Image

അമേരിക്കൻ വിസാ അനുമതി വൈകുന്നു; ആയിരക്കണക്കിന് വിദേശ വിദ്യാർഥികൾ ആശങ്കയിൽ

Published on 03 June, 2026
 അമേരിക്കൻ വിസാ അനുമതി വൈകുന്നു; ആയിരക്കണക്കിന് വിദേശ വിദ്യാർഥികൾ  ആശങ്കയിൽ

വാഷിംഗ്ടൺ: അമേരിക്കയിലെ ന്യൂ ഹാംഷെയറിലുള്ള  യൂണിവേഴ്‌സിറ്റിക്ക്  ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (DHS) അനുമതി സമയബന്ധിതമായി ലഭിക്കാത്തപക്ഷം 2,000ത്തോളം വിദേശ ബിരുദാനന്തര വിദ്യാർഥികളെ നഷ്ടപ്പെടാനുള്ള സാഹചര്യം നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. പുതിയ ഡോക്ടറേറ്റ് ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ (DBA) പ്രോഗ്രാമിലേക്ക് വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനാവശ്യമായ അപേക്ഷയിൽ തീരുമാനം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം.
 

2027 സാമ്പത്തിക വർഷത്തേക്കുള്ള ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ ബജറ്റ് സംബന്ധിച്ച് സെനറ്റ് അപ്രോപ്രിയേഷൻസ് സബ്കമ്മിറ്റി നടത്തിയ ഹിയറിംഗിനിടെയാണ് ന്യൂ ഹാംഷെയർ സെനറ്റർ ജീൻ ഷഹീൻ വിഷയം ഉന്നയിച്ചത്. ന്യൂ ഇംഗ്ലണ്ട് കോളേജിന്റെ പുതിയ ഡോക്ടറൽ പ്രോഗ്രാമിലേക്ക് എഫ്-1 വിസയുള്ള വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി അപേക്ഷ ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

ജൂലൈ 1-നകം അനുമതി ലഭിച്ചില്ലെങ്കിൽ യൂണിവേഴ്‌സിറ്റിക്ക് ഏകദേശം 2,000 ബിരുദാനന്തര വിദ്യാർഥികളെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഷഹീൻ മുന്നറിയിപ്പ് നൽകി. ഇത് സ്ഥാപനത്തിനും വിദ്യാർഥികൾക്കും വലിയ തിരിച്ചടിയാകും.എഐ, ദേശീയ സുരക്ഷ, ആരോഗ്യപരിപാലന മാനേജ്മെന്റ് തുടങ്ങി ഉയർന്ന പ്രാവീണ്യം ആവശ്യമായ മേഖലകളിലേക്ക് വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് ന്യൂ ഇംഗ്ലണ്ട് കോളജ്. സംസ്ഥാന സമ്പദ്‌വ്യവസ്ഥയിലും പ്രാദേശിക സമൂഹത്തിലും കോളജ് നിർണായക പങ്കുവഹിക്കുന്നുണ്ട്.

യൂണിവേഴ്സിറ്റിയിലെ അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണെന്ന് ഷഹീൻ ചോദിച്ചതിന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്വെയ്ൻ മുള്ളിൻ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിശോധിച്ചുവരികയാണെന്ന് മറുപടി നൽകി. കോളജിന്റെ പ്രതിനിധികളുമായി ബന്ധപ്പെട്ട വിവരങ്ങൾ യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസിന് (USCIS) കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ആഴ്ച മാത്രമാണ് വിഷയം ചർച്ച ചെയ്തതെന്നും അതിനാൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും നടപടികൾ പുരോഗമിക്കുകയാണെന്നും മുള്ളിൻ പറഞ്ഞു. കോളജിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന ഷഹീന്റെ പരാമർശത്തിന് ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് പ്രതികരണം ഉറപ്പാക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

 അമേരിക്കയിൽ പഠിക്കുന്ന ഏറ്റവും വലിയ വിദേശ വിദ്യാർഥി സമൂഹങ്ങളിൽ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞ സാഹചര്യത്തിൽ, വിസാ നടപടികളിലെ കാലതാമസം ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക