
ജോണ്‍ ഏബ്രഹാമിന്റെ അവസാനരചനയായ അമ്മ അറിയാന്‍ എന്ന സിനിമയാണ് സംവിധായകന്റെ മരണാനന്തരം മുപ്പത്തിയൊമ്പത് വര്‍ഷങ്ങള്‍ക്കുശേഷം ലോകസിനിമയുടെ ചരിത്രത്തിലേക്ക് വീണ്ടെടുക്കപ്പെട്ടത്. സിനിമയിലെ നായകന്‍ ജോയ് മാത്യുവിനും ഫിലിം എഡിറ്റര്‍ ബീനാ പോളിനും കാന്‍മേളയില്‍ ലഭിച്ച റെഡ് കാര്‍പ്പെറ്റ് വരവേല്‍പ്പ് ജോണ്‍ ഏബ്രാഹമിനുതന്നെയുള്ള ലോകസിനിമയുടെ ആദരമായിരുന്നു.
ചിത്രങ്ങള്‍ക്ക് സര്‍ഗ്ഗാല്‍മക ആവിഷ്ക്കാരം :പ്രശസ്ത സംവിധായകന്‍ കൃഷ്ണേന്ദു കലേഷ്

നാല് പതിറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മ്മിക്കപ്പെട്ട ഒരു മലയാള സിനിമ വിശ്രുതമായ കാന്‍ ഫിലിം ഫെസ്റ്റിവലിലെ ക്ലാസിക് വിഭാഗത്തില്‍ ആദരിക്കപ്പെടുക എന്നത് മലയാളത്തിനെന്നതിനേക്കാള്‍ ഇന്ത്യന്‍ സിനിമയ്ക്കുതന്നെ് ലഭിച്ച പരമോന്നത ബഹുമതിയായിവേണം കരുതാന്‍. ജീവിതകാലത്തുടനീളം പിന്തുടര്‍ന്ന ബൊഹീമിയന്‍ രീതികളും അരാജകത്വവുംകൊണ്ട് അക്കാലത്തെ തലമുറയ്ക്കിടയില്‍ ഒരു കള്‍ട്ടായി മാറിയ ജോണ്‍ ഏബ്രഹാമിന്റെ അവസാനരചനയായ അമ്മ അറിയാന്‍ എന്ന സിനിമയാണ് സംവിധായകന്റെ മരണാനന്തരം മുപ്പത്തിയൊമ്പത് വര്‍ഷങ്ങള്‍ക്കുശേഷം ലോകസിനിമയുടെ ചരിത്രത്തിലേക്ക് വീണ്ടെടുക്കപ്പെട്ടത്. സിനിമയിലെ നായകന്‍ ജോയ് മാത്യുവിനും ഫിലിം എഡിറ്റര്‍ ബീനാ പോളിനും കാന്‍മേളയില്‍ ലഭിച്ച റെഡ് കാര്‍പ്പെറ്റ് വരവേല്‍പ്പ് ജോണ്‍ ഏബ്രാഹമിനുതന്നെയുള്ള ലോകസിനിമയുടെ ആദരമായിരുന്നു. മുമ്പൊരിക്കലും ഒരു ദക്ഷിണേന്ത്യന്‍ സംവിധായകനും ഇതുപോലെ ഒരാദരം ലഭിച്ചിട്ടുമില്ല. 2026-ല്‍ കാന്‍ മേള ക്ലാസിക് പദവി നല്‍കി ആദരിച്ച ഏക ഇന്ത്യന്‍ സിനിമയും അമ്മ അറിയാന്‍ ആയിരുന്നു.

വിപുലമായ ജനകീയ പങ്കാളിത്തത്തോടെ ഇന്ത്യയിലാദ്യമായി നിര്‍മ്മിക്കപ്പെട്ട ഒരേയൊരു സിനിമ ഒരുപക്ഷെ, ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ (1986) ആയിരിക്കാം. ബംഗാളിയിലെന്നപോലെ കമ്പോള സിനിമയുടെ ചിട്ടവട്ടങ്ങളില്‍നിന്ന് മുക്തമായതും നവസിനിമയെന്നും ആര്‍ട്ട് സിനിമയെന്നും വിശേഷിപ്പിക്കപ്പെട്ടതുമായ വ്യത്യസ്തസിനിമകള്‍ കന്നടയിലും മലയാളത്തിലും സജീവമായ എഴുപതുകളില്‍ത്തന്നെ പല മാനങ്ങളില്‍ വായിക്കാവുന്ന അഗ്രഹാരത്തില്‍ കഴുതൈ എന്ന തമിഴുസിനിമയിലൂടെ ദേശീയശ്രദ്ധയാകര്‍ഷിച്ച ജോണ്‍ എബ്രഹാമിന്റെ നാലാമത്തെ ഫീച്ചര്‍ സിനിമയായിരുന്നു അമ്മ അറിയാന്‍. കച്ചവട സിനിമയെയും കലാസിനിമയെയും ഒരുപോലെ നിയന്ത്രിക്കുന്ന കമ്പോളമൂലധനത്തില്‍നിന്ന് സ്വതന്ത്രമായ ഒരു സിനിമാനിര്‍മ്മിതി സാദ്ധ്യമാണെന്ന് ഒഡേസ എന്ന സമാനമനസ്‌കരുടെ കൂട്ടായ്മയുടെ പിന്തുണയോടെ നിര്‍മ്മിക്കപ്പെട്ട അമ്മ അറിയാനിലൂടെ ജോണ്‍ ഏബ്രഹാം തെളിയിക്കുകയായിരുന്നു. പരിപൂര്‍ണ്ണമായും ജനപങ്കാളിത്തത്തില്‍ നിര്‍മ്മിക്കുകയും ഗ്രാമങ്ങള്‍തോറും തിയേറ്ററുകള്‍ക്ക് പുറത്ത് പ്രദര്‍ശിപ്പിക്കുകയുംചെയ്ത ആദ്യ സിനിമയുമാണിത്.

കലയിലും സാഹിത്യത്തിലുമെന്നപോലെ സിനിമയിലും ആധുനികതയെന്ന് വിശേഷഷിപ്പിക്കാവുന്ന പ്രവണതകള്‍ മലയാള സിനിമയിലും ചലനങ്ങളുണ്ടാക്കിയ എഴുപതുകളിലും എണ്‍പതുകളിലും കേരളത്തില്‍ സജീവമായ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ളവരായിരുന്നു ഈ സിനിമാനിര്‍മ്മിതിയില്‍ ജോണിന്റെ പങ്കാളികള്‍. നഗരസ്ഥിതരായ ആ മദ്ധ്യവര്‍ഗ്ഗ ബുദ്ധിജീവികളുടെതന്നെ രാഷ്ട്രീയവും അവരുടെ ദാര്‍ശനികവും വൈയക്തികവുമായ സമസ്യകളുമായിരുന്നു അമ്മ അറിയാന്‍ എന്ന സിനിമയുടെ പ്രമേയവും. ഒരു ഡോക്യു ഫിക്ഷന്റെ സ്വഭാവമുള്ള ഈ സിനിമയില്‍ അക്കാലത്ത് കേരളത്തിലുണ്ടായ ഏതാനും ജനകീയപ്രക്ഷോഭങ്ങളും സാര്‍വ്വദേശീയ ഇടതുപക്ഷത്തിന്റെ കലാപങ്ങളുമെല്ലാമാണ് സാന്ദര്‍ഭികമായി പരാമര്‍ശിക്കപ്പെടുന്നത്. പൊലീസ് പീഡനത്തില്‍ മരിച്ച സമാനമനസ്‌കനായ ഒരു യുവാവിന്റെ അമ്മയെ വിവരമറിമറിയിക്കാന്‍ പോകുന്ന ഒരുകൂട്ടം ഇടതുപക്ഷ ബുദ്ധിജീവികളുടെ കാഴ്ച്ചപ്പാടിലാണ് ഈ സംഭവങ്ങളെല്ലാം ആവിഷ്‌കരിക്കപ്പെടുന്നത്. പ്രേക്ഷകരില്‍ ഉദ്വേഗംവളര്‍ത്തുന്ന ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള ഒരു ഇതിവൃത്തവും പതിവ് നായികാ നായകന്മാരുമില്ലാത്ത ഈ സിനിമയില്‍ പ്രതിനായകസ്ഥാനത്തുള്ളത് സാധാരണമനുഷ്യരെ ചൂഷണംചെയ്യുകയും അടിച്ചമര്‍ത്തുകയുംചെയ്യുന്ന ഭരണകൂടം എന്ന പ്രത്യയശാസ്ത്രയന്ത്രമാണെന്നതാണ് ശ്രദ്ധേയം. ഈ രാഷ്ട്രീയത്തെ അന്തര്‍ദ്ദേശിയ രാഷ്ട്രീയചലനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കുക വഴി രാഷ്ട്രീയ സിനിമ എന്ന സങ്കല്‍പ്പത്തിലേക്ക് മുതിരുവാനായിരുന്നു ജോണും സിനിമയില്‍ പങ്കാളികളായ സഹപ്രവര്‍ത്തകരും ആഗ്രഹിച്ചത്. സാദൃശ്യമില്ലെങ്കിലും, ഇടതുപക്ഷ ബുദ്ധിജീവികളുടെ സാമൂഹികവും വൈയക്തികവുമായ സംഘര്‍ഷങ്ങള്‍ ആവിഷ്‌കരിക്കുന്ന പി.എ. ബക്കറിന്റെ കബനീനദി ചുവന്നപ്പോള്‍, ചിന്ത രവീന്ദ്രന്റെ ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്നീ സിനിമകള്‍ക്കുശേശേഷം കേരളത്തിലുണ്ടാവുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ സിനിമയാണ് അമ്മ അറിയാന്‍.

വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജനവിരുദ്ധനയങ്ങളോട് വിയോജിക്കുകയും അപ്രായോഗികമായ തീവ്ര വിപ്ലവരാഷ്ട്രീയാശയങ്ങളാല്‍ പ്രചോദിതരാവുകയും ചെയ്ത യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ വിപ്ലവസാഹിത്യവത്തിന്റെ ആരാധകരും അഭ്യസ്തവിദ്യരുമായ നാഗരിക മദ്ധ്യവര്‍ഗ്ഗ യുവാക്കളുടെ സങ്കീര്‍ണ്ണ വ്യക്തിത്വവും മനോഭാവങ്ങളുമാണ് അമ്മ അറിയാന്‍ പ്രത്യക്ഷപ്പെടുത്തുന്നത്. പൊലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട അജ്ഞാത യുവാവിന്റെ ജഡം തന്റെ സഖാക്കളിലൊരാളാണെന്ന് തിരിച്ചറിയുന്ന നായകന്‍ അതാരെന്നുറപ്പിക്കുവാന്‍ പ്രസ്ഥാനത്തിലെ കൂട്ടുകാരിലോരോരുത്തരെയായി ജഡം കാണിക്കുകയും അത് തബലവാദകനായ തങ്ങളുടെ സുഹൃത്തും സഖാവുമായ ഹരിയുടേതാണെന്ന് തിരിച്ചറിയുകയുമാണ്. ഈ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ഒരു വാടകവണ്ടിയില്‍ ഹരിയുടെ അമ്മയെ വിവരമറിയിക്കാന്‍ കൊച്ചിയിലേക്ക് നടത്തുന്ന ദീര്‍ഘ യാത്രക്കിടയിലെ സംഭാഷണങ്ങളിലൂടെയും അവര്‍ കാണാനും കേള്‍ക്കാനുമിടയായ സമരങ്ങളെസ്സംബന്ധിച്ച വിവരണങ്ങളിലൂടെയുമാണ് ഹരിയെയും സുഹൃത്തുക്കളെയും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥയെയും കുറിച്ച് സിനിമ പ്രതിപാദിക്കുന്നത്. ഹരിയുടെ ജഡം ആദ്യം കാണാനിടയായ നായകന്‍ തന്റെ യാത്രയ്ക്കിടയിലുണ്ടായ അനുഭവങ്ങള്‍ അമ്മയ്‌ക്കെഴുതുന്നമട്ടിലുള്ള ഒരു രൂപഘടനയാണ് ചിത്രത്തിനുള്ളത്. ഫിക്ഷന്റെയും ഡോക്യുമെന്ററിയുടെയും ആവിഷ്‌കാരസങ്കേതങ്ങള്‍ ഒരുപോലെ ഉപയോഗപ്പെടുത്തുന്ന ഒരു പരിചരണരീതിയാണ് ഈ സിനിമയ്ക്കുള്ളത്.

നിത്യജീവിത സംഭാഷണങ്ങളില്‍പ്പോലും ലാറ്റിനമേരിക്കന്‍ വിപ്ലവകവിതകള്‍ ഉദ്ധരിക്കുന്ന ഇതിലെ കഥാപാത്രങ്ങള്‍ ശരിക്കും വിപ്ലവകാരികളുടെ കാരിക്കേച്ചറായി തോന്നിപ്പിക്കുന്നവയാണെന്ന ഒരു വിമര്‍ശനം ഇതെഴുതുന്നയാള്‍ സിനിമയുടെ ആദ്യപ്രദര്‍ശനം കണ്ടയുടനെ എഴുതിയ ഒരു നിരൂപണക്കുറിപ്പില്‍ ഉന്നയിച്ചിരുന്നു. കാനിലെ സ്വീകരണം ഏറ്റുവാങ്ങി മടങ്ങിയെത്തിയ ചിരകാലസ്‌നേഹിതനായ ജോയ് മാത്യു ഒരു തമാശമട്ടില്‍ അതെന്നെ ഓര്‍മ്മിപ്പിക്കുകയുംചെയ്യുകയുണ്ടായി. അക്കാലത്ത് കേരളത്തില്‍ സജീവമായിരുന്ന തീവ്ര ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ആഭിമുഖ്യമുണ്ടായിരുന്ന ഒരാളെന്ന നിലയില്‍, ആദര്‍ശശാലികളായ ആ യുവാക്കളെ ഇത്രത്തോളം പരിഹാസ്യരായി ചിത്രീകരിക്കേണ്ടതില്ലായിരുന്നുവെന്ന തോന്നലിലായിരുന്നു എന്റെ വിമര്‍ശനം. എന്നാല്‍, ജോണിന്റെ മരണശേഷം ആ സിനിമ ആവര്‍ത്തിച്ചുകാണാനിടയായപ്പോഴാണ്, കേരളത്തിലെ മദ്ധ്യവര്‍ഗ്ഗ വിപ്ലവകാരികളുടെ യാന്ത്രികതയെ പ്രത്യക്ഷപ്പെടുത്തുവാന്‍തന്നെയാണ് ജോണ്‍ ഈ ചിത്രത്തില്‍ മുതിര്‍ന്നിട്ടുള്ളതെന്ന വാസ്തവത്തിലേക്ക് ഞാനുണര്‍ന്നത്. എഴുപത് എണ്‍പതുകളില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസംനേടിയ ആത്മാര്‍ത്ഥതയും സാമൂഹികപ്രതിബദ്ധതയുമുള്ള മദ്ധ്യവര്‍ഗ്ഗ യുവാക്കളെ ആകര്‍ഷിച്ച നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആന്തരികവൈരുദ്ധ്യങ്ങളെയും യാന്ത്രികതയെയും അപ്രായോഗികമായ വിപ്ലവസങ്കല്‍പ്പത്തെയും അതിനെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിന്റെ ഹിംസാത്മകതയെയുമെല്ലാം യഥാതഥമായി പകര്‍ത്തിക്കൊണ്ടാണ് അമ്മ അറിയാന്‍ ആ കാലത്തിന്റെ ഒരു സിനിമാറ്റിക് രേഖയായിത്തീര്‍ന്നത.് ഒരിയ്ക്കലും നക്‌സലൈറ്റ് ആയിരുന്നിട്ടില്ലാത്ത ദാര്‍ശനികനും കോമാളിയും സത്യസന്ധനുമായ ജോണ്‍ എബ്രഹാം, തന്റെ സിനിമയില്‍ പങ്കാളികളായവരുടെതന്നെ യഥാര്‍ത്ഥസ്വരൂപത്തെ ഒരു മായക്കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുകയായിരുന്നുവെന്ന് തിരിച്ചറിയാതെയായിരുന്നു എന്റെ വിമര്‍ശനം.

എന്നാല്‍, സിനിമ പുറത്തുവന്ന വര്‍ഷം കേരളത്തിലെ അവാര്‍ഡ് കമ്മിറ്റി അച്ചടക്കമില്ലാത്ത സിനിമയെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അതിനെ അവഗണിച്ചത്. പരമ്പരാഗത സിനിമയുടെ ചിട്ടകളെയും അച്ചടക്കങ്ങളെയും ബോധപൂര്‍വ്വം ലംഘിക്കുന്നവയായിരുന്നു ജോണ്‍ ഏബ്രഹാമിന്റെ മുന്‍ രചനകളായ അഗ്രഹാരത്തില്‍ കഴുതൈയും ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും പോലെ അമ്മ അറിയാനും. കമ്പോളസിനിമയിലൂടെ ആര്‍ജ്ജിച്ച സിനിമാധാരണകള്‍ മാത്രമുള്ള പ്രേക്ഷകരെപ്പോലെ ഈ അവാര്‍ഡ് കമ്മിറ്റിയും ജോണിന്റെ സിനിമകളുടെ മൗലികതയെ അച്ചടക്കമില്ലാത്തവയാണെന്ന് തെറ്റിദ്ധരിച്ചതില്‍ അത്ഭുതപ്പെടാനുമില്ല. ഇതിവൃത്തവും പ്രമേയവും ആവശ്യപ്പെടുന്ന വ്യത്യസ്തമായൊരു സിനിമാറ്റിക് പരിചരണരീതിയാണ് അമ്മ അറിയാനില്‍ കാണാനാവുക. അതുകൊണ്ടാണ്, നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ അറിയാന്‍ ഒരു ഇന്ത്യന്‍ ഫിലിം ക്ലാസിക്കായി ലോകസിനിമാവേദിയില്‍ പ്രതിഷ്ടിക്കപ്പെട്ടതും. നിര്‍മ്മിക്കപ്പെട്ട കാലത്ത് സ്വന്തം നാട്ടില്‍ തിരിച്ചറിയപ്പെടാതെപോയ, നല്ല സിനിമയുടെ സുവിശേഷകനായിരുന്ന ജോണ്‍ ഏബ്രഹാം എന്ന അരാജകവാദി അമ്മ അറിയാന്‍ എന്ന തന്റെ അവസാനരചനയിലൂടെ ഒരവധൂതനെപ്പോലെ പതിറ്റാണ്ടുകള്‍ക്കുശേഷം ലോകസിനിമയുടെ വെള്ളിവെളിച്ചത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. ഗുരുവായ ഋത്വിക് ഘട്ടിനെപ്പോലെ മരണാനന്തരം ജോണ്‍ ഏബ്രഹാം എന്ന ഇന്ത്യന്‍ സിനിമയിലെ അവധൂതന്റെയും രണ്ടാംവരവാണിത്. എഴുപതുകളിലെയും എണ്‍പതുകളിലെയും മലയാളത്തിലെ കലാസിനിമയെ മലയാളികള്‍ പുതിയ കണ്ണുകള്‍കൊണ്ട് വീണ്ടും കാണേണ്ടതുണ്ടെന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നതാണ് നാല്‍പ്പതുവര്‍ഷങ്ങള്‍ക്കുശേഷം ലോകോത്തരമായ കാന്‍ ഫെസ്റ്റിവലില്‍ ജോണ്‍ എബ്രഹാമിന്റെ ഒരു മലയാള സിനിമയക്ക് ലഭിച്ച ഈ അപൂര്‍വ്വമായ അംഗീകാരം.