
പ്രയാഗാരാജ് മഹാകുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്‌ലെയുടെയും ഭര്‍ത്താവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധിയെന്താവുമെന്ന കാര്യം സസ്‌പെസാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്തു എന്നതടക്കമുള്ള കുറ്റങ്ങളാണ് മോണാലിസയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് ചുമത്തിയിട്ടുള്ളത്. മൊണാലിസയെപ്പോലെ തന്നെ വൈറലായ കേസില്‍ ദമ്പതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ മധ്യപ്രദേശ് പൊലീസ് അതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. കേരളത്തില്‍ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും മധ്യപ്രദേശില്‍ പോയാല്‍ ദുരഭിമാനക്കൊല ചെയ്യുമെന്ന് ഭീഷണിയുണ്ടെന്നും തനിക്ക് പ്രായപൂര്‍ത്തിയായെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.
എന്നാല്‍, മോണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്. പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നും ജനന റജിസ്ട്രാര്‍ക്ക് മുന്നില്‍ പെണ്‍കുട്ടി തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും പൊലീസ് വാദിച്ചു. നിലവില്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായം. സമര്‍പ്പിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റിലെ ജനനത്തീയതിയും ആശുപത്രി രേഖകളും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ഇവരുടെ വിവാഹം ഒരു ക്ഷേത്രത്തില്‍ വച്ചാണ് നടന്നതെന്നും ഇത് കൃത്യമായ മതാചാരപ്രകാരമല്ല നടന്നതെന്നും അതിനാല്‍ തന്നെ വിവാഹത്തിന് നിയമസാധുതയില്ലെന്നും മധ്യപ്രദേശ് പൊലീസ് വാദിക്കുന്നത്. തുടര്‍ന്ന് ഹര്‍ജിയില്‍ വിധി പറയുന്നത് ജസ്റ്റിസ് കൗസര്‍ എഡപ്പഗത്ത് നാളേക്ക് മാറ്റി.
തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 11-നാണ് മോണാലിസയും കാമുകന്‍ മുഹമ്മദ് ഫര്‍മാനും വിവാഹിതരായത്. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതെന്നാണ് കമ്മീഷന്‍ പറയുന്നത്. അതേസമയം, വിവാഹത്തിന് മുമ്പ് വീട്ടുകാരില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയുണ്ടായി. പൂവാറില്‍ സിനിമ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് താരം പോലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് പോലീസ് മൊണാലിസയെ ഫര്‍മാനൊപ്പം അയയ്ക്കുകയായിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ പെണ്‍കുട്ടിയും മഹാരാഷ്ട്ര സ്വദേശിയായ ഫര്‍മാന്‍ ഖാനും തമ്മില്‍ ആറുമാസമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം വീട്ടുകാര്‍ എതിര്‍ക്കുകയും മറ്റൊരാളുമായി മൊണാലിസയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തതോടെയാണ് ഇരുവരും രക്ഷപെട്ട് കേരളത്തിലെത്തിയത്.
മറ്റ് സംസ്ഥാനങ്ങളില്‍ തങ്ങളുടെ ബന്ധത്തിന് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കരളം തിരഞ്ഞെടുത്തതെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എ.എ റഹീം എം.പി ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്ത് നവദമ്പദികളെ ആശീര്‍വദക്കുകയും ''ഇതാണ് റിയല്‍ കേരള സ്റ്റോറി...'' എന്ന് നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രായപൂര്‍ത്തി പ്രശ്‌നത്തില്‍ മധ്യപ്രദേശ് പോസീസ് കേസി രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് വൈറല്‍ താരവും ഭര്‍ത്താവും ഒളിവില്‍ പോയതോടെ ഇവരുടെ കല്യാണം നടത്തിക്കൊടുത്ത സി.പി.എം നേതാക്കളും വെട്ടിലായി. വിഷയത്തില്‍ പോക്‌സോ കേസെടുത്തതാണ് സി.പി.എം നേതാക്കള്‍ക്ക് വിനയായത്. വിവാഹത്തിന് മുമ്പ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന ആരോപണം ഉയര്‍ന്നുവെങ്കിലും മോണാലിസ ഹാജരാക്കിയ ആധാര്‍ കാര്‍ഡ് അനുസരിച്ച് പ്രായപൂര്‍ത്തിയായി എന്ന് തെളിയിക്കുകയായിരുന്നു.
എന്നാല്‍ നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിന് പുറമേ ഇയാള്‍ക്കെതിരെ പട്ടിക വര്‍ഗ പീഡന കുറ്റവും ചുമത്തുമെന്ന് കാട്ടി എസ്.ടി കമ്മിഷന്‍ നിയമ ഉപദേശകന്‍ പ്രകാശ് ഉയ് ക്കെ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍, സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് പ്രകാശ് ചൂണ്ടിക്കാട്ടിയുരുന്നു. വിവാഹത്തിന് കാര്‍മികത്വം വഹിച്ച കേരളത്തിലെ സി.പി.എം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നതോടെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ കൂട്ട് നിന്നവരും പ്രതികളാകുമെന്നും വിലയിരുത്തപ്പെടുന്നു.
മോണാലിസയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം യാഥാസ്തിതിക കടുംപിടിത്തങ്ങള്‍ക്കെതിരെയുള്ള പ്രണയപൂര്‍ത്തീകരണമായാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ എന്‍.സി.എസ്.ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തി. കുട്ടി മധ്യപ്രദേശിലെ പാര്‍ധി ഗോത്ര വിഭാഗത്തില്‍പ്പെട്ടതാണെന്നും മഹേശ്വര്‍ ഹോസ്പിറ്റല്‍ റെക്കോര്‍ഡുകള്‍ പ്രകാരം 2009 ഡിസംബര്‍ 30-ന് വൈകിട്ട് 5.50-നാണ് ജനിച്ചതെന്നും കണ്ടെത്തി. എന്നാല്‍ തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 2008 ജനുവരി ഒന്നാണ് ജനനതീയതി. അതിനാല്‍ 2026 മാര്‍ച്ച് 11-ന് കേരളത്തില്‍ വിവാഹം നടക്കുമ്പോള്‍ മോണാലിസയ്ക്ക് 16 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നും കണ്ടെത്തലുണ്ട്.
മോണാലിസ ഇപ്പോള്‍ ഗര്‍ഭിണിയാണത്രേ. അവള്‍ ഗര്‍ഭിണിയാണെന്നും പോലീസിനു മുന്നില്‍ ഉടന്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാനാണ് വ്യക്തമാക്കിയത്. ഇരുവരുടെയും മൊഴിയെടുക്കാന്‍ മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തിയിരുന്നു. അത് അറസ്റ്റിലേയ്ക്കും കടക്കുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ഫര്‍മാനെതിരെ പരാതി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ചു തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ഡി.എസ്.പിക്കാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ നേരിട്ട് ഹാജരാകാനാണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയത്. പിന്നാലെയാണ് ഭാര്യ ഗര്‍ഭിണിയാണെന്നും യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഫര്‍മാന്‍ അറിയിച്ചത്. എന്നാല്‍ ഇരുവരെയും അറസ്റ്റ് ചെയ്യുന്നത് മധ്യപ്രദേശ് ഹൈക്കോടതി തടഞ്ഞിരുന്നു. മധ്യപ്രദേശ് പൊലീസ് സംഘം കൊച്ചിയില്‍ തുടരുകയും ചെയ്തു. പൊലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.