയിൽ ചെലവൂർ വേണുവിന്റെ കോഴിക്കോട് നഗരത്തിലെ ജീവിതം കാട്ടിത്തരുന്ന ഉപാഖ്യാനത്തിന്റെ പാഠം.
രചനകൾ/ദീർഘസംഭാഷണം
ചെലവൂർ വേണു (2009), എന്റെ കഥ : ഒരു ദേശത്തിന്റെയും, മാതൃഭൂമി നഗരം സപ്ലിമെന്റ്, 2009 ജൂലൈ 13; (രാകേഷ്, പി എസ്, എന്റെ നഗരം, പ്രമുഖ വ്യക്തികൾ കോഴിക്കോടുമായുള്ള ആത്മബന്ധം വിവരിക്കുന്ന പംക്തി), പുനഃപ്രസിദ്ധീകരണം, മാതൃഭൂമി, 2024 ജൂൺ 03. https://www.mathrubhumi.com/movies-music/features/remembering-late-film-critic-chelavoor-venu-1.9608856 പ്രമുഖ വ്യക്തികൾക്ക് കോഴിക്കോടുമായുള്ള ആത്മബന്ധം വിവരിക്കുന്ന 'എന്റെ നഗരം' പംക്തിയിൽ വന്ന ചെലവൂർ വേണുവിന്റെ കുറിപ്പ്. 2009 ൽ പി എസ് രാകേഷ് മാതൃഭൂമി 'നഗരം' സപ്ലിമെന്റിനായി തയ്യാറാക്കിയതായിരുന്നു 'എന്റെ നഗരം' പംക്തി. സൗഹൃദങ്ങൾമാത്രം മൂലധനമാക്കി നഗരത്തിലെ കലാ, സാംസ്‌കാരിക കുട്ടായ്മകളിലെല്ലാം സംഘാടകന്റെ വേഷത്തിൽ ഏറ്റെടുത്ത പരിപാടികളെല്ലാം വിജയിപ്പിച്ച ആ മനുഷ്യന്റെ നഗര സ്‌മരണകൾ ഇങ്ങനെ കൂടിയാണ്.
“ഇലഞ്ഞിപ്പൊയില്‍. 'ഒരു ദേശത്തിന്റെ കഥ'യിലെ ശ്രീധരന്‍ ജനിച്ച വീട്ടിലാണ് ഞാന്‍ പിറന്നത്. അച്ഛന്റെ പെങ്ങളുടെ മകനാണ് എസ് കെ പൊറ്റെക്കാട്. ചെലവൂരിലുള്ള ഞങ്ങളുടെ തറവാട്ടിലായിരുന്നു പൊറ്റെക്കാടും ജനിച്ചത്. വീടിന്റെ മുന്നില്‍ വലിയൊരു ഇലഞ്ഞി മരമുണ്ട്. തൊട്ടുമുന്നിലെ വീടിന്റെ പേരാണ് പൊയിലില്‍. രണ്ടും ചേര്‍ത്ത് എസ് കെ ദേശത്തിന്റെ കഥയിലെ നായകന്‍ ശ്രീധരന്റെ തറവാട്ടിനു പേരിട്ടു. അതാണ് ഇലഞ്ഞിപ്പൊയില്‍… ചെലവൂരിലെ തറവാട്ടുവീട്ടിൽനിന്ന് കോഴിക്കോട് നഗരത്തിലേക്ക് സ്ഥിരമായി വന്നത് സ്കൂൾ പഠനകാലത്തായിരുന്നു…. എല്ലാറ്റിനും സാക്ഷിയായി ഈ നഗരത്തിൽ അലഞ്ഞു നടന്നൊരാളുടെ ഓർമ്മക്കുറിപ്പാണിത്…
അന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ സ്ഥിരമായി കെ എസ് യുവിന്റെ കൈയിലായിരുന്നു. ആദ്യത്തെ യൂണിയന്‍ ചെയര്‍മാനായിരുന്നു സി എച്ച് ഹരിദാസ്. രണ്ടാമത് ജയിച്ചത് മുല്ലപ്പള്ളി രാമചന്ദ്രന്‍. മൂന്നാം തവണ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായിരുന്ന വി രാജഗോപാല്‍ ജയിച്ചുകയറി. നാലാമത്തെ തവണ എം ഐ ഷാനവാസ് ജയിച്ചു… നാലുപ്രാവശ്യവും യൂണിവേഴ്‌സിറ്റി യൂണിയന്റെ സാംസ്‌കാരികപരിപാടികള്‍ സംഘടിപ്പിച്ചത് ഞാനും ചിന്ത രവിയും ചേര്‍ന്നാണ്… സൗഹൃദത്തിനായിരുന്നു മുന്‍തൂക്കം നല്‍കിയിരുന്നത്.
കോഴിക്കോട് നഗരം എന്നും വലിയൊരു ദൗര്‍ബല്യമാണെനിക്ക്. ഒരു കാന്തക്കല്ലുപോലെ എല്ലാവരെയും ആകര്‍ഷിച്ചുനിര്‍ത്തുന്ന മാസ്മരികശക്തി ഈ നഗരത്തിനുണ്ട്....”

ചെലവൂർ വേണു (2017), മിഠായിത്തെരുവ്: രണ്ടു പേര്, രണ്ട് ഓർമ്മകൾ, മാതൃഭൂമി, 2017 ഒക്ടോബർ 27. അമ്മാവൻ എസ് കെ പൊറ്റക്കാടിന്റെ ഓർമ്മകൾക്കൊപ്പം തന്റെ ഓർമ്മകളും പങ്കുവെക്കുന്നു. സൗത്ത് മാനാഞ്ചിറ സ്ട്രീറ്റ് എന്ന എസ് എം സ്ട്രീറ്റ് എങ്ങനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്ന മിഠായിത്തെരുവായി എന്നതു കോഴിക്കോടിന്റെ ചരിത്രമെഴുതിയ കെ ബാലകൃഷ്ണക്കുറുപ്പിനോടൊപ്പം കണ്ടെത്തിയതും നഗരപിതാവായ ഇ സി ഭരതേട്ടന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതും വിവരിക്കുന്നു.
ചെലവൂര്‍ വേണു (2019), പാഴായില്ല, ആ ഫിലിം സൊസൈറ്റി കാലം, സമകാലിക മലയാളം വരിക, 2019 ജൂൺ 24. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെയും തന്റെ ചലച്ചിത്രാനുഭവങ്ങളെയുംകുറിച്ചു ചർച്ച ചെയ്യുന്ന ദീർഘസംഭാഷണം.
ചെലവൂർ വേണു(2024), പാരഗണിൽ തുടങ്ങിയ അരവിന്ദായനം," മാതൃഭൂമി വാരാന്ത്യപ്പതിപ്പ്, 2024 മെയ് 05 . റബ്ബർ ബോർഡ് ഉദ്യോഗസ്ഥനായി കോഴിക്കോട്ടെത്തിയ കാർട്ടൂനിസ്റ്റ് ജി അരവിന്ദൻ സിനിമാ സംവിധായകനായി മാറിയ സംഘംചേരലിന്റെയും സർഗാത്മകതയുടെയും സൗഹൃദത്തിന്റെയും കോഴിക്കോട്ടുകാലം അതിനു സാക്ഷിയായ വേണുവിന്റെ "ഓർമ്മയിൽ ശേഷിക്കുന്നത്" ആയിരുന്നു വിഷയം.
ചെലവൂർ വേണു (2024) ആത്മകഥ പോലെ..., മാതൃഭൂമി ആഴ്ചപ്പതിപ്പ്,102(13) : 26-27. തീർത്തും കിടപ്പിലാകുന്നതിന് ഏതാനും ആഴ്ചകൾക്കുമുൻപ് (ഫെബ്രുവരി അവസാനത്തിലും മാർച്ച് ആദ്യവാരത്തിലുമായി) 'ജീവിച്ചിടുന്നു സ്മൃതിയിൽ' എന്ന ശീർഷകത്തിൽ പുസ്തകമായി പ്രസിദ്ധീകരിക്കാൻ മുതിർന്ന പത്രപ്രവർത്തകനും സുഹൃത്തുമായ കോയ മുഹമ്മദിനെ ഏൽപിച്ച കുറിപ്പുകളിൽനിന്ന്.
നൗഷാദ് (2024), അവസാനം ഓർമകളിലേക്കുണർന്നു വരികയായിരുന്നു ചെലവൂർ വേണു…, https://truecopythink.media/memoir/commemmorating-chelavoor-venu-noushad സക്കറിയയുടെ അഭ്യർത്ഥനയെത്തുടർന്ന് നൗഷാദും ദേശാഭിമാനിയിലെ കോയ മുഹമ്മദും സുഹൃത്ത് വി.കെ. മുസ്തഫയും വേണുവിന്റെ ചെലവൂരെ വീട്ടിലെത്തി അവസാനമായി കണ്ടതിന്റെ ഓർമ്മ. എം ഗോവിന്ദൻ, പത്മരാജൻ, ഒ വി വിജയൻ അടക്കമുള്ളവരുടെ കോഴിക്കോടൻ ജീവിതം വിഷയമാക്കിയ പുസ്തക സ്വപ്നവും അഴീക്കോടൻ രാഘവനെ ദേശാഭിമാനിയിൽ കാണാൻപോയ കഥയും പുതിയ മാഗസിന്റെ ആശയം ഇഎംഎസ്സുമായി പങ്കുവെച്ച അനുഭവവും. 1994 ൽ ആദ്യത്തെ മെട്രോ മാഗസിൻ എന്ന ആശയം ചെലവൂർ വേണുവിനെ ‘വന്നു കൊത്തിയ’ കാലത്ത് അദ്ദേഹത്തിന്റെ കീഴിൽ കാനേഷ് പൂനൂർ, ഷീജ പൂന്താനത്ത് എന്നീ സഹപ്രവർത്തകർക്കുമൊപ്പം ജോലിചെയ്ത ഓർമകളും.
സമാഹൃതരചനകൾ
പുസ്തക പ്രസാധനരംഗത്തും ചെലവൂർ വേണു തന്റേതായ സംഭാവനകളിലൂടെ വ്യത്യസ്തനായി. അദ്ദേഹത്തിന്റെ പ്രപഞ്ചം ബുക്സ് പ്രസിദ്ധീകരിച്ച ‘കടമ്മനിട്ടയുടെ കവിതകൾ’ (1980) മുദ്രണത്തിലും രൂപകൽപ്പനയിലും മലയാള അച്ചടിചരിത്രത്തിലെ എന്നത്തേയും മികച്ച മാതൃകകളിൽ ഒന്നാണ്. വേണു എഡിറ്റുചെയ്ത ‘കഥ തേടുന്ന സഞ്ചാരി, (2014) എസ് കെ പൊറ്റക്കാടിനെകുറിച്ച് മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ ഓർമ്മകളും പൊറ്റക്കാടിന്റെ കൃതികളിലൂടെയുള്ള സഞ്ചാരവും ആണ്. കോഴിക്കോട് ഹരിതം ബുക്ക്സ് 2012 ൽ പ്രസിദ്ധീകരിച്ച ‘സുജന്മം: എ സുജനപാൽ പ്രിയപ്പെട്ടവരുടെ ഓർമ്മയിൽ’, കോഴിക്കോട് സ്‌പെൽ ബുക്ക്സ് പ്രസിദ്ധീകരിച്ച ‘ഒരേയൊരു ജോൺ’, ഇവ വേണു എഡിറ്റ് ചെയ്ത ഓർമ്മക്കുറിപ്പുകളുടെ സമാഹാരങ്ങളാണ്.
ചെലവൂർ വേണു ഒരു ഡസനിലേറെ മനശാസ്ത്ര ഗ്രന്ഥങ്ങളുടെയും എഡിറ്റർ ആണ്. എല്ലാം സൈക്കോ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വിഷയാടിസ്ഥാനത്തിൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചവയും.
ചെലവൂർ വേണു (1980),കടമ്മനിട്ടയുടെ കവിതകൾ, രണ്ടു വാല്യങ്ങൾ, കോഴിക്കോട്, പ്രപഞ്ചം ബുക്സ്.
ചെലവൂർ വേണു (2004), മനസ്സിന്റെ വഴികൾ, കോഴിക്കോട്, മാതൃഭൂമി ബുക്ക്സ്.
ചെലവൂർ വേണു (2004),മനസ് ഒരു സമസ്യ, കോഴിക്കോട്, മാതൃഭൂമി ബുക്ക്സ് .
ചെലവൂർ വേണു (2004), സ്ത്രീ പുരുഷ ബന്ധങ്ങളുടെ പൊരുളും പ്രേരണയും, തൃശൂർ, നളന്ദ ബുക്ക്സ്, 72 പുറം.
ചെലവൂർ വേണു (2005), ദാമ്പത്യത്തിന്റെ കാണാപ്പുറങ്ങൾ, കോഴിക്കോട്, പൂർണാ പബ്ലിക്കേഷൻസ്, 96 പുറം.
ചെലവൂർ വേണു (2009), മനസ്സു തുറക്കുമ്പോൾ, കോഴിക്കോട്, പൂർണാ പബ്ലിക്കേഷൻസ്,116 പുറം.
ചെലവൂർ വേണു (2009), അനുരാഗത്തിന്റെ മുഖങ്ങൾ, കോഴിക്കോട്, ലിപി പബ്ലിക്കേഷൻസ്, 120 പുറം.
ചെലവൂർ വേണു (2009), പ്രണയം വിവാഹം ലൈംഗികത, കോഴിക്കോട്, പൂർണാ പബ്ലിക്കേഷൻസ്, 136 പുറം.
ചെലവൂർ വേണു (2009), ചികിത്സ തേടുന്ന മനസ്സ്, കോഴിക്കോട്, പൂർണ്ണാ പബ്ലിക്കേഷൻസ്, 174 പുറം.
ചെലവൂർ വേണു (2009), മനശാസ്ത്രം നിത്യജീവിതത്തിൽ, കോഴിക്കോട്, പൂർണ്ണാ പബ്ലിക്കേഷൻസ്, 144 പുറം.
ചെലവൂർ വേണു (2012), സുജന്മം: എ സുജനപാൽ പ്രിയപ്പെട്ടവരുടെ ഓർമ്മയിൽ, കോഴിക്കോട്, ഹരിതംബുക്ക്സ്. രാഷ്ട്രീയം, സാഹിത്യം, സാംസ്കാരികം, കവിതകൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി സി അച്യുതമേനോൻ, എ കെ ആൻറണി,ഉമ്മൻചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, എംജിഎസ് നാരായണൻ, യു എ ഖാദർ, കെ ജയകുമാർ, യുകെ കുമാരൻ, പി വി ഗംഗാധരൻ, രവീന്ദ്രൻ അടക്കം ഒട്ടനവധി പ്രമുഖരുടെ 35 ലേഖനങ്ങൾ. സുജനപാലിനെകുറിച്ചുള്ള അഞ്ച് കവിതകൾ. അനുബന്ധമായി ജീവിതരേഖയും സുജനപാൽ എടുത്ത ഫോട്ടോകളും ചിത്രങ്ങളും.
ചെലവൂർ വേണു (2014), കഥ തേടുന്ന സഞ്ചാരി, തിരുവനന്തപുരം, ചിന്ത പബ്ലിക്കേഷൻസ്, 260 പുറം. ഓർമ്മകൾ, കഥകൾ, നോവലുകൾ, യാത്രാവിവരണം, കവിതകൾ, പൊതുപഠനങ്ങൾ ഇങ്ങനെ ആറുഭാഗങ്ങൾ. അനുബന്ധമായി ജ്ഞാനപീഠം അവാർഡ് സ്വീകരിച്ച് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപവും ജീവിതരേഖ /കൃതികളും.
ചെലവൂർ വേണു (2015), കുട്ടികളോട് പെരുമാറുമ്പോൾ, കോഴിക്കോട്, പൂർണാ പബ്ലിക്കേഷൻസ്, 88 പുറം.
ചെലവൂർ വേണു (2019), ജീവിതവഴികളിൽ മനശാസ്ത്രം, കോഴിക്കോട് പൂർണാ പബ്ലിക്കേഷൻസ്, 112പുറം.
ചെലവൂർ വേണു, ഒരേയൊരു ജോൺ, കോഴിക്കോട്, സ്‌പെൽ ബുക്ക്സ്. അടൂർ ഗോപാലകൃഷ്ണൻ, സേതു, സക്കറിയ, കെ പി കുമാരൻ, കെ ജി ജോർജ്, ടി വി ചന്ദ്രൻ, ഒ കെ ജോണി, സി എസ് വെങ്കിടേശ്വരൻ, സി അമ്മദ് അടക്കമുള്ള സുഹൃത്തുക്കളുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം.
(ചെലവൂർ വേണു ‘മാനസിക പ്രശ്‌നങ്ങൾക്ക് പ്രതിവിധി’, ‘നിങ്ങളുടെ മനസ്സ്; നിങ്ങളുടെ ജീവിതം’ പോലെ ഒട്ടനവധി മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെയും എഡിറ്റർ ആയിരുന്നു)
വാൽക്കഷ്ണം
"സംഘാടകന്റെ റോള്‍ ഭംഗിയാക്കുന്നതിന്റെ തിരക്കുകളില്‍പെട്ട് വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല. ഇപ്പോള്‍ ഉത്സവം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയതുപോലെ. ഉത്സവപ്പറമ്പില്‍ ഒറ്റയ്ക്കായ കുട്ടിയായി ഞാന്‍."
ചെലവൂർ വേണു, എന്റെ കഥ, ഒരു ദേശത്തിന്റെയും, നഗരം സപ്ലിമെന്റ്, മാതൃഭൂമി (2009)
(രണ്ടാം ഭാഗവും കൂടി കാണുക )