Image

ഒരു സമൂഹത്തിന്‍റെ പാപപരിഹാരക്രിയ (പുസ്തകലോകം: പി എസ് ജോസഫ്‌)

Published on 03 June, 2026
ഒരു സമൂഹത്തിന്‍റെ പാപപരിഹാരക്രിയ (പുസ്തകലോകം: പി എസ് ജോസഫ്‌)

ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍ -ദേശവും രാഷ്ട്രവും മതവും ഹിന്ദുത്വയും പൊളിറ്റിക്കല്‍ ഇസ്ലാമും ഒക്കെ പകച്ചു പോകുന്ന നിസ്സഹായമായ പെണ്‍ നോട്ടങ്ങള്‍


ജീവിതത്തിന്‍റെ എല്ലാ സുഖ സൗഭാഗ്യങ്ങളും എല്ലാവര്‍ക്കും പ്രാപ്യമായ കാലം എന്ന നിലയിലായിരിക്കും ഇരുപതാം നൂറ്റാണ്ടിനെ നാം അടയാളപ്പെടുത്തുക എന്ന് പ്രശസ്ത ചരിത്രകാരന്‍ ആര്‍നോള്‍ഡ ടോയന്‍ബി വിലയിരുത്തി  .എന്നാല്‍ ഈ കാലം ഉള്ളവരുടെയും ഇല്ലാത്തവരുടെയും നിന്ദിതരുടെയും പീഡിതരുടെയും യുഗമായി മാറിയിരിക്കുന്നു എന്നതാണ് ചരിത്ര സംഭവങ്ങള്‍  തെളിയിക്കുന്നത് .എറിക് ഹോബ്സോമിനെ പോലെയുള്ള ചരിത്രകാരന്മാര്‍ ഇക്കാലത്തെ തീവ്രവാദങ്ങളുടെ കാലം എന്നാണു വിളിക്കുന്നത്‌.ശാസ്ത്രീയവും സാങ്കേതികവുമായ മികവ് പോലും ഈ വൈരുദ്ധ്യങ്ങള്‍ കുടുതല്‍ വര്‍ദ്ധിപ്പിക്കാനാണ് ഉതകുന്നത് .ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന കഥകളെ ആശ്രയിച്ചുള്ള ഈ വിലയിരുത്തല്‍ എത്രയോ സത്യസന്ധമാണെന്നു ഓരോ പുതിയ അനുഭവങ്ങളും സാക്ഷ്യങ്ങളും അറിയപ്പെടാത്തവരുടെ കഥകളും വ്യക്തമാക്കുന്നു .സുധാ മേനോന്‍ എഴുതിയ ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍ ചരിത്രസംഭവങ്ങള്‍ ഏറ്റവും രൂക്ഷമായി ബാധിക്കുന്ന അറിയപ്പെടാത്തവരുടെ ,സ്ത്രീകളുടെ നേര്ജീവിത സാക്ഷ്യങ്ങള്‍ ആണ് .


ശ്രീലങ്കന്‍ തമിഴ് പ്രശ്നം മൂര്‍ദ്ധന്യത്തില്‍ എത്തിയ  എണ്‍പതുകളുടെ തുടക്കം തൊട്ടെ അതെക്കുറിച്ച്പഠിക്കുകയും അമൃതലിംഗം തൊട്ടു പ്രഭാകരന്‍ വരെയുള്ളവരുമായി ബന്ധപ്പെടുകയും ശ്രീലങ്കന്‍ അഭ്യന്തര യുദ്ധകാലത്ത് ജാഫ്നയും ട്രിങ്കോമലിയും സന്ദര്‍ശിക്കുകയും അഭയാര്‍ഥി ക്യാമ്പുകളിലെ ദുരവസ്ഥ കാണുകയും ചെയ്തിട്ടുള്ള ഒരാള്‍ എന്ന നിലക്ക് എനിക്ക് പരിചിതമായ ഒരു യാഥാര്‍ത്ഥ്യത്തിന്‍റെ പെണ്‍  സാക്ഷ്യമാണ് സുധാമേനോന്‍ ജീവലത  എന്ന ശ്രിലങ്കന്‍ സ്ത്രീയുടെ തുറന്നു പറച്ചിലൂടെ നല്‍കുന്നത്  ഈഴത്തിന്റെ കൊടി താഴ്ന്നതിനു ശേഷം അനുരഞ്ജനത്തിന്റെ ഒരു യുഗത്തിലേക്കു കടക്കുമ്പോള്‍ ഉണ്ടാകുന്ന ദുരിതങ്ങളുടെ ഈ നേര്‍സാക്ഷ്യം ചരിത്രത്തിലെ സുപ്രധാന മൊഴിയാണ് .

 വംശീയമായി രണ്ടാം പൗരന്മാരായി തരം  താഴ്ത്തിയിരുന്ന ശ്രീ ലങ്കന്‍ തമിഴരുടെ ചെറുത്തു നില്‍പ്പും ആ പോരാട്ടത്തിലെ ആപല്‍ക്കരമായ നാള്‍വഴികളും ഓരോ രാഷ്ട്രത്തിനും വലിയ പാഠമാകേണ്ടതാണ് .ഒരു പക്ഷെ വിഭജനത്തിന്‍റെ അടുത്തു എത്താന്‍ ഇടയുണ്ടായിരുന്നു , ആ അഭ്യന്തര യുദ്ധം .പല തട്ടായി തിരിഞ്ഞ തമിഴ് പോരാട്ട  സംഘങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്ത എല്‍ ടി ടി യുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ അവസാനം ശ്രിലങ്കന്‍ സേനയുടെ കിരാത ആക്രമണത്തില്‍ കൊല്ലപ്പെട്ടു .തമിഴ്  പ്രതിരോധം തകര്‍ന്നടിഞ്ഞു .  ആ ലോകത്താണ് ജീവലതയുറെ കഥ സുധ മേനോന്‍ പറയുന്നത് .

ജാഫ്നയില്‍ സൈനിക മാര്‍ച്ചില്‍ ചവിട്ടിയരക്കപ്പെട്ട അമ്മ  ചെറുപ്രായത്തില്‍ സുരക്ഷക്കായി വിവാഹിതയാകേണ്ടി  വന്ന പെണ്‍കുട്ടി ,ഭര്‍ത്താവ്ഉപേക്ഷിച്ച മൂന്നു കുട്ടികളുടെ അമ്മ, കുഞ്ഞു മകനെ കുട്ടിപോരാളിയാക്കാന്‍ എല്‍ ടി ടി ഇ പിടിച്ചു കൊണ്ടു പോകുന്നത് കാണേണ്ടി വന്ന നിസ്സഹായ യുവതി , അങ്ങനെ ആ ദുരിതപര്‍വ്വം തുടങ്ങുകയാണ് .പഠിക്കാന്‍ വേണ്ടി നാട് വിടാന്‍ ശ്രമിക്കുന്ന കൌമാരപ്രായക്കാരിയായ മകളുടെ ബലാല്‍സംഗം ചെയ്യപ്പെട്ട ജഡം കാണേണ്ടി വന്ന ഹതഭാഗ്യ .നന്നായി പഠിച്ച ജോലിയില്‍ എര്പെട്ട അവരുടെ ഇളയ മകനും എല്‍ ടി ടി ഇ പിടിയിലാകുന്നു .അതിന്റെ പേരില്‍ യുദ്ധാനന്തരം സിംഹളസൈന്യത്തിന്റെ നോട്ടപുള്ളിയാകുന്നു .അവനെ മോചിപ്പിക്കാന്‍ ആ അമ്മ നടത്തുന്ന പോരാട്ടങ്ങളുടെ കഥ കൂടിയാണ് ഇത് .

ഇത് ജീവലതയുറെ മാത്രം കഥയല്ല ജാഫ്നയിലെ ,ബാട്ടിക്കലോവയിലെ ,ട്രിങ്കോ മലിയിലെ എല്ലാ അമ്മാര്‍ക്കും ഇത്തരം കഥകളില്‍ ഒന്ന് പറയാനുണ്ടാകും .അവിടെ അന്തര്‍ദേശീയ ഇടപെടലിന്‍റെ ഭാഗമായി സഹകരണ സംഘം സ്ഥാപിക്കാന്‍ പോയ ഒരു മലയാളി എഴുത്തുകാരിയുടെ  മുന്‍പില്‍ അവര്‍ മനസ്സ് തുറന്നെന്ന് മാത്രം

 സുധയുടെ കാവ്യാംശമുള്ള എഴുത്തും കരുണ നിറയുന്ന വാക്കുകളും മികച്ച കാഴ്ച്ചപ്പാടുമാണ് ഈ ചിത്രീകരണത്തെ സവിശേഷമാക്കുന്നത് .ഡോസ്റ്റയോവ്സ്ക്കിയും സ്വെറ്റ്ലാനയും  ആവേശിച്ചിക്കുന്ന ഒരു എഴുത്തുകാരി തന്‍റെ സഹജീവിയെ എത്രയോ കാരുണ്യത്തോടെയാണ് കാണുന്നത് !.


 ശ്രിലങ്കയില്‍ നിന്ന് പാകിസ്ഥാനിലെ സിന്ധില്‍ എത്തുമ്പോഴും മുഖങ്ങളും കാലവും മാറുന്നു എന്ന് മാത്രം നഗരം പലായനം ചെയ്ത സിന്ധു നാഗരികതയുടെ  മടിത്തട്ടില്‍ ഭരണം കയ്യാളുന്ന ഫ്യൂഡല്‍  പ്രഭുക്കന്മാരും മത പുരോഹിതരും സര്‍വ സഹകളായ സ്ത്രീകളും ജീവിക്കുന്നത് എതെങ്കിലും പരിഷ്കൃത സമൂഹത്തില്‍ ആണോ എന്ന് സംശയം  തോന്നാം .മോഹന്ജദാരോ എന്ന നാഗരികതയ്ക്ക്‌ അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് സാക്ഷിയായ സൈന്ധവ നദി  തടത്തില്‍ ,ആധുനിക ജനാധിപത്യമെന്നു വ്യവഹരിക്കപ്പെടുന്ന പാകിസ്ഥാനില്‍ കിരാതമായ ട്രൈബല്‍ ജീവിതവും ചൂഷണവും കാട്ടുനീതിയും അരങ്ങേറുന്ന ഗ്രാമങ്ങള്‍  .സ്ത്രീകള്‍ക്ക് പൊതുവേദി അപ്രാപ്യമായ ഒരു സമൂഹത്തില്‍ അവരെ സ്ത്രീ  സഹകരണസംഘങ്ങള്‍ വഴി പൊതുധാരയിലേക്ക് കൊണ്ടു വരാന്‍ എത്തിയതായിരുന്നു സുധാമേനോന്‍.

ബദീനിലെ ഉള്‍നാടന്‍ തീരദേശ ഗ്രാമത്തിലെ ദരിദ്രയായ മത്സ്യ തൊഴിലാളിയാണ് സൈറ .ഒരു വശത്ത് വേനലില്‍ വറ്റി വരളുന്ന സിന്ധുനദീയും മറുവശത്ത്‌ ഇടക്കിടെ കടലാക്രമണം നടത്തുന്ന അറബിക്കടലും അതിരിടുന്ന,  ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഉള്ള ഒരു മനോഹര ഗ്രാമം .പക്ഷെ സൈറയുടെ കണ്ണുകള്‍ ശൂന്യമാണ്,മുഖം വികാരരഹിതവും .മിനിട്ടുകള്‍ക്കുള്ളില്‍. തുണിയില്‍ വര്‍ണവിസ്മയം തീര്‍ക്കുന്ന പെണ്‍കുട്ടി .സുന്ദരിയായ ആ സിന്ധി പെണ്‍കുട്ടിയുടെ കാല്‍പാദങ്ങള്‍ വിളര്‍ത്തു വിണ്ടുകീറിയിരിക്കുന്നു.പെരുങ്കടലില്‍ ഉപ്പുകട്ടപോലെ അലിഞ്ഞു പോകുന്ന ജീവിതമാണ് സൈറയുടെത്. അവള്‍ സ്ഥിരമായി  മീന്‍ പിടിക്കാന്‍ പോകും അവരാണ്  ബദീനില്‍ അസംഘടിത തൊഴിലാളികളുടെ  ഒരു യുണിയന്‍ ഉണ്ടാക്കിയത് .ഈ സഹകരണസംഘം  ഉണ്ടാകുന്നത് വരെ എംബ്രോയിഡറി പുറത്തു വില്‍ക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല ഇന്ന് ബദീനില്‍ നിരവധി സ്ത്രീകള്‍ ജോലി ചെയ്യുന്ന ഒട്ടേറെ യുണിറ്റുകള്‍ ഉണ്ട് .

പന്ത്രണ്ടാം  വയസ്സില്‍ മുപ്പതുകാരന്റെ രണ്ടാം ഭാര്യയായി പതിമൂന്നാം വയസ്സില്‍ അമ്മയായ സ്ത്രീ. ഇരുപത്തഞ്ചു വയസിനുള്ളില്‍ മൂന്നു കുട്ടികളുടെ  അമ്മ .അതാണ്‌ സൈറ.അവരുടെ വലിയ പ്രശ്നം കുടിവെള്ളം കിട്ടാത്തതാണ് വരള്‍ച്ച വന്നാല്‍ എട്ടു കി മി നടന്നു പോയി വെള്ളം കൊണ്ടു വരണം വീട്ടില്‍ കുളിമുറിയോ കക്കൂസോ ഇല്ല .എന്നാല്‍ പുരുഷാധിപത്യത്തിന്റെ ഏറ്റവും നികൃഷ്ടമായ രൂപമാണ് സിന്ധില്‍ .സ്ത്രീകള്‍ ജന്മിമാര്‍ക്ക് വഴങ്ങിയില്ലെങ്കില്‍ അവരെ വ്യഭിചാരിണി എന്ന് വിളിച്ചു കല്ലെറിയുന്ന ഗോത്ര നീതി  വ്യവസ്ഥ..അങ്ങനെ ജീവിതം സിന്ധിന് തന്നെ വിട്ടു കൊടുത്ത  ഹജിറയുറെ കഥ സുധ പറയുന്നുണ്ട് . കരോക്കാരി എന്ന ദുരഭിമാനക്കൊലക്ക് വിധേയയായ ഹാജിറ ഒരു പ്രതീകം മാത്രം.ജന്മി കൂട്ടായ്മ കല്ലെറിഞ്ഞും ചാട്ട കൊണ്ടു അടിച്ചും കൊല്ലുന്ന മനുഷ്യ വിരുദ്ധമായ ഒരു ആചാരമാണ് കരോക്കാരി!  

.

 അഫ്ഘാനിസ്ഥാനില്‍ പര്‍വീനില്‍ കൂടി സുധ പറയുന്ന  കഥ എങ്ങനെ നിരവധി പടയോട്ടങ്ങളും ഗോത്ര വിശ്വാസങ്ങളും ഒരു സമൂഹത്തെ പ്രത്യേകിച്ച് സ്ത്രീകളെ  തകര്‍ത്തുവെന്നാണ്.പലകൈ മറിഞ്ഞ സാമ്രാജ്യങ്ങളുടെ പരീക്ഷണ  ശാലയായ ഒരു നാട്ടില്‍ ഏറെ ക്രൂരമായ വിധി കാത്തു  വെച്ചിരുന്നത് സ്ത്രീകളെയായിരുന്നു.വിദ്യാഭ്യാസം പോലും ഹറാമായി കണ്ട ഒരു സമൂഹത്തില്‍ എല്ലാ അര്‍ത്ഥത്തിലും അടിമയായി മാറുന്ന സ്ത്രീയുടെ നേര്സാക്ഷ്യമാണ്  പര്‍വീന്‍.റഷ്യയും യു  എസ്സും താലിബാനും മാറി മാറി ഭരിച്ച ഒരു രാജ്യത്ത് സ്ത്രീയുടെ ജീവിതം ഒരു അപ്പൂപ്പന്‍ താടി പോലെ പൊള്ളയാകുന്നു .


ഇതേപോലെ തന്നെയാണ് നേപ്പാളിലെ കൊഖന ഗ്രാമത്തില്‍ നിന്നും സിന്ധുപാല്‍ ചൌക്ക് ജില്ലയില്‍ നിന്നുമുള്ള കഥകള്‍.ഭൂകമ്പത്തില്‍ സിന്ധുപാല്‍ ചൌക്കില്‍ 2911 പേരാണ് മരിച്ചത് .എണ്‍പത് ലക്ഷത്തോളം പേരുടെ ജീവിതമാണ് ഒറ്റത്തിരിയലില്‍ ഭൂമി അപ്രസ്ക്തമാക്കിയത്  കഥയും ഉടഞ്ഞു പോയ ഒരായിരം സ്വപ്നങ്ങളുടെ തകര്‍ന്നു മരവിച്ച ദേശം .നേപ്പാളില്‍ ഭൂകമ്പ പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതാണ് അവര്‍ .സ്വതവേ എല്ലാ കാര്യങ്ങള്‍ക്കും ഇന്ത്യയെ ആശ്രയിക്കുന്ന ഒരു രാജ്യം മാധേയി -നേപ്പാളി തര്‍ക്കത്തില്‍ പെട്ടു വലിയ ബ്ലോക്കേഡ് നേരിടുകയായിരുന്നു .പ്രകൃതിയുടെ സംഹാരതാണ്ഡവത്തില്‍ ദുഷ്ക്കരമായ ജിവിതം കഠിനമായി തീര്‍ന്ന കുറെ മനുഷ്യരെയാണ് അവര്‍ അവിടെ കാണുന്നത് ..ഒഴിഞ്ഞഗ്യാസ് സിലിണ്ടറുമായി മൂന്ന് നാല് കി മി കാത്തു നില്‍ക്കുന്ന മനുഷ്യര്‍.കൊടും ശൈത്യത്തില്‍ വെള്ളം ചൂടാക്കാന്‍ പോലും ബുദ്ധിമുട്ടുന്ന വ്യക്തികള്‍ .മനുഷ്യനോവുകളുടെയും ദുരന്തങ്ങളുടെയും ആ കഥ

മനുഷ്യക്കടത്തിന് വിധേയയായി പന്ത്രണ്ടാം വയസ്സില്‍ മുംബയിലെ കാമാതിപുരയില്‍ എത്തിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങള്‍ ചവിട്ടിമെതിക്കപെടുന്നു.നഗര കേന്ദ്രീകൃതമായ ഒരു സമൂഹത്തിലെ ഗ്രാമീണ സ്ത്രീകളുടെ പ്രതീകമാണ്‌ ശ്രേഷ്ഠ തമാംഗ്. .അതോടൊപ്പം പ്രകൃതിയുടെ സംഹാര താണ്ഡവവും . നേപ്പാള്‍ ഭൂകമ്പം വിതച്ച ദുരന്ത ഭൂമിയില്‍ സുധയെ കാത്തിരുന്നത് കാലവും പ്രകൃതിയും ഒരേ പോലെ നാശത്തിലേക്ക് തള്ളി വിട്ട സ്ത്രീകളാണ് ..ദുരന്തത്തില്‍ നിന്ന് മാത്രമല്ല മനുഷ്യക്കടത്തുകാരില്‍ നിന്നും മോചനം കാത്തിരിക്കുന്ന സ്ത്രീകള്‍ .

 നേപ്പാളും ബംഗ്ലാദേശും നിയമപരമായി സ്ത്രീവിരുദ്ധമല്ല .പക്ഷെ ദാരിദ്ര്യം വേട്ടയാടുന്ന രാഷ്ട്രങ്ങള്‍ ആണവ .ബംഗ്ലാദേശില്‍  ബഹുരാഷ്ട്ര കമ്പനികളുടെ വന്‍ ചൂഷണത്തിനു വിധേയരാകുന്ന ആധുനിക അടിമത്തമാണ്‌ സുധയ്ക്ക് മുന്നില്‍ . ഏറ്റവും ചുരുങ്ങിയ ചെലവില്‍ ചാപ്ലിന്റെ സിനിമയിലെ പോലെ യാന്ത്രികമായി ജോലി ചെയ്യുന്ന അടിമ തൊഴിലാളികള്‍ .യാതൊരു സൌകര്യവുമില്ലാതെ പ്രവര്‍ത്തിച്ച അത്തരമൊരു ഫാക്ടറി തകര്‍ന്നു വീണപ്പോള്‍ അതിനു ചെറിയ തുക നഷ്ടപരിഹാരമായി കൊടുക്കാന്‍ പോലും ബഹുരാഷ്ട്ര കമ്പനികളും അവരുടെ കങ്കാണിമാരും തയ്യാര്‍ ആയില്ല ഒരു ഗുച്ചി  വസ്ത്രത്തിന്റെ വിലയുടെ അഞ്ചു ശതമാനം കൂലി നല്‍കി ചൂഷണം ചെയ്യുന്ന  ബഹുരാഷ്ട്ര കമ്പനികള്‍ ,അതിനു പിന്തുണ നല്‍കുന്ന നല്‍കുന്ന രാഷ്ട്രീയക്കാര്‍ .ജി ഡി പി യുടെ പന്ത്രണ്ടര ശതമാനം അവര്‍ വഴിയാണല്ലോ ! .

ജന്മ നാട്ടില്‍  എത്തുമ്പോഴോ മറ്റൊരു ദുരന്തം അവരെ കാത്തിരിക്കുന്നു.സര്‍ക്കാര്‍ ബഹുജനക്ഷേമ പദ്ധതികളില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ ജനങ്ങള്‍ അതിന്റെ ആഘാതം വല്ലാതെ  പേറെണ്ടി വരുന്നു  സര്‍ക്കാരിന്‍റെ  അലംഭാവവും ബഹു  രാഷ്ട്ര കമ്പനികളുടെ ലാഭ ക്കൊതിയും മൂലം ആള്മാഹത്യയില്‍ അഭയം തേടിയ ആയിരക്കണക്കിന്  പരുത്തി കര്‍ഷകരുടെ കഥകളും മറ്റു കഥകളില്‍ നിന്ന്  വ്യത്യസ്തമല്ല..ഹുണ്ടികക്കാരന്‍ കച്ചവട ഇടനിലക്കാരന്‍ ,ബാങ്കുകള്‍ എന്നിങ്ങനെ ഒരു വിഷമവൃത്തത്തില്‍ പെട്ട പാവം കര്‍ഷകന് ചെറിയ തുകയുടെ കടത്തിനാണ്   താന്‍ പണി ചെയ്യുന്ന ഭൂ സ്വത്തും വരുമാന സ്രോതസ്സും ഇല്ലാതാകുന്നത് .ചെറിയ  തുകയുടെ പേരില്‍ വന്‍ കടക്കെണിയിലേക്ക് നയിക്കുന്ന  മായിക വാഗ്ദാണങ്ങള്‍ നടത്തുന്ന ഒരു ഭരണകൂടം കര്‍ഷകരെ മരണക്കെണിയിലേക്ക് നയിക്കുകയാണ് എന്ന് തന്‍റെ നേര്‍ സാക്ഷ്യത്തിലൂടെ സുധ പറയുന്നു..


കൗതുകകരമായ ഒരു വസ്തുത ഇതിലെ ടൈം ലൈന്‍ അഥവാ നാള്‍വഴി .ആണ് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ,നമ്മുടെ തൊട്ടു മുന്നില്‍ ,സമീപകാലത്താണ് ഈ സംഭവങ്ങള്‍ .അറബികഥകളിലോ കഥാസരിത്‌ സാഗരത്തിലോ നിന്നല്ല  , നിത്യജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത സംഭവങ്ങളാണ് ഇവ എന്നത് നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതാണ്.കേരളം ഉള്‍പ്പടെ എവിടെയും സംഭവിക്കാവുന്ന കാര്യങ്ങള്‍ .


അതെ പോലെ സുധ ഓരോ കാലത്തിനും മുന്നുരയായി  തെരഞ്ഞെടുത്തിരിക്കുന്ന ഉദ്ധരണികള്‍ .കാവ്യാല്‍മകം മാത്രമല്ല പറയുന്ന സംഭവങ്ങളിലേക്ക് ഒരു കണ്ണാടിയാണ് അവ

“എനിക്കിഷ്ടമാണ് ആരാകാനും

ഒരു തത്ത

ഒരു പെണ്ണാട്

……………….

അങ്ങനെ എന്തും …

ഒരു അഫ്ഘാന്‍ പെണ്ണു ഒഴിച്ചു മറ്റെന്തുമാകാം ഞാന്‍ …

ഈ ഭൂമിയില്‍

ഒരു അഫ്ഘാന്‍ പെണ്ണ് ഒഴിച്ചു മറ്റെന്തും …”

റോയ ,അഫ്ഘാന്‍ കവി


ഡോസ്റ്റ്യോവ്സ്ക്കിയില്‍ നിന്ന്  വൈലോപ്പിള്ളി വഴി വേര്‍ഡ്‌സ്വര്‍ത്തിലേക്കുള്ള പരിണാമം ഒരു അസാധാരണ നാടകത്തിന്‍റെ ഭൂമിക കൂടിയാകുന്നു .


സുധാമേനോന്‍ സാഹിത്യകാരിയോ കഥാകൃത്തോ അല്ലെങ്കിലും കഥപറച്ചിലിന്റെ എല്ലാ വശങ്ങളും ഈ സംഭവകഥകളില്‍ കാണാം .ചരിത്രത്തിന്‍റെ നീണ്ട പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന കടുത്ത നിറങ്ങളുള്ള നാടകങ്ങളാണ് ഇവ.ഓരോ അങ്കവും മനസ്സിനെ മുറിപ്പെടുത്തുന്ന ഭാഷയില്‍ രചിച്ചിരിക്കുന്നു .

വളരെ നീണ്ട വിശാലമായ ഒരു വേദിയിലാണ് സുധാമേനോന്‍ ഈ ജീവിത കഥകള്‍ കൊരുത്തിടുന്നത് .ദക്ഷിണേഷ്യ എന്ന വലിയ ഭൂവിഭാഗത്തില്‍ അരങ്ങേറുന്ന സമാനതകളില്ലാത്ത കഥകള്‍ ആണിത് .ഒരു സ്ത്രീ എന്ന നിലക്ക് അപ്രാപ്യമായ മേഖലകളിലും അനുഭവങ്ങളിലും കൂടിയാണ്  സുധ കടന്നു പോകുന്നത് .സ്ത്രീയായി ഒരിക്കലും ജനിക്കരുതെന്നു കവി മുന്നറിയപ്പ് നല്‍കുന്ന അഫ്ഘാനിസ്ഥാനിലും  പാകിസ്ഥാനിലെ സിന്ധിലും നേപ്പാളിലും ബംഗ്ലാ ദേശിലും ഒരു സ്ത്രീ  എന്ന നിലയില്‍ കടന്നു ചെല്ലുന്നു ലേഖിക .

ജന്മനാടായ കേരളത്തില്‍ താനോ മറ്റുള്ളവരോ ഒരിക്കലും അനുഭവിക്കാന്‍ ഇടയില്ലാത്ത ദുരന്തങ്ങളെ തന്റെതായ കൊച്ചു ദുരനുഭവങ്ങളുടെ  കണ്ണില്‍ കൂടി എഴുത്തുകാരി തികഞ്ഞ സഹാനുഭൂതിയോടെ വിലയിരുത്തുന്നു . .മനുഷ്യനും മതങ്ങളും മാത്രമല്ല പ്രകൃതിയും മനുഷ്യനോടു എത്ര ക്രൂരമായി പെരുമാറുന്നുവെന്നു അവര്‍ ചൂണ്ടിക്കാട്ടുന്നു .

തൊഴില്‍ സംബന്ധമായി സ്ത്രീ ജീവിതങ്ങളില്‍ കടന്നു ചെല്ലേണ്ടി വന്നതാണെങ്കിലും അവരില്‍ ഒരാളായി മാറി അവര്‍ക്കൊപ്പം ചിന്തിച്ചു ലോകമനസാക്ഷിക്കു മുന്‍പില്‍ അവരുടെ അനുഭവങ്ങള്‍ പങ്ക് വെയ്ക്കാന്‍ സുധ  കാട്ടുന്ന ധൈര്യം  അനിതരസാധാരണമാണ് .


 അയത്ന ലളിതമായ എഴുത്തും കാവ്യാല്മകമായ പദ  സ്വാധീനവും കാഴ്ച്ചരീതിയും മികവുറ്റ ചിന്തയും ഈ എഴുത്തുകാരിയുടെ പ്രത്യേകതയാണ് .

ഇത്തരമൊരു എഴുത്തില്‍ വ്യക്തമായ നിലപാടും തന്‍റെ പ്രവര്‍ത്തന മണ്ഡലത്തെ പറ്റിയുള്ള ആഴത്തിലുള്ള അറിവും  സുപ്രധാനമാണ്‌ .അതി വൈകാരികമായ തേങ്ങിക്കരച്ചിലിന് പകരം സുദൃഡമായ ചിന്തയും വിലയിരുത്തലുമാണ് ഈ പുസ്തകത്തിനു കനം നല്‍കുന്നത് .

ഈ കഥകള്‍ പലരും പല വിധത്തില്‍ ആവിഷ്ക്കരിച്ചിട്ടുണ്ടാകാം  .പക്ഷെ ഈ മഹാലോകത്തിലെ ഒരു വലിയ ഭൂവിഭാഗത്തിലെ മനുഷ്യരുടെ കഥകള്‍ -അതും അത്ര അറിയപെടാത്ത എല്ലാ ദുരന്തങ്ങളുടെയും ഇരയായ സ്ത്രീകളുടെ  കഥ മറ്റാരും ഇങ്ങനെ ചെയ്തിട്ടുണ്ടാകില്ല സ്ത്രീകളോടും കുട്ടികളോടും ഉള്ള സുധയുടെ അലിവും സ്നേഹവും  ഓരോ വരിയിലും നിറഞ്ഞു നില്‍ക്കുന്നു .സോണിയയോട് റസ്കോല്‍ നിക്കൊഫ് നടത്തുന്ന കുമ്പസാരം പോലെ  ഇതൊരു വലിയ ഏറ്റുപറച്ചില്‍ ആണ് .പരിഷ്കൃതമായ ഒരു സമൂഹത്തിന്‍റെ പാപപരിഹാരക്രിയ .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക