Image

കമ്മ്യൂണിസത്തിന്റെ തറവാട്ടിൽ (അച്യുതം 4:മാങ്ങാട് രത്‌നാകരൻ)

Published on 03 June, 2026
കമ്മ്യൂണിസത്തിന്റെ തറവാട്ടിൽ (അച്യുതം 4:മാങ്ങാട് രത്‌നാകരൻ)

സി.അച്യുതമേനോനെ ലളിതമായ വസ്ത്രങ്ങളിലാണ് മലയാളികൾക്കു പരിചയം. അരക്കയ്യൻ ഷർട്ട്, മുണ്ട്. കേരളത്തിലെ രാഷ്ട്രീയക്കാർക്കു പതിവുള്ള ജൂബ്ബ അപൂർവമായേ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളൂ എന്നു തോന്നുന്നു. അങ്ങനെയുള്ള അച്യുതമേനോനെ സായ്പിന്റെ 'ത്രി പീസ് സ്യൂട്ടിൽ' നമുക്കു കാണാൻ കഴിഞ്ഞത് പുനലൂർ രാജന്റെ ക്യാമറക്കണ്ണുകളിലൂടെയാണ്.

ചികിത്സയ്ക്കായി സി.അച്യുതമേനോൻ മോസ്‌കോയിൽ പോയതിന്റെ ഒരു ലഘുവിവരണം അദ്ദേഹത്തിന്റെ മകൻ ഡോ.വി.രാമൻകുട്ടി നൽകുന്നുണ്ട് (സി.അച്യുതമേനോന്റെ ജീവിതയാത്രയിൽ, ഗ്രീൻ ബുക്‌സ്, തൃശ്ശൂർ, 2015) ''1963-ലോ 64-ലോ ആണ് അച്ഛൻ വിദഗ്ധചികിത്സയ്ക്കായി മോസ്‌കോ സന്ദർശിച്ചത്. അന്ന് ആ യാത്ര വളരെ ദുഷ്‌കരമായിരുന്നു. ഡൽഹിയിൽ നിന്ന് ഉസ്ബക്കിസ്ഥാനിലെ താഷ്‌കെന്റിൽ വിമാനമിറങ്ങി, മറ്റൊരു വിമാനത്തിൽ വേണമായിരുന്നു മോസ്‌കോവിൽ പോകാൻ. അവിടെ അദ്ദേഹത്തെ സ്വീകരിക്കാൻ മോസ്‌കോ മലയാളിയായ ഒരു ചന്ദ്രനുണ്ടായിരുന്നു. അദ്ദേഹം കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നതിനുശേഷം വളരെ മുമ്പേ മോസ്‌കോവിൽ എത്തിയ ഒരാളാണ്.... അതിനെത്തുടർന്ന് 1966-ലും അച്ഛൻ വിശ്രമത്തിനും ചെക്കപ്പിനുമായി മോസ്‌കോയിലേക്കു പുറപ്പെട്ടു. ഞാനും ഒപ്പമുണ്ടായിരുന്നു...''

അച്യുതമേനോന്‍ സായ്പിന്റെ 'ത്രി പീസ് സ്യൂട്ടിൽ'

മറക്കാനാവാത്ത അനുഭവങ്ങൾ എന്ന അച്യുതമേനോന്റെ ഓർമ്മക്കുറിപ്പിന് (മാതൃഭൂമി ബുക്‌സ്, 2025) എഴുതിയ 'അച്ഛനും ഞാനും' എന്ന പിൻകുറിപ്പിൽ കുറേക്കൂടി വിശദാംശങ്ങളോടെ ഡോ.വി.രാമൻകുട്ടി മോസ്‌കോവിലെ ചികിത്സാജീവിതത്തെക്കുറിച്ച് എഴുതുന്നു: ''അച്ഛനും ഞാനും മോസ്‌കോ നഗരത്തിനടുത്തുള്ള ഒരു വലിയ ആശുപത്രി സാനട്ടോറിയം കോംപ്ലക്‌സിലാണ് ഒരു മാസത്തോളം കഴിച്ചുകൂട്ടിയത്. പരിശോധനകളും ചികിത്സാവിധികളും ഒക്കെ രാവിലെ കഴിയും. ബാക്കി സമയം ഹോട്ടൽമുറിപോലെയുള്ള ഒരു മുറിയിലായിരുന്നു... ആശുപത്രിയോളം തന്നെ അതൊരു റിസോർട്ടും ആയിരുന്നു.... പക്ഷേ സെക്യൂരിറ്റി കടുകട്ടി ആയിരുന്നു. സന്ദർശകർക്കും വിലക്കുണ്ടായിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു. ലോകത്തിന്റെ പല മൂലകളിൽനിന്നും എത്തിയിട്ടുള്ള കമ്യൂണിസ്റ്റുകാരായിരുന്നു സോവിയറ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആ ആശുപത്രിയിൽ. അവരിൽ സ്വന്തം നാട്ടിൽ നിരോധിക്കപ്പെട്ടിട്ടുള്ള പാർട്ടികളിലുള്ള ചിലരുമുണ്ട്. പാസ്‌പോർട്ടുപോലുമില്ലാതെ സോവിയറ്റ് യൂണിയനിലേക്ക് കടത്തപ്പെട്ട വിപ്ലവകാരികൾപോലും ചികിത്സയ്‌ക്കെത്തിയിരുന്നത് അവിടെയാണ്.''

 പുനലൂര്‍ രാജന്‍ മോസ്ക്കോയില്‍

കമ്മ്യൂണിസത്തിന്റെ തറവാട്ടിലേക്കുള്ള ഈ യാത്രകൾക്ക് എത്രയോ മുമ്പുതന്നെ അച്യുതമേനോന് സോവിയറ്റ് യൂണിയനോടുള്ള രാഗം, രാഗദ്വേഷമായി വഴിമാറിയിരുന്നു. സ്റ്റാലിന്റെ മരണത്തിന് മൂന്നുവർഷത്തിനുശേഷം, സി.പി.എസ്.യു.  ഇരുപതാം പാർട്ടി കോൺഗ്രസ്സിൽ (1956) സ്റ്റാലിന്റെ ക്രൂരതകളെക്കുറിച്ചുള്ള ക്രൂഷ്‌ചേവിന്റെ വെളിപ്പെടുത്തലുകൾ ഒരു വിഗ്രഹത്തിന്റെ തകർച്ചയിലേക്കു മാത്രമല്ല, ആശയപരമായ വിശ്വാസത്തകർച്ചയിലേക്കും അച്യുതമേനോനെ നയിച്ചിരുന്നു. സോവിയറ്റ് യൂണിയൻ ഹംഗറി (1956) ചെക്കസ്ലോവാക്യ (1968) എന്നീ രാജ്യങ്ങളിൽ നടത്തിയ അധിനിവേശങ്ങൾക്കെതിരെ തുറന്നു വിയോജിച്ച നേതാവായിരുന്നു അദ്ദേഹം. അതുരണ്ടും, രണ്ടു മട്ടിൽ, 'തന്ത്രപൂർവ്വം തോൽപ്പിക്കപ്പെട്ടു.' പാർട്ടിയിൽ നിന്നു രാജിവയ്ക്കുന്നതിനുപോലും അച്യുതമേനോൻ അന്നു സന്നദ്ധത പ്രകടിപ്പിച്ചു. കെ.ദാമോദരനും മുമ്പ് 'അപസ്റ്റാലിനീകരണ ശുദ്ധീകരണം' നടത്തിയ ജനാധിപത്യവാദിയായിരുന്നു അച്യുതമേനോൻ. ''ക്രൂഷ്‌ചേവിന്റെ വെളിപ്പെടുത്തലുകൾ അദ്ദേഹത്തെ വല്ലാതെ ഉലച്ചുകളഞ്ഞു... രാജിക്കത്ത് പാർട്ടിയുടെ സംസ്ഥാനകമ്മിറ്റിയാഫീസിൽ നൽകിയശേഷം മനസ്സമാധാനത്തിനും വിശ്രമത്തിനുമായി അദ്ദേഹം കൊടുങ്ങല്ലൂരിലെ ഭാര്യാഗൃഹത്തിലേക്കു പോയി... (കെ.) ദാമോദരൻ നേരെ കൊടുങ്ങല്ലൂരിലേക്കു പോയി... ഒടുവിൽ അച്യുതമേനോൻ ദാമോദരനോടു യോജിക്കുകയും രാജിക്കത്തു പിൻവലിക്കുകയും ചെയ്തു.'' (കെ.ദാമോദരൻ പോരും പൊരുളും, പി.ഗോവിന്ദപ്പിള്ള, എസ്.പി.സി.എസ്, 2011)

''ഞാൻ അച്യുതമേനോനെ ആത്മാർത്ഥമായി വിലയിരുത്തുന്നത് ഫസ്റ്റ്ക്ലാസ് കോൺഗ്രസ്മാൻ എന്നാണ്. അദ്ദേഹം കമ്യൂണിസ്റ്റൊന്നുമല്ല,'' (അഭിമുഖം പി.ജി., ജോണി ലൂക്കോസ്, ഡി.സി.ബുക്‌സ്, 2003) പി. ഗോവിന്ദപ്പിള്ളയുടെ 'ആത്മാർത്ഥമായ' ഈ വിലയിരുത്തലിന്റെ 'ശരിതെറ്റുകൾ' എന്തുതന്നെയായാലും, അതൊരു 'ഫസ്റ്റ്ക്ലാസ്' രാഷ്ട്രീയഫലിതമാണ്. 'ഫലിതചക്രവർത്തി'മാരായി വാഴ്ത്തപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കൾപോലും മാടമ്പി-സ്ത്രീദൂഷണ 'ഫലിത'ങ്ങളാണല്ലോ പൊതുവേ നാട്ടിൽ പറഞ്ഞുപോന്നിരുന്നത്!

പുനലൂർ രാജൻ മോസ്‌കോയിലെ ഓൾ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാട്ടോഗ്രാഫിയിൽ (VGIK) ചലച്ചിത്ര ഛായാഗ്രഹണം പഠിക്കാൻ പോകുന്നത് 1973 ജൂലായിലായിരുന്നു. തുടർന്ന് രണ്ടു വർഷക്കാലം അവിടെ തുടർന്നു. 1974 തുടക്കത്തിലാണ് തന്റെ ആരാധ്യനായ നേതാവ് ചികിത്സയ്ക്കായി മോസ്‌കോയിലെത്തിയത്. സി.പി.ഐയുടെ മുതിർന്ന നേതാവ് എസ്.കുമാരനും ഭാര്യ ശാരദാംബികാദേവിയും ഒപ്പമുണ്ടായിരുന്നു. അച്യുതമേനോനെ മാത്രമല്ല ഏതാണ്ട് അതേ സമയത്ത് മോസ്‌കോയിൽ എത്തിച്ചേർന്ന തകഴി ശിവശങ്കരപ്പിള്ളയേയും രാജൻ 'ത്രി പീസ് സ്യൂട്ടിൽ' ചിത്രീകരിച്ചിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക