
കോട്ടയം: മലയാള സാഹിത്യ ലോകത്തെയും വായനക്കാരെയും ഒരേപോലെ ചൂടുപിടിപ്പിച്ചു കൊണ്ട് പ്രമുഖ എഴുത്തുകാരികൾ തമ്മിലുള്ള കോപ്പിയടി വിവാദം സജീവ ചർച്ചയാകുന്നു. ഹരിത സാവിത്രിയുടെ 'സിൻ' എന്ന നോവലിന്റെ പകർപ്പാണ് കെ.ആർ. മീരയുടെ പുത്തൻ നോവലായ 'കലാച്ചി' എന്നാണ് പ്രധാന ആരോപണം. 'കലാച്ചി' വായിച്ച് താൻ ഞെട്ടിപ്പോയെന്ന് ഹരിത സാവിത്രി വ്യക്തമാക്കിയതോടെയാണ് വിവാദം പരസ്യമായത്. കഴിഞ്ഞ ദിവസം 'ലോകമെങ്ങുമുള്ള സാഹിത്യമോഷ്ടാക്കളുടെ ചില നീചതന്ത്രങ്ങൾ' എന്ന തലക്കെട്ടോടെ ഹരിത ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് ചർച്ചകൾക്ക് വഴിമരുന്നിട്ടത്. എന്നാൽ ഈ ഗുരുതര ആരോപണങ്ങളോട് എഴുത്തുകാരി കെ.ആർ. മീര ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രണ്ട് നോവലുകളുടെയും പ്രമേയത്തിലുള്ള അസാധാരണമായ സാമ്യതയാണ് വായനക്കാരും നിരൂപകരും ചൂണ്ടിക്കാണിക്കുന്നത്. കാമുകനെ തേടി വിദേശത്തെ സംഘർഷ മേഖലയിലെത്തുന്ന യുവതിയുടെ കഥയാണ് ഇരു നോവലുകളുടെയും ഇതിവൃത്തം. കസാക്കിസ്ഥാനിലെ കലാച്ചി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കെ.ആർ. മീര കഥ പറയുമ്പോൾ, കൂർദിസ്ഥാന്റെ പശ്ചാത്തലത്തിലാണ് ഹരിത നോവലെഴുതിയത്. 2022-ൽ പുറത്തിറങ്ങിയ 'സിൻ' എന്ന നോവലിന് 2023-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. എന്നാൽ 2025-ലാണ് കെ.ആർ. മീരയുടെ 'കലാച്ചി' പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നത്.
തന്റെ നോവൽ 2025-ലാണ് ഇറങ്ങിയതെങ്കിലും 2020-ൽ തന്നെ ഇതിന്റെ ആദ്യഭാഗങ്ങൾ ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു എന്നാണ് കെ.ആർ. മീരയെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ ഈ വാദത്തെയും ഹരിത സാവിത്രി തള്ളിക്കളയുന്നു. 2020-ൽ തന്നെ 'സിൻ' നോവലിന് അവതാരിക എഴുതാൻ സാഹിത്യകാരൻ എൻ.എസ്. മാധവന് താൻ ഇ-മെയിൽ അയച്ചിരുന്നുവെന്നതിന്റെ ഡിജിറ്റൽ തെളിവുകൾ ഹരിത പുറത്തുവിട്ടു. ഇതിനിടെ മീരയെ പിന്തുണച്ച് നിരൂപകൻ പി.കെ. രാജശേഖരൻ രംഗത്തെത്തിയതും വിവാദം കൊഴുപ്പിച്ചു. മീരയുടെ നോവലിനെ മഹാത്മാഗാന്ധിയോടും ഹരിതയുടെ പുസ്തകത്തെ രാഹുൽ മാങ്കൂട്ടത്തിലിനോടുമാണ് രാജശേഖരൻ ഉപമിച്ചത്. ഇതിനെതിരെയും ശക്തമായ വിമർശനവുമായി ഹരിത രംഗത്തെത്തിയതോടെ സാഹിത്യ ലോകത്തെ വാക്പോര് കൂടുതൽ വരുംദിവസങ്ങളിൽ കടുക്കുമെന്നുറപ്പായി.