
ന്യൂയോർക്ക്: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 2026 ഓഗസ്റ്റ് 15-നെ ന്യൂയോർക്ക് സംസ്ഥാനത്ത് 'ഇന്ത്യൻ ഇൻഡിപെൻഡൻസ് ഡേ' ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റ് അംഗീകരിച്ചു. ഗവർണർ കാത്തി ഹോക്കൽ ഔദ്യോഗിക പ്രഖ്യാപനം നടത്തണമെന്നാവശ്യപ്പെടുന്ന ജെ1935 പ്രമേയം പാസാക്കിയതോടെ സംസ്ഥാനവ്യാപകമായി ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് വഴിയൊരുങ്ങി.
ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് പാർട്ടി സെനറ്റർ ജെറമി കൂണിയാണ് പ്രമേയം അവതരിപ്പിച്ചത്. കൊൽക്കത്തയിലെ ഒരു അനാഥാലയത്തിൽ നിന്ന് ദത്തെടുക്കപ്പെട്ട കൂണി, റോച്ചസ്റ്ററിൽ വളർത്തമ്മയുടെ സംരക്ഷണത്തിലാണ് വളർന്നത്. 2020-ൽ ന്യൂയോർക്കിന്റെ അപ്‌സ്റ്റേറ്റ് മേഖലയിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ സംസ്ഥാനതല ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട് അദ്ദേഹം ചരിത്രം സൃഷ്ടിച്ചിരുന്നു.
ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ചരിത്രത്തെയും സംസ്കാരത്തെയും പൈതൃകത്തെയും ആഘോഷിക്കാനും ഓർമ്മിക്കാനുമുള്ള മികച്ച അവസരമാണിതെന്ന് കൂണി അഭിപ്രായപ്പെട്ടു.
പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയിൽ നിരവധി സെനറ്റർമാർ ഇന്ത്യയുടെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാഗരിക പാരമ്പര്യം, ജനാധിപത്യ മൂല്യങ്ങൾ, മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ, ഇന്ത്യൻ-അമേരിക്കൻ സമൂഹം ന്യൂയോർക്കിനും അമേരിക്കയ്ക്കും നൽകിയ സംഭാവനകൾ എന്നിവയെ പ്രശംസിച്ചു.
പ്രമേയം അവതരിപ്പിച്ച സെനറ്റർ ജെറമി കൂണിയോടും അതിനെ പിന്തുണച്ച ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിനോടും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നന്ദി രേഖപ്പെടുത്തി. ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിനും ന്യൂയോർക്കിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ വിലമതിക്കാനാവാത്ത സംഭാവനകൾക്കും നൽകിയ അംഗീകാരത്തിന് സെനറ്റിനെ അഭിനന്ദിക്കുകയും ചെയ്തു.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദവും ജനാധിപത്യ മൂല്യങ്ങളും പങ്കിട്ട ആശയങ്ങളും പ്രതിഫലിപ്പിക്കുന്ന സുപ്രധാന അംഗീകാരമാണ് ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിന്റെ ഈ നടപടിയെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിലയിരുത്തി.
ന്യൂയോർക്കിലെയും അമേരിക്കയിലെയും സമൂഹങ്ങളിൽ ഇന്ത്യൻ-അമേരിക്കക്കാർ നൽകിയ സംഭാവനകൾ അഭിമാനപൂർവം ആഘോഷിക്കുന്നതായി പ്രമേയത്തെ പിന്തുണച്ചുകൊണ്ട് സെനറ്റർ ജോൺ സി. ലിയു വ്യക്തമാക്കി. റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർമാരായ സ്റ്റീവൻ ഡി. റോഡ്സും ജാക്ക് എം. മാർട്ടിൻസും പ്രമേയത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ന്യൂയോർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയ ഇന്ത്യൻ-അമേരിക്കൻ സമൂഹങ്ങൾ സജീവമാണെന്നും അവർ ബിസിനസ് രംഗത്തും പൊതുസേവന മേഖലയിലും വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുകയാണെന്നും സെനറ്റർ മാർട്ടിൻസ് ചൂണ്ടിക്കാട്ടി.