Image

ആമലക്കുന്നിലെ ആഞ്ഞിലിച്ചില്ലകൾ (ദേശകാലങ്ങൾ 2: കുര്യൻ കെ തോമസ്)

Published on 02 June, 2026
ആമലക്കുന്നിലെ ആഞ്ഞിലിച്ചില്ലകൾ (ദേശകാലങ്ങൾ 2: കുര്യൻ കെ തോമസ്)

നാടിന്റെ വളർച്ചക്കും മാറിമറയുന്ന കെട്ടിടനിർമ്മാണ രീതികൾക്കുമൊപ്പം നാടുനീങ്ങിക്കൊണ്ടിരിക്കുന്ന ആഞ്ഞിലി മരങ്ങളും പഴങ്ങളും ഓർമ്മകളിൽ നിറയ്ക്കുന്ന കാഴ്ചകളും നിറങ്ങളും രുചികളും 

ആഞ്ഞിലി മരങ്ങൾ. ആമലക്കുന്നിൽ കണ്ണെത്താ ഉയരത്തിൽ വളർന്നു നിന്നിരുന്ന പഴച്ചാർത്തണിഞ്ഞ ആഞ്ഞിലി മരച്ചില്ലകൾ. അതിൽ വരിക്കച്ചക്ക രുചിയുടെ മിനിയേച്ചർ കുടുക്കകൾപോലെ ഇളം പച്ചയും ഓറഞ്ചും നിറങ്ങളിൽ മുള്ളൻ ആഞ്ഞിലിച്ചക്കകൾ. ആഞ്ഞിലിച്ചോട്ടിൽ അക്കുത്തിക്കുത്ത് കളിച്ചുതളർന്ന്, മേടമാസ പകലുകളിൽ അയണിച്ചക്കകൾക്കായി വഴക്കടിച്ചുവളർന്ന്, ആഞ്ഞിലി തടിയിൽ വീടുതീർത്തുപാർത്ത തലമുറയ്ക്ക് ആ സവിശേഷവൃക്ഷം അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആ മരച്ചുവട് ദേശകാലങ്ങളുടെ പ്രതിനിധാനവും.

2

'ആഞ്ഞിലിമൂട്ടില്‍' മലയാളിയുടെ ഒരു കാലമാണ്. കവിതയിൽ കടമ്മനിട്ട തീർത്ത “ആഞ്ഞിലിമൂട്ടില്‍ മണ്ണപ്പം ചുട്ടുനടക്കുന്ന കൊച്ചുകുരുന്നുകൾ,'' എന്ന വാങ്മയദൃശ്യം മലയാളി ബാല്യകൗമാരങ്ങളുടെ മധുരോദാരമായ ജീവിതാനുഭവ സാക്ഷ്യമാണ്. നാട്ടുകാഴ്കൾക്കിടയിലെ കച്ചിയറുത്തു കലപ്പപിടിച്ചു കരിപ്പാടങ്ങളിലെരുതിന്‍ വാലിൽ തൂങ്ങിനടക്കും ആറ്റിലെ നീരിൽ മൂത്രമൊഴിച്ചു വിശപ്പിന്‍ നെഞ്ചത്താഞ്ഞുതൊഴിച്ചും വിളർത്തു മെലിഞ്ഞു വളർന്നുവരുന്ന കൊച്ചുകുരുന്നുകളുടെ ദൃശ്യങ്ങൾക്കൊപ്പം മലയാളിയുടെ മനസ്സിൽ പതിഞ്ഞതാണ് ആഞ്ഞിലിമൂട്ടിൽനിന്നും ഓർത്തു ഓമനിക്കുന്ന കുട്ടിക്കാല കുസൃതി കുന്നായ്മകൾ.

എന്നും 'ആഞ്ഞിലിമൂട്ടില്‍' മലയാളിക്ക് ഒരിടം കൂടിയാണ്. 1586 ൽ ജനിച്ച ഇട്ടിത്തൊമ്മൻ കത്തനാരും അടുത്തകാല വർത്തയിൽ നിറഞ്ഞ ഇലന്തൂരിലെ വൈദ്യർ കുടുംബവും ചക്കയിലൂടെ വാർത്തയിൽ നിറഞ്ഞ പാലക്കാട്ടെ ചെറിയാന്‍ അച്ചനും ആറന്മുള പാലവും ശാസ്താംകോട്ട കുരിശടിയും... ഇങ്ങനെ പാട്ടിലും പാലത്തിലും പറമ്പിലും വീട്ടുപേരിലുമൊക്കെയായി മലയാളിയുടെ ജീവിതത്തിൽ സുപരിചതമായി നിലനിൽക്കുന്ന ഇടം.

3

പ്ലാവിലയുടെ രൂപത്തിൽ എന്നാൽ ഏറെ വലിപ്പത്തിൽ അരമുള്ള  ഇലകളുമായി ഒറ്റത്തടിയായി വളർന്ന് മുകളിലെത്തിയാൽ പിരമിഡുപോലെ ശാഖകളും ഇലകളുമുള്ള  ഈ മരം മൊറേസീ  സസ്യകുടുംബത്തിൽപ്പെട്ട ആർടോകാർപസ് ഹെഴ്സ്യൂട്ടസ് (Artocarpus hirsutus) എന്ന ശാസ്ത്ര നാമമുള്ള   ഉഷ്ണമേഖലാ വൃക്ഷമാണെന്നും അത് അയണി, ആഞ്ഞലി, അയനിപ്ലാവ് എന്നും അറിയപ്പെടുമെന്നും ആദ്യം പറഞ്ഞു പഠിപ്പിച്ചത് ബയോളജി ക്ലാസ്സിൽ അമ്മയുടെ കൂട്ടുകാരി പി പി ഏലിയാമ്മ ടീച്ചറാണ്. കൊടുംതണുപ്പിലും വരൾച്ചയിലും വളരുന്ന അന്തസാര ഗണത്തിൽ അകത്ത് കാതലുള്ള വൃക്ഷത്തിന്റെ രുചിയുള്ള പഴം ആഞ്ഞിലിച്ചക്ക, അയണിച്ചക്ക, അയിനിച്ചക്ക, ഐനിച്ചക്ക എന്നീ പേരുകളിലും അറിയപ്പെടുന്നു.

ആഞ്ഞിലി ഈർപ്പമുള്ള മണ്ണിൽ ഏതു കാലാവസ്ഥയിലും വളർന്നു വലുതാകും. ആമലക്കുന്നിന്റെ തെക്കെ ചെരിവിൽ കരിമ്പനത്തറയിലെ കുഞ്ഞാക്കൂ ചേട്ടന്റെ വയലിനോട് ചേർന്ന തൊടിയിൽ പണ്ടുണ്ടായിരുന്ന നാല്പതു മീറ്ററോളം പൊക്കവും രണ്ടര മീറ്റർവരെ വണ്ണവുമുള്ള മരങ്ങൾ തന്നെയാണ് തെളിവ്. ജനുവരി-മാർച്ച്‌ മാസങ്ങളിൽ പൂക്കുന്ന മരങ്ങളിൽ മധ്യവേനൽ അവധിക്കാലമായാൽ അയണി ചക്കകൾ നിറയും.

4

പണ്ടൊക്കെ പെൺമക്കളെ കെട്ടിച്ചയക്കാൻ പണം കണ്ടെത്തിയിരുന്നത് തൊടിയിലെ വലിയ ആഞ്ഞിലിത്തടി വെട്ടിവിറ്റായിരുന്നത്രെ. 1950 കളിൽ ഏകവിളത്തോട്ട പരിപാലന നിബന്ധനകളിൽ ആഞ്ഞിലിമരങ്ങൾക്കും വിലക്കുണ്ടാക്കിയെങ്കിലും കർഷകർ സ്ഥിരനിക്ഷേപംപോലെ ഈ മരങ്ങളെ കളയാതെ കാത്തുസൂക്ഷിച്ചു.

നീണ്ടു വളവില്ലാതെ വളരുന്ന എളുപ്പം ചിതലരിക്കാത്ത ആഞ്ഞിലിത്തടി വീടുകളുടെ മരപ്പണിക്കു മികച്ചതായി മാറി. വെള്ളത്തിൽ കേടുകൂടാതെ പൊങ്ങിക്കിടക്കാൻ ശേഷി കൂടുതലുള്ള ഈ തടി വഴികളും വാഹനങ്ങളുമില്ലാതിരുന്ന കാലത്ത് വള്ളങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിച്ചു. പൊന്നാഞ്ഞിലിയിൽ തീർത്ത തോണി ബിച്ചു തിരുമല രചിച്ച് രവീന്ദ്രൻ മാസ്റ്റർ ഈണംപകർന്ന്‌ യേശുദാസും എം ജി ശ്രീകുമാറും ചേർന്നുപാടിയ 'ചമ്പക്കുളം തച്ചൻ ഉന്നം പിടിപ്പിച്ച' എന്ന സിനിമാപ്പാട്ടിൽ പോലുമുണ്ട് (ചമ്പക്കുളം തച്ചൻ, 1992). പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയുടെ തുടക്കത്തിൽ ഓലമേഞ്ഞ വീടുകൾക്കുപകരം തടിക്കൂട്ടുകേറ്റി ഓടുമേയുന്ന സാങ്കേതികവിദ്യ വ്യാപകമായതോടെ വീടിന്റെ കൂട്ടും കട്ടിള-ജനാലകളും തീർക്കാൻ തേക്കിനും പ്ലാവിനുമൊപ്പം ആഞ്ഞിലിയും ഉപയോഗിച്ച്‌ തുടങ്ങി.

5

ഓർമ്മക്കാഴ്ച്ചയിൽ എത്ര എത്ര അയണിപ്ലാവുകൾ. എന്തൊരു തലയെടുപ്പായിരുന്നു ആനക്കൂട്ടങ്ങളെപ്പോലെ കരിമ്പനത്തറ കുഞ്ഞാക്കൂ ചേട്ടന്റെ തൊടികളിലെ ആഞ്ഞിലി മരങ്ങൾ തലയിളക്കുന്ന കാഴ്ചകൾ. തെക്കുപാടത്തെ കാറ്റുംകൊണ്ട് നടവാതിൽ തിണ്ണയിലെ അരമതിലിലിരുന്നു തൊടിയിലേക്ക് നോക്കുമ്പോൾ ആദ്യം കാണുക ആകാശത്തേക്ക് തലയുയർത്തി ഘനഗാംഭീര്യത്തോടെ നില്ക്കുന്ന ആഞ്ഞിലി മരക്കൂട്ടങ്ങളായിരുന്നു.

അടുത്ത  കാലത്ത് പുതിയ വാർക്കവീട്  വരുന്നവരെ  കുഞ്ഞാക്കൂ ചേട്ടന്റെ മകൻ കുഞ്ഞുസാറിന്റെ തൊടി ഇടതൂർന്നൊരു ആഞ്ഞിലി മരക്കാടായിരുന്നു. ഒരേ വണ്ണത്തിൽ വള ഇറങ്ങുംപോലെ  വളവില്ലാത്ത നിരനിരയായ ആഞ്ഞിലി മരങ്ങൾ. പണ്ട്  ഞാറ്റുവേലയ്ക്കു    ഓരോ കൊടിത്തലക്കുമൊപ്പം  പാകിയ രണ്ടു അഞ്ഞിലിക്കുരുക്കളിൽ മെച്ചമായതെന്നു ആ കർഷകമനസ്സു കണ്ടെത്തിയവ വളർന്നു വലുതായാണ് ഈ മരങ്ങളൊക്കെ. "ആണിന്റെയും ആഞ്ഞിലിക്കുരുവിന്റെയും   വിലയറിയാൻ വൈകും”. കുറ്റടിപോലും അളന്നുതൂക്കി സ്വരംതാഴ്ത്തി പറയുന്ന ചിരിയൊലിപ്പിച്ച ചുണ്ടിലെ പുകയില മണമുള്ള പഴകി തേഞ്ഞ ചിന്തകൾ.    

വര : സലിമോൻ   

ജനിച്ചതും കുട്ടിക്കാലത്ത് വളർന്നതുമൊക്കെ അഞ്ചേരിയിൽ അമ്മവീട്ടിൽ . വീടിന്റെ   തെക്ക് കിഴക്കുള്ള പുളിക്കലെ കൊച്ചുചേട്ടന്റെ പറമ്പിന്റെ തെക്ക് പടിഞ്ഞാറെ കോണിൽ ഒരു ഇടത്തരം ആഞ്ഞിലിമരം ഉണ്ടായിരുന്നു. മദ്ധ്യവേനൽ അവധിയുമായെത്തുന്ന കുംഭമീനമാസങ്ങൾ ഐനിചക്കകൾ പഴുക്കുന്ന കാലം. അക്കാലത്തെ നെഞ്ചിലെ ചോര പൊടിഞ്ഞുണങ്ങിയ പാടുകൾക്കിടയിൽ ആഞ്ഞിലി മരത്തിൽനിന്ന് ഊർന്നിറങ്ങിയതെന്റെ പാടും ഉണ്ടാകും. അമ്മവീടിന്റെ പടിഞ്ഞാറുനിന്ന വലിയ ആഞ്ഞിലിമരം വീടിനു പിന്നോട്ട് മുറികൾ പിടിച്ചപ്പോളായിരുന്നു വെട്ടിയത്. ചുവടുമുതൽ ഒരേ വണ്ണത്തിൽ വളർന്ന് ഇടതൂർന്ന ഇലകളും കമ്പുകളും ഉള്ള മറ്റൊരു ആഞ്ഞിലി മരം വടക്കേ പറമ്പിൽ പണ്ടുണ്ടായിരുന്ന വറ്റാകിണറിന്റെ കിഴക്കും ഉണ്ടായിരുന്നു.

എറികാട്ട് വീടിന്റെ തടിക്കോളിൽ പാതിയിലേറെയും പറമ്പിൽ നടവാതിലിനു താഴെനിന്ന മരമായിരുന്നു. താഴെ പറമ്പിന്റെ തെക്ക് കിഴക്കേ മൂലയിൽ, അടുക്കള വാതിലിനരികെയുള്ള കുടംപുളിക്ക് തൊട്ട്, വീടിനു പിന്നിലെ പറമ്പിൽ വടക്കു കിഴക്കേ മൂലയിൽ. ഇങ്ങനെ ചെറുതും വലുതുമായ ഒത്തിരി ആഞ്ഞിലി മരങ്ങൾ.

മണർകാട്ട്  വീടിന്റെ പിന്നിലെ തൊടിയിലുമുണ്ടായിരുന്നു ഒറ്റതടിയായ ഒരു ആഞ്ഞിലിമരം. വഴിക്കപ്പുറത്തെ പറമ്പിൽ നിലനിരപ്പിനു സമാന്തരമായി വളർന്ന ബലമുള്ള കമ്പിൽ കൂട്ടുകാരോടൊപ്പം ഓണക്കാലത്ത് മക്കൾ ഊഞ്ഞാലുകെട്ടിയിരുന്ന മരത്തിലെ പഴം തോട്ടികൊണ്ട്  നിലത്തുനിന്നു  പറിക്കാം. മൂത്ത മുള്ളുവിരിഞ്ഞ ആഞ്ഞിലി ചക്കയുടെ പുറംതൊലി ചെത്തിക്കളഞ്ഞ് ചെറുകഷണങ്ങളാക്കി അരിഞ്ഞ് അമ്മവീട്ടിലെ വല്യമ്മച്ചി വെക്കുമായിരുന്ന മഞ്ഞയും വെള്ളയും ഇളംപച്ചയും ഇടകലർന്ന ചക്കപ്പുഴുക്കും ചുവന്നു കണ്ണിമാങ്ങാ കറിയും തീർത്ത രുചിയുടെ നിറപ്പകിട്ടുകൾ.

ഓർമ്മയിൽ മൂപ്പെത്താതെയും ദൗത്യം നിർവ്വഹിച്ചിട്ടും സ്വയം കൊഴിയുന്ന ആഞ്ഞിലിത്തിരികൾ. തീ പിടിച്ചാൽ കുരുമുളക് തിരിപോലെ പുകഞ്ഞുകത്തുന്ന ഇവ വിശേഷദിവസങ്ങളിൽ പടക്കങ്ങൾക്ക് തീ കൊളുത്താൻ ഉണക്കി വെക്കുമായിരുന്നു. തവിട്ടിന്റെ ഇളം-കടും നിറങ്ങളിൽ ഞെട്ടും തണ്ടുമായി നീണ്ടുവീർത്ത്, ചന്ദനത്തിരിപോലെ ഓർമ്മകളിൽ കത്തിയെരിഞ്ഞു നിൽക്കുന്ന ആശാരിക്കുന്നിലെ വിഷുക്കാല രാത്രികൾ.

അന്നൊക്കെ അവധിക്കാലം ആഞ്ഞിലിക്കുരു പെറുക്കിന്റെ കൂടെയാണ്. മത്സരിച്ചു കഴിച്ച പഴങ്ങളുടെ കണക്കുപോലെ വളർന്നൂ, വർഷകാലത്തു വറുക്കാൻ കൂട്ടിവെച്ച പല്ലിമുട്ടപോലെ കുഞ്ഞുകുഞ്ഞു ആഞ്ഞിലി കുരുവിന്റെ എണ്ണപ്പെരുക്കങ്ങളും. കുരു പെറുക്കി കഴുകി വൃത്തിയാക്കും. കിടക്കപായിലോ ചിക്കു പായിലോ ഒന്നിലൊന്ന് തൊടാതെ നിരത്തി ഉണക്കും. പിന്നെ പെരുമഴ തിമിർക്കുന്ന ഇടവപ്പാതി സന്ധ്യകളിൽ വാവട്ടമുള്ള വറചട്ടിയിൽ ആറ്റുമണലിനൊപ്പം കടലയും കപ്പിലണ്ടിയും പോലെ വറക്കും. എന്നിട്ട് വലിപ്പമുള്ള ചിരട്ടയിൽ ഉരച്ച്  തോലുകളയും. അഞ്ചേരിയിൽ അമ്മയെട്ടിൽ അമ്മാമ്മയുടെ അടുക്കളയിൽ, കൊടൂരേ കുട്ടിച്ചേട്ടന്റെ വഴിവക്കിലുള്ള ഓലപ്പുരയുടെ ഇടുങ്ങിയ കോലായിൽ, മഠത്തിലെ ശോശക്കുട്ടി ചേടുത്തിയുടെ വക്കുപൊട്ടിയ വറചട്ടിക്കരികിൽ  ചുറ്റും കൂട്ടംകൂടിയിരുന്ന്‌ വെടിപറഞ്ഞു രുചിച്ച കാലങ്ങൾ ഓർമ്മകളായി ഇന്നും  പെയ്തിറങ്ങാറുണ്ട്‌ .

6

പഴയ കാലത്തിന്റെ കുംഭ, മീന മാസ ഓർമ്മകളിൽ ആകാശ ഉയരങ്ങളിൽ ആഞ്ഞിലി മരചില്ലകളിൽ നിറയെ ചക്കകൾ നിറയും. വിളഞ്ഞു പഴുത്ത ആഞ്ഞിലി ചക്കകൾ, ഉയരങ്ങളിൽനിന്നും അടർന്നുപോകാതെ പറിച്ചെടുക്കുക എന്നും ഏറെ സാഹസികമായിരുന്നു. കൊത്തിയിട്ട കിളിപ്പാതിക്കുപോലും കണക്കു പറഞ്ഞു കിളികളോടു കലഹിച്ച കാലങ്ങൾ.

വേനലവധിയായാൽ അഞ്ചേരിയിലെ അമ്മവീട്ടിൽ കൂട്ടിനു ചേട്ടനും ചേച്ചിയും കൊടുരെ കുട്ടിചെട്ടന്റെ മക്കളും കൊടുപ്പറമ്പിലെ ആശാരിപ്പിള്ളേരും  ഒക്കെ ഉണ്ടാകും. പണിക്കാരായി മത്തനും മെലിഞ്ഞ കുഞ്ഞുമോനും. ഒരാൾ മരത്തിൽ കയറി തോട്ടികൊണ്ട് പഴങ്ങൾ ഒന്നൊന്നായി പിരിച്ചു വലിച്ചു പറിക്കുമ്പോൾ മറ്റെയാൾ   കച്ചിനിറച്ച വള്ളിക്കൊട്ടയുമായി മേല്പോട്ടുനോക്കി താഴെ ഉണ്ടാകും. തൊലിപൊട്ടിയാൽ കറയൂറിവരുന്ന അയണിപ്ലാവിലെ കൊതിയൂറുന്ന ഐണിചക്കകൾ. കുട്ടയൊന്നു മാറിയാൽ, തോട്ടിയൊന്നു പാളിയാൽ പഴം ചമ്മന്തി.  

പുതിയ കാലത്തെ റമ്പൂട്ടാൻ പഴത്തിന്റെ തൊലിപോലെ ആഞ്ഞിലി പഴത്തൊലിയും പൊളിച്ചു കളയാം. കൂഞ്ഞിലിൽ നിന്നടർന്നു പോകാതെ, പഴുത്ത ആഞ്ഞിലി ചക്ക കിട്ടുവാൻ കൊതിച്ച അവധിക്കാലങ്ങൾ. കൂഞ്ഞിലിൽ തൂങ്ങി നിൽക്കുന്ന മഞ്ഞ കൂടിയ ഓറഞ്ചു നിറത്തിലുള്ള ഒത്തിരി ചുളകൾ. കാക്കപ്പാതിക്കുപോലും സ്വാദേറും . വായിലിട്ടു നുണയുമ്പോൾ മാംസളമായവ വായിൽ രസക്കൂട്ടൊരുക്കുകയും വെള്ള നിറത്തിൽ പല്ലിമുട്ടപോലുള്ള ആഞ്ഞിലിക്കുരുമാത്രം ശേഷിക്കുകയും ചെയ്യുന്ന ആഞ്ഞിലിച്ചുളകൾ.

പൂവനും ഞാലിപ്പൂവനും പാളേംതോടനും ഏത്തനുംപോലെ വാഴപ്പഴങ്ങൾക്കും മൂവാണ്ടനും കിളിച്ചുണ്ടനുമടക്കം നാട്ടുമാമ്പഴങ്ങൾക്കും തേൻവരിക്കയും തേനിൽകുഴഞ്ഞ കൂഴയുമടക്കം ചക്കപഴങ്ങൾക്കും മൽബറിയും ഓലോലിക്കയും പേരയ്ക്കയുംപോലെ മറ്റു പഴങ്ങൾക്കുമൊപ്പം കുട്ടിക്കാലത്ത് ഏറെക്കഴിച്ച നാട്ടുപഴ രുചികളിൽ  വേറിട്ടതായിരുന്നു ആഞ്ഞിലി ചക്കയുടെ പുളിയുള്ള മധുരം. രുചിയും മണവുംപോലെ ആകർഷകമാണ് ആഞ്ഞിലി ചക്കയുടെ നിറവും. കീടനാശിനി ഒട്ടുമില്ലാത്ത പോഷകസമൃദ്ധമായ പഴം. ആഞ്ഞിലി മരങ്ങൾക്ക് ഉയരം കൂടിയപ്പോൾ കിട്ടാക്കനി പറിക്കാൻ കാട്ടിയ സാഹസങ്ങളും കൂടിക്കൂടിവന്നു.

7

ആമലക്കുന്നിൽ നിറയെ ആഞ്ഞിലി മരങ്ങൾ ഉണ്ടായിരുന്ന ആ പഴയകാലം. തെക്കുപടിഞ്ഞാറെ കോണിലെ കൊച്ചുപടുകക്കാരുടെയും ചെമ്മാത്തെ ചേട്ടന്റെയും വീടുകൾക്ക് വടക്കായിരുന്നു നിറയെ വളർന്നാടുന്ന എരുവപ്പുല്ലും കൂറ്റൻ ആഞ്ഞിലി മരങ്ങളുമുള്ള ആമലക്കുന്ന്. പോതപ്പുല്ലിനേക്കാൾ നീണ്ടുവളർന്നു കത്തിച്ചാൽ പുകയ്ക്കുപോലും പുൽതൈലത്തിന്റെ മണമുള്ള എരുവപ്പുല്ലു വകഞ്ഞുമാറ്റി കുട്ടിക്കാലത്ത് കൂട്ടുകൂടി കുട്ടികൾക്കൊപ്പം കാപറിക്കാൻ പോയിരുന്ന ആ പഴയകാലങ്ങൾ കൊച്ചുമോന്റെയും കുഞ്ഞുമോന്റെയുമൊക്കെ ഓർമ്മകളിൽ ഇന്നുമുണ്ട്.

അന്ന് കൊച്ചുമോന് പതിനഞ്ചോ പതിനാറോ വയസ്സു പ്രായം. അപ്പുറവും ഇപ്പുറവും നിന്നു രണ്ടാളുകൾ ചുറ്റിപ്പിടിക്കാൻ നോക്കിയാൽ കൈ കൂട്ടിമുട്ടാത്തത്ര വണ്ണമുള്ള ആ കൂറ്റൻ ആഞ്ഞിലി മരങ്ങളിൽ അടുത്തു നിൽക്കുന്ന വലിയ മരങ്ങളിലൂടെയാവും കൊച്ചുമോൻ പറ്റുന്നത്ര പൊക്കംവരെ കയറുകയും ഇറങ്ങുകയും ചെയ്യുക. കൊച്ചുമോൻ മരത്തിൽ കയറുമ്പോൾ താഴെ കുഞ്ഞുമോനും കുട്ടികളും തോർത്തു വിരിച്ചുപിടിച്ച്  മേലോട്ടുനോക്കി ഇളംകമ്പുകളിൽ ഇലകൾക്കിടയിൽ തെളിഞ്ഞും മറഞ്ഞുമുള്ള പഴങ്ങൾ ചൂണ്ടിക്കാട്ടി വിളിച്ചുപറഞ്ഞു കൊണ്ടിരിക്കും. തലയ്ക്കു മുകളിലുള്ള ബലമുള്ള കമ്പുകളിൽ പിടിച്ചുപിടിച്ച്, ചവിട്ടുന്ന കമ്പുകളിൽ ഇരുകാലുകളും നീക്കിനീക്കി, തുഞ്ചത്തുവരെ എത്തിയാണ് കൊച്ചുമോൻ വിരിച്ചുപിടിച്ച തോർത്തിലേക്കു ഒരു കൈകൊണ്ടു പറിച്ച വിളഞ്ഞുപഴുത്ത ആഞ്ഞിലി പഴങ്ങൾ ഇട്ടുകൊടുക്കുക.

ഒരിക്കൽ പെട്ടെന്ന് കൊച്ചുമോൻ നിന്നിരുന്ന കമ്പൊടിഞ്ഞു. പിടിച്ചിരുന്ന കമ്പിൽ മുറുക്കെ പിടിച്ചു തൂങ്ങിയപ്പോൾ പടപടാന്ന് ആ കമ്പും ഒടിഞ്ഞു. നിറയെ ഇലകളും പഴുത്തതും പഴുക്കാത്തതും കിളിപ്പാതിയും ആഞ്ഞിലിച്ചക്കകളുമുള്ള കമ്പിൽ ഊഞ്ഞാലിലെന്നപോലെ തൂങ്ങിക്കിടന്ന കൊച്ചുമോൻ കമ്പുമായി പാരച്ചൂട്ടിൽ പറങ്ങിറങ്ങുന്നപോലെ പതിയെ പരുക്കേൽക്കാതെ പറമ്പിൽ വന്നിറങ്ങി. ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാമല കൈയിലെടുത്തു പറന്ന ഹനുമാനെപ്പോലെയുള്ള തന്റെ വരവ് വർണ്ണിക്കുമ്പോൾ കൊച്ചുമോൻ ഇപ്പോഴും പൊട്ടിച്ചിരിക്കാറുണ്ട്.

8

നാട്ടിൽ ആഞ്ഞിലിമരങ്ങൾ അന്യമായി കൊണ്ടിരിക്കുന്നു. മറന്നുപോകാതെ ശേഷിക്കുന്ന ഒട്ടനേകം ഇഷ്ട പഴരുചികൾക്കും മേലേ ആഞ്ഞിലി ചക്കയുടെ പുളിപ്പുള്ള മധുരവും ഓർമ്മക്കൊതികളിൽ കപ്പലോടിക്കുന്നു. ആഞ്ഞിലി ചക്കകൾ വഴിയോരങ്ങളിൽ വിലയ്ക്ക് വിൽക്കപ്പെടുന്നെന്നാണ് വായിച്ചറിഞ്ഞ വാർത്തകൾ.

വർക്കവീടുകൾ വ്യാപകമായതോടെ ഓടിട്ട വീടുകൾക്കൊപ്പം ആഞ്ഞിലി മരങ്ങൾ മാത്രമല്ല അവ വളരുന്ന  തൊടികൾ തന്നെ നാടുനീങ്ങി . വീടിരിക്കുന്ന പറമ്പുകളിൽ ആഞ്ഞിലി അധികപ്പറ്റും കോൺക്രീറ്റ് കട്ടകൾ നിരത്തിയ മുറ്റത്ത് അടർന്നു വീഴുന്ന ആഞ്ഞിലി ഇലകൾ ശല്യവുമായപ്പോൾ വാങ്ങികഴിക്കാൻ വഴിയോരങ്ങളിൽ നിരത്തിയ പഴങ്ങൾ പ്രിയതരമായി.

ആമലക്കുന്നിലിപ്പോൾ ആഞ്ഞിലി മരങ്ങളില്ല. ചെമ്മാത്തെ വെള്ളവസ്ത്രങ്ങൾ മാത്രം ധരിക്കുന്ന ചേട്ടന്റെയും പഴയ കൊച്ചുപടുക പറമ്പിലെയും  തടിക്കൂട്ടിൽ ഓടിട്ട വീടുകൾക്ക് മുകളിൽ വളർന്ന റബർകാടുകളും ഇന്നില്ല. അവിടെ കുന്നിടിച്ചു പണിതുപൊക്കിയ നിരതെറ്റിയ കൂറ്റൻ കോൺക്രീറ്റ് കെട്ടിടനിരകൾ. മഴക്കാലം മാറിയെന്നറിയിക്കാൻ മണ്ണിൽ വളരുന്ന വെള്ളകൂണുകളിൽ കടുംനിറങ്ങളിൽ കളറടിച്ചപോലെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക