Image

റെയ്ഡിനിടെയുണ്ടായ ആക്രമണം: നിര്‍ണായക നീക്കവുമായി ഇ.ഡി; ഉന്നതര്‍ കൊച്ചിയില്‍

ബീന സെബാസ്റ്റിയന്‍ Published on 04 June, 2026
റെയ്ഡിനിടെയുണ്ടായ ആക്രമണം: നിര്‍ണായക നീക്കവുമായി ഇ.ഡി; ഉന്നതര്‍ കൊച്ചിയില്‍

 

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജികാ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളില്‍ നിലപാട് കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അന്വേഷണ ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തി. ഇന്നലെയാണ് ഡല്‍ഹിയില്‍ നിന്നും ഡയറക്ടര്‍, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള സ്‌പെഷ്യല്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ എത്തിയത്. ശനിയാഴ്ച വരെ സംഘം കൊച്ചിയിലുണ്ടാകും. ഞായറാഴ്ചയായിരിക്കും മടക്കം.

ആക്രമണത്തില്‍ പോലീസ് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കി അറസ്റ്റ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഇ.ഡി നീക്കം ശക്തമാക്കിയത്. എന്തുവന്നാലും ഒരു പ്രതി പോലും ജാമ്യം നേടി പുറത്തിറങ്ങരുതെന്ന ശക്തമായ നിലപാടാണ് ഇ.ഡിക്ക്. അറസ്റ്റ് നടപടിയിലെ അപാകത പ്രതികള്‍ക്ക് ജാമ്യത്തിനിടയാക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതോടെ ആക്രമണത്തിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം കൊണ്ടുവരാനും ഇ.ഡി ശ്രമിക്കുന്നുണ്ട്. ഒരു കേന്ദ്ര ഏജന്‍സിക്കു നേര്‍ക്കുണ്ടായ ആക്രമണമായതിനാല്‍ അതിനുള്ള സാധ്യതയും കൂടുതലാണ്.

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതിനു പിന്നില്‍ മറ്റെന്തിലും ശക്തികളുടെ ഇടപെല്‍ ഉണ്ടോയെന്നും പരിശോധിക്കും. രാജ്യത്തെ ഒരു സമുന്നത അന്വേഷണ ഏജന്‍സിക്കെതിരായ അന്വേഷണം ഭരണഘടനയോടുള്ള വെല്ലുവിളിയും രാജ്യവിരുദ്ധവുമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇതില്‍ തീവ്രവാദ സ്വഭാവം കണ്ടെത്തിയാല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണത്തിനും സാധ്യതയുണ്ട്.

നിലവില്‍ 25 പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. 10 പേര്‍ക്കെതിരെ കൂടി ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയാണ് കേസ്. ആക്രമണത്തിന്റെ വീഡിയോ പരിശോധിച്ച് സിബിഐയ്ക്ക് സ്ഥലത്തുണ്ടായിരുന്ന പ്രമുഖ നേതാക്കളെ അടക്കം പ്രതിയാക്കാന്‍ ബുദ്ധിമുട്ടില്ല. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക