Image

ബ്ലെസ്സീന ഓൺ വീൽസ് (ചെറുകഥ:ശ്യാംസുന്ദർ പി എച്ച് )

Published on 03 June, 2026
 ബ്ലെസ്സീന ഓൺ വീൽസ് (ചെറുകഥ:ശ്യാംസുന്ദർ പി എച്ച് )

ഒരുമിച്ച് കരയുകയും ചിരിക്കുകയും ഒരുമിച്ച് ദീനം ബാധിക്കുകയും ചെയ്യുന്ന ഇരട്ടക്കുട്ടികളെ പോലെയാണ് തുരുത്തിപ്പാറകൾ. ഒരമ്മ പെറ്റ മക്കൾ.ഒന്നാം തുരുത്തിപ്പാറയിലെ ഹെയർപിൻ വളവുകൾ കയറുമ്പോൾ ദൂരെ നെറുകയിൽ നിന്നൂർന്നു വീഴുന്ന നീർച്ചാട്ടവുമായി രണ്ടാം തുരുത്തിപ്പാറ കാണാം. തുരുത്തിപ്പാറയുടെ കണ്ണീരാണതെന്നാണ് വിശ്വാസം.ചുരം കയറി ചെല്ലുമ്പോൾ ഇരട്ടകൾക്കിടയിൽ ആകാശത്തേക്ക് തുറന്നു വെച്ച തളിക പോലെ മുനീശ്വരൻമേട്. ഉളുമ്പൻമേടെന്നായിരുന്നു പണ്ടാ മലയോരഗ്രാമത്തിന് പേർ, ഇപ്പോളത് മുനീശ്വരൻമേടെന്നായിരിക്കുന്നു. ഇത്‌ പേരുമാറ്റങ്ങളുടെ കാലമാണല്ലോ. വഴിതെറ്റി വന്ന പുതുകാല സഞ്ചാരികളിലൊരാൾ തന്റെ വ്ലോഗിലൂടെ പുറംലോകത്തിനു പരിചയപ്പെടുത്തുകയായിരുന്നു- വനപ്രഭയൊളിപ്പിച്ചു പിടിച്ച നിർമലസുന്ദര ഭൂമികയെ. അതിൽ പിന്നെ സഞ്ചാരികളുടെ കുത്തൊഴുക്കായി. അതോടെ മുനീശ്വരൻമേടുകാരുടെ സ്വസ്ഥജീവിതം തകിടം മറിഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ. അതിനിടെയാണ് നാറ്റമൊന്നുമില്ലാതിരുന്നിട്ടും പേരിലെ ‘ഉളുമ്പ്’ സ്വസ്ഥത കെടുത്തിയിരുന്ന ഒരു കൂട്ടർ പണ്ടേതോ വിശുദ്ധമുനി കഠിനതപസ്സു ചെയ്ത് സൃഷ്‌ടിച്ച ഗ്രാമമാണതെന്ന ഇല്ലാക്കഥയുടെ ഇല്ലാവെളിച്ചത്തിൽ ഉളുമ്പൻമേടിനെ മുനീശ്വരൻമേടെന്നാക്കുകയും ചെയ്തത്..

പ്രധാനടൗണിൽ നിന്ന് അടിവാരം കടന്ന് ചുരം കയറിയുള്ള ബസ് യാത്രയ്ക്കാണ് കൂടുതൽ പ്രിയം. രാവിലെയും വൈകീട്ടും ഓരോ സർവീസ് മാത്രം നടത്തുന്ന കെ എസ് ആർ ടി സി ബസ്. അതിലിപ്പോൾ നാട്ടുകാർക്ക് കാലുകുത്താൻ ഇടമില്ലെന്നായിരിക്കുന്നു. ഇടിച്ചു കയറുന്ന ചെറുപ്പക്കാരായ സഞ്ചാരികളുടെ കൂട്ടത്തിൽ ഏന്തി വലിഞ്ഞ് മുൻവശത്തെ ഡോറിന് പിന്നിലെ സീറ്റിൽ ഇടംപിടിച്ച് ബ്ലെസ്സീന ഒരു ദീർഘശ്വാസം വിട്ടു. “ ദ്  വിടെക്കാണ്‌ പിള്ളേരെ ,        വെകിളിപിടിച്ചിട്ടോടണെ..!” തിക്കിതിരക്കി കയറിയപ്പോൾ, ഉലഞ്ഞു പോയ, വെള്ളയിൽ മഞ്ഞ ബോർഡറുള്ള മൽമൽ കോട്ടൺ സാരിയുടെ, മുന്താണി തലപ്പുകൊണ്ട് കഴുത്തിൽ പൊടിഞ്ഞ വിയർപ്പു തുടച്ച് ബ്ലെസ്സീന നെറ്റിചുളിച്ചു. ചുറുചുറുക്കുള്ള യൗവനങ്ങളെ തട്ടി മാറ്റി സീറ്റു പിടിച്ച എൺപതിനോടടുത്ത സ്ത്രീയെ “എന്തൊരാരോഗ്യ തള്ളക്ക്” എന്നതിശയോക്തിയോടെ, ഒരു വിചിത്ര ജന്തുവിനെയെന്നപോൽ സഹയാത്രികർ ഉറ്റു നോക്കി,.. വെള്ളിനാരുകൾ പോലെ നരച്ച തലമുടി കറുത്ത വലിയൊരു ഹെയർ ബൺ കൊണ്ട് വലിഞ്ഞു മുറുക്കി കെട്ടിയിരിക്കുന്നു. കഴുത്തിലെ വെന്തിങ്ങയൊഴിച്ച് മറ്റാഭരണങ്ങളൊന്നുമില്ല.വലിയൊരു തുഗൽ ബാഗ് മടിത്തട്ടിൽ എടുത്ത് വെച്ച് ആരെയും കൂസാത്ത ഭാവവുമായി ചുളിവുകൾ വീണ നെറ്റിത്തടം വിടർത്തി വെച്ച് ബ്ലെസ്സീന നിവർന്നിരുന്നു. “തള്ള എങ്ങോട്ടാണാവോ?”...വർഷങ്ങളായി ബ്ലെസ്സീന തിരയുകയായിരുന്നു – നാല് മുഖങ്ങൾ...!. ബ്ലെസ്സീനയുടെ ശൈലിയിൽ പറഞ്ഞാൽ ‘കാല് വെന്ത പട്ടീരെമാരി’ അവർ അലയുകയായിരുന്നു. പത്തിരുപത് വർഷമായുള്ള അലച്ചിലിന് ഇന്ന് പരിസമാപ്തിയാവുകയാണ്.,ആരെയൊക്കെയാണോ തേടിക്കൊണ്ടിരുന്നത്, അതിൽ അവസാനത്തെ മുഖം ബ്ലെസ്സീന കണ്ടെത്തിയിരിക്കുന്നു. മൈലുകൾ താണ്ടിയുള്ള അവരുടെ എല്ലാ യാത്രയും അയാളിലേക്കായിരുന്നു.


ബ്ലെസ്സീനയ്ക്ക് ഇരിപ്പുറച്ചില്ല. ഇരിപ്പിടമാണ് പ്രശ്നം. ഡോറിന് തൊട്ടടുത്ത് വിൻഡോസീറ്റിലിരിക്കുമ്പോൾ കയറുന്നവരും ഇറങ്ങുന്നവരും തുറന്നിട്ട് പോകുന്ന ഡോർ,കമ്പിയിലേക്ക് വലിച്ചു കെട്ടിയ കയറിൽ പിടിച്ച്, വലിച്ചടക്കേണ്ട ചുമതല ബ്ലെസ്സീനയിൽ വന്നു ചേർന്നിരിക്കുന്നു.ബ്ലെസ്സീനയ്ക്ക് അനാവശ്യ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ താല്പര്യമില്ല. യാത്ര ആസ്വദിക്കാനാവുന്നില്ല. “ഇദെന്റെ പണീ ണ്?.. ഡ്യേ..മൂട് കുല്ക്കീട്ടെറങ്ങി പൂവ്മ്പൊ ഇദൊന്ന് അടച്ചിട്ട് പൊക്കൂടെ.?അവള്ടൊര് പൗറ്.. നിന്റമ്മായമ്മ കുഴീന്നെണീറ്റ് വരൂന്ന്ണ് വിചാരം,ഇദ്ടക്കാൻ?.” ബ്ലെസ്സീന പുറത്തേക്ക് തലയിട്ട് തീ തുപ്പുകയാണ്.സ്റ്റോപ്പിലിറങ്ങിയ കുലീനയായ സ്ത്രീ വിറച്ചു.അവളൊരു ഉദ്യോഗക്കാരിയായിരുന്നു. അവളുടെ വേഷമത് പറയുന്നുണ്ടായിരുന്നു. ഓട്ടോറിക്ഷക്കാരും ബസിനകത്തുള്ളവരുമെല്ലാം കേട്ടു നിൽക്കുകയാണ്. അവളുടെ തൊലിയുരിഞ്ഞു.ഇങ്ങനെയൊരു നാണക്കേട്.ഹോ..! സ്വബോധം വീണ്ടെടുക്കുമ്പോഴേക്കും ബസ് സ്റ്റോപ്പ്‌ വിട്ടു പോവുകയും ചെയ്തിരുന്നു.


ഇനി ബസിനുള്ളിലേക്ക് ശ്രദ്ധിക്കൂ.


ബ്ലെസ്സീന അതിനോടകംതന്നെ ബസിലുള്ളവരുടെ തലവേദനയായി തീർന്നിരുന്നു.ഏറ്റവും പിറകിൽ ഒന്നിച്ചുകൂടി പാട്ടും മേളവുമായി മുനീശ്വരൻ മേടിലേക്കുള്ള വിനോദയാത്രയാസ്വദിക്കുന്ന കോളേജ് കുട്ടികളുടെയെടുത്ത് “ന്തൂട്ടാണ്ട്ദ്.. ഒന്നോളിടാണ്ടിരിക്ക്.. ചപ്പട റോള്.. ഒരുമാരി വെടക്ക് പിള്ളേര്” എന്ന് എഴുന്നേറ്റ് നിന്ന് ബ്ലെസ്സീന വിറപ്പിച്ചു. “അമ്മച്ചി അമ്മച്ചീടെ കാര്യം നോക്ക്” എന്ന് പിള്ളേർ തിരിച്ച് പറഞ്ഞപ്പോൾ ഓർക്കാപ്പുറത്ത് അടിയേറ്റ് പിറുപിറുത്തുകൊണ്ട് സീറ്റിലേക്കിരുന്ന് മുഖം വീർപ്പിച്ചു..

ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ബ്ലെസ്സീന അവരുടെ സാനിധ്യമറിയിച്ചു.ഒരു സ്ത്രീ ഭർത്താവിനോടൊപ്പം ചാഞ്ഞും ചെരിഞ്ഞും സെൽഫി എടുക്കുന്നു. അതിനിടയിൽ കൈക്കുഞ്ഞ് വിശന്നു കരയാൻ തുടങ്ങി. പഠിച്ച പതിനെട്ടെടവും പയറ്റി നോക്കിയിട്ടും കുഞ്ഞ് കരച്ചിൽ നിർത്തുന്നില്ല. “അയ്‌ന്റെ തൊള്ളേല്ക്ക് എന്തെങ്കിലും കുത്തിക്കേറ്റി കൊടുക്കെറീ.. നീയൊക്കെ എവടെത്തെ തള്ളേണ്.. ക്ടാവ് വെശ്ന്ന് കരയുംമ്പ്ള്ണ് അവളടൊര് ഫോട്ടം പിട്ത്തം”എന്നപ്പോൾ ബ്ലെസ്സീന ഗർജ്ജിച്ചു.

തൊട്ടടുത്തത്തിരിക്കുന്ന പ്രണയികളുടെ നേർക്കായി പിന്നെ ബ്ലെസ്സീന. “തന്തേം തള്ളേം അറിഞ്ഞണ്ട്റീ..നീ കാൽമുകന്റെ കൂടെ കറങ്ങാനിറങ്ങീത്” എന്ന് ചുണ്ടിൽ പരിഹാസം നിറച്ച് ബ്ലെസ്സീന ചോദിച്ചു. ലോകത്തോട് മുഴുവൻ കലഹിക്കുകയാണവർ..നിഷേധമാണവരുടെ മുഖത്തെ സ്ഥായീഭാവം. സകലതിനോടും കഠിനമായ വെറുപ്പും ക്രോധവും. പക്ഷേ ബ്ലെസ്സീനയുടെയുള്ളിലെ എരിയുന്ന കനലാരും കണ്ടില്ല.വ്യസനത്തിന്റെ കടലിരമ്പുന്നതാരും കേട്ടില്ല..നീറിപ്പിടിക്കുന്ന വേദനയാരുമറിഞ്ഞില്ല..എല്ലാവരുടെയും വെറുപ്പിന് പാത്രമായി അവർ യാത്ര തുടർന്നു.


അടിവാരത്തെത്തിയപ്പോൾ ബസിൽ തിരക്കൊഴിഞ്ഞു. മുനീശ്വരൻമേട് നിവാസികളായ കുറച്ചു പേരും സഞ്ചാരികളും മാത്രം ബസിൽ ബാക്കിയായി.അങ്ങിങ്ങായി ഒന്നോരണ്ടോ സീറ്റുകൾ ഒഴിഞ്ഞു കിടന്നു. സാധാരണ ദിവസങ്ങളിൽ ഇതിലും തിരക്കുണ്ടാവാറുള്ളതാണ്, ഇനി നാല്പത്തിയൊന്ന് ഹെയർപ്പിൻ വളവുകളുള്ള ചുരമാണ്. ബസ് ഞെരങ്ങി നീങ്ങി നിർത്താതെ ചുരം താണ്ടും. അതിനിടെ കുടിക്കാൻ ഒരു തുള്ളി വെള്ളമോ കഴിക്കാൻ ഒരു നുള്ള് വറ്റോ കിട്ടില്ല.എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അടിവാരത്തെ തട്ടുകടകളിൽ നിന്ന് വാങ്ങി കൈയിൽ കരുതണം. ബ്ലെസ്സീന ബസിനകത്ത് തന്നെയിരുന്നു. ലഘുഭക്ഷണം വാങ്ങിക്കാനിറങ്ങിയവർ തിരിച്ചു വന്നപ്പോൾ ബസ് യാത്ര തുടർന്നു. ഡോറിനടുത്ത് നിന്ന്, തുഗൽ ബാഗും താങ്ങി സൗകര്യപ്രദമായ മറ്റൊരു സീറ്റിലേക്ക് ബ്ലെസ്സീന മാറിയിരുന്നു.വഴിയോര കാഴ്ചകളിലായിരുന്നില്ല,മറിച്ച് ബ്ലെസ്സീനയിലായിരുന്നു എല്ലാവരുടെയും കണ്ണുകൾ തറച്ചു നിന്നിരുന്നത്. ഈ വയസ്സ് കാലത്ത് തള്ള ഒറ്റയ്‌ക്കെങ്ങോട്ടാണ്.?എന്തായാലും ഇതൊരു വിനോദയാത്രയല്ല. അവരുടെയാരാണ് മലമുകളിലുള്ളത്. ആരെ തേടിയാണ് അവരുടെ യാത്ര.? ഒരു പൊതു ശല്ല്യം എന്ന നിലയിൽ നിന്നും വറ്റാത്ത കൗതുകങ്ങളൊളിപ്പിച്ച സ്ത്രീയായി മാറാൻ ആ യാത്രയിൽ ബ്ലെസ്സീനയ്ക്ക് അധികം സമയം വേണ്ടി വന്നില്ല.


ബസ് ചുരം കയറി തുടങ്ങുകയായിരുന്നു. ഒന്നാമത്തെ ഹെയർപിൻ വളവ് മുക്കിയും മൂളിയും അത് നിരങ്ങി കയറി.. “ഡാ മത്താപ്പാ.. നെനക്ക് പാങ്ങില്ലെങ്കി അങ്കട് മാറിരിക്ക്..ഞാനോടിക്ക.. പസ്റ്റ് ഗീറലിട്ടിട്ട് വലിപ്പിക്ക്ഡാ നീയ്യ്. അവന്റൊരു തിത്തെയ്യ് തിത്തെയ്യ് കളിപ്പിക്കല് ..റോടുംമല്ണ് നിന്റെ മാർഗംകളി.?.” ബ്ലെസ്സീന സീറ്റിൽ നിന്നെഴുന്നേറ്റു. ഒച്ചിഴയുന്നത് പോലെയല്ല,, ബസായാൽ അതിത്തിരി സ്പീഡിലൊക്കെ പോകണം. ഓരോ ഗിയറിലും എൻജിൻ ഇരമ്പിപ്പിച്ച് കുതിക്കണം.കാറ്റ് വന്ന് മുഖത്തടിക്കണം.എന്നാലേ യാത്രക്കൊരു ഗുമ്മൊള്ളൂ എന്നാണ് ബ്ലെസ്സീനയ്ക്ക് . മടിയിലിരുന്ന കനച്ച തുഗൽ ബാഗും താങ്ങി അവർ ഡ്രൈവർക്ക് തൊട്ട് പിന്നിലെ മൂന്ന് വരി സീറ്റിൽ ചെന്നിരുന്നു. “ഓടിക്കണാ അമ്മച്ച്യീ.. ഒരു കൈ നോക്കുന്നോ” എന്ന് ചിറികോട്ടി ഡ്രൈവർ ജോസഫ് ചോദിച്ചു. അതിലെ പരിഹാസം ബ്ലെസ്സീന വായിച്ചെടുത്തു.
“ന്തൂട്ടാണ്ട്രാ ചെക്കാ നിന്‍റെ പേര്”?
“ജോസഫ്”
ഒരു കൈകൊണ്ട് സ്റ്റീയറിങ് വീശിയെടുത്ത് മറുകൈ കഷണ്ടി തലയിൽ തടവി അയാൾ കണ്ണാടിയിലൂടെ ബ്ലെസ്സീനയെ നോക്കി പറഞ്ഞു.
“മോനെ.. ജോസ്പ്പെ.. നീ തുണില്ല്യാണ്ട് ചുക്കാമണിയാട്ടി കണ്ടത്തീക്കോടെ തെണ്ടി നടന്ന കാലത്ത് കുന്നത്തങ്ങാടി കേറ്റം പൊടിപറത്തിയോടിച്ച് കേറ്റിയോളാണീ ബ്ലെസ്സീന. ആ എന്നോട് വേണാ മോനെ നിന്റെ മൂപ്പിക്കല് ..”? ഭൂതകാലം ബ്ലെസ്സീനയുടെ ഓർമ്മകളിൽ നുരഞ്ഞു പൊന്തി. അതിന്റെ ലഹരിയിൽ അവർ മതിമറന്നു.


അപ്പനാണ്,ബ്ലെസ്സീനയെ ബസോടിക്കാൻ പഠിപ്പിച്ചത് .ബ്ലെസ്സീനയുടെ അപ്പൻ, ഇട്ടിമാത്തൻ ബസ് മുതലാളിയായിരുന്നു. അത് മാത്തന്റെ പ്രതാപകാലം. രാവിലെ എട്ടേ പത്തിന്റെ മേഘദൂതും കാത്ത് ജനം കണ്ടശ്ശങ്കടവ് വിളക്കുമാടത്തിനു മുന്നിൽ തടിച്ചുകൂടി.. മേഘദൂത് കാത്തുനിന്നവർക്ക് ഒരിക്കലും എവിടെയും വൈകിയെത്തേണ്ടി വന്നിട്ടില്ല. ക്ലോക്കിലെ സൂചി കൃത്യം എട്ടേ പത്തടിക്കുമ്പോൾ മേഘദൂത് വന്നിരിക്കും. അതൊരു വിശ്വാസമാണ്. ഡ്രൈവിങ് സീറ്റിൽ ഇട്ടിമാത്തനായിരിക്കും.വലിയ വെട്ടുവഴിയിലൂടെ അയാൾ മേഘദൂത് പറപ്പിക്കും.. ചില ദിവസം മകൾ ബ്ലെസ്സീനയായിരിക്കും ബസിലെ ‘കിളി’. അപ്പൻ മേഘദൂത് വീശിയോടിക്കുന്നത് മകൾ ആത്മാഭിമാനത്തോടെ നോക്കി നിൽക്കും. “പറപ്പിക്കപ്പാ.. നെലം തൊടാതെ പറപ്പിക്ക്..” അവൾ ആവേശത്തോടെ പറയും.. “ആടി മോളെ.. മ്മക്ക് പറക്കാടി സ്വത്തേ”. അവൾ അപ്പന്റെ പൊന്നുമോൾ.
“ഒരൂസം.. കപ്പല് പള്ളി കഴിഞ്ഞട്ടൊള്ളു.. അപ്പന്റെ കയ്യീന്ന് ബസ്സാ പാളി..” ബ്ലെസ്സീന കഥപറയുകയാണ്.കഥ പറഞ്ഞ് ആരെയും പിടിച്ചിരുത്താൻ അവർ മിടുക്കിയാണ്.പിറകിലിരുന്നവരും നടുക്കിരുന്നവരും ബ്ലെസ്സീനയുടെ കഥ കേൾക്കാൻ കൂടി നിന്നു. ജോസഫ് ശ്രദ്ധയോടെ ബസോടിച്ചു. “എന്നിട്ട്”? ആകാംക്ഷ സഹിക്കാനാവുന്നില്ല.


വര :പി ആര്‍ രാജന്‍

“ന്തൂട്ടാ സംഭവംന്നറിയോ. അപ്പൻ വെഷം കുടിച്ചിട്ട്ണ്ടാർന്നു.. കടത്തിന്റെ പൊറത്ത് കടം കേറീത് ആരറിഞ്ഞു..? അപ്പന്റെ വായെന്നും മൂക്കീന്നും ചോര്യാ ചാടാൻ തൊടങ്ങി.അപ്പൻ മേഘദൂതിന്റെ സ്റ്റേറിങ്മ്മൽക്ക് മോന്തേം കുത്തി ഒര് കെടപ്പ്. ജെമ്മണ്ടെങ്കി ചാടിക്കോ മക്കളെ മ്മടെ ഇട്ടിമാത്തേട്ടൻ പടായിട്ടാ ന്ന് പെണ്ണുങ്ങളൊക്കെ ഒരു ജാതി അകറല്.. . കർത്താവേ ന്ന് വിളിച്ച് ഞാൻ ഒര് ചാട്ടം. ബ്രേക്ക്മ്മല് കാലമർത്തി ചവുട്ടി അപ്പനെ സീറ്റമ്മ്ന്ന് തള്ളിയിട്ട് സ്റ്റേറിങ്മ്മേ ഒര് പിട്ത്താ പിടിച്ചു..കുന്നത്തങ്ങാടി കേറ്റത്താ പിന്നെ ബസ്നിന്നത്..” കൂട്ട നെടുവീർപ്പ്. ശ്വാസം പിടിച്ചിരുന്ന് അവർ ബ്ലെസ്സീനയെ കേൾക്കുകയായിരുന്നു . അപ്പന്റെ ഓർമ്മകൾ ബ്ലെസ്സീനയുടെ കണ്ണുകളിൽ നനവ് പടർത്തി. ഇട്ടിമാത്തൻ മരിച്ചതോടെ കടം വീട്ടാൻ മേഘദൂത്, ബ്ലെസ്സീനയ്ക്ക് പുത്തൻ പണക്കാരൻ ദേവസ്സിക്ക് വിൽക്കേണ്ടി വന്നു.. ദേവസ്സി മേഘദൂതിന്റെ പേര് മേരിമാതാ ട്രാൻസ്‌പോർട് എന്നു മാറ്റി.എന്നും രാത്രി ട്രിപ്പ്‌ കഴിഞ്ഞ് ഒളരിയമ്പലത്തിന്റെ ഒഴിഞ്ഞ പറമ്പിൽ കൊണ്ടിടുന്ന മേരിമാതയുടെ നിഴലിൽ പോയിരുന്ന് ബ്ലെസ്സീന കരഞ്ഞു. അവൾക്ക് അപ്പന്റെ നെഞ്ചിലെ ചൂടോർമ്മ വന്നു. അപ്പന്റെ മണം വന്നവളെ പൊതിഞ്ഞു. ‘നെറ്റീമ്മെ കുരിശ് പോറാന് ഒരണല്ല്യാണ്ടായപ്പോ’ അവൾ ദേവസ്സിക്ക് മുന്നിൽചെന്ന് നിന്ന് കൈ നീട്ടി. “ദേവസ്സ്യേട്ടാ.. യ്ക്ക് പറ്റിയ ന്തൂട്ടേലും പണിണ്ടാ?” ഉദാരനും നീതിമാനുമായ ദേവസ്സി മേരിമാതാ ട്രാൻസ്‌പോർട്ടിന്റെ ‘ചാവിയെടുത്ത്’ ബ്ലെസ്സീനയ്ക്ക് നേരെ നീട്ടി . “നിന്റപ്പന്റെ വേർപ്പും ചോരേമാണത്. മേരിമാതക്ക് നിന്നെ വേണം..നീയോടിച്ചോ ക്ടാവേ”..അന്നുമുതൽ ബ്ലെസ്സീന തൃശ്ശൂരങ്ങാടിയിലെ ആദ്യത്തെ വനിതാ ബസ്ഡ്രൈവറായി. അപ്പനെ സ്മരിച്ച്, അവൾ ഡ്രൈവിങ് സീറ്റിലിരുന്നു.പൊടിപാറിച്ച് നിലം തൊടാതെ മേരിമാതാട്രാൻസ്‌പോർട് വലിയ വെട്ടുവഴിയിലൂടെ പറപറന്നു. അവൾ ബസോടിക്കുന്നത് കാണാൻ ജനം വഴിയരികിൽ കാത്തു നിന്നു. “ഹൌ എന്തൊരു ഗുമ്മ്.. അവള്ടെ ഇരിപ്പ് കണ്ടാ..അത്ണ് പെണ്ണ് ”. പെണ്ണുങ്ങൾക്ക് കോരിത്തരിച്ചു. ഒന്നിനെയും കൂസാത്ത അവളുടെയാ ബസ് ഓടിക്കൽ കണ്ടിട്ടായിരുന്നു ആളൂക്കാരന്റെ സ്വർണപ്പീടികയിലെ സ്വർണപ്പണിക്കാരൻ സക്കറിയ അവളെയങ്ങു പ്രേമിച്ചത്.. “ഡ്യേ. നീയ്യിനി ബസ് ഓടിക്കണ്ട. എന്റെ കുടുമ്മം ഓടിച്ചാ മതിട്ടാ..അങ്ങോരു പറഞ്ഞു.. ഞാൻ കേട്ടു. അങ്ങോരെ കെട്ടി വടക്കോട്ട് പോകും വരെ മേരിമാതേരെ സ്റ്റേറിങ് ഞാനല്ലാണ്ട് വേറൊരുത്തനും തൊട്ടട്ടില്ല. ആ എന്നോട്ണ് നിന്‍റെ തോട്ടിയിടല്.. വേണ്ട മോനെ ജോസ്പ്പെ”.. ബ്ലെസ്സീന അട്ടഹസിച്ചു.. ബസൊരു കൂട്ടച്ചിരിയായി..


‘ബാക്കി കഥ പറയമ്മച്ചി..!” ഒൻപതാമത്തെ ഹെയർപിൻ വളവ് കയറുമ്പോൾ കോളേജ്കുട്ടികൾ വന്ന് ബ്ലെസ്സീനയുടെ സീറ്റിനു ചുറ്റും ചാരിനിന്ന് കൊഞ്ചി. ബാക്കി കഥയോ.. ഏത് കഥ..?സക്കറിയപ്പച്ചൻ പ്രേമിച്ച കഥ....!“അ അ ആ.. നിങ്ങള് കാഴ്‌ച കാണാൻ വന്നത്ണ്?അതോ ഈ തള്ളേരെ പഴം പൊരാണം കേൾക്കാൻ വന്നതാ?. പോയിരി പിള്ളേരെ” എന്ന് പറഞ്ഞ് മടിയിലെ തുഗൽ ബാഗ് ബ്ലെസ്സീന തുറന്നു. അതിൽ നിന്ന് പലഹാരങ്ങളുടെ കൊതിപ്പിക്കുന്ന ഗന്ധം പുറത്തേക്ക് പടർന്നു. വട്ടയപ്പം, അരിനുറുക്ക്, അണ്ടിയുണ്ട, വെട്ടുകേക്ക്, ഐനാസ്,ഉണ്ണിയപ്പം,.. പലഹാരങ്ങളുടെ ഒരക്ഷയപാത്രം....കരച്ചിൽ വിട്ടുമാറാത്ത കൈകുഞ്ഞുമായി യാത്ര തുടരുന്ന ഭാര്യക്കും ഭർത്താവിനും അരിയലുവ,ആദ്യം . വായിലിട്ട് നുണയുമ്പോൾ അവരോട് ബ്ലെസ്സീന ചോദിച്ചു “ന്തൂട്ടാ ക്ടാവിന്റെ പേര്?”
“ഗിരിവർദ്ധൻ”.
“കിണ്ണൻ കാച്ചി പേര്.. നിന്റെ പേരോടാ ചെക്കാ”?
“ രാജീവ്‌”
“ക്ടാവിനേം പെണ്ണിനേം നന്നായ് നോക്കണം ട്ടാ .. ഹാ”.
വാത്സല്യം നിറഞ്ഞ ഒരു താക്കീതായി അപ്പോൾ ബ്ലെസ്സീന. കണ്ടക്ടർ സുരേഷിനും എന്നു വേണ്ട ബസിലുള്ളവർക്ക് മുഴുവൻ ബ്ലെസ്സീന പലഹാരങ്ങൾ വിതരണം ചെയ്തു. കോളേജ് കുമാരികളും കുമാരന്മാരും ആർത്തിയോടെ പലഹാരപ്പൊതികൾ പങ്കിട്ടു. “ന്ന്ടാ ജോസ്പ്പെ നിയ്യും തിന്നങ്ക്ട്” പാക്കറ്റ് പൊട്ടിച്ച് ഒരുപിടി കശുവണ്ടിപ്പരിപ്പ് സ്നേഹത്തോടെ അവർ ഡ്രൈവർ ജോസഫിനും കൊടുത്തു.അയാൾ അത് വായിലിട്ട് ഡ്രൈവിങ് തുടർന്നു.എന്തൊരാഹ്ലാദം. എന്തൊരു എന്തൊരു മനോഹരയാത്ര.സന്തോഷം വഴിഞ്ഞൊഴുകി.തുരുത്തിപ്പാറയിലൂടെ ഇഴഞ്ഞു നീങ്ങുന്ന ബസ് ഒരുത്സവ വണ്ടിയായി. ഒരാഹ്ലാദ വണ്ടി.ഒരാനന്ദ വണ്ടി. ..


അത്യാനന്ദത്തിന്റെ കടലിൽ, ഒറ്റയാൾ തുരുത്തായി അവളിരുന്നു. -അവൾ മധുവന്തി . ബ്ലെസ്സീനയുടെ അതേ സീറ്റിൽ, അങ്ങേയറ്റത്ത്. അവൾ കഥകൾ കേൾക്കുന്നില്ല, ചിരിക്കുന്നില്ല, യൗവനത്തിന്റെ യാതൊരു പ്രസരിപ്പുമില്ല.എന്തിന്, അവൾ അവളെത്തന്നെ അറിയുന്നില്ല. എവിടേക്കുമല്ലാതെ,എവിടേക്കോ അലസമായി ദൃഷ്ടികൾ പതിപ്പിച്ച്, ഇളം നീലയിൽ പീച്ച് നിറ ഓർക്കിഡ് പൂക്കൾ പ്രിന്റ് ചെയ്ത ജോർജറ്റ്‌ ചുരിദാറണിഞ്ഞ് വിഷാദവതിയായി അവളിരുന്നു. “ന്തൂട്ടാണ്ടീ നീയ്യ് കടന്നല് കുത്ത്യോണം മോറും വീർപ്പിച്ചിരിക്കണേ . നിന്റെ ആരെങ്കിലും ചത്താ”. ബ്ലെസ്സീന അവളെ തോണ്ടി വിളിച്ചു. “ഒന്ന് മിണ്ടാതിരിക്കുമോ സ്ത്രീയെ”എന്ന് അപ്പോളവൾ അച്ചടി ഭാഷയിൽ ചീറുകയായിരുന്നു. സർപ്പം ചീറ്റുന്നത് പോലെ! “അ അ ആ.. അപ്പ നല്ല വെഷള്ള ജാതീണ് ല്ലേ.. ന്തൂട്ടണ്ടീ.. പറ നീയ്യ്. നിന്റെ ആരെങ്കിലും ചത്താ?” ബ്ലെസ്സീന പിന്നെയും പ്രകോപിപ്പിക്കുകയാണ്. തന്റെ വഴിക്ക് വരാത്തവരെ പ്രകോപ്പിപ്പിച്ച് വഴിക്കാക്കുക എന്നത് അവരുടെയൊരു രീതിയാണ്. “ചത്തില്ല.. പക്ഷേ.. ചാകും.. കൊല്ലും ഞാൻ”. മധുവന്തിയുടെ കണ്ണുകളിൽ കാട്ടുത്തീയെരിഞ്ഞു.
“അ അ ആ അയ്യോടി. നീ കൊല്ലാൻ പോവ്ണ്..?.ന്നാ എന്റെ കൂടെങ്ക്ട് പോര്. ഞാനും ഒരാളെ കൊല്ലാൻ പോവ്ണ് . മ്മക്ക് ഒരുമിച്ച് കൊല്ലാടീ...” എതിരെ ചീറിപ്പാഞ്ഞ് ചുരമിറങ്ങി വന്ന ഒരു ബൈക്കിലിടിക്കാതിരിക്കാൻ ജോസഫ് പൊടുന്നനെ ബ്രേക്ക്‌ ചവിട്ടി ബസ് വെട്ടിച്ചു..സീറ്റിലിരുന്നവരെല്ലാം മുന്നോട്ടാഞ്ഞു. ബ്ലെസ്സീന അട്ടഹസിച്ചു. മധുവന്തി അവരെ തന്നെ തുറിച്ചു നോക്കുകയായിരുന്നു. ബ്ലെസ്സീന അവൾക്കരികിലേക്ക് നീങ്ങിയിരുന്നു. ഒരു സ്വകാര്യം പോലെ പറഞ്ഞു, മധുവന്തിക്ക് മാത്രം കേൾക്കാൻ പാകത്തിൽ ഒരു മന്ത്രം പോലെ-അവളുടെ കാതിൽ
“വിശ്വാസയില്ലേറീ നിന്ക്ക്.. ന്തൂട്ടാണ്ടി നീ തുറിച്ച് നോക്കണേ... ഈ ലോകായ ലോകോക്കെ ചുറ്റി,, ചൊമെടും താങ്ങി, ദീ മലമൂട്ടില് ദേ.നോക്ക്യേ...” ബ്ലെസ്സീന ഒന്ന് നിർത്തി. എന്നിട്ട് മധുവന്തിയെ കനത്തിൽ തോണ്ടി തുടർന്നു.. “ദേ..നോക്ക്യേ ഈ ശകടത്തില് കൊത്തിപിടിച്ച് കേറാൻ എനിക്കൂന്താട്ടാണ്ടീ പ്രാന്താന്നാ നീ വിചാരിച്ചേ..... “? അതുവരെ കണ്ട ബ്ലെസ്സീനയായിരുന്നില്ല അത് . “കാലന്റെ കൊട്ടേഷനും കൊണ്ടാടീ ഞാനിദീ കേറീത്”!! ഒരു ദുർമന്ത്രവാദിനിയെപ്പോലെ അവർ കാതുകുലുക്കി അട്ടഹസിച്ചു.,മധുവന്തിക്ക് മാത്രം കേൾക്കാവുന്ന അമർത്തിയ അട്ടഹാസം.
“നീ പറയെടീ ക്ടാവേ . ആരെണ് നിനക്ക് കൊല്ലണ്ടേ? ന്തൂട്ട്ണ് നിന്റെ വ്യസനം?അമ്മാമ്മ കേക്കട്ടെ”
മധുവന്തി വിയർത്തു. പറയണോ പറയാതിരിക്കണോ എന്ന് ശങ്കിച്ചു . ഒടുവിൽ അവൾ അവളുടെ അച്ചടിഭാഷയിൽ തുടർന്നു.
“ഞാനൊരാളെ പ്രണയിച്ചു. അമ്മാമ്മയ്ക്ക് പറഞ്ഞാൽ മനസ്സിലാകുമോ എന്നറിയില്ല.വി വേർ ഇൻഎ ലിവ് ഇൻ റിലേഷൻഷിപ്. എന്ന് വെച്ചാൽ കല്യാണം കഴിക്കാതെ ഭാര്യഭർത്താക്കന്മാരെ പോലെ ഒരുമിച്ച് ജീവിച്ചു. അവൻ മാത്രമായിരുന്നു എന്റെ ലോകം. ഹൃദയവും ശരീരവും ഞാനവനു നൽകി. ഒരു പ്രൊബേഷൻ പോലെയായിരുന്നു എനിക്കത് .സക്സ്സസ് ആണെന്ന് തോന്നിയപ്പോൾ രണ്ട് വീട്ടുകാരുടെയും അനുവാദത്തോടെ കല്യാണം കഴിക്കാൻ ഞാൻ തീരുമാനിച്ചു.എനിക്കെപ്പോഴും ഒരു കുടുംബത്തിന്റെ തണൽ ആവശ്യമായിരുന്നു.അവനോടൊപ്പമുള്ള ഒരു കുഞ്ഞു കുടുംബം.പക്ഷേ....” അവളുടെ തൊണ്ടയിൽ വ്യസനം കല്ലുപോലെ കനത്തു. “എല്ലാം തിരിച്ചറിയാൻ ഞാൻ വൈകിപോയിരുന്നു. അവന് മറ്റൊരു കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു.. അവളെയാണ് അവന്റെ വീട്ടിൽ ഭാവി വധു എന്നവൻ പരിചയപ്പെടുത്തിയത്.ഇപ്പോളിതാ അവരുടെ കല്യാണമുറപ്പിച്ചിരിക്കുന്നു..ഇത്രയും കാലം കൂടെജീവിച്ച ഞാൻ അവന് വെറുമൊരു സൈക്കോ- തേവിടിച്ചി.. ആണിന്റെ ചൂരിനും ചൂടിനും ദാഹിച്ചു നടക്കുന്ന വെറുമൊരു തേവിടിച്ചി... ഒരുമിച്ച് താമസിക്കുന്ന വീട്ടിൽ നിന്നിറങ്ങുമ്പോൾ അവനെന്നോട് പറഞ്ഞതെന്താണെന്നറിയാമോ.. കൂട്ടുകാരനോടൊപ്പം ട്രിപ്പ്‌ പോകുകയാണെന്ന്. നാളെ തിരിച്ചു വരുമെന്ന്.. ഐ വിൽ മിസ്സ്‌ യൂ.. ടേക്ക് കെയർ സ്വീറ്റി..ച്ചീ.....ഇന്നാണവരുടെ കല്യാണം. വേണ്ടപ്പെട്ടവരെ മാത്രം വിളിച്ചു വരുത്തി ഈ മലമുകളിൽ സുന്ദരമായൊരിടത്ത് വെച്ച് അവർ ഒന്നാകുന്നു.. അത് കഴിഞ്ഞ് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അവൻ എന്റെയടുത്ത് വന്നു കിടക്കും.. പറയൂ കൊല്ലേണ്ടേ ഞാനവനെ .വേണ്ടേ..? കൊല്ലണം..അവനെയെനിക്ക് കൊല്ലണം...!” മധുവന്തി വെട്ടി വിറച്ചു.

“ന്തൂട്ട് മണ്ടിയാണ്ടീ നീ.. ഒരിക്കൽ ചത്ത ശവത്തിനെ വീണ്ടും കൊല്ലാൻ പോവ്വാ.ചത്തളിഞ്ഞ ശവം ചൊമന്നോണ്ട് നടന്നാ നീയും നാറും. ഒന്നെങ്കി മണ്ണിട്ട് മൂട്. അല്ലെങ്കി കത്തിച്ച് കളയ്.. ജീവിതങ്ക്ട് ബാക്കി കെടക്കുമ്പോ അവള് കൊല്ലാൻ നടക്ക്ണ്..പ്തൂ..ആ തെണ്ടീരെ കല്യാണം മൊടക്കി അവനെ കൊല്ലന്ണ് നീയീ മല കേറണെങ്കി,നിന്നെ ഞാൻ കൊല്ലും. നീ അവന്റെ മുന്നിലാ ചെന്ന് നിക്കടീ മോളെ. എന്നിട്ടവന്റെ കല്ല്യാണോം കൂടീട്ട് നീട്ടിയൊരു കയ്യാ വീശി ഇങ്കെടറങ്ങി പോര്.. ഹല്ല പിന്നെ..”
ബ്ലെസ്സീന വെളിച്ചത്തിന്റെ ഒരു വാൾ വീശി. ആ വെളിച്ചത്തിൽ മധുവന്തി കണ്ണു ചിമ്മിയിരുന്നു. അവൾ ഇരുട്ടിൽ നിന്ന് നീക്കി നിർത്തപ്പെടുകയായിരുന്നു.പൊടുന്നനെ ഒരു വെളിപാടുണ്ടായതു പോലെ അവൾ ബ്ലെസ്സീനയെ തറച്ചു നോക്കി..ആരെയാണ് ബ്ലെസ്സീന കൊല്ലാൻ പോകുന്നത്.? മരണത്തിന്റെ കുടുക്കുമായി ആർക്ക് വേണ്ടിയാണ് ബ്ലെസ്സീനയെന്ന വൃദ്ധസ്ത്രീ ഈ ബസിൽ കയറിയിരിക്കുന്നത്. അവൾ കിതച്ചു.കണ്ണുകളുന്തി. ഹൃദയം പെരുമ്പറ കൊട്ടി. അതുകണ്ടു ബ്ലെസ്സീന ആർത്താർത്ത് അട്ടഹസിച്ചു. ബസ് മുപ്പത്തിയൊന്ന്നാം ഹെയർപിൻ വളവ് ഇരമ്പിക്കയറി. അതിന്റെയിരമ്പലിൽ മറ്റെല്ലാ ശബ്ദവും മുങ്ങിപ്പോയി.


നിനച്ചിരിക്കാതെ,പൊടുന്നനെ ബസിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.കഠിനമായ നെഞ്ച് വേദനകൊണ്ട് പിടയുന്ന ഡ്രൈവർ ജോസഫിനെ കണ്ട് ബസിലുള്ളവർ നടുങ്ങി. ജോസഫിന്റെ മൂക്കിൽ നിന്നും വായിൽ നിന്നും രക്‌തമൊഴുകുകയാണ്. നിയന്ത്രണമില്ലാതെ ബസ് ആടിയുലഞ്ഞു. ചരിത്രം ആവർത്തിക്കുകയായിരുന്നു. ബ്ലെസ്സീന അപ്പനെ സ്മരിച്ചു. വൃദ്ധയുടെ കണ്ണിൽ ഗൂഢമായാനന്ദം തിളങ്ങി.മധുവന്തി ഉമിനീർ വറ്റിയിരുന്നു. ബോണറ്റിന് മുകളിലൂടെ ചാടിക്കടന്ന് , ബ്രേക്ക് പാഡിൽ ചവുട്ടി ബ്ലെസ്സീന നിന്നു. പിന്നെ ക്ലച്ചമർത്തി ഗിയർ ഡൌൺ ചെയ്തു. അപ്പോഴേക്കും ജോസഫിനെ സീറ്റിൽ നിന്നിറക്കി കിടത്തിയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കുമൊരെത്തും പിടിയും കിട്ടിയില്ല. ജോസഫ് അന്ത്യശ്വാസം വലിക്കുകയാണ്. ആശുപത്രിയിലെത്തിച്ചാൽ ഒരുപക്ഷേ അയാളുടെ ജീവൻ തിരിച്ചു കിട്ടിയേക്കും. പക്ഷേ എങ്ങനെ.? അടിവാരത്തേക്ക് തിരിച്ചു പോകുക സാധ്യമല്ല. എതിരെ വരുന്ന വാഹനത്തിനു പോലും കഷ്ടിച്ച് വഴികൊടുക്കാൻ മാത്രമിടമുള്ളിടത്ത് വെച്ച് എങ്ങനെയാണ് ഇത്രയും വലിയൊരു ബസ് തിരിച്ചുവിടുക.? മുകളിലേക്കെത്താനാണെങ്കിൽ പത്തോളം ഹെയർപിൻ വളവുകളും ബാക്കി. മരണം ജോസഫിനെ കൈനീട്ടി തൊടുകയാണ്. യാത്രയാവുക.. ബസ് മുന്നോട്ട് നീങ്ങി. ഒരു കളിവണ്ടി പോലെ അത് ബ്ലെസ്സീനയുടെ കൈകളിൽ മെരുങ്ങി നിന്നു. അതിസാഹസികമായി തങ്ങളുടെ ജീവൻ രക്ഷിച്ചതിന്റെ നന്ദി യാത്രക്കാരുടെ കണ്ണുകളിൽ തെളിയുന്നത് ബ്ലെസ്സീന കണ്ടു. അവരുടെ മുഖത്ത് നേർത്ത ചിരി വിടർന്നു.അതിൽ എരിയുന്ന പകയുടെ അവസാനത്തെ കനലും കെട്ടുപോയതിന്റെ ശീതളിമയുണ്ടായിരുന്നു. കാലം ഒരു യാത്രയിലെ പിൻകാഴ്‌ചയെന്നപോലെ പിറകോട്ടോടുകയായിരുന്നു..

ഇട്ടിമാത്തന് അവൾ സ്വത്തായിരുന്നെങ്കിൽ, സക്കറിയയ്ക്കവൾ തങ്കക്കട്ടിയായിരുന്നു.അയാൾ അവളെ പൊന്നുപോലെ നോക്കി. ലോകത്തുള്ള പൊന്നായപൊന്നെല്ലാം അവൾക്കുമേൽ മൂടാൻ അയാൾ അതിയായി മോഹിച്ചു. പക്ഷേ, ബ്ലെസ്സീന ഒരു തരി പൊന്നുപോലും മോഹിച്ചില്ല. അതിനേക്കാൾ വിലപ്പെട്ടതായിരുന്നു അവൾക്ക്, സക്കറിയയുടെ സ്നേഹം. സക്കറിയയുടെ പരിലാളനകളിൽ അവൾ തളിർത്തു, പൂത്തു, കായ്ച്ചു. പിന്നെ സോഫി ജനിച്ചു. കണ്ണടച്ച് തുറക്കും മുൻപേ അവൾ വളർന്നു. സോഫിയെ പഠിപ്പിച്ച് വലിയൊരുദ്യോഗക്കാരിയാക്കണമെന്ന് ബ്ലെസ്സീന അതിയായാശിച്ചു. സോഫി, പ്രീഡിഗ്രിക്ക് കോളേജിൽ പഠിക്കുന്ന കാലം-പ്രണയം തലയ്ക്കു പിടിച്ച് കണ്ണുകാണാത്ത, കാതുകേൾക്കാത്ത കാലം. മലയിറങ്ങി വന്ന പരദേശിയായ ഒരു ചെറുപ്പക്കാരൻ ബസ് ഡ്രൈവറെ അവൾക്ക് അപ്പനമ്മമാരെക്കാൾ വിശ്വാസമായിരുന്നു. കോളേജിൽ പോകുമ്പോൾ അവളെന്നും അയാളോടിക്കുന്ന ബസിൽ കയറാൻ കാത്തു നിന്നു.അയാൾക്ക് വേണ്ടി അവൾ കോളേജിൽ സ്ഥിരം വൈകിയെത്തുന്ന പെൺകുട്ടിയായി. ഒരു ശനിയാഴ്ച,സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് കള്ളം പറഞ്ഞ് കാമുകനോടൊപ്പം സിനിമക്ക് പോയി,സോഫി. അയാൾ ഒരു കറുത്ത അംബാസ്സിഡർ കാറിൽ വന്നാണ് അവളെ കയറ്റി കൊണ്ടുപോയത് . അതിൽ അയാളെക്കൂടാതെ മറ്റു മൂന്ന്പേർ കൂടിയുണ്ടായിരുന്നു. സോഫിക്കതൊരു നരകയാത്രയായിത്തീർന്നു. ചവച്ചു തുപ്പിയ മുരിങ്ങക്കോൽ ചണ്ടി പോലെ അവൾ റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ടു. കാറിലുണ്ടായിരുന്ന നാല് ചെറുപ്പക്കാരെ പിന്നെയാരും കണ്ടതുമില്ല.
“വേണ്ട.. പോലീസ് കേസ് വേണ്ട.ഞങ്ങളെവിടെയെങ്കിലും ജീവിച്ചു കൊള്ളാം,അവളെയിനിയും പിച്ചി ചീന്താൻ ഇട്ടുകൊടുക്കില്ലെന്ന്” പൊട്ടിച്ചിതറിയ ഹൃദയവുമായി സക്കറിയ വാശിപിടിച്ചു. സോഫി പിന്നെയൊരിക്കലും സംസാരിച്ചില്ല,ഇരുട്ടിലവൾ ആരെയോ തിരഞ്ഞു കൊണ്ടിരുന്നു. ഇരുട്ട് വലുതാവുന്നതിനനുസരിച്ച് അവളുടെ വയറും വലുതായി. അവൾ പ്രസവിച്ചു. ഒരാൺകുഞ്ഞിനെ ബ്ലെസ്സീനയുടെ കൈയിലേക്ക് കൊടുത്ത് സോഫി ചാലിയാറിന്റെ ആഴങ്ങളിലേക്കിറങ്ങി പോയി.. അളിഞ്ഞ് വികൃതമായ മകളുടെ മൃതദേഹം കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞ് തളർന്ന അപ്പൻ പൊന്നുരുക്കാൻ കരുതിയിരുന്ന സയനൈഡ് വിഴുങ്ങി പിടഞ്ഞു തീർന്നു. മുലകുടിമാറാത്ത കുഞ്ഞിനെ നെഞ്ചോടടക്കി ബ്ലെസ്സീന കണ്ണീർവറ്റി നിന്നു. എയ്ബൽ വളർന്നു. ഒരു ദിവസം സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ എയ്ബൽ അമ്മാമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. “ന്തൂട്ടാ ന്റെ ക്ടാവിന് പറ്റ്യേ.. കരയാണ്ടിരിക്ക് പൊന്നേ”ബ്ലെസ്സീന അവനെ ചേർത്ത് പിടിച്ച് മുതുകിൽ തലോടി. “എനിക്ക് കൊറേ തന്തമാര്ണ്ടാ അമ്മാമ്മേ”? അവൻ ഏങ്ങിയേങ്ങി ചോദിച്ചു. കർത്താവിനെ വിളിച്ച് അവൾ സകലതും കടിച്ചമർത്തി നിന്നു. പുഴക്കടവിൽ നിന്ന് അലക്കും കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ, ജനൽക്കമ്പിയിലൂടെ കഴുത്തിൽ കുടുക്കിട്ട് നിശ്ചലനായി കിടക്കുന്ന എയ്ബലിനെയാണ് ബ്ലെസ്സീന കണ്ടത്. പള്ളിമുറ്റത്ത് വെച്ച് അവനെ ശവപ്പെട്ടിയിൽ നിന്ന് പുറത്തെടുത്ത് നെഞ്ചോട് ചേർത്ത് ബ്ലെസ്സീന ഒരു വിളി വിളിച്ചു. ഒടുക്കത്തെ വിളി. അതൊരു വെല്ലുവിളിയായിരുന്നു.“കർത്താവേ... ഇദ് ഇവടം കൊണ്ട് തീരൂല്ലാട്ടാ”. സകല പള്ളി ഗോപുരങ്ങളും അവളുടെയാ വെല്ലുവിളിയിൽ നടുങ്ങി.സെമിത്തേരിക്ക് പുറത്തെ കുഴിയിൽ അവനെയടക്കി ഒരുപിടി മണ്ണുവാരിയിട്ട് തുടങ്ങിയതാണ് ബ്ലെസ്സീനയുടെ അലച്ചിൽ. കാല് വെന്ത പട്ടിയെപ്പോലെ അവൾ അലഞ്ഞു നടന്നു. വർഷങ്ങൾ കാത്തിരുന്ന് വേട്ടയാടേണ്ട ഓരോരുത്തരെയായി അവൾ തിരഞ്ഞു പിടിച്ചു.തക്കം പാർത്തിരുന്ന് അന്തിമവിധി നടപ്പിലാക്കി..കത്തിയെരിഞ്ഞ ഒരു പെണ്ണായുസ്സ്. അതിന്റെ ജ്വാല വിഴുങ്ങിയ അവസാനത്തെയിര ജോസഫ്. ഇനി ബ്ലെസ്സീനയ്ക്ക് ജീവിച്ചാലെന്ത്, ഇല്ലെങ്കിലെന്ത്..?

നാല്പത്തിയൊന്നാം വളവും കയറി ബസ് മുനീശ്വരൻമേടെത്തി.അതിപ്പോൾ ഒരു ശവമഞ്ചമായിരിക്കുന്നു. ആ ശവമഞ്ചവും താങ്ങി ഒറ്റയ്ക്ക് കടന്നുവന്ന ബ്ലെസ്സീനയെ അന്നാട്ടുകാർ അന്തിച്ചു നോക്കി നിന്നു.കണ്ടക്ടർ വിളിച്ചു പറഞ്ഞതനുസരിച്ച് അവിടെയെല്ലാ മുന്നൊരുക്കളും നടത്തിയിരുന്നു.. പഞ്ചായത്ത് വക ഒരു കാത്തിരിപ്പ് ഷെഡ്. ഒരു ശുചിമുറി. അതായിരുന്നു മുനീശ്വരൻ മേടിലെ ബസ് സ്റ്റാൻഡ്. കാത്തിരിപ്പു ഷെഡിന് ഓരം ചേർത്ത് നിർത്തി ബ്ലെസ്സീന ഡോർ തുറന്ന് ചാടിയിറങ്ങി. ബസിൽ നിന്ന് പുറത്തേക്കിറക്കിയ ജോസഫിന്റെ മൃതദേഹം ഒരു കാഴ്ച വസ്തുപോലെ നിലത്തു വിരിച്ച പായിൽ കിടന്നു. സഞ്ചാരികളുടെ മുഖങ്ങൾ നിർജ്ജീവമായിരുന്നു. അവരുടെ യാത്രയ്ക്ക് ദുരന്ത പരിസമാപ്തി.സമയോചിതമായ ഇടപെടലിലൂടെ അനേകം പേരുടെ ജീവൻ രക്ഷിച്ച ബ്ലെസ്സീനയ്ക്ക് വീരപരിവേഷം., അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ അധികം വൈകാതെ ബ്ലെസ്സീനയെ തേടിയെത്തും. അവർ ഒന്നിനുവേണ്ടിയും കാത്തു നിൽക്കുമെന്ന് തോന്നുന്നില്ല..ജോസഫിന്റെ മൃതദേഹം, സ്വാഭാവികമായും പോസ്റ്റ്‌മോർട്ടം ചെയ്യപ്പെടും.. മരണകാരണം സിങ്ക് സയനൈഡിന്റെ അംശമാണെന്നും കണ്ടുപിടിക്കപ്പെടും ..ബ്ലെസ്സീനയ്ക്ക് ഒരു ചുക്കുമില്ല. അവൾ വരുംകാലത്തെ കുറിച്ചോർത്ത് ഭയപ്പെടുന്നില്ല.

അപ്പോൾ അതി ശക്തമായൊരു കാറ്റ് വന്ന് മുനീശ്വരൻമേടിനെ പൊതിഞ്ഞു. മുൻപൊരിക്കലും വീശിയിട്ടില്ലാത്ത വല്ലാത്തൊരു പൊടിക്കാറ്റ്, സകലതും പറത്തിക്കളയുന്ന ഒരു കൊടുങ്കാറ്റ്...! കാറ്റിനവസാനം ബ്ലെസ്സീനയെ കാണാതായി. തുരുത്തിപ്പാറയുടെ വനപ്രഭയിൽ അവർ അപ്രത്യക്ഷയായി.. രണ്ടാം തുരുത്തിപ്പാറയുടെ നെറുകയിൽ നിന്നുതിർന്ന കണ്ണീർച്ചാലും പൊടുന്നനെ അപ്രത്യക്ഷമായി.

എവിടെയാണ് ബ്ലെസ്സീന.? അവർ എവിടേക്കാണ് പോയ്‌ മറഞ്ഞത്?അവരെവിടെ നിന്നാണ് വന്നത്.? അവർ പറഞ്ഞ കഥകളെല്ലാം സത്യമായിരുന്നോ?ആർക്കുമൊന്നുമറിയില്ല. നടുക്കം വിട്ടുമാറാതെ മധുവന്തി തരിച്ചു നിന്നു... എത്ര നേരം?......!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക