Image

ഉള്ളൊഴുക്ക് ഒഴിവാക്കാന്‍ പലവട്ടം ശ്രമിച്ചു, വലിയ തുക പ്രതിഫലമായി ചോദിച്ചു, ഒടുവില്‍..: ഉര്‍വശിയുടെ തുറന്നുപറച്ചില്‍

Published on 03 June, 2026
 ഉള്ളൊഴുക്ക് ഒഴിവാക്കാന്‍ പലവട്ടം ശ്രമിച്ചു, വലിയ തുക പ്രതിഫലമായി ചോദിച്ചു, ഒടുവില്‍..: ഉര്‍വശിയുടെ തുറന്നുപറച്ചില്‍


മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തെക്കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഈ ചിത്രത്തിലേയ്ക്ക് താന്‍ എത്തിയത് ഒട്ടും താല്‍പര്യമില്ലാതെയാണെന്ന് തുറന്നുപറയുകയാണ് ഉര്‍വശി.

ഉര്‍വശിയും പാര്‍വതി തിരുവോത്തും മത്സരിച്ചഭിനയിച്ച ചിത്രം ക്രിസ്റ്റോ ടോമിയാണ് സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

തുടര്‍ച്ചയായി ഡാര്‍ക്ക്-ഇമോഷണല്‍ സിനിമകള്‍ ചെയ്യുന്നത് തന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ടെന്നും അത്തരം സിനിമകളോട് തനിക്ക് വലിയ താല്പര്യമില്ലെന്നുമാണ് ഉര്‍വശി പറയുന്നത്.

''ഒരുപാട് ഡാര്‍ക്ക് സിനിമകള്‍ എനിക്ക് ഇഷ്ടമല്ല. ഉള്ളൊഴുക്ക് പോലെയുള്ള സിനിമകള്‍ അടുപ്പിച്ചു ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ഒരു പരിധി വരെ നാച്ചുറല്‍ ആയി അഭിനയിക്കണം എന്ന് കരുതുമ്പോള്‍, ഇമോഷനല്‍ സിനിമകള്‍ തുടരെ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കും.

ഞാന്‍ അഭിനയത്തില്‍ ഒരുപാട് ഗ്ലിസറിന്‍ ഉപയോഗിക്കാറില്ല; ചില സീനുകള്‍ മാത്രം ഇമോഷനല്‍ ആയി ചെയ്യുമ്പോള്‍ കുഴപ്പമില്ല, എന്നാല്‍ ആ സിനിമ മുഴുവന്‍ ഇമോഷനല്‍ ആവുമ്പോള്‍ വല്ലാത്തൊരു ബുദ്ധിമുട്ടാണ്.

ആദ്യം ഉള്ളൊഴുക്കിന്റെ കഥ കേട്ടപ്പോള്‍ തന്നെ വേണ്ട എന്ന് തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായി 45 ദിവസം ഷൂട്ട് ഉള്ള സിനിമയില്‍ മുഴുവന്‍ ഇമോഷണല്‍ ആയി അഭിനയിക്കാന്‍ കഴിയില്ലെന്നതായിരുന്നു കാരണം.

എന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എന്നെ വിടാന്‍ ഭാവമില്ലായിരുന്നു. ഞാന്‍ ആദ്യം 'നോ' പറഞ്ഞു. എന്നാല്‍ നാലു വര്‍ഷം കഴിഞ്ഞും വീണ്ടും വീണ്ടും ആവര്‍ത്തിച്ചു വിളിച്ചുകൊണ്ടേ ഇരുന്നപ്പോള്‍ ഒഴിവാക്കാന്‍ എന്തൊക്കെ പറയാമോ അതെല്ലാം പറഞ്ഞുനോക്കി.

ആദ്യം ഡേറ്റ് ഇല്ല എന്ന് പറയും. അപ്പോള്‍ 'എപ്പോഴാണ് ഡേറ്റ് ഉള്ളത് അപ്പോള്‍ മതി' എന്ന് അവര്‍ മറുപടി പറയുമ്പോള്‍ നമ്മള്‍ പെട്ടുപോകും.

അപ്പോള്‍ ചില സീനുകള്‍ ഇഷ്ടമായില്ല എന്ന് പറയുമ്പോള്‍ 'എവിടെയാണ് മാറ്റം വരുത്തേണ്ടത്' എന്ന് ചോദിക്കും. അവസാനം ഒഴിവാക്കാന്‍ വേണ്ടി വലിയൊരു തുക പ്രതിഫലമായി ചോദിക്കും; അങ്ങനെ ചെയ്യുമ്പോള്‍ ഏറെക്കുറെ എല്ലാ സംവിധായകരും ഓടിപ്പോകാറുള്ളതാണ്. എന്നാല്‍ ഇവര്‍ അതും ഓക്കെ ആണെന്ന് പറഞ്ഞപ്പോള്‍ എന്ത് ചെയ്യും അങ്ങനെയാണ് ഞാന്‍ 'ഉള്ളൊഴുക്ക്' ചെയ്തത്.'' ഉര്‍വശി പറയുന്നു.

ജയറാമും ഉര്‍വശിയും ഒന്നിക്കുന്ന പുതിയ തമിഴ് ചിത്രം 'പരിമള ആന്‍ഡ് കോ'യുടെ പ്രമോഷന്റെ ഭാഗമായി സുധീര്‍ ശ്രീനിവാസന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ ഈ വെളിപ്പെടുത്തല്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക