
മരണമൊരു തിടുക്കമില്ലാത്ത തുന്നൽക്കാരൻ,
ജീവിതത്തിൻ കീറിയോരീ ഓർമ്മച്ചീന്തുകളെ
അവസാനമായ് തുന്നിനോക്കും തുന്നൽക്കാരൻ.
പകലന്തിയോളം ചുമന്നൊരാകോലാഹലങ്ങളിൽ നിന്നും,
ഏകാന്തതതൻ ശാന്തമാം ശൂന്യതയിലേക്കൊരുവഴുതിമാറൽ!
ഞാൻ ശ്വാസമടക്കികിടക്കുമീ ചതുരവടിവിലേക്ക്,
പെയ്തിറങ്ങുവാൻ വരുന്നുണ്ടിന്നൊരുപാടുപേർ;
ചിലരുടെമിഴികളിൽ സങ്കടത്തിൻ കനലുകൾ,
ചിലരിലോ അഭിനയത്തിൻ തണുത്ത മഞ്ഞുതുള്ളികൾ!
ജീവിച്ചിരുന്നപ്പോൾ തരാൻ മടിച്ചോരാസ്നേഹസുമങ്ങൾ,
അവരിന്നെൻ നിശ്ചലമാം നെഞ്ചിലലസമായ് വെക്കുന്നു.
അവിടെയൊരുചോദ്യം വായുവിൽ തങ്ങിനിൽപ്പൂ...
ഈ തണുത്ത മേനിക്കുമേൽ വട്ടംകൂടുവാൻ ഇത്രയുംപേരോ?
"ഇതേ നെഞ്ചിലൊരു തരി ജീവന്റെ ചൂടും,
പ്രതീക്ഷ തൻ വെട്ടമുണ്ടായിരുന്നപ്പോൾ,
തിരക്കിന്റെ ഏതുലോകങ്ങളിലായിരുന്നു സഖാവേ
നിങ്ങൾ? പുതപ്പിട്ടു മൂടിക്കിടന്നതു ?"
സൂര്യനുദിച്ചതും കാറ്റിലസ്തമിച്ചതും,
കാലം കയ്യിൽത്തന്ന നിമിഷങ്ങളെ
അഹങ്കാരത്തോടെ ഞാൻ തട്ടിത്തെറിപ്പിച്ചതും
പതിയെ ഓർക്കുന്നു; പതിവുപോലെ ഈ മരണക്കിടക്കയിലും
ആ ഓർമ്മകളോടിതാ ഞാനിപ്പോൾ വിട ചൊല്ലുന്നു.
തീർച്ചയായും... അത്
ജീവിതത്തിൻ വലിയൊരു കോലാഹലങ്ങളേക്കാൾ എത്രയോ ഭേദം,
ആരും ശല്യം ചെയ്യാനില്ലാത്തൊരീ നിശ്ശബ്ദതതൻ കവാടം തുറക്കുന്നു!
മരണമെന്നത് വലിയൊരു വിട്ടുകൊടുക്കലാണെന്ന്
ആരോ അവിടെ കലമ്പുന്നു!
വിലാസങ്ങളുടെയും അവകാശവാദങ്ങളുടെയും ഭാരമില്ലാത്ത
നനുനനഞ്ഞൊരു ശൂന്യതയിലേക്ക് ഉയർത്തപ്പെടുന്നു!
ശ്വാസത്തിന്റെ നേർത്ത നൂൽ പൊട്ടിവീഴുമ്പോൾ,
തീർന്നുപോകുന്ന വെറുമൊരു തമാശ മാത്രമീ ആയുസ്സ്!
കട്ടിലിനു ചുറ്റും ആളൊഴിഞ്ഞിരുന്ന നാളുകളിൽ,
എന്റെ ചുമരുകൾ മാത്രം കേട്ട ചില ദീർഘശ്വാസങ്ങളുണ്ടായിരുന്നു;
ഇന്നതാ, ആ ചുമരുകളെപ്പോലും മറച്ചുകൊണ്ട്
ജനനിബിഢമാകുന്നു തിങ്ങിഞെരുങ്ങുന്നു ഭവനുള്ളം!
ജഡത്തിനിത്തിരി ശാന്തി നൽകു എന്ന് ഒരിക്കലും ശാന്തി നല്കിയിട്ടില്ലാത്ത ശാന്തിക്കാരൻ അതേറ്റു പറയുന്നു
ചുട്ട പലിശക്കാരനും അവരെന്റെ മുഖത്തേക്ക് നോക്കി
ഇല്ലാത്ത ഗുണങ്ങൾ പുകഴ്ത്തുന്നു,
തീരാത്ത കടങ്ങൾ പോൽ ചില കണ്ണീർക്കണങ്ങൾ ബാക്കിവെക്കുന്നു.
അവിടെയൊരു മൗനം ആർദ്രമായി ചോദിക്കുന്നുണ്ട്...
ഒരു നേർത്ത വാക്കിനായ് ഈ കാതുകൾ കൊതിച്ചപ്പോൾ,
നിങ്ങളൊക്കെയും മൗനത്തിന്റെ ഏതു ഗുഹകളിലായിരുന്നു?
ഒരു തുള്ളി പ്രണയത്തിനായ് ഈ കൈകൾ നീട്ടിയപ്പോൾ,
നിങ്ങളൊക്കെയും ഏതു സാമ്രാജ്യങ്ങൾ പിടിച്ചെടുക്കുന്ന തിരക്കിലായിരുന്നു?
തിരക്കുകളുടേതായിരുന്നു ഇത്രയും കാലം...
നാളെയെന്ന കള്ള നാണയത്തിനു പിന്നാലെപ്പാഞ്ഞ്,
ഇന്നുകളെ വിറ്റുകളഞ്ഞതിന് ആരോടു ഞാൻ മാപ്പ് ചോദിക്കേണ്ടു?
ഇപ്പോൾ എല്ലാം ശാന്തമാണ്... മഴമാറി നിന്ന പകലും
വടക്കിനിയിലെ പ്രിയതമയും കണ്ണിലെ മേഘങ്ങളേ മാറ്റി നിർത്തി
വന്നവരോട് കുശലം പറയുന്നു..
ജീവിച്ചിരുന്നപ്പോൾ അനുഭവിക്കാനാവാത്ത
ഏറ്റവും വലിയ ആഢംബരമാണീ അന്ത്യയാത്ര!
മരണമൊരു വലിയ മടങ്ങിപ്പോക്കാണ്,
കടമെടുത്ത ശ്വാസവും കാത്തുസൂക്ഷിച്ച അഹങ്കാരവും,
ഭൂമിക്കു തന്നെ തിരികെ നൽകുന്ന വിനയം.
പലവട്ടം തോറ്റുപോയ പകലുകളുടെ ഒടുവിൽ,
ആരും തോൽപ്പിക്കാത്ത രാവിലേക്ക് നടന്നുനീങ്ങുന്ന സുഖം!
എന്റെ നിശ്ചലമാം ശരീരത്തിനു മീതെയിപ്പോൾ,
ചന്ദനത്തിരികൾ പുകഞ്ഞുയരുന്നു;
ജീവിച്ചിരുന്നപ്പോൾ ശ്വസിച്ച പുകച്ചുരുളുകളേക്കാൾ,
ഇന്നതിന് സുഗന്ധമേറുന്നു!
ചുറ്റും നിൽക്കുന്നവർ എന്റെ വീഴ്ചകളെയും പിഴവുകളെയും,
വെളുത്തൊരു തുണികൊണ്ടു മൂടിവെക്കുവാൻ വെമ്പൽ കൊള്ളുന്നു.
കാറ്റിലൊരൊറ്റ ചോദ്യം മാത്രം ബാക്കിയാവുന്നു...
ഈ നെറ്റിയിലെ തണുപ്പിൽ ചുംബിക്കുവാൻ നീട്ടിയ ചുണ്ടുകൾ,
ഇവിടെ ചോര തിളച്ചിരുന്ന കാലത്ത്
ഒരു ചെറു പുഞ്ചിരികൊണ്ടുപോലും എന്നെ പൊതിയാതിരുന്നതെന്തേ?
എന്ന് ശവമായഞാൻ ജിജ്ഞാസപ്പെടുന്നു
കാലമേ, നീ തന്ന വസന്തങ്ങളെ കണ്ണുതുറന്നു കാണാതെ,
ഇലകൊഴിയും ശിശിരങ്ങളെ മാത്രം പ്രണയിച്ചതിന്,
ഇതാ ഈ അവസാന നിമിഷത്തിൽ ഞാൻ മാപ്പുചോദിക്കുന്നു.
ഇനിയൊരു മടങ്ങിവരവില്ല...
ജീവിതമെന്ന മരീചികയേക്കാൾ എത്രയോ സത്യമാണ്,
ഈ മൺതരികൾ നൽകുമീ ഗാഢമാം ആലിംഗനം!
ഈ മഴയുടെ വേരുകൾ പുൽകുന്ന നനുനനുത്ത തണുപ്പും!!!