
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ അടുത്ത രണ്ടാഴ്ചയ്ക്കകം നിർണായകമായ പുനഃസംഘടന നടക്കുമെന്ന് സൂചന. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറ്റാനും അഞ്ച് മന്ത്രിമാരെ ഒഴിവാക്കാനും സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരുമാണ് പുറത്താകാൻ ഇടയുള്ളത്. ഇതിൽ ഒഴിവാക്കപ്പെടുന്ന ഒരു മുതിർന്ന നേതാവിന്, 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് ഭരിക്കുന്ന കർണാടകയുടെ സംഘടന ചുമതല നൽകിയേക്കും. നീറ്റ് യുജി (NEET-UG) പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം നേരിടുന്ന വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന സൂചനയും ശക്തമാണ്. അടുത്ത വർഷം ഉത്തർപ്രദേശും മണിപ്പൂരുമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തെ വിലയിരുത്തുന്നത്.
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരിൽ സുരേഷ് ഗോപി തുടരുമെന്നാണ് വിവരമെങ്കിലും ജോർജ് കുര്യന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ ജോർജ് കുര്യന്റെ കാലാവധി അവസാനിക്കാനിരിക്കെ, അദ്ദേഹത്തിന് പകരം നിലവിൽ നോമിനേറ്റഡ് രാജ്യസഭാംഗമായ സി. സദാനന്ദനെ മന്ത്രിസഭയിലേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതൽ. സിപിഎമ്മിന്റെ രാഷ്ട്രീയ അക്രമത്തിന് ഇരയായ വ്യക്തി എന്ന നിലയിൽ പാർട്ടി ഉയർത്തിക്കാട്ടുന്ന സദാനന്ദന്റെ രാജ്യസഭയിലെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപ് പലതവണ പുകഴ്ത്തിയിട്ടുണ്ട്. ഇതാണ് അദ്ദേഹത്തിന് അനുകൂല ഘടകമാകുന്നത്. ഇതോടൊപ്പം പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള യുവനേതാവും ക്രൈസ്തവ സഭകളോട് വിശ്വസ്തത പുലർത്തുന്നതുമായ അനൂപ് ആന്റണിയുടെ പേരും സജീവമായി ചർച്ചകളിലുണ്ട്.
മന്ത്രിസഭയ്ക്ക് പുറമേ ബിജെപിയുടെ സംഘടനാ തലത്തിലും വലിയ അഴിച്ചുപണിക്കാണ് കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് വിവിധ സംസ്ഥാനങ്ങളിലെ പ്രഭാരിമാരെ (സംഘടനാ ചുമതലയുള്ളവർ) മാറ്റാൻ പാർട്ടി ധാരണയിലെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദീർഘകാലമായി കേരളത്തിന്റെ ബിജെപി പ്രഭാരിയായി തുടരുന്ന മുതിർന്ന നേതാവ് പ്രകാശ് ജാവദേക്കറെ മാറ്റിയേക്കുമെന്നാണ് വിവരം. യുവാക്കളുടെയും പൊതുജനങ്ങളുടെയും വികാരം സർക്കാരിന് അനുകൂലമാക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക തീരുമാനങ്ങൾ വരും ദിവസങ്ങളിൽ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.