
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് നടി മാലാ പാര്‍വതി. 'അമ്മ' ഓഫിസിലെ സിസിടിവിയിലെ ശബ്ദസന്ദേശങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടത് മാലാ പാര്‍വതിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.
എന്നാല്‍ അത് അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്റെ ഫോണില്‍ റിക്കാര്‍ഡ് ചെയ്ത സംഭാഷണ ശകലങ്ങള്‍ ആണെന്ന് മാല പറയുന്നു.
മാലാ പാര്‍വതിയുടെ വാക്കുകള്‍
'''അമ്മ' സംഘടനയിലെ സി.സി.ടി.വി യിലെ ഓഡിയോ ലീക്ക് ചെയ്തു എന്നും അത് മാലാ പാര്‍വതി പുറത്ത് വിട്ടു എന്നും ഒരു ചാനല്‍ അവതാരകന്‍ പറയുന്നു. ആ വാര്‍ത്ത വാസ്തവ വിരുദ്ധമാണ്.
കുക്കു ഒരു ഹണിട്രാപ്പ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി എന്ന് ഒരു ആരോപണം വന്നു. അതിനെ സംബന്ധിച്ച്, ചാനല്‍ ചര്‍ച്ചയ്ക്ക് എനിക്കും പോകേണ്ടി വന്നു.
ഇതില്‍ സത്യമുണ്ടോ എന്നന്വേഷിച്ചപ്പോള്‍, അത് വാസ്തവ വിരുദ്ധമാണെന്നും, അതിന് നേരെ എതിര്‍ വോയിസ്, കുക്കുവിന്റെഫോണില്‍ ഉണ്ട് എന്നും ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പറഞ്ഞു.
അവര്‍ കേട്ടതാണെന്നും, അതിലെ വോയിസ് പുറത്ത് വന്നാല്‍ മുഹമ്മദിന്റെ വീട്ടില്‍ മൂന്ന് ശവങ്ങള്‍ ഉണ്ടാകുമെന്നും അത് കൊണ്ട് ആ വോയിസ് പുറത്ത് വിടാതെ കുക്കു ചേച്ചി പൊട്ടി കരയുകയാണ് എന്നും പറഞ്ഞു.
കേള്‍ക്കാതെ, ഞാന്‍ വിശ്വസിക്കില്ല. അത് എനിക്ക് കേള്‍ക്കണം, കേട്ടാല്‍ മാത്രമേ മറ്റൊരു വശം ഉണ്ട് എന്ന് ഞാന്‍ പറയുകയൊള്ളു എന്ന് ഞാനും പറഞ്ഞു. അങ്ങനെ എനിക്കതിന്റെ ഒരു എഡിറ്റഡ് വേര്‍ഷന്‍ തരുകയും ചെയ്തു. മൂന്ന് ക്ലിപ്പുകളായി.
കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണമെന്നുള്ളത് കൊണ്ടാണത്, അങ്ങനെ ചെയ്തത്. അത് സിസിടിവി ഫുട്ടേജ് അല്ല. കുക്കുവിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തതിന്റെ ചില സംഭാഷണ ശകലങ്ങള്‍.
തെളിവില്ലാതെയും കാര്യം മനസ്സിലാക്കാതെയും ഒന്നും പറയാന്‍ പറ്റില്ല. ഒരാളേം വിശ്വസിക്കാന്‍ പറ്റില്ലെന്നേ!. ഗ്രൂപ്പിന്റെ ഭാഗമായി കഥകള്‍ പടയ്ക്കലാണ് ഇവരുടെ പണി. ഈ ജനറല്‍ സെക്രട്ടറിയെ ഒക്കെ സപ്പോര്‍ട്ട് ചെയ്തതിന്റെ ദുഃഖം തുറന്ന് പറഞ്ഞ് മാപ്പ് പറഞ്ഞ് കൊണ്ടിരിക്കുകയാണ് ഞാന്‍. അത് കൊണ്ട് തന്നെ എന്റെ തലയില്‍ ചാരും എന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു.
എങ്കിലും പിംപ് എന്നൊക്കെ പറഞ്ഞ് പരത്തുന്നതിനോട് എനിക്ക് വിയോജിപ്പുമുണ്ട് എന്നുള്ളത് കൊണ്ട് അവര്‍ പറയുന്നത് കേള്‍ക്കാന്‍ തയാറായി എന്ന് മാത്രം. ഇനി .... നോട്... താങ്കള്‍പുറത്ത് വിട്ട, ' ഐ ഗേവ് ഇറ്റ് ടു മാലാ'.
'ഷി ആസ്‌ക്ഡ്' എന്ന കുക്കുവിന്റെ വോയ്‌സ് നോട്ട് വിഡിയോയില്‍ കേട്ടു. സത്യമാണ്. ഞാന്‍ ചോദിച്ചിരുന്നു. ഇത് സ്വന്തം ഫോണില്‍ നിന്നാണ് എന്ന് കുക്കു തന്നെ പറഞ്ഞ മെസേജ് എന്റെ കൈയിലുണ്ട്. 'അമ്മ'യിലെ സിസിടിവി സൈബര്‍ വിദഗ്ദ്ധര്‍ ചെക്ക് ചെയ്യട്ടെ. ആ ആന മണ്ടത്തരം ഞാന്‍ ചെയ്യില്ല. നിയമത്തെ കുറിച്ച് സാമാന്യ ബോധമുണ്ട്.
ഒരാളെ പിംപ് എന്നും അപസര്‍പ്പക കഥകള്‍ മെനയുന്ന ആള്‍ എന്നൊക്കെ പറഞ്ഞ് ടാഗ് ചെയ്യുമ്പോള്‍ പോലും തെളിവില്ലാതെ സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. അത് കൊണ്ടാണ്, മറ്റൊരു വേര്‍ഷന്‍ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ കേള്‍ക്കണം എന്ന് നിര്‍ബന്ധം പിടിച്ചത്.
ഒരു സൈഡ് മാത്രം പറയും, അത് നമ്മള്‍ വിശ്വസിച്ചോണം എന്ന് നിര്‍ബന്ധമുള്ള യൂട്യൂബര്‍മാരുടെയും, അവിടേം ഇവിടേം പറയുന്ന മുഹമ്മദ്മാരുടെ കാലം! ഈ വിഷയത്തില്‍ എന്റെ നിലപാട് ഞാന്‍ നേരത്തേ വ്യക്തമാക്കിയതാണ്. നിലവിലെ സാഹചര്യത്തില്‍ ഭരണസമിതിക്ക് തുടരാനുള്ള ധാര്‍മ്മിക യോഗ്യത നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം.
അതേസമയം, ഒരു വിഷയത്തിന്റെ ഒരു വശം മാത്രം കേട്ട് അത് വിശ്വസിക്കണമെന്ന് നിര്‍ബന്ധിക്കുന്ന സംസ്‌കാരത്തോടും, തെളിവില്ലാതെ വ്യക്തിഹത്യ നടത്തുന്ന പ്രവണതകളോടും എനിക്ക് യോജിപ്പില്ല. അതുകൊണ്ടാണ് എല്ലാ വശങ്ങളും കേള്‍ക്കാന്‍ ഞാന്‍ തയ്യാറായത്.തയ്യാറായത് എന്ന വാക്കിനെക്കാള്‍ മെനക്കെട്ടത് എന്ന് പറയുന്നതാവും ശരി. പിന്നെ ചാനലില്‍ വന്നത്.. അത് നിങ്ങള്‍ അവരോട് ചോദിക്കുക''.