Image

അപ്പയുടെ കഥ സിനിമയാക്കണം; നായകനായി മനസില്‍ ആ ഒരാള്‍ മാത്രം:ചാണ്ടി ഉമ്മന്‍

Published on 03 June, 2026
 അപ്പയുടെ കഥ സിനിമയാക്കണം; നായകനായി മനസില്‍ ആ ഒരാള്‍ മാത്രം:ചാണ്ടി ഉമ്മന്‍

 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍. നടനും സംവിധായകനുമായ നാദിര്‍ഷാ നയിക്കുന്ന 'നാദിര്‍ ഷോ' എന്ന യൂട്യൂബ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് അദ്ദേഹം മനസ് തുറന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ചാണ്ടി ഉമ്മന്‍. തനിക്ക് അഭിനയത്തോടല്ല, മറിച്ച് ഒരു സിനിമ നിര്‍മിക്കാനാണ് കൂടുതല്‍ താല്‍പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

'അച്ഛന്റെ പേരിലുള്ള ഒരു സിനിമ ചെയ്യണമെന്നത് എന്റെ വലിയൊരു സ്വപ്നമാണ്. ഉമ്മന്‍ ചാണ്ടിയുടെ ജീവിതം പറയുന്ന ഒരു ബയോപിക് ഒരുക്കണം. 'ഉമ്മന്‍ ചാണ്ടി' എന്ന പേരില്‍ തന്നെയായിരിക്കണം ആ സിനിമ പുറത്തിറങ്ങേണ്ടത്.

അച്ഛന്റെ ആ ജനകീയ കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യന്‍ മമ്മൂട്ടിയാണെന്നാണ് എന്റെ വിശ്വാസം. ആ സിനിമ യാഥാര്‍ഥ്യമാക്കണമെന്നാണ് ആഗ്രഹം,' ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ചാണ്ടി ഉമ്മന്റെ ഈ പ്രതികരണം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ-സിനിമാ വൃത്തങ്ങളിലും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ ജനങ്ങളോട് ഇത്രയധികം ചേര്‍ന്നുനിന്ന ഒരു നേതാവിന്റെ ജീവിതം സിനിമയാകുമ്പോള്‍ അതിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍. മുന്‍പ് ബി. ഉണ്ണികൃഷ്ണന്‍-നിവിന്‍ പോളി കൂട്ടുകെട്ടിലിറങ്ങിയ ഒരു ചിത്രത്തിലെ ചില രംഗങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ ജീവിതവുമായി സാമ്യമുണ്ടെന്ന തരത്തില്‍ ചര്‍ച്ചകള്‍ വന്നിരുന്നു.

എന്നാല്‍ ഔദ്യോഗികമായ ഒരു ബയോപിക് എന്ന ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം സിനിമാ പ്രേമികളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഒരേപോലെ ആവേശത്തിലാക്കിയിരിക്കുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക