Image

നെഹ്‌റുവിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ മോദി; ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയാകും

എ.എസ് ശ്രീകുമാര്‍ Published on 03 June, 2026
നെഹ്‌റുവിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ മോദി; ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയാകും

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിക്കാന്‍ പോവുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന ബഹുമതി നരേന്ദ്ര മോദിക്ക് സ്വന്തമാവുന്നു. വരുന്ന ജൂണ്‍ 10-ാം തീയതി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആറു പതിറ്റാണ്ടുകാലത്തെ റെക്കോര്‍ഡ് മറികടന്നാണ് മോദി ചരിത്രത്താളുകളില്‍ സ്ഥാനം പിടിക്കുക. 2014 മേയ് 26-ന് ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മോദി, ഈ ജൂണ്‍ 10-ഓടെ അധികാരത്തില്‍ 4,399 ദിവസങ്ങള്‍ പൂര്‍ത്തിയാക്കും. ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിന് ശേഷം 1952 മേയ് 13-ന് സത്യപ്രതിജ്ഞ ചെയ്ത്, 1964 മേയ് 27-ല്‍ അന്തരിക്കുന്നതു വരെ 4,398 ദിവസങ്ങള്‍ തുടര്‍ച്ചയായി അധികാരത്തിലിരുന്ന നെഹ്‌റുവിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴംകഥയാകുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 25-ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ തുടര്‍ച്ചയായ ഭരണകാലയളവിനെയും (4,077 ദിവസങ്ങള്‍) മോദി മറികടന്നിരുന്നു. നെഹ്‌റുവിന്റെ കാലത്തുനിന്നും രാജ്യം കൈവരിച്ച വമ്പിച്ച മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ റെക്കോര്‍ഡ് നേട്ടം. മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു സുപ്രധാന അധ്യായമാണിത്. സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളെ അപേക്ഷിച്ച് ഇന്ത്യ അതിന്റെ വ്യാപ്തിയിലും രാഷ്ട്രീയത്തിലും  ജനസംഖ്യയിലുമെല്ലാം വന്‍ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലഘട്ടത്തിലാണ് മോദിയുടെ ജൈത്രയാത്ര ശ്രദ്ധേയമാവുന്നത്.

തുടര്‍ച്ചയായി രണ്ടുതവണ പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ ഭരണം പൂര്‍ത്തിയാക്കുന്ന ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി കൂടിയാണ് മോദി. കൂടാതെ, നെഹറുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്ന ഭരണാധികാരിയെന്ന റെക്കോര്‍ഡും മോദി സ്വന്തമാക്കിയിരുന്നു. 1947 ഓഗസ്റ്റ് 15 മുതല്‍ 2025 പകുതി വരെയുള്ള കാലയളവില്‍ പതിനാല് വ്യക്തികളാണ് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളത്. അവരുടെ ആകെ ഭരണകാലയളവ് ഏതാനും ദിവസങ്ങള്‍ മുതല്‍ പതിനാറ് വര്‍ഷത്തിലേറെ വരെ നീണ്ടുനില്‍ക്കുന്നതായിരുന്നു.

നെഹ്‌റുവിന്റെ കാലത്ത് സ്വകാര്യ ടെലിവിഷന്‍ ചാനലുകളോ സോഷ്യല്‍ മീഡിയയോ ഡിജിറ്റല്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളോ ഇല്ലായിരുന്നെങ്കില്‍ ദൃശ്യമാധ്യമങ്ങളുടെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെയും 24 മണിക്കൂറും നീളുന്ന കടുത്ത നിരീക്ഷണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നടുവിലാണ് മോദി ഭരണം നടത്തുന്നത്.

1951-52 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിന് ശേഷം നെഹ്‌റു രാജ്യത്തെ നയിക്കാനെത്തുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 34 കോടിയായിരുന്നു. എന്നാല്‍ ഇന്നത് 146 കോടിക്ക് മുകളിലാണ്. നെഹ്‌റുവിന്റെ കാലത്തെ അപേക്ഷിച്ച് രാഷ്ട്രീയ സമവാക്യങ്ങളില്‍ വന്‍ മാറ്റമാണ് ഉണ്ടായത്.  ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ വെറും 53 രാഷ്ട്രീയ പാര്‍ട്ടികളാണ് മത്സരിച്ചതെങ്കില്‍, ഏറ്റവും അവസാനമായി നടന്ന അതായത്, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് 744 പാര്‍ട്ടികളായി ഉയര്‍ന്നു. ആദ്യ തിരഞ്ഞെടുപ്പിലെ 17 കോടി വോട്ടര്‍മാരില്‍ നിന്നും വോട്ട് ബാങ്ക് 83 കോടിയിലധികമായി വര്‍ധിച്ചു.

തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് നെഹ്‌റു ഭരിച്ചതും മോദി ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്നതും. പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിന് പൂര്‍ണ്ണ ആധിപത്യമുണ്ടായിരുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷത്തിലാണ് നെഹ്‌റു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ശക്തമായ പ്രാദേശിക പാര്‍ട്ടികളും സഖ്യകക്ഷി രാഷ്ട്രീയവും നിറഞ്ഞ, കടുത്ത മത്സരമുള്ള രാഷ്ട്രീയ സാഹചര്യത്തിലാണ് മോദി രാജ്യത്തെ നയിക്കുന്നത്. 1952-ലെ തിരഞ്ഞെടുപ്പില്‍ 489 ലോക്‌സഭാ സീറ്റുകളില്‍ 364 സീറ്റുകളും കോണ്‍ഗ്രസ് നേടിയിരുന്നു. ഇന്ന് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ 292 സീറ്റുകളുമായാണ് ഇന്ത്യ ഭരിക്കുന്നത്. കോണ്‍ഗ്രസിന് 100 സീറ്റുകള്‍ മാത്രമാണുള്ളത്.

മോദി സര്‍ക്കാരിന്റെ ഭരണ കാലത്ത് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വന്‍ അടിസ്ഥാന സൗകര്യ വികസനമാണ് ഉണ്ടായത്. 2014-നും 2026-നും ഇടയില്‍ ഐ.ഐ.ടികള്‍ 16-ല്‍ നിന്നും 23 ആയി വര്‍ധിച്ചു. ഐ.എം.എം 13-ല്‍ നിന്നും 21 ആയി ഉയര്‍ന്നു. എയിംസ് ആശുപത്രികള്‍ 7-ല്‍ നിന്നും 23 ആയി. രാജ്യത്തുടനീളം ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വികസനങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ഉള്ള സംയുക്ത സേവന കാലാവധി 8,930 ദിവസങ്ങള്‍ ഈ വര്‍ഷം ആദ്യം പിന്നിട്ടതോടെ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം തിരഞ്ഞെടുക്കപ്പെട്ട ഭരണത്തലവനായി നരേന്ദ്ര മോദി മാറിയിരുന്നു.

ഭൗതികസൗകര്യ വികസനം, ഡിജിറ്റൈസേഷന്‍, ന്യൂ വെല്‍ഫെയറിസം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നതാണ് മോദി ഭരണത്തിന്റെ സവിശേഷത. അതേസമയം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ ഭരണകൂടം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. 'പിഎം ഗതി ശക്തി' പോലുള്ള പദ്ധതികള്‍ക്ക് കീഴില്‍ ഹൈവേകള്‍, റെയില്‍വേകള്‍, വിമാനത്താവളങ്ങള്‍ എന്നിവയുടെ വികസനത്തിനായി വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിലും ഇന്ത്യയെ ഒരു ആഗോള സാങ്കേതിക-നിര്‍മ്മാണ ഹബ്ബായി മാറ്റുന്നതിലും വിജയം കണ്ടുവെന്നാണ് അവകാശവാദം.

ജി.എസ്.ടി പോലുള്ള നികുതി പരിഷ്‌കാരങ്ങള്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഭവന നിര്‍മ്മാണം (പി.എം ആവാസ് യോജന), ശുചിത്വം (സ്വച്ഛ് ഭാരത്), സബ്‌സിഡിയോടുകൂടിയ പാചകവാതകം (ഉജ്ജ്വല യോജന) എന്നിവയുടെ വിതരണം ഈ ഭരണകാലത്ത് വന്‍തോതില്‍ വ്യാപിപ്പിച്ചു. 'ജന്‍ ധന്‍ യോജന'യിലൂടെ ബാങ്ക് അക്കൗണ്ടുകള്‍ വന്‍തോതില്‍ ആരംഭിക്കാന്‍ കഴിഞ്ഞത്, ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന ദശലക്ഷക്കണക്കിന് ജനങ്ങളെ രാജ്യത്തിന്റെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കാന്‍ സഹായിച്ചു.

ഉന്നത ഉദ്യോഗസ്ഥര്‍ക്കും മന്ത്രാലയങ്ങള്‍ക്കുമായി പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കര്‍ശനമായ സ്‌കോര്‍കാര്‍ഡുകള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇത് ചുവപ്പുനാടയും ഭരണപരമായ വൈകലുകളും ഇല്ലാതാക്കാനും ഡിജിറ്റല്‍ പരാതി പരിഹാര സംവിധാനങ്ങള്‍ വേഗത്തിലാക്കാനും സഹായിക്കുന്നു. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന ദീര്‍ഘകാല ലക്ഷ്യത്തില്‍ അധിഷ്ഠിതമായാണ് സര്‍ക്കാരിന്റെ പ്രധാന നയരൂപീകരണങ്ങള്‍ മുന്നോട്ട് പോകുന്നത്. അതേസമയം, മാധ്യമ സ്വാതന്ത്ര്യം ചുരുങ്ങുന്നതായും വര്‍ഗീയ ചേരിതിരിവ് വര്‍ദ്ധിക്കുന്നതായും ഭൂരിപക്ഷ അജണ്ടയ്ക്ക് കീഴില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുന്നതായും വിമര്‍ശകര്‍ നിരന്തരം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തിലും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗത്തിലും പ്രതിപക്ഷ പാര്‍ട്ടികളും വിവിധ മനുഷ്യാവകാശ സംഘടനകളും ആശങ്ക ഉന്നയിക്കുന്നുണ്ട്. പാശ്ചാത്യ ശക്തികള്‍, റഷ്യ, ഗ്ലോബല്‍ സൗത്ത് (വികസ്വര രാജ്യങ്ങള്‍) എന്നിവരുമായുള്ള ബന്ധം സന്തുലിതമായി നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ ആഗോള പദവി ഉയര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിലും ലോകവേദിയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിലും മോദി ഭരണകൂടം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക