Image

​'സിൻ' ഇറങ്ങും മുൻപേ 'കലാച്ചി' പിറന്നു; പകർപ്പവകാശ ആരോപണങ്ങൾക്ക് കെ.ആർ മീരയുടെ മറുപടി

Published on 03 June, 2026
​'സിൻ' ഇറങ്ങും മുൻപേ 'കലാച്ചി' പിറന്നു; പകർപ്പവകാശ ആരോപണങ്ങൾക്ക് കെ.ആർ മീരയുടെ മറുപടി

കൊച്ചി: ഹരിത സാവിത്രിയുടെ 'സിൻ' എന്ന നോവലിന്റെ പകര്‍പ്പാണ് തൻ്റെ പുതിയ കൃതിയായ 'കലാച്ചി' എന്ന ആരോപണത്തിൽ ശക്തമായ മറുപടിയും വിശദീകരണവുമായി പ്രശസ്ത എഴുത്തുകാരി കെ.ആർ മീര രംഗത്ത്. കസഖ്സ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിലെ വിചിത്രമായ ഉറക്കരോഗത്തെപ്പറ്റി കേട്ട 2013-ൽ തന്നെ ഈ നോവലിന്റെ കഥാബീജം മനസ്സിൽ വേരുപിടിച്ചിരുന്നതായി കെ.ആർ മീര വ്യക്തമാക്കി. 2025-ലാണ് 'കലാച്ചി' പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതെങ്കിലും, അതിനു മുൻപ് 2020 നവംബർ 16 മുതൽ നോവൽ ഖണ്ഡശ്ശയായി (തുടർച്ചയായി) പ്രസിദ്ധീകരിച്ചിരുന്നു എന്ന യാഥാർഥ്യം പലരും ബോധപൂർവ്വം മറച്ചുവെക്കുകയാണെന്ന് അവർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തി.

​തൻ്റെ നോവലിൻ്റെ മുൻഗണന വ്യക്തമാക്കിക്കൊണ്ട് തീയതികൾ സഹിതമാണ് എഴുത്തുകാരി വിമർശകർക്ക് മറുപടി നൽകിയത്. 2020-ൽ പ്രസിദ്ധീകരണം ആരംഭിച്ച ഒരു നോവൽ, 2022-ൽ മാത്രം പുറത്തിറങ്ങിയ മറ്റൊരു കൃതിയിൽ നിന്ന് ആശയം ഉൾക്കൊണ്ടതാണോ അതോ തിരിച്ചാണോ എന്ന് വായനക്കാർ തന്നെ ചിന്തിക്കണമെന്ന് മീര ആവശ്യപ്പെട്ടു. സംശയമുള്ളവർ ഇരു നോവലുകളുടെയും പ്രമേയം, കാലഘട്ടം, ആഖ്യാനരീതി, പാത്രസൃഷ്ടി, പശ്ചാത്തലം എന്നിവ താരതമ്യം ചെയ്ത് സ്വയം വിലയിരുത്തണമെന്നും അവർ കുറിപ്പിലൂടെ കൂട്ടിച്ചേർത്തു.

​പുസ്തകമാകുന്നതിന് മുൻപ് തന്നെ പ്രമുഖരായ വ്യക്തികൾ ഇതിൻ്റെ ഡ്രാഫ്റ്റ് വായിച്ചിരുന്നതായും മീര വെളിപ്പെടുത്തി. മുൻമന്ത്രി അഡ്വ. പി. രാജീവ്, പി. കെ. പാറക്കടവ്, ഡോ. സുനിൽ പി. ഇളയിടം, ഡോ. പി. കെ. രാജശേഖരൻ, സോണിയ റഫീക്ക് തുടങ്ങി പത്തിലേറെ പ്രശസ്തർ കൃതി മുൻകൂട്ടി വായിച്ചിട്ടുള്ളതാണെന്നും, അവരിൽ ആർക്കും മറ്റേതെങ്കിലും രചനയുമായി ഇതിന് സാമ്യമുള്ളതായി തോന്നിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. 2024-ൽ തന്നെ പുസ്തകത്തിൻ്റെ കവർ പ്രകാശനവും അഞ്ചാമത്തെ അധ്യായത്തിൻ്റെ വിതരണവും നടന്നിരുന്നതായും എഴുത്തുകാരി ചൂണ്ടിക്കാണിക്കുന്നു.

​ആരോപണം ഉന്നയിച്ച എഴുത്തുകാരിയുടെ മുൻകാല നിലപാടുകളിലെ വൈരുദ്ധ്യവും കെ.ആർ മീര തൻ്റെ കുറിപ്പിൽ തുറന്നുകാട്ടി. ഈ വർഷം ജനുവരിയിൽ നോവൽ വായിച്ച് വലിയ ആരാധന പ്രകടിപ്പിക്കുകയും, കോട്ടയത്തെ വീട്ടിൽ വന്ന് വിരലുകളിൽ ഉമ്മവെക്കാൻ ആഗ്രഹമുണ്ടെന്ന് വോയ്‌സ് മെസ്സേജ് അയക്കുകയും ചെയ്ത വ്യക്തിയാണ് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന സാഹിത്യോത്സവത്തിൽ വെച്ച് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചപ്പോഴൊന്നും തോന്നാത്ത സംശയങ്ങൾ ഉന്നയിക്കാൻ അവർക്ക് മെയ് മാസം വരെ കാത്തിരിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്നും മീര തൻ്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക