
ഫോമാ 2026-28 കാലഘട്ടത്തിലേക്കുള്ള ദേശീയ നേതൃത്വത്തിലേക്ക് മയാമിയിൽ നിന്നുള്ള മാത്യു വർഗ്ഗീസ് നയിക്കുന്ന എക്സിക്യൂട്ടീവ് സ്ഥാനാർത്ഥികളുടെ പൂർണ്ണ ടീം മെമ്മോറിയൽ ഡേ വാരാന്ത്യത്തിൽ ക്യാപിറ്റൽ റീജിയൺ സന്ദർശിച്ചു പ്രചാരണം നടത്തി. കേരള അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംങ്ങ്ടൺ (KAGW), കൈരളി ഓഫ് ബാൾട്ടിമോർ, കേരള കൾച്ചറൽ സൊസൈറ്റി എന്ന മൂന്ന് അംഗസംഘടനകളുടേയും പ്രസിഡണ്ട്മാർ ഉൾപ്പെടെ, നിരവധി എക്സിക്യൂട്ടീവ് അംഗങ്ങളും, സീനിയർ ഫോമാ, ഫൊക്കാന നേതാക്കളും, പ്രവർത്തകരും ചേർന്ന് സ്നേഹോഷ്മളമായ സ്വീകരണമാണ് മാത്യു വർഗ്ഗീസിനും ടീം പ്രോമിസിനും അമേരിക്കയുടെ തലസ്ഥാന നഗരിയിൽ ഒരുക്കിയത്.

ഫോമായുടെ നിയുക്ത ക്യാപിറ്റൽ റീജിയൺ RVP ആയി ഐകകണ്ഠേന നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ശ്രീ ജോണി ചെറുശ്ശേരിയുടെ വസതിയിലാണ് ടീം പ്രോമിസുമായുള്ള കാണലും പരിചയപ്പെടലും നടന്നത്. ക്യാപിറ്റൽ റീജിയണിലെ ഫോമായുടെ സമുന്നത നേതാക്കളായ ജോണിയും, വിജോയ് പട്ടമാടിയുമായിരുന്നു സ്വീകരണ പരിപാടിക്ക് ചുക്കാൻ പിടിച്ചത്.
കഴിവ് കൊണ്ടും, കാര്യപ്രാപ്തി കൊണ്ടും, പരിചയ സമ്പത്തുകൊണ്ടും അസന്നിഗ്ധമായി സ്വയം തെളിയിച്ച ആറു പേരടങ്ങുന്ന മാത്യു വർഗ്ഗീസിൻ്റെ ടീം പ്രോമിസിന് എല്ലാ ആശംസകളും അനുഗ്രഹങ്ങളും നേർന്നു കൊണ്ട് സംസാരിച്ച കേരള അസ്സോസിയേഷൻ പ്രസിഡണ്ട് നാരായണൻ വളപ്പിലും, കേരള കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് ഷെല്ലി പ്രഭാകരനും, കൈരളി പ്രസിഡണ്ട് ലെൻജി ജേക്കബും ക്യാപ്പിറ്റൽ റീജിയൺ എന്നും ഒറ്റക്കെട്ടാണെന്നും, ഫോമാ ഫൊക്കാന വ്യത്യാസങ്ങളോ, അസ്സോസിയേഷൻ, പാനൽ വ്യത്യാസങ്ങളോ ആരെ പിന്തുണക്കുമെന്ന കാര്യത്തിൽ ക്യാപിറ്റൽ റീജിയണിൽ പ്രധാനമല്ലെന്നും ഉള്ള വസ്തുതകൾ ഊന്നിപ്പറഞ്ഞു. നേതാക്കളുടെ കഴിവും പ്രാഗല്ഭ്യവും മാത്രമായിരിക്കും ക്യാപിറ്റൽ റീജിയണിൽ നിന്നു വരുന്ന ഓരോ ഡെലിഗേറ്റിനും ഈ തിരഞ്ഞെടുപ്പിലെ അളവുകോലെന്നും, അത് കൊണ്ട് തന്നെ എക്കാലത്തെയും പോലെ ബാൾട്ടിമൂർ-വാഷിംഗ്ടൺ ഡെലിഗേറ്റുകൾ ഫോമായുടെ ഈ തിരഞ്ഞെടുപ്പിലും ഒരു നിർണ്ണായക ശക്തി ആയിരിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വാഷിംഗ്ടണിൽ നിന്നുള്ള ഫൊക്കാനാ ദേശീയ ഭാരവാഹികളും മലയാളി കമ്മ്യൂണിറ്റിയിലെ പ്രധാന നേതാക്കളുമായ ശ്രീ വിപിൻ രാജും, ശ്രീ ഷിബു സാമുവേലും ടീം പ്രോമിസിലെ അംഗങ്ങളുമായുള്ള വ്യക്തിപരമായ ബന്ധങ്ങളും, അവരുടെ കഴിവിലും, പ്രവർത്തന മികവിലും ഉള്ള തികഞ്ഞവിശ്വാസവും പങ്കുവെച്ചു. ഫോമയും ഫൊക്കാനയും തമ്മിലുണ്ടാവേണ്ട സഹകരണത്തിൻ്റെയും, സൗഹൃദത്തിൻ്റേയും അന്തരീക്ഷം ടീം പ്രോമിസ് അംഗങ്ങളുടെ നേതൃത്വത്തിലും മലയാളി സമൂഹത്തിൻ്റെ ഒറ്റക്കെട്ടായ താൽപര്യത്തിലും വളരെ മുന്നോട്ട് പോകാനുള്ള സാദ്ധ്യതക്ക് അടിവരയിടുന്നതായിരുന്നു വിപിൻ്റെയും, ഷിബുവിൻ്റെയും ഊഷ്മളതയുള്ള പങ്കാളിത്തവും, അവർക്ക് ടീം പ്രോമിസ് അംഗങ്ങളുമായുള്ള വ്യക്തി ബന്ധങ്ങളും.
ഫോമായുടെ മുൻ വൈസ് പ്രസിഡണ്ട് ശ്രീ വിൻസൺ പാലത്തിൽ മാത്യു വർഗ്ഗീസിൻ്റെയും, ടീ പ്രോമിസിലെ മറ്റു അംഗങ്ങളുടെയും വ്യക്തിപരമായ കഴിവുകളും, അദ്ദേഹം അടുത്ത് കണ്ട് മനസ്സിലാക്കിയിട്ടുള്ള പരിചയസമ്പത്തും എത്രമേൽ മഹത്തരവും, ശ്ലാഘനീയവുമാണെന്ന് അനുസ്മരിച്ചു. അമേരിക്കയിലങ്ങോളമിങ്ങോളമുള്ള മലയാളിക്കമ്മ്യൂണിറ്റിയിലെ ഏറ്റവും പ്രഗൽഭരായ, ഒന്നിനൊന്നു മെച്ചമായ നേതാക്കളെ തന്നെ തൻ്റെ ടീം പ്രോമിസിൻ്റെ സഹയാത്രികരാക്കിയ മാത്യു വർഗ്ഗീസ് അതുവഴി അദ്ദേഹത്തിൻ്റെ തന്നെ നേതൃത്വ പാടവവും, അമേരിക്കൻ മലയാളിയോടുള്ള ഉത്തരവാദിത്തബോധവും, ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ കൃത്യനിഷ്ഠയോടെ നടപ്പാക്കാനുള്ള പ്രതിബദ്ധതയുമാണ് വിളിച്ചോതുന്നത് എന്ന് അഭിപ്രായപ്പെട്ടു. ക്യാപിറ്റൽ റീജിയണിലെ മലയാളികളുടെ ഐക്യവും, നേതാക്കൻമാരുടെ വേർതിരിവുകളില്ലാതെയും, പരസ്പരം സഹകരിച്ചുമുള്ള ഇടപെടലുകളും അമേരിക്കൻ മലയാളിക്കമ്മ്യൂണിറ്റി മാതൃകയാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കാര്യമാത്ര പ്രസക്തമായ സംഭാവനകൾ അമേരിക്കൻ മലയാളിക്കമ്മ്യൂണിറ്റിക്ക് നല്കാൻ ഫോമാ, ഫൊക്കാന സഹകരണം കൂടിയേ തീരൂ എന്ന് വിശ്വസിക്കുന്ന വിൻസൺ, ഫോമയുടേയും, ഫൊക്കാനയുടേയും പരസ്പരമുള്ള വിശ്വാസക്കുറവിനെ പ്രതിഫലിപ്പിക്കുന്ന വകുപ്പുകൾ ഫോമാ കോൺസ്റ്റിറ്റ്യൂഷനിൽ ഉള്ളത് നീക്കം ചെയ്യാനുള്ള നടപടികൾ ടീം പ്രോമിസ് ജയിച്ചു വരുമ്പോൾ അവരുടെ ഭരണകാലത്ത് പൂർത്തിയാക്കണമെന്നും അഭ്യർത്ഥിച്ചു.

അമേരിക്കൻ മലയാളി ദേശീയ തലത്തിൽ സോക്കർ, വോളിബോൾ തുടങ്ങിയ കായിക മാമാങ്കങ്ങൾ നടത്തുമ്പോൾ മലയാളികളുടെ ദേശീയ സംഘടന എന്ന രീതിയിൽ അവരെ ഫോമക്ക് എങ്ങിനെ സഹായിക്കാൻ പറ്റുമെന്ന ചോദ്യം ബാൾട്ടിമോർ കില്ലാഡീസ് നേതൃത്വം ഉയർത്തി. അവരുടെ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന സാമ്പത്തിക സ്രോതസ്സുകളെ തിരിച്ചറിയാനും, ഫോമാ പ്ലാറ്റ്ഫോം വഴി പബ്ളിസിറ്റിക്ക് സഹായിക്കാനും സാധിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. ആ നിർദ്ദേശങ്ങൾ തീർച്ചയായും പരിഗണിക്കപ്പെടേണ്ടവയാണെന്നും, തങ്ങൾ ജയിച്ചു വരുമ്പോൾ അങ്ങിനെ തന്നെ ചെയ്യുമെന്നും ടീം പ്രോമിസ് അംഗങ്ങൾ വാഗ്ദാനം ചെയ്തു.
ടീം പ്രോമിസിൻ്റെ എല്ലാ അംഗങ്ങളും അവരെ സ്വയം പരിചയപ്പെടുത്തി. അടുത്ത രണ്ടു വർഷത്തേക്ക് ഫോമയെ നയിക്കാനുള്ള കഴിവും പ്രാപ്തിയും തങ്ങൾ ആറു പേരിൽ തികച്ചും ഭദ്രമായിരിക്കും എന്ന് പ്രഖ്യാപിക്കുന്നവയായിരുന്നു അവരുടെ അവതരണങ്ങൾ.

തങ്ങളുടെ മാനിഫെസ്റ്റോയി ലെ ആദ്യത്തെ ഇനമായ വിദ്യാർത്ഥികളുടെ സ്ക്കോളർഷിപ്പു പദ്ധതി ടീം പ്രോമിസ് അവതരിപ്പിച്ചു.
ഫോമയുടെ പ്രമുഖ ദേശീയ നേതാവായ ശ്രീ തോമസ് ജോസ്കുട്ടി ടീം പ്രോമിസിന് എല്ലാ ആശംസകളും അർപ്പിച്ചു. ബാൾട്ടിമോർ കൈരളിയുടെ അഭിമാനമായ മറിയ സ്തുത്യർഹമായ രീതിയിൽ മീറ്റിംഗിൻ്റെ MC ധർമ്മം നിർവ്വഹിച്ചു. ഫോമാ മുൻ സെക്രട്ടറി സ്ഥാനാർത്ഥിയും, കേരള അസ്സോസിയേഷൻ്റെ മുൻ പ്രസിഡണ്ടുമായ മധു നമ്പ്യാർ ചടങ്ങിൽ സംസാരിക്കുകയും, ചടങ്ങിൻ്റെ ഫോട്ടോഗ്രാഫി ധർമ്മം നിർവ്വഹിക്കുകയും ചെയ്തു.