Image

അപ്പയുടെ കഥ സിനിമയാക്കണം, നായകനായി മമ്മൂട്ടി മാത്രം; ചാണ്ടി ഉമ്മൻ എം.എൽ.എ

Published on 03 June, 2026
അപ്പയുടെ കഥ സിനിമയാക്കണം, നായകനായി മമ്മൂട്ടി മാത്രം;   ചാണ്ടി ഉമ്മൻ എം.എൽ.എ

മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടിയുടെ ജീവിതം പറയുന്ന ഒരു ബയോപിക് സിനിമ നിർമ്മിക്കുകയാണ് തന്റെ സ്വപ്നമെന്ന് മകനും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ. പ്രശസ്ത നടനും സംവിധായകനുമായ നാദിർഷാ അവതരിപ്പിക്കുന്ന ‘നാദിർ ഷോ’ എന്ന യൂട്യൂബ് പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമയിൽ അവസരം ലഭിച്ചാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകവെ, തനിക്ക് അഭിനയത്തേക്കാൾ സിനിമ നിർമ്മിക്കാനാണ് താല്പര്യമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. “അപ്പയുടെ പേരിലുള്ള ഒരു സിനിമയാണ് എന്റെ സ്വപ്നം. ഉമ്മൻ ചാണ്ടിയുടെ ജീവിതം പറയുന്ന ഒരു ബയോപിക് ഒരുക്കണം. ‘ഉമ്മൻ ചാണ്ടി’ എന്ന പേരിൽ തന്നെ സിനിമ പുറത്തിറക്കാനാണ് ആഗ്രഹം. അപ്പയുടെ  കഥാപാത്രം അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടിയാണെന്നാണ് എന്റെ വിശ്വാസം. ആ സിനിമ യാഥാർഥ്യമാക്കണമെന്നാണ് ആഗ്രഹം” ചാണ്ടി ഉമ്മൻ പറഞ്ഞു.


കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം സജീവമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് പകർത്തുമ്പോൾ നായകസ്ഥാനത്തേക്ക് മറ്റാരെക്കാളും ചാണ്ടി ഉമ്മന്റെ മനസ്സിലുള്ളത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മുഖം മാത്രമാണ്. ഈ പ്രഖ്യാപനം ഇതിനോടകം തന്നെ രാഷ്ട്രീയ-സിനിമാ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക