
“സീതേ! നീ പഠിത്തം മുടക്കരുത്! ഈ കോളനിയില്‍ പഠിപ്പുള്ള ഒരാളുമില്ല. നീ വേണം ആ കുറവ് നികത്താന്‍. നിന്നിലാണ് ഈ സമുദായത്തിന്‍റെയും ഞങ്ങളുടെയെല്ലാം പ്രതീക്ഷ. പോകാനുള്ളവര്‍ പോയി. ഇനി നമ്മള്‍ കുറേ സങ്കടപ്പെട്ടാലുണ്ടോ അവന്‍ തിരിച്ചു വരുന്നു? കൊക്കോച്ചിയമ്മ സീതയുടെമേല്‍ പതിവില്ലാത്ത വാത്സല്യം ചൊരിഞ്ഞു. അവര്‍ ഇത്രയും കാര്യഗൗരവത്തോടെ സംസാരിക്കുന്നത് അധികമൊന്നുമവള്‍ കേട്ടിട്ടുണ്ടായിരുന്നില്ല.
‘അപ്പാ എന്ത് നല്ലവനായിരുന്നു, അല്ലേ കൊക്കോച്ചിയമ്മേ?’ അപ്പയെപ്പറ്റി കൂടുതലെന്തെങ്കിലും പറയുന്നത് കേള്‍ക്കാനുള്ള ജിജ്ഞാസയോടെ അവള്‍ തുടങ്ങിവച്ചു. അതിലൂടെ പോയകാലത്തെ പല കഥകളും വിശേഷങ്ങളും അറിയാന്‍ കഴിയുമെന്ന് വ്യാമോഹിച്ചു.
‘അതെയതെ, പാവം.’! താമി വെറും പാവം!
‘അമ്മയും ഇപ്പോള്‍ കൊക്കോച്ചിയമ്മയെപ്പോലെ വിധവയായി.’ സീത സഹതപിച്ചു.
‘അത് മുത്തേ! അത് പണ്ടെങ്ങോ നമ്മുടെ കുലത്തിനേറ്റ ഒരു തീരാ ശാപമാണ്’.
‘അതെന്താ അങ്ങനെ?’ സീത ചോദിച്ചു.
‘മാരിയമ്മനെ നമ്മുടെ കുലദൈവമായി വച്ചിരിക്കുന്നതെന്തുകൊണ്ടാണെന്ന് അറിയാമോ നിനക്ക്?’ അവര്‍ തിരിച്ചു ചോദിച്ചു.
ഇല്ല! സീത പറഞ്ഞു.
എന്നാല്‍ കേട്ടോ!. അവരാ കഥ പറയാന്‍ തുടങ്ങി. പണ്ടൊരിക്കലൊരിടത്തു മാരി എന്നൊരു സ്ത്രീയുണ്ടായിരുന്നു. അവള്‍ ഏതോ മമാങ്കത്തിനിടയില്‍ കാണാതായ അവളുടെ ഭര്‍ത്താവിനെ അന്വേഷിച്ചു ദുഖിച്ചു നടക്കുകയായിരുന്നു. അങ്ങനെ പോകുന്ന വഴിയ്ക്ക് വളരെ തിരക്കുപിടിച്ച് പച്ചക്കലത്തിന്റെ അടിഭാഗം തല്ലിക്കൂട്ടുന്ന ഒരു കുശവത്തിയെ കണ്ടുമുട്ടി...
‘നീയെന്‍റെ മാരനെ എവിടേലും കണ്ടോ?’ എന്ന് ചോദിച്ച മാരിയ്ക്ക് . “പിന്നേയ്, നിന്‍റെ മാരനെ നോക്കിയിരിക്കയല്ലേ ഞാന്‍? എനിക്കിവിടെ വേറെ ഒരുനൂറുകൂട്ടം പണിയുണ്ട്” എന്ന് അനിഷ്ടത്തോടെ അവള്‍ മറുപടി കൊടുത്തു. മാരി പിന്നെയും ഒരുപാടുനാള്‍ ഭര്‍ത്താവിനെ തേടി പലയിടത്തും അലഞ്ഞു. അവസാനം തന്‍റെ കണവന്‍ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടുവെന്നുറപ്പിച്ച്, കണ്ണീരൊഴുക്കിക്കൊണ്ടവള്‍ അതേവഴിതന്നെ മടങ്ങിപ്പോന്നു. വരുംവഴി വീണ്ടും അവള്‍ ആ കുശവസ്ത്രീയെ കണ്ടുമുട്ടി. അവരപ്പോഴും തിരക്ക് പിടിച്ച ജോലിയിലായിരുന്നു. സങ്കടപ്പെട്ടു നടക്കുന്ന തന്നോട് എന്തെങ്കിലും ഒരു വിവരമന്വേഷിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാത്ത അവരുടെ സ്വാര്‍ത്ഥതയോര്‍ത്ത് മാരിക്ക് ഭയങ്കരമായ കോപം വന്നു.
ഒന്നുനിര്‍ത്തി, കൊക്കോച്ചി രണ്ടുവിരല്‍ ചുണ്ടില്‍ ചേര്‍ത്തുവച്ചു അതിനിടയിലൂടെ വെറ്റിലച്ചാറ് മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പി. അത് മുറ്റത്തും പൊട്ടുപോലെ അവരുടെ ജംബറിലും തെറിച്ചുവീണു. അത് കാര്യമാക്കതെ ഒന്നു കാര്‍ക്കിച്ചുകൊണ്ടവര്‍ കഥ തുടര്‍ന്നു. “നിനക്കും നിന്‍റെ ഭര്‍ത്താവിനെയോര്‍ത്ത് നിലവിളിക്കാന്‍ ഇടവരട്ടെ, അയാള്‍ എന്നേയ്ക്കുമായി നിന്നില്‍നിന്ന് മറഞ്ഞിരിക്കട്ടെ, നിന്‍റെ പണിത്തിരക്ക് ഒരിക്കലും ഒഴിയാതിരിക്കട്ടെ. എന്നെയോര്‍ത്ത് നിന്‍റെ പരമ്പര മുഴുവന്‍ ദുഖിക്കട്ടെ! എന്നെല്ലാം മാരി ആ കുശവത്തിയെ ശപിച്ചു. അത് കുലത്തിനുമുഴുവന്‍ ഏറ്റ ശാപമായിരുന്നു.
എന്തിനേറെപ്പറയുന്നു, അതിനു ശേഷം എല്ലാക്കൊല്ലവും കളിമണ്ണെടുക്കാന്‍ പോകുന്ന കുശവരിലെ ആണുങ്ങളില്‍ പലരും മണ്ണിനടിയില്‍ പെട്ട് കാണാതായിക്കൊണ്ടിരുന്നു. പെണ്ണുങ്ങളുടെ പണിത്തെരക്കാണെങ്കിലോ, അതും ഒരിക്കലും ഒഴിയാതെയായി. അങ്ങനെ മാരിയുടെ ശാപം കുലത്തിനുമേല്‍ ഒഴിയാബാധയായി നിന്നു.
അതിന് പരിഹാരമൊന്നുമില്ലേ? സീത ഭയന്നുപോയിരുന്നു.
പരിഹാരമുണ്ടായല്ലോ!. ശാപമോചനത്തിനായി നമ്മുടെ പെണ്ണുങ്ങള്‍ പല വഴികളും നോക്കി. ഒടുവില്‍ മാരിയെ നമ്മുടെ കുലദൈവമായി കുടിയിരുത്തി, അമ്മയായികണ്ട് പൂജിക്കാന്‍ തുടങ്ങി. അതാണ് നമ്മുടെയീ മുത്തുമാരിയമ്മന്‍. അവരൊന്നു നെടുവീര്‍പ്പിട്ടു. അതില്‍പ്പിന്നെയാണ് കുറച്ചൊക്കെ പൊത്തുവരുത്തം ഉണ്ടായത്. എന്നാലൊട്ടുണ്ടായോ അതുമില്ല.. ഇത് നടന്ന സംഭവമോ കെട്ടുകഥയോ എന്നൊന്നുമറിയാന്‍ വയ്യ. എന്നാലും വിശ്വസിച്ചു പോകുവാ സീതേ..
കിഴക്കെവിടെയോ ഉള്ള കളിമണ്‍പാടത്ത് കൂട്ടുകാരുകൂടി മണ്ണ് ശേഖരിക്കാന്‍ പോയതാണ് ഇവളുടെ അപ്പാ. അവിടത്തെ ഈര്‍പ്പമുള്ള മണ്ണിന് നല്ല പശിമയാണ്. കൂട്ടുകാരെല്ലാംകൂടി അന്ന് ഒരെളുപ്പപ്പണിയ്ക്ക് പോയതാ. എല്ലാരുംകൂടി മലയിലെ മണ്ണ് തുരന്നു തുരന്നു ഗുഹപോലെയാക്കി. എന്നിട്ട് കുഴിയിലിറങ്ങിനിന്ന് അരിഞ്ഞെടുക്കുന്ന പശമണ്ണ് ഉരുളകളാക്കി ശേഖരിച്ചു മുകളില്‍ മേലെമെലെയായി കൂട്ടി വച്ചു. കുറേയായപ്പോള്‍ തലയ്ക്കു മുകളില്‍ കുന്നുപോലെ കൂടിയ മണ്ണുരുളകള്‍ ഒന്നിന് പുറകെ ഒന്നായി നാലാള്‍ത്താഴ്ചയില്‍ നിന്ന ജോലിക്കാരുടെ മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു എന്നാണ് കണ്ടുനിന്നവര്‍ പറഞ്ഞത്. എല്ലാരും പോയി, അക്കൂടെ എന്‍റെ കെട്ട്യോനും. പറഞ്ഞുനിര്‍ത്തിയിട്ട് കൊക്കോച്ചിയമ്മ കണ്ണുതുടച്ചു. ഇവരിത്ര പാവമോ എന്നോര്‍ത്തു സീതയ്ക്കും സങ്കടമായി. കുറച്ചുനേരം മൗനിച്ചിരുന്നിട്ട് ഒന്നും മിണ്ടാതെയവള്‍ അവിടെനിന്നെണീറ്റു പോയി.
പിറ്റേ ആഴ്ചയാണ് സീത പിന്നെ കൊട്ടാരത്തിലേയ്ക്ക് പോയത്.
“നിന്‍റെ പത്തിലെ റിസള്‍ട്ട് വന്നതും നീ ജയിച്ചതും ഒക്കെ ഞാനറിഞ്ഞിരുന്നു.. ഈ ബഹളമൊക്കെ ഒന്ന് കഴിഞ്ഞിട്ടു ചോദിക്കാമെന്ന് കരുതി. നീയിനി എന്താ ചെയ്യാന്‍ പോകുന്നത്? നിനക്ക് കോളേജില്‍ പോകണ്ടേ? തമ്പുരാട്ടിയുടെ ചോദ്യമവള്‍ കേട്ട മട്ടു കാണിച്ചില്ല.
വേണമെന്നോ വേണ്ടെന്നോ സീത പറഞ്ഞില്ല. എന്തായാലും പഠിപ്പിനവള്‍ തന്‍റെ ഉണ്ണ്യേട്ടനോളം പ്രാധാന്യം കൊടുത്തിരുന്നില്ല.
എന്താ നിനക്ക് പറ്റിയത് സീതേ? വസന്ത പിടിച്ച കോഴിയെപ്പോലെ ആകെയൊരു മന്ദത? അവളുടെ വിഷാദം കിനിഞ്ഞിറങ്ങുന്ന വാടിയ മുഖത്തേയ്ക്കു നോക്കിയവര്‍ ചോദിച്ചു. എന്തോ ഒന്ന് നിന്‍റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്. പഠിക്കാന്‍ പണമില്ലെന്നാണോ? അപ്പായില്ലെന്നോര്‍ത്തു നീ വിഷമിക്കണ്ട കേട്ടോ?.
എന്‍റെ മനസ്സിനെ അലട്ടുന്ന സംഗതികള്‍ ഒന്നല്ല തമ്പ്രാട്ടീ ഒരുപാടുണ്ടെന്ന് അവള്‍ക്കപ്പോള്‍ പറയാന്‍ തോന്നിയെങ്കിലും തല്ക്കാലമത് വേണ്ടെന്നു വച്ചു.
“ഈയാണ്ടില്‍ ഇല്ലമ്പ്രാട്ടീ... ദേവു ഒരു വിഷയത്തിന് തോറ്റു. ഈ അര്‍ദ്ധവാര്‍ഷികപരീക്ഷ എഴുതുന്നുണ്ടവള്‍. ദേവുകൂടി പാസ്സായി വരട്ടെ. വിധിയുണ്ടേല്‍ ഞങ്ങള്‍ക്കൊന്നിച്ചു കോളേജില്‍ പോകാം.
എന്നാലതു നമുക്ക് പിന്നീടാലോചിയ്ക്കാം. തല്ക്കാലം വെറുതെയിരുന്നു മനസ്സ് വിഷമിപ്പിക്കാതെ വേറെയെന്തിനെങ്കിലും ചേര്‍ന്ന് പഠിക്കാന്‍ നോക്ക്
‘തമ്പുരാട്ടിയ്ക്ക് എന്‍റെ അമ്മയെപ്പറ്റി എന്തൊക്കെയറിയാം?’ പൊടുന്നനെയുള്ള സീതയുടെ ചോദ്യം അവരെ അമ്പരപ്പിച്ചു.
എന്താ സീതേ?
‘അപ്പ മരിച്ചിട്ട് അമ്മയ്ക്ക് വലിയ സങ്കടമൊന്നും ഞാന്‍ കണ്ടില്ല. അവരുടെ ജീവിതത്തില്‍ എന്തൊക്കെയോ അസ്വാരസ്യങ്ങള്‍ പണ്ടുമുതലേ ഉണ്ടായിരുന്നു ഞാന്‍ ഓര്‍മ്മവച്ചപ്പോള്‍ മുതല്‍ കാണുന്ന സ്വരച്ചേര്‍ച്ചയില്ലായ്മയാ. ഇപ്പോഴും ആ ദുരൂഹതകള്‍ മറഞ്ഞു തന്നെയിരിക്കുന്നു... അതാ ചോദിച്ചത്.
അപ്പാ മരണക്കിടക്കയില്‍ വച്ച് പറഞ്ഞ ഹൃദയം വെടിക്കുന്ന ആ അനിഷ്ടസത്യം അപ്പോഴും സീത തമ്പുരാട്ടിയോട് വെളിപ്പെടുത്തിയില്ല.
“എനിക്കറിയാവുന്നത് ഞാന്‍ പറയാം കുട്ടീ” അവര്‍ പറഞ്ഞു.
ഞാനൊരിക്കല്‍ പറഞ്ഞില്ലേ, നിന്‍റെയമ്മ വടക്കെങ്ങോ ഇതേ സമുദായവുമായി ബന്ധപ്പെട്ട മറ്റൊരു ഗോത്രത്തില്‍പ്പെട്ടതാണെന്ന്. നിങ്ങളുടെ കുശവകുലത്തിന്റെ വേറൊരു വകഭേദം തന്നെയാണ് കുംഭാരരും. അവരാകട്ടെ, ആന്ധ്രയില്‍ നിന്ന് തമിഴ്നാടുവഴി കേരളത്തിന്‍റെ വടക്കന്‍ മേഖലയില്‍ വന്ന് കുടിയേറിപ്പാര്‍ത്തവരാണ്. കുംഭാരര്‍ സംസാരിക്കുന്നത് മലയാളമല്ല, നിന്‍റെയമ്മ ഇടയ്ക്കും പിഴയ്ക്കും പറയാറുള്ള ‘കുമ്മറ’ ഭാഷയാണ്... അതിനു ലിപിയില്ല. ഞാന്‍ പറയുന്നത് നിനക്ക് മനസ്സിലാകുന്നുണ്ടോ? എന്നുവച്ചാല്‍ എഴുത്തുഭാഷയല്ലെന്ന്..
കുലത്തൊഴില്‍ ജീവിതവൃത്തി ആക്കിയ പാവപ്പെട്ട ജനങ്ങള്‍. സമൂഹം അവരെ താഴ്ന്ന ജാതിക്കാരായി കാണുമെങ്കിലും തീണ്ടലും തൊടീലുമൊന്നുമില്ലാത്തവരാണ് ഈ കുംഭാരര്‍. ഇരുകൂട്ടരുടെയും ആചാരനുഷ്ടാനങ്ങള്‍ക്ക് വ്യത്യാസമുണ്ടാവാം. അവര്‍ മീനും ഇറച്ചിയുമൊന്നും കഴിക്കില്ല എന്നാണ് അമ്മാളുവൊരിക്കല്‍ പറഞ്ഞത് . ഇപ്പോള്‍ പുതിയതലമുറ അതൊക്കെ ഉപയോഗിക്കുന്നുണ്ടാവാം. ഇതെല്ലാം നിന്നോട് ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുള്ളതാണ് സീതേ! അമ്മാളു പറഞ്ഞുള്ള അറിവൊക്കെയേ അവരെപ്പറ്റി എനിക്കുമുള്ളു.
“ഇതെല്ലാം എന്നോടൊരിക്കല്‍ തമ്പ്രാട്ടി പറഞ്ഞതാണ്. എന്‍റെ അമ്മയെപ്പറ്റി വല്ലതും അറിയാമോ എന്നാണ് എനിക്കറിയേണ്ടത്. സീത അത് കേള്‍ക്കാന്‍ വ്യഗ്രത പൂണ്ടു.
നിന്‍റെ അപ്പ അവിടെ എങ്ങനെയോ ചെന്നുപെട്ടതാണെന്നറിയാം. എന്തിനായിരുന്നു എന്ന് നിന്‍റെ അമ്മയ്ക്കേ അറിയൂ. അക്കാലത്ത് ആര്‍ക്കും അവരുടെ പെണ്ണുങ്ങളെ കയ്യേറ്റം ചെയ്യാനും യഥേഷ്ടം കൈകാര്യം ചെയ്യാനും ഉപദ്രവിക്കാനും ഒക്കെ പറ്റുന്ന ഒരു ചുറ്റുപാടായിരുന്നു അന്നവിടെയുണ്ടായിരുന്നതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. വെളിനാട്ടില്‍ നിന്ന് വരുന്നവര്‍ പോലും അവരുടെ ദാരിദ്ര്യത്തെയും ദൌര്‍ബ്ബല്യത്തെയും മുതലെടുത്തിരുന്നു എന്നാണ് മനസ്സിലാകുന്നത്. സമൂഹത്തിന്‍റെ താഴേക്കിടയിലുള്ളവരല്ലേ?. പണവും പഠിപ്പും പത്രാസുമൊന്നുമില്ലാത്തവര്‍. അവരെ ഉപദ്രവിച്ചാല്‍ ആര് ചോദിക്കാനും പറയാനുമാണ്? അധികാരവും സ്വാധീനവും ഉള്ളവര്‍ക്ക് എന്തുമാകാമല്ലോ? കയ്യൂക്കുമുള്ളവന്‍ കാര്യക്കാരന്‍. തമ്പുരാട്ടിയുടെ മുഖത്ത് വിദ്വേഷമുദിച്ചത് സീത കണ്ടു. നാട് സന്ദര്‍ശിക്കാന്‍ വരുന്ന വിദേശികള്‍ക്ക് പോലും അവരുടെ പെണ്ണുങ്ങള്‍ കളിപ്പാട്ടങ്ങള്‍ ആയിരുന്നു. പെണ്ണുങ്ങളെല്ലാം കാഴ്ചയ്ക്ക് ഭേദമാണ്. നിന്റമ്മയാണെങ്കില്‍ കൂട്ടത്തില്‍ കാണാന്‍ സുന്ദരിയും. ഒരു രാത്രി ആരോക്കെയോ കൂരയ്ക്കുള്ളില്‍ വലിഞ്ഞു കയറിയെന്നോ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നോ ഒക്കെയാണ് ഒരിക്കല്‍ അമ്മാളു എന്നോട് പറഞ്ഞത്. അവിടുന്ന് അമ്മാളുവിനെ രക്ഷിച്ചു കൊണ്ടുവന്നതാണ് നിന്‍റെയപ്പാ. പിന്നെന്താണ് അവര്‍ക്കിടയില്‍ ഉണ്ടായതെന്ന് എനിക്കറിയില്ല കുട്ടീ !.
അവസാനം പറഞ്ഞ വാചകത്തിനു നല്ല തളര്‍ച്ച തോന്നി, സീതയവരുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി. ഇനിയൊന്നും പറയാനില്ല എന്ന മട്ടില്‍ അവര്‍ എഴുന്നേല്‍ക്കാന്‍ ഭാവിച്ചു. അവര്‍ പറഞ്ഞത് സത്യമായിരിക്കാം പക്ഷേ അപ്പോഴും പാതി സത്യങ്ങള്‍ മറഞ്ഞിരിക്കുന്നു.
എന്റമ്മ, മ്പ്രാട്ടിയോട് മിണ്ടിപ്പറയുന്നത് ഞാന്‍ കണ്ടിട്ടേയില്ലല്ലോ? അതെന്താ?
അതിപ്പോഴല്ലേ? നിന്‍റെയമ്മ ആദ്യമൊക്കെ ഇവിടെ പണിക്കു വന്നിരുന്നു. പുറംപണി കൂടാതെ അകത്തെ പണിയുമവള്‍ ചെയ്യുമായിരുന്നു
ഇവിടെയോ? സീതയ്ക്കത് നടാടെയുള്ള അറിവായിരുന്നു. അവള്‍ അത്ഭുതം കൂറി.
അതിനവര്‍ ഉത്തരം കൊടുക്കാതെയെഴുന്നേറ്റ് അകത്തേയ്ക്ക് നടന്നു. അവര്‍ നടന്നുപോകുന്നത് നോക്കിയിരിക്കെ, പൊടുന്നനെ സീതയ്ക്ക് തോന്നി, അവരുടെ നടത്തത്തിന് എന്തോ ഒരു പ്രത്യേകതയില്ലേ?
തുടരും....
Read More: https://www.emalayalee.com/writer/318