
പമ്മനെ ജനപ്രിയ നോവലിസ്റ്റ് എന്ന് പറയാമോ? ലൈംഗീക-പ്രിയ നോവലിസ്റ്റ് എന്നൊരു പേരും അദ്ദേഹത്തിന് ചാർത്തപ്പെട്ടിരുന്നു. രതിവർണ്ണനയുടെ അതിപ്രസരം എന്തായാലും പമ്മൻ്റെ പല നോവലുകളിലും നിറച്ചുവെന്നത് സത്യമാണ്... വിശേഷിച്ചും 1970-കളിലെഴുതിയവ. നാട്ടിന്‍പുറവായനയില്‍ ലഹരിയായിമാറിയ 'പമ്മൻറെ നോവലുകള്‍' എന്നാൽ 'ലൈംഗിക വർണ്ണന' എന്നതിതിൻ്റെ അപാരനാമമായി മാറിയ ഒരു കാലം കേരളത്തിൻ്റെ വായനശാലകളിൽ ഉണ്ടായിരുന്നു. 'ലൈംഗികത' ഒരു കഥാവസ്തുവായി ഉൾക്കൊള്ളുന്ന കഥകളുടെ രചയിതാവ് എന്നതല്ല പമ്മനെ വിമർശന വിധേയനാക്കിയത്; അതിൻ്റെ ആഖ്യാന വർണ്ണനാ രീതിയാണ്; 'വഷള'ന്റെ രചന മുതൽ ഇത് കൂടുതലായി കാണുകയും ചെയ്യുന്നു. 'വഷളനേ'ക്കാൾ 'വഷളത്തം' അടുത്ത നോവലിൽ, 'ഭ്രാന്തി'ൽ, ഉണ്ട് എന്നു പറയാതെ വയ്യ. ഇവയുടെ തുടർ പ്രസിദ്ധീകരണം 'മലയാള നാടു' വാരികയുടെ വായനക്കാരിൽ വലിയൊരു വിഭാഗത്തിന്റെ അഭിരുചിക്ക് ഇണങ്ങുന്നതായിരുന്നില്ല; എന്നാൽ പുതിയ ഒരു കൂട്ടം വായനക്കാരെ ആകർഷിക്കാൻ ഇതെക്കെ പര്യാപ്തമായിട്ടുണ്ടാകണം; എണ്ണത്തിൽ അവരാകും ഉയർന്നു നില്ക്കുന്നത്.
'ഭ്രാന്ത്' എന്ന നോവൽ 'മലയാള നാട്' എന്ന പ്രസിദ്ധീകരണത്തിൻ്റെ താഴ്ചക്ക് വേഗത കൂട്ടി എന്നതാണ് പൊതു അഭിപ്രായം; നോവലിൽ ജീവിച്ചിരിക്കുന്ന പ്രമുഖരെ അപകീർത്തികരമാക്കുന്ന പലതും ഉണ്ടായിരുന്നു; എന്തിന് അതിൽ ആ വാരികയുടെ ഉടമയെക്കുറിച്ചു പോലും അപകീർത്തികരമായ സൂചന ഉണ്ടായിരുന്നിട്ടും ആ വാരിക അതെല്ലാം പ്രസിദ്ധീകരിച്ചു! സഹപത്രാധിപരായിരുന്ന വി.ബി.സി. നായർക്കായിരുന്നു അക്കാലങ്ങളിൽ വാരികയുടെ ഉള്ളടക്കത്തിൻ്റെ നിയന്ത്രണം. ഇക്കാര്യത്തിൽ 'മലയാള നാട്' പത്രാധിപരും ഉടമയുമായിരുന്ന എസ്.കെ. നായർ തൻ്റെ സ്മരാണകളിൽ, 'നോക്കെത്താത്ത തീരങ്ങളിൽ', ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവരിക്കുന്നുണ്ട്.

രതിസൂചനകൾ, ജീവിതത്തിലെ ഒരു മൗലിക ചോദനയെന്ന നിലയിൽ സാഹിത്യത്തിൽ കടന്നു വരാം; 'അഗമ്യം' എന്ന് സമൂഹം വിലയിരുന്നവ പോലും... (രണ്ടാനമ്മയുമായുള്ള അവിശുദ്ധ ബന്ധത്തിൻ്റെ പേരിൽ 'ഖസാക്കി'ലെ രവി അവിശുദ്ധ കഥാപാത്രമാകുന്നില്ലല്ലോ.) രതിയെ പ്രതീകങ്ങള്‍ ഉപയോഗിച്ച് അവതരിപ്പിക്കുന്നതിലുള്ള പ്രവണത മികച്ച കൃതികളിൽ നിലനിന്നിരുന്നു എന്നതാണ് കാര്യം.
എന്നാൽ, പമ്മന്‍ എന്ന നോവലിസ്റ്റ് രതിയെ സമീപിച്ചത് അതൊരു സാധാരണ ശാരീരിക ആവശ്യം എന്ന നിലയിലായിരുന്നു - തുറന്ന വർണ്ണനകളിലൂടെ! ജീവചോദനയായ ലൈംഗീകയും അശ്ളീലമായ രതിവർണ്ണനയും തമ്മിൽ ഉള്ള അതിർവരമ്പ് അതീവ ലോലമാണ്; അതിനു ഏറെ സ്വകീയമായ നിലപാടാണ് പ്രധാനം എന്നും വരാം.
എന്നാൽ, പമ്മൻ്റെ രചനകളെക്കുറിച്ചുള്ള ഈ വിമർശത്തിൽ കഴമ്പുണ്ടെങ്കിലും, മികച്ചത് എന്നോ ഭേദപ്പെട്ടത് എന്നോ പറയാവുന്ന പല നോവലുകളും എഴുതിയ പമ്മനെ അവഗണിക്കണോ, ഒരു മഞ്ഞ എഴുത്തുകാരൻ ആണെന്നു മുദ്ര കുത്തി തള്ളാനോ സാധ്യമല്ല.
മുപ്പത് നോവലുകളും അഞ്ച് ചെറുകഥാസമാഹാരങ്ങളും നാല് നാടകങ്ങളും ഒരു ആത്മകഥാ സമാനമായ സ്മരണകളും പ്രസിദ്ധീകരിച്ചിട്ടുള്ള പമ്മൻ്റെ 'അടിമകൾ', 'ചട്ടക്കാരി', 'അമ്മിണി അമ്മാവൻ', 'മിസ്സി' എന്നീ നോവലുകൾ സിനിമയായി. 'സ്വപ്നാടനം' എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കും 'ചട്ടക്കാരി' എന്ന ചിത്രത്തിന്റെ കഥയ്ക്കും പമ്മന് (1974 -ലെ) സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. എന്റെ നിരീക്ഷണത്തിൽ പമ്മന്റെ നോവലുകളിൽ ശില്പഭദ്രത ഉള്ളതും 'ചട്ടക്കാരി'ക്ക് തന്നെയാണ്. കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ അത് ഏറെ തിളക്കമാർന്ന ഒരു ചലച്ചിത്രമാകുകയും ചെയ്തു.
പമ്മൻ്റെ 19-ാം ചരമവാർഷിക ദിനം, ഇന്ന് .
പമ്മൻ (ആർ.പി. പരമേശ്വരമേനോൻ എന്നാണ് യഥാർത്ഥ പേര്.) 1920 ഫെബ്രുവരി 23-നു കൊല്ലത്ത് പ്ലാമൂട്ടിൽ ജനിച്ചു. അച്ഛൻ: കെ. രാമൻ മേനോൻ. അമ്മ: മാധവിക്കുട്ടി അമ്മ. കൊല്ലം ഗവ. ഇംഗ്ലീഷ് ഹൈസ്കൂൾ, മദ്രാസ് ഗവ. ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം. ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടി. കുറച്ചുകാലം റോയൽ ഇന്ത്യൻ നേവിയിൽ ജോലിനോക്കി. 1946 മുതൽ 1980 വരെ പശ്ചിമ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു. റെയിൽവേ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എഞ്ചിനിയർ ആയി ആണ് ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞത്.
റിട്ടയർമെന്റിന് ശേഷം, ഭാര്യാസമേതനായി കുറെക്കാലം എറണാകുളം വെണ്ണലയിലും പിന്നീട് കൊയമ്പത്തൂരിലും താമസിച്ചിരുന്നു. ഭാര്യ, മക്കൾ തുടങ്ങിയ വ്യക്തി വിവരങ്ങൾ ഒരു സ്ഥലത്തും രേഖപ്പെടുത്തിക്കാണുന്നില്ല.
2007 ജൂൺ 3-ന് തിരുവനന്തപുരം വെള്ളായണിക്കടുത്ത് ഊക്കോട് എന്ന സ്ഥലത്തുവെച്ച് അന്തരിച്ചു. 87 വയസ്സായിരുന്നു.
കൃതികൾ: അടിമകൾ; ചട്ടക്കാരി; നിർഭാഗ്യ ജാതകം (ആദ്യത്തേത്); അമ്മിണി അമ്മാവൻ; മിസ്സി; തമ്പുരാട്ടി; വികൃതികൾ കുസൃതികൾ; നെരിപ്പോട്; ഒരുമ്പെട്ടവൾ; വഷളൻ; ഭ്രാന്ത്; 'അപ്പു', ഒടുക്കം; സിസ്റ്റർ, എൻ്റെ ബാല്യകാലസഖികൾ (സ്മരണ)
_____________
വാലറ്റം:
പമ്മന്റെ 'ഭ്രാന്ത്' മലയാളനാട് വാരികയിൽ ഖണ്ഡഃശ പ്രസിദ്ധീകരിച്ചു വന്നപ്പോൾ മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരി തൻ്റെ മകനെയും കുട്ടി കൊല്ലത്ത് വാരിക ഓഫീസിൽ വന്നു 'പ്രശ്‍നം' ഉണ്ടാക്കി. ഭ്രാന്തിലെ പ്രധാന കഥാപാത്രത്തിന് അവരുമായി സാദൃശ്യം ഉണ്ടെന്നതാണ് കലഹ ഹേതു. വാരിക ഉടമ നായർ ഓഫീസിൽ ഉണ്ടായിരുന്നില്ല. 'മലയാളനാട്' ഓഫീസിനു മുന്നിൽ നിന്നു ഒരു പിടി മണ്ണുവാരിയിട്ടു ശപിച്ചിട്ടാണ് അവർ പോയത് എന്നാണ് അറിവ്. ആ ശാപം ഫലിച്ചിട്ടോ എന്തോ, ഏതായാലും ആ വാരിക പിന്നെ, ഏറെ നാൾ നിലനിന്നില്ല. വീട്ടിലു വന്നു പ്രശ്നമുണ്ടാക്കുമോ എസ്.കെ. നായർ സംശയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇതു സംബന്ധിച്ച വിവരങ്ങൾ 'മലയാള നാടി'ൻ്റെ മുൻ പത്രാധിപ സമിതി അംഗമായ പി.കെ. ശ്രീനിവാസൻ എഴുതിയ 'മലയാള നാട് സ്മരണകളിൽ സുവർണ്ണരേഖ' എന്ന പുസ്തകത്തിലുണ്ട്.
അനുബന്ധം:
ആത്മകഥാ സമാനമായ ഒരു ഓർമ്മക്കുറിപ്പ് പമ്മൻ എഴുതിയിട്ടുണ്ട്: 'എന്റെ ബാല്യകാല സഖികൾ' എന്ന
ഓര്‍മ്മക്കുറിപ്പില്‍, പക്ഷേ, വായനക്കാർ പ്രതീക്ഷിക്കുന്ന ചൂടും തരിപ്പും ഒന്നുമില്ല! 'പൂർണ്ണ'യാണ് പ്രസിദ്ധീകരണം.
പമ്മന്‍ തന്റെ, കൗമാരത്തില്‍, തമിഴ്‌നാട്ടിലേക്ക് പോയി, പഠനത്തിനും തൊഴിലിനുമായി കുറച്ചു കാലം പോയി താമസിച്ച അനുഭവങ്ങള്‍ ആണ്
ഇതിൽ പ്രധാനമായി പറയുന്നതു് . അവിടേയ്ക്ക് പോയതും
അവിടെ പരിചയപ്പെട്ട സഹമുറിയന്മാരെ ക്കുറിച്ചും എല്ലാമാണ് വിവരണം. പിന്നെ ഏകപക്ഷീയമെന്നു കരുതാവുന്ന പമ്മന്റെ ചില കൗമാരപ്രണയങ്ങളും ഇതില്‍ പറയുന്നുണ്ട്. കുട്ടിക്കാലത്തെ കൂട്ടുകാരിയ, നാട്ടുകാരിയായ പെൺകുട്ടിയുടെ
ഓര്‍മ്മയും തമിഴ്‌നാട്ടില്‍ വച്ചുണ്ടായ രണ്ടു പ്രണയങ്ങളും അവരോടുള്ള വികാരവിചാരങ്ങളും ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും കുടുംബ വിശേഷങ്ങളും ഉത്തരവാദിത്വങ്ങളും ഒക്കെ ഓര്‍മ്മിക്കുന്ന ഒരു ഭാഗീകമായ
ആത്മകഥ എന്നെ ഇതിനെ വിളിക്കാനാകൂ; തൻ്റെ എഴുത്തുജീവിത കാലത്തേക്ക് പമ്മൻ ഇതിൽ കടക്കുന്നതേയി