
തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക സാമ്പത്തിക ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിനിടെയുണ്ടായ ആക്രമണത്തിലെ പ്രതികള്‍ക്ക് ജീവിതത്തില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് വ്യക്തം. പ്രതികളായ സിപിഎം, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഭാവി തന്നെ അവതാളത്തിലാകുന്ന നിയമ നടപടിയാണ് വരുംനാളുകളില്‍ നേരിടേണ്ടിവരിക. മുന്‍കാലങ്ങളില്‍ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചവരുടെ അനുഭവങ്ങളുടെയും കേന്ദ്രസേനയുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്ന അതിക്രമങ്ങള്‍ നേരിടുന്ന നടപടിയും ഇവരുടെ ഭാവിയിലേക്ക് വിരല്‍ചൂണ്ടുന്നത്.
ഏതൊരു സേനയായാലും അവരുടെ ഉദ്യോഗസ്ഥരെ കര്‍ത്തവ്യനിര്‍വ്വഹണം നടത്തുമ്പോള്‍ ആക്രമിച്ചാല്‍ ആദ്യം നടക്കുന്നത് അവരുടെ മനോവീര്യം കെടാതിരിക്കുവാന്‍ വേണ്ട ആശ്വാസനടപടികള്‍ സ്വീകരിക്കുക എന്നതാണ്. അതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥര്‍ അവരെ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും കടുത്ത നടപടികളെടുക്കുമെന്നു വാക്കുകൊടുക്കുകയും ഒക്കെ ചെയ്യും. പിന്നീടാണ്, സാഹചര്യങ്ങളുടെ വിലയിരുത്തലുകളും പ്രത്യുപകാര നടപടികളും ഒക്കെ വരിക. ഇവിടെയും അതുതന്നെയാണ് നടന്നിരിക്കുന്നത്. ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥരെ ആദ്യം സുരക്ഷിതമാക്കി അവരുടെ മനോവീര്യം സംരക്ഷിച്ച ഇ.ഡി ഡയറക്ടറേറ്റ്, നിയമനടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാന പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. പ്രതികള്‍ക്ക് ജാമ്യം കിട്ടാനുള്ള എല്ലാ സാഹചര്യവും ഇ.ഡി ഇല്ലാതാക്കും.
ഇ.ഡി വിചാരിച്ചാല്‍ സിബിഐയെയോ എന്തിനേറെ എന്‍ഐഎയെയോ കൊണ്ടുവരെ അന്വേഷണം ഏറ്റെടുപ്പിക്കാന്‍ കഴിയൂം. അതിനുള്ള അധികാരമുള്ള സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയാണ് ഇ.ഡി. ഇ.ഡിയെ ആക്രമിച്ചതുകൊണ്ട് ഇത്തരമൊരു അന്വേഷണത്തെ അട്ടിമറിക്കാമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ് കഴിയുന്നതെന്ന് കരുതേണ്ടിവരും. ഇത്തരത്തില്‍ കേസുകള്‍ അട്ടിമറിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ അത് അവതാളത്തിലാക്കും. അരാജകത്വമായിരിക്കും അനന്തരഫലം. രാജ്യത്തിനെതിരായ ഒരു ആക്രമണമായിട്ടാണ് സുപ്രീം കോടതി വരെ ഇത്തരം ആക്രമണത്തെ വിലയിരുത്തുക. 'ഇന്റേണല്‍ ടെററിസം' ആയി കരുതേണ്ട കുറ്റകൃത്യമാണ്. സുപ്രീം കോടതിയില്‍ നിന്ന് പോലും ജാമ്യത്തിനുള്ള സാധ്യത കുറവാണ്. പശ്ചിമ ബംഗാളില്‍ ഇ.ഡിയെ ആക്രമിച്ചവര്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജാമ്യമില്ലാതെ അകത്തുകിടക്കുന്നതും അതുകൊണ്ടുതന്നെയാണ്.
കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ജാമ്യാപേക്ഷയില്‍ കോടതിയെ സമീപിക്കുമെങ്കിലും ഇ.ഡി ശക്തമായി എതിര്‍ക്കുമെന്നത് വ്യക്തമാണ്. പ്രതികളുടെ ജാമ്യാപേക്ഷ കോടതിയില്‍ എത്തിയപ്പോള്‍ കക്ഷി ചേരാന്‍ ഇ.ഡി ആലോചിക്കുന്നതും ഇതിന്റെ ഭാഗമാണ്. പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുള്ളവരാണെന്നും അതിനാല്‍ കേസില്‍ വാദം ദുര്‍ബലമാകുമെന്നും ചൂണ്ടിക്കാട്ടിയായിരിക്കും ഇ.ഡി കക്ഷി ചേരുക.
ആക്രമിക്കപ്പെട്ട കാറുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി കേസ് പിന്‍വലിപ്പിക്കാമെന്ന് സിപിഎമ്മിലെ ചിലര്‍ ചിന്തിക്കുന്നത് ചരിത്രപരമായ മറ്റൊരു മണ്ടത്തരമെന്നേ പറയാന്‍ കഴിയൂ. ഒരു കേന്ദ്രസേനയുടെ ഔദ്യോഗിക ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെ ആക്രമിക്കപ്പെടുന്ന വാഹനങ്ങള്‍ സേനയുടെ ഭാഗമായാണ് കണക്കാക്കുന്നത്. സേനയെ ആക്രമിക്കുന്നതിന് തുല്യമാണ് ഇതും. ആ നിലയില്‍ ഇ.ഡി കേസിനെ കൈകാര്യം ചെയ്താല്‍ പ്രതികളുടെ നില കൂടുതല്‍ പരുങ്ങലിലാകും. പൊതുമുതല്‍ നശിപ്പിച്ചതിന്റെ പിഴ വേറെ. ആ ലക്ഷങ്ങള്‍ പാര്‍ട്ടി നല്‍കുമെന്ന് വയ്ക്കാം.
ഇ.ഡിക്ക് സ്വന്തമായി ഒരു കേസും എടുക്കാനാവില്ല. പ്രധാനമായും രണ്ടുതരം കേസുകളിലാണ് ഇ.ഡി ഇടപെടുന്നത്. ഫെമ (FEMA = Foreign Exchange Management Act. ), പിഎംഎല്‍എ (കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം) പോലെയുള്ള കേസുകളില്‍ ഇഡിക്ക് ഇടപെടാം. പിഎംഎല്‍എയുടെ 61 കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഷെഡ്യുള്‍ഡ് കുറ്റകൃത്യങ്ങളില്‍ ഒന്നില്‍ ഒരു വ്യക്തിക്കെതിരെ ഒരു ഏജന്‍സി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇ.ഡിക്ക് ഇസിഐആര്‍ (ECIR= Enforcement Case Information Report ) (എഫ്‌ഐആര്‍ എന്നല്ല ഇസിഐആര്‍എന്നാണ് ഇ.ഡിയുടെ പ്രാഥമിക വിവര റിപ്പോര്‍ട്ടിന് പറയുന്നത്.) രജിസ്റ്റര്‍ ചെയ്യാം.
എക്‌സാലോജിക- സിഎംആര്‍എല്‍ കേസില്‍ ഇ.ഡി കേസെടുത്തത് ഷോണ്‍ ജോര്‍ജിന്റേയോ മാത്യൂ കുഴല്‍നാടന്റെയോ പരാതിയുടെ അടിസ്ഥാനത്തിലല്ല. കുഴല്‍നാടന്റെ വിജിലന്‍സ് അന്വേഷണ ആവശ്യം ആദ്യം തന്നെ നിരസിക്കപ്പെട്ടിരുന്നു. ഷോണിന്റെ കേസ് കോടതിയിലാണ്. ഇവിടെ ഇന്‍കം ടാക്‌സ് എടുത്ത ഒരു കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്എഫ്‌ഐഒ SFIO= Serious Fraud Investigation Organization ) ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്‍കം ടാക്‌സില്‍ നിന്ന് ഫയല്‍ ഏറ്റെടുത്ത എഫ്എഫ്‌ഐഒ കമ്പനി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം. ഒരു കുറ്റകൃത്യത്തിലെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷണം നടത്തുക.
എസ്എഫ്‌ഐഒയുടെ എഫ്‌ഐആറില്‍ വീണയ്ക്കു പുറമേ ഇടപാടുമായി ബന്ധപ്പെട്ട നിരവധി പേരുടെ പേരുകളുണ്ട്. അതില്‍ പ്രധാന പ്രതിയായാണ് വീണ വരുന്നത്. മറ്റുള്ളവരുടെ പേരുകള്‍ എല്ലാം അന്വേഷണത്തില്‍ കൊണ്ടുവരണോ എന്നുള്ളത് ഇ.ഡിക്ക് തീരുമാനിക്കാവുന്ന കാര്യമാണ്.
ഇവിടെ വീണാ വിജയനെതിരായ കേസ് ഒരു ഘട്ടത്തില്‍ രാഷ്ട്രീയ ഇടപെടലില്‍ മുങ്ങിപ്പോയേക്കാം. ആരെയൊക്കെ പ്രതിചേര്‍ക്കണം, ആരെയൊക്കെ ഒഴിവാക്കണം എന്നൊക്കെ രാഷ്ട്രീയ ഇടപെടലില്‍ തീരുമാനിക്കപ്പെട്ടേക്കാം. എന്നാല്‍ ഇ.ഡിയെ ആക്രമിച്ച ക്രിമിനല്‍ കുറ്റം ഒരിക്കലും രാഷ്ട്രീയ ഇടപെടലില്‍ മുക്കാന്‍ പറ്റില്ല. അത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതായതിനാല്‍ സേന അനുവദിക്കുകയുമില്ല. അതുകൊണ്ടുതന്നെയാണ് ഈ പ്രവര്‍ത്തകര്‍ ആജീവാന്തം നിയമനടപടി നേരിടാന്‍ പോകുന്നത്.
വീണയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടന്ന ഇ.ഡി റെയ്ഡ് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. റെയ്ഡിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇ.ഡി നേരത്തെ തന്നെ ചെയ്തുവച്ചിട്ടുണ്ടാകും. കോടതിയില്‍ നിന്നുള്ള സ്‌റ്റേ മാറിയ നിമിഷം തന്നെ അവര്‍ ആ ജോലി തുടങ്ങി. ടീം രുപീകരിക്കുക, സേര്‍ച്ച് വാറന്റ് പുറപ്പെടുവിക്കുക, ഇന്റേണല്‍ കമ്മ്യുണിക്കേഷന്‍സ്, വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കല്‍, സിആര്‍പിഎഫിനെ വിളിക്കുക, സീല്‍ കവറുണ്ടാക്കുക തുടങ്ങിയ വിപുലമായ പരിശ്രമങ്ങളൊന്നും 12 മണിക്കൂര്‍ കൊണ്ട് സാധിക്കില്ല. അതിനാല്‍ തന്നെ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കും. രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ പോലെ സെന്‍സിറ്റീവ് ആയ ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ ഇ.ഡി ഡയറക്ടര്‍ തലത്തിലുള്ള ഉന്നതരില്‍ നിന്നുള്ള എക്സിക്യൂട്ടിവ് ക്ലിയറൻസോടെ മാത്രമേ റീജിയണൽ ഓഫീസുകൾക്ക് സേര്‍ച്ച് വാറന്റ് പുറപ്പെടുവിക്കാനാവൂ. മാത‌്രമല്ല അത്തരം റെയ്ഡുകളിൽ ഓരോ മണിക്കൂറിലും പുരോഗതി ഉന്നതങ്ങളിലേക്ക് റിപ്പോർട്ടു ചെയ്യുകയും വേണം. കോടതി വിധി വന്നതോടെ രണ്ട് ദിവസത്തെ അവധി മുതലെടുത്ത്, ഒരു റിവിഷന്‍ ഹര്‍ജിക്ക് പോകാന്‍ സമയം നല്‍കാതെ ഓപറേഷന്‍ നടത്തി എന്നുവേണം അനുമാനിക്കാന്‍.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഏജന്‍സിയില്‍ നിന്ന് എഫ്‌ഐആര്‍ വാങ്ങി സ്വന്തം നിലയില്‍ പഠിച്ച ശേഷമായിരിക്കും ഇ.ഡി അന്വേഷണത്തിന് ഇറങ്ങുക. ഇതിനകം തന്നെ ആദ്യ ഏജന്‍സിയുടെ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായിക്കാണും. അതില്‍ നിന്നും വിവരം ശേഖരിച്ച ശേഷമായിരിക്കും ഇ.ഡി ഇസിആര്‍ രജിസ്റ്റര്‍ ചെയ്യുക. കേസിലെ ക്രൈം ആയി ബന്ധപ്പെട്ട എല്ലാ അന്വേഷണവും അതിനകം പൂര്‍ത്തിയായി കാണും. പിന്നീടുള്ളത് സാമ്പത്തിക ഭാഗത്തിന്റെ അന്വേഷണമാണ്. ഇന്നത്തെ ബാങ്കിംഗ് സിസ്റ്റത്തില്‍ എല്ലാ രേഖകളും കൃത്യമാണ്. ബിനാമി ഇടപാടിലുള്ള സ്വത്ത് സമ്പാദനം പരിശോധിക്കാനാണ് റെയ്ഡ്. കേസിന്റെ തെളിവിനായി റെയ്ഡിന്റെ ആവശ്യമില്ല. ഇസിആര്‍ രജിസ്റ്റര്‍ ചെയ്തശേഷമാണ് റെയ്ഡ് നടത്തുക. അധിക തെളിവുകള്‍ വല്ലതും കിട്ടുമോ എന്നും റെയ്ഡിന്റെ ലക്ഷ്യമാണ്. അക്കൗണ്ടില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കും. ബാങ്ക് അക്കൗണ്ട് മാത്രമല്ല, സ്ഥലം അടക്കമുള്ള എല്ലാ ആസ്തികളും മരവിപ്പിക്കാന്‍ ഇ.ഡിക്ക് കഴിയും. വിദേശരാജ്യങ്ങളിലുള്ള നിക്ഷേപത്തെപറ്റിയോ അക്കൗണ്ടുകളെപ്പറ്റിയോ വിവരങ്ങൾ ലഭിച്ചാൽ അതാതു രാജ്യങ്ങളിലെ എംബസിവഴി "ലെറ്റർ റോഗറ്റോറി" വഴി വിശദവിവരങ്ങളും രേഖകളും ശേഖരിക്കാനും ആവശ്യാനുസരണം അക്കൗണ്ടുകളും ആസ്തികളും മരവിപ്പിക്കാനും ഇഡിക്ക് അധികാരമുണ്ട്. അതിനായി ഇ.ഡി ഉദ്യോഗസ്ഥർ വിദേശയാത‌്ര പോലും നടത്താറുണ്ട്.
ഈ കേസില്‍ വീണ സ്വന്തം കുഴി തന്നെ കുഴിച്ചുവെന്ന് പറയാം. മാസപ്പടി ബാങ്ക് വഴി വാങ്ങി രേഖയില്‍ ആക്കി. സര്‍വീസ് ചാര്‍ജ് ആണെന്ന് കാണിച്ച് ജിഎസ്ടി അടച്ചുവെന്ന് പറഞ്ഞാല്‍ കൈക്കൂലി ആണെന്ന് തെളിയിക്കാനാവില്ലെന്നാണ് കരുതിയത്. എന്നാല്‍ വീണയുടെ കമ്പനി സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് ഇ.ഡിക്ക് കണ്ടെത്താന്‍ കഴിഞ്ഞാല്‍ കൈക്കൂലി വാങ്ങിയെന്നും കള്ളപ്പണ ഇടപാട് നടന്നുവെന്നും വ്യക്തമാകും.
ഇ.ഡി റെയ്ഡ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ സിപിഎം ശ്രമിച്ചതാണ് പ്രവര്‍ത്തകര്‍ക്ക് വിനയായത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ക്ഷീണം മറയ്ക്കാനും പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം വയ്പ്പിക്കാനും സിപിഎം നേതൃത്വം ഇ.ഡി റെയ്ഡിനെ പിണറായി വിജയനും സിപിഎമ്മിനുമെതിരായ കേന്ദ്രത്തിന്റെ നീക്കമായി ഉപയോഗിച്ചു. യഥാര്‍ത്ഥ്യമെന്താണെന്ന് അറിയാവുന്ന പിണറായിയും നേതാക്കളും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ വിജയിച്ചു. റെയ്ഡ് കഴിഞ്ഞ് പിണറായിയും മകളും നല്ല ഭക്ഷണം കഴിച്ച് സുഖമായി കഴിയുമ്പോള്‍ ഇ.ഡിയെ നേരിടാന്‍ ഇറങ്ങിയ പാവപ്പെട്ട പ്രവര്‍ത്തകരും അവരുടെ കുടുംബവുമാണ് ഇനിയുള്ള കാലം അനുഭവിക്കാന്‍ പോകുന്നത്.